കേരളത്തിന്റെ പൊതു സാമൂഹിക മണ്ഡലത്തിൽ നിന്നും സാംബവ സമുദായം പിൻതള്ളപ്പെടുന്നു എന്ന വസ്തുത സാമൂഹിക യാഥാർത്ഥ്യങ്ങൾ നോ കിക്കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാൾക്കും സാമാന്യമായി മനസിലാക്കാൻ കഴിയുന്നതാണ്. ഇങ്ങനെ ഒരു വാദഗതി ഉന്നയിക്കുന്നതിന് നിദാനമായ കാരണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും ഇത് മറി കടക്കുന്നതിന് സാധിക്കുമോയെന്നും സാധിക്കുമെങ്കിൽ അത് എങ്ങിനെയെന്നും ഒക്കെയുള്ള ഒരുപാട് ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നു വരേണ്ടതാണ്. എന്നാൽ ഇന്ന് നിലവിലുള്ള സാംബവ സമുദായ സംഘടനകൾക്ക് പുറമേ സാംബവരുടെ പേരിൽ തന്നെ അനേകം കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങൾ വഴി രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും ഇത്തരം ചിന്തകൾ പങ്കു വയ്ക്കുന്നതിന് ഈ സംഘടനകൾക്കോ കൂട്ടായ്മകൾക്കോ കഴിയുന്നില്ലായെന്നത് ദൗർഭാഗ്യകരമായ കാര്യമാണ്.
ക്രിസ്ത്വബദ്ധത്തിന് തൊട്ടു മുന്നിലും പിന്പുമായി നാനൂറോ അഞ്ഞൂറോകൊല്ലങ്ങൾക്കിടയിൽ അതായത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആദ്യ കാല സംഘകൃതിയായ പുറനാനൂറിലാണ് പറയരെന്ന ജാതിയെപ്പറ്റി ആദ്യമായി പരാമർശിച്ചു കാണുന്നത് ( പാറന്നൂറ് -335). തുടർന്നുള്ള ദക്ഷിണ ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്ര നാൾവഴികളിൽ പല്ലവ വംശത്തിന്റെ ഭാഗത്തും ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ടുപോയ കളഭ്രർ എന്ന യിടത്തും ബുദ്ധമതത്തിന്റെ ഭാഗത്തും ശൈവ വിശ്വാസത്തിന്റെ ഭാഗത്തും തിരുക്കുറലിന്റെ ഭാഗത്തും ഒക്കെയായി ചരിത്ര രേഖകളിൽ പറയർ എന്ന ജാതി വിഭാഗത്തെ നമുക്ക് കാണാൻ കഴിയും.അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ആകമാനം വ്യാപിച്ചുകിടക്കുന്ന ഒരു വംശം എന്ന നിലയ്ക്ക് പറയരെ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാ പ്രദേശിലും പറയർ എന്ന പേരിൽതന്നെ അറിയപ്പെടുന്നത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹർ, ചാമർ എന്ന പേരിലും മറ്റും അറിയപ്പെടുന്ന ജാതി വിഭാഗങ്ങൾ ജീവിത രീതി കൊണ്ടും ശരീരശാസ്ത്രപരമായും പറയരായിട്ടാമുള്ളത്. ഇതുതന്നെയാണ് രാജ്യത്തെ മുഴുവൻ ദ്രാവിഡ ജനവിഭാഗങ്ങളും പറയരാണെന്ന വസ്തുതയെ സ്വകാര്യ സംഭാഷണങ്ങളിൽ തല കുലുക്കി സമ്മതിക്കുന്നതിന് ചരിത്ര സംഭവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നവർക്ക് കഴിയുന്നത്. അതവിടെനില്ക്കട്ടെ.
2011ലെ സെൻസസ് കേരളത്തിലെ പട്ടികജാതിജനവിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള സംഖ്യ പറയുന്നതിൽ മൊത്തം പട്ടികജാതി ജനസംഖ്യ 3039573 ആണെന്നും ഇതിൽ സാംബവരുടെ ജനസംഖ്യ 326731 ആണെന്ന് പ്രതിപാദിച്ചുകാണുന്നു. എന്നാൽ ഇതുസംബന്ധിച്ച് വസ്തുതാ പരമായ ഒരു വിശകലനം നടത്തിയാൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തിലധികം വരുന്ന ജനസംഖ്യ പറയർക്കുണ്ട്. കൊല്ലം ജില്ലയിൽ ഇത് ഏതാണ്ട് അൻപതിനായിരത്തോളം വരും. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി ജനസംഖ്യയിൽ പറയരാണ് മുന്പന്തിയിലുള്ളത്.ഇടുക്കിജില്ലയിൽ തോട്ടംമേഘലയിൽ പണിയെടുക്കുന്നവരുൾപ്പടെ മൃഗീയമായഭൂരിപക്ഷം പട്ടികജാതി ജനസംഖ്യയിൽ പറയർക്കാണുളളത്.അതുപോലെതന്നെ തൃശൂരിലും പാലക്കാടും പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയിൽ ഗണ്യമായ ജനസംഖ്യ പറയരെ പ്രതിനിധീകരിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർക്കോടും സ്ഥിതി വ്യത്യസ്തമല്ല. വസ്തുത ഇതാണെങ്കിലും സർക്കാർ മുന്നോട്ടുവയ്ക്കുന്ന കണക്കിനെ രേഖകളുടെ അടിസ്ഥാനത്തിൽ അവഗണിക്കാൻ കഴിയുന്ന യാതൊരുവിധ സാഹചര്യവും നിലവിലില്ലാതെ ഇത്തരം കണക്കുകൾ അന്തരീക്ഷത്തിൽ അലിഞ്ഞുപോകുകയാണുണ്ടാകുന്നത്. എങ്കിലും കേരളത്തിലെ പറയരുടെ ജനസംഖ്യ സർക്കാർ രേഖകളിൽ പ്രതിപാദി
ക്കുന്നതിൽ നിന്നും വ്യത്യസ്തമാണെന്ന് കാണുവാൻ മേൽ സൂചിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിയുന്നതാണ്.
ഇനി എന്തുകൊണ്ടാണ് സാംബവർ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും തിരസ്കൃതരായിരിക്കുന്നു എന്ന് പരാമർശിച്ചതെന്ന് പരിശോധിക്കാം.
ജനാധിപത്യ രാഷ്ട്രീയ ഭരണക്രമത്തിന്റെ ഭാഗമായി തീർന്നിട്ടുള്ളവരാണ് ഏതൊരിന്ത്യൻ പൌരനേയും പോലെതന്നെ സാംബവരും. ഈ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികളുടെ പ്രാധാന്യവും രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനവും മറ്റേതൊരാളേയും പോലെ അനുഭവിച്ചറിയുന്നവരുമാണ്. കൂടാതെ ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അനുഭാവികളും വിശ്വാസികളും അംഗങ്ങളും ആയിത്തീർന്നിട്ടുള്ളവരാണ് സാംബവരും. എന്നാൽ ഈ ജനത കഴിഞ്ഞ രണ്ടു ദശകങ്ങളായി രാഷ്ട്രീയാധികാര സംവിധാനത്തിന് പുറത്താണ് നിൽക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതാണ്.
കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിന്റെ നിയമ നിർമാണ സഭയിലെ നൂറ്റിനാൽപത് നിയമസഭാ സാമാജികരുടെ പട്ടികയിൽ പതിനാലു പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുളളതിൽ സാംബവ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരാൾ പോലും കടന്നുവന്നിട്ടില്ലായെന്നത് യാഥാർത്ഥ്യമാണ്. നിയമസഭാ സാമാജികരാകുന്നില്ല എന്ന് മാത്രമല്ല ആ സഥാനത്തേക്കു നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക്കുന്നതിനുള്ള അവസരം കൂടി ലഭിക്കാതെ പോകുന്നു എന്നതാണ് ഗൗരവ തരമായ കാര്യം. ഇത് നിയമ നിർമാണ സഭയിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല പഞ്ചായത്ത് തലം മുതൽ പാർലമെന്റ് തലം വരെ ഇതേ അവസഥയാണ് തുടർന്നുവരുന്നത്. ഇത് രാഷ്ട്രീയ അധികാരത്തിന്റെ ഭാഗത്തുനിന്നും സാംബവ സമുദായത്തെ നിഷ്കാസിതരാക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.
എന്താണ് ഇതിനു കാരണം ?
ഇതിന്റെ കാരണത്തെ സംബന്ധിച്ച് സാംബവ സംഘടനാ നേതാക്കന്മാർക്ക് ധാരണയില്ലെങ്കിലും നമ്മുടെ സംസഥാനത്തെ ചെറുതുംവലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും തികഞ്ഞ ധാരണയാണുള്ളത്. അവരുടെ അഭിപ്രായത്തിൽ സാംബവ സമുദായാംഗങ്ങൾക്ക് സംഘബോധമില്ലെന്നും സാമൂഹിക ബോധമില്ലെന്നും ഒന്നിച്ചു ചേരാൻ കഴിയാത്തവരാണെന്നും അതുവഴി ദുർബലരായിത്തീർന്നവരാണെന്നും അതുകൊണ്ടാണ് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരായിത്തീർന്നവരാണെന്നും ആണ്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷ പ്രസഥാനത്തിന്റെ നേതാവും മുൻമന്ത്രിയും ആയിരുന്ന വ്യക്തി സ്വകാര്യ സംഭാഷണത്തിൽ എന്നോട് നടത്തിയ വിലയിരുത്തൽ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം സാമൂഹിക മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് സാംബവർ എന്നാണ്. മറിച്ച് തെളിയിക്കുവാൻ കഴിയുന്നതുവരെ ഈ വാദഗതിക്കു മുന്നിൽ മൗനം ഭുജിക്കുവാനേ ഇന്ന് ഈ സമുദായത്തിന് നിവർത്തിയുള്ളൂ എന്നത് അവിതർക്കിതമാണ് .
മറ്റൊരുകാര്യം സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം ഭരണഘടന വഴി രൂപപ്പെട്ടതാണ്. ഭരണഘടനാസഥാപനങ്ങളിലെ പ്രാധാന്യം അധികാര പ്രാധിനിധ്യമാണ്. അങ്ങനെയെങ്കിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ചെറുതുംവലുതുമായ തസ്തികകളിൽ സമുദായത്തിന്റെ പ്രാതിനിധ്യം കഴിഞ്ഞ ഇരുപതു വർഷത്തിനു മുന്പുളളതിനെ അപേകഷിച്ച് തുലോം കുറവാണ്. ഐ.എ.എസ്, ഐ.പി.എസ്. കേഡറിലേക്ക് പുതുതായി കടന്നു വരുന്ന എത്രപേരുണ്ട് സാംബവ സമുദായാംഗങ്ങളായി സർക്കാർ സർവീസിൽ, എത്ര കോളേജ് അദ്ധ്യാപകരുണ്ടാകുന്നുണ്ട്, എത്ര ഡോക്ടർമാരും ഇഞ്ചിനീയർമാരും ഉണ്ടാകുന്നുണ്ട്, പബ്ളിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എത്ര സാംബവ സമുദായാംഗങ്ങൾ കടന്നുവരുന്നുണ്ട്, എം.ബി.ബി.എസ്, എൻജിനീയറിംഗ് മത്സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് വരുമ്പോൾ എത്ര സാംബവ സമുദായ അംഗങ്ങൾ കടന്നു വരുന്നുണ്ട്. എത്ര ജുഡീഷ്യൽ ഓഫീസർമാർ സമുദായത്തിൽ നിന്നും ഉണ്ടാകുന്നുണ്ട്. മേൽ സൂചിപ്പിച്ച മേഖലകളിലേക്ക് ഒന്നോ രണ്ടോ പേർ മാത്രമാണ് സമുദായാംഗങ്ങളുടെ ഇടയിൽ നിന്നും കടന്നുവരുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ?
മറ്റൊരു രംഗം എടുക്കാം . കേരളത്തിന്റെ കലാ സാംസ്ക്കാരിക രംഗത്ത് ഒരു കാലഘട്ടത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി പോന്നിരുന്നവരാണ് സാംബവർ. കലയും, കരവിരുതും, സാംസ്ക്കാരികതയും അമ്മയുടെ മുലപ്പാലിലൂടെ പാരമ്പര്യമായി പകർന്നു വന്നിട്ടുള്ളതാണ് പറയർക്ക് . എന്നാൽ പരമ്പരാഗതമായി പ്രാണവായുവിനോടൊപ്പം ലഭിച്ച കലാപരമായ കഴിവുകളുടെയും ഇടനെഞ്ചിലെ തുടിപ്പിനൊപ്പം ഇഴുകിച്ചേർന്ന താളബോധത്തിന്റേയും ശാസ്ത്രീയത കൈവരിക്കാൻ മതിയായ അവസരങ്ങൾ ലഭ്യമാക്കാൻ കഴിയാതെ അത്തരം കഴിവുകളൊക്ക വളർച്ച മുരടിച്ചതായി തീർന്നിരിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? ആരാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് ഉത്തരവാദികൾ?
ഇനി സൂചിപ്പിക്കുവാനുള്ള കാര്യം സമുദായാംഗങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളിൽ കാണാൻ കഴിയാത്ത നേതൃപാടവമാണ്. വിദ്യാഭ്യാസ കാലഘട്ടമാണ് ഏതൊരു പൗരന്റേയും മനസ്സിൽ തികഞ്ഞ സാമൂഹിക ബോധത്തിന്റെ അടിത്തറയിടുന്നത്. ഇവിടെ നിന്നാണ് ഒരു വ്യക്തിയുടെ മനസ്സിൽ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ നിലപാടുകൾക്ക് വ്യക്തതയുണ്ടാകുന്നത്. ഇവിടെ സാംബവ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാരും വിദ്യാർത്ഥി യുവജനപ്രസഥാനങ്ങളുടെ നേതൃസഥാനത്തേക്ക് ഉയർന്നുവരത്തക്ക ശേഷി പ്രകടിപ്പിക്കുന്നതിന് കഴിയാത്തവരായിത്തീർനനിരിക്കുന്നു എന്നത് സാംബവ സമുദായത്തെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന ഒരു വലിയ ദുരന്തത്തിന്റ സൂചനകളായി വേണം കാണാൻ.
എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും സമുദായാംഗങ്ങൾ പുലർത്തിപ്പോരുന്ന ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. മറ്റൊന്ന് ഇത്തരം നിരുത്തരവാദപരമായ ഒരവസ്ഥയെ അതല്ലെങ്കിൽ മനോഭാവത്തെ മാറ്റിയെടുക്കുവാൻ സമുദായാംഗങ്ങളിൽ സ്വാധീനം ചെലുത്താൻ സാംബവ സമുദായ സംഘടനകൾക്ക് കഴിയാതെപോയതാണ്. ഇത് സമുദായാംഗങ്ങളുടെ ഇടയിൽ വ്യക്തിപരമായും സാമൂഹികമായും ഉണ്ടാകുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്ന വിധത്തിലാക്കിത്തീർക്കുവാൻ ഇടയാക്കി. തന്മൂലം ആത്മവിശ്വാസവും അഭിമാനബോധവും നഷ്ടപ്പെട്ട ഒരു വിഭാഗമായിത്തീർന്നു സാംബവ ജനത. സ്വാഭാവികമായും ഇതല്ലാതെ മറ്റൊന്നും തലമുറകൾക്ക് പകർന്നു നൽകാൻ കഴിയാത്തവരായിത്തീർന്നു. വിരോധാഭാസകരമായ കാര്യം ഇങ്ങനെ ഒരവസ്ഥ തുടരുമ്പോഴും സ്വയം വിമർശനപരമായ ചിന്തക്ക് ഇടം നൽകാത്ത വിധം പണ്ട് പറയർ ആനയായിരുന്നു എന്ന പഴമയുടെ പെരുമയിൽ സമുദായാംഗങ്ങൾ ഇന്നും ജീവിച്ചു പോകുന്നു. മുമ്പിൽ നടക്കുന്നതെന്തെന്ന് കാണാൻ കഴിയാതെ സാംബവ സമുദായ സംഘടനകളും ഇതിനു മുന്നേ നടക്കുന്നു.
ആരേയും കുറ്റപ്പെടുത്തുന്നില്ല പക്ഷേ ഒരു കാര്യം പറയാതെവയ്യ. പരസ്പരം പട വെട്ടിയിരുന്ന നാട്ടുരാജ്യങ്ങൾ ഒന്നിച്ചു ചേർന്നാണ് നമ്മുടെ രാജ്യവും സംസ്ഥാനങ്ങളും ഒക്കെ രൂപം കൊണ്ടത്. പക്ഷേ സാംബവ സമുദായത്തിൽ ഓരോ സംഘടനയെ പ്രതിനിധീകരിക്കുന്നവരും ഓരോ രാജാക്കൻമാരാണ്. പ്രജകളെ മറ്റു രാജ്യത്തെ പ്രജകളുമായി ബന്ധപ്പെടാതെ ഭിന്നിപ്പിച്ചു നിർത്തിയിരിക്കുന്നവർ. ഇന്ത്യൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പ്രധാനമന്ത്രിയുംതമ്മിൽ ചർച്ച നടത്തും പക്ഷേ സാംബവ സമുദായ സംഘടനാ നേതാക്കൾക്ക് തമ്മിൽ സാംബവ ജനതയുടെ സാമൂഹിക മുന്നേറ്റം എന്ന ആവശ്യത്തെ മുൻനിറുത്തി ചർച്ച നടത്താൻ സാധിക്കില്ല.
ഞാൻ കേരള സാംബവ സഭ എന്ന സംഘടനയെ പ്രതിനിധീകരിക്കുന്നയാളാണ്. കേരളത്തിലെ സാംബവ സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പുരോഗതിലക്ഷ്യം വച്ചുകൊണ്ടാണ് സംഘടനയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുക്കുന്നത്. ഏതാണ്ട് ഇതു തന്നെയാണ് സമുദായത്തെ പ്രതിനിധീകരിക്കുന്ന മറ്റെല്ലാ സംഘടനകളും ലക്ഷ്യം വയ്ക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ. എങ്കിൽ ഇത്തരം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ആശയവിനിമയം നടത്തുന്നതിനും യോജിച്ചു പ്രവർത്തിക്കുന്നതിനും
നേതാക്കന്മാർക്ക് കഴിയില്ലായെന്ന നിലപാടിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്തതാണ്. കേരള സാംബവ സഭയുടെ ഇക്കാര്യത്തിലുള്ള നിലപാടിന്റെ ഭാഗമായി സാംബവ സമുദായത്തിലെ കാലപ്പഴക്കത്തിന്റെ പെരുമ പേറുന്നു രണ്ടു സംഘടനകളുടെ നേതൃത്വത്തിന് നേരിട്ടും കത്ത് മുഖേനയും അറിയിപ്പ് നൽകിയിട്ട് അതിനോട് പ്രതികരിക്കാതിരുന്ന വിവരം ഇവിടെ ഓർമ്മപ്പെടുത്തുകയാ
ഇതു തിരുത്തുവാൻ നമുക്ക് കഴിയണം .
സാംബവ സമുദായ സംഘടനകളുടെ ഏകീകരണം അതിലൂടെ മാത്രമേ സമുദായത്തിന്റെ സാമൂഹിക മുന്നേറ്റം സാധ്യമാകൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
ഓരോ സംഘടനയും അംഗങ്ങളിൽ ആഴത്തിൽ കുത്തി നിറച്ചിരിക്കുന്ന അതാത് സംഘടനയെ സംബന്ധിച്ച ദുരഭിമാനപരമായ അൽപബോധത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ നമുക്കു കഴിയണം. പാറശാല മുതൽ കാസർകോട് വരെയുള്ള സാംബവ ജനതക്ക് ഒരാവശ്യത്തിന്റെ പേരിൽ ഒരുമിച്ച് കൂടാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അതുണ്ടാക്കുന്ന സംഘബോധം സമുദായാംഗങ്ങളിൽ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസവും അഭിമാനബോധവും തിരിച്ചുപിടിക്കാൻ സാധിക്കും.അത് പൊതു സമൂഹത്തിൽ സമുദായത്തെ സംബന്ധിച്ച ധാരണകൾ മാറ്റിയെടുക്കുവാൻ പര്യാപ്തമായിത്തീരും.
ഇതിന് ഉപോൽബലകമായ ചിന്തകളും അഭിപ്രായങ്ങളും ആശയങ്ങളും എവിടെ നിന്നാണോ ഉയർന്നുവരുന്നത് അത് സ്വീകരിക്കാൻ നാം തയ്യാറാകണം. അതിനു തടസ്സം നിൽക്കുന്ന ഘടകങ്ങളെ സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയണം.
കേരളീയ നവോത്ഥാന പ്രവർത്തനങ്ങളുടെ പട്ടികയിൽ പകരംവയ്ക്കാനില്ലാത്ത സാമൂഹിക ഇടപെടലുകൾ നടത്തിയ ശ്രീ.കാവാരികുളം കണ്ഠൻകുമാരൻ യജമാനനും, ശ്രീ. പൊയ്കയിൽ അപ്പച്ചനും, ശ്രീ. ശുഭാനന്ദ ഗുരുദേവനും കൊളുത്തിവച്ച കെടാവിളക്കുകളുടെ പ്രകാശത്തിൽ നമുക്ക് ഒരുമിച്ചു ചേർന്നു നടക്കാം. ആ പ്രകാശം തലമുറകൾക്കു കൂടി ലഭിക്കാൻ പര്യാപ്തമായ നിലയ്ക്ക് കെടാതെ സൂക്ഷിക്കാം.
മാമൂലുകളുടെ മാറാല വലിച്ചെറിഞ്ഞ് മാറ്റത്തിന്റെ ശംഖൊലി ഒഴുക്കുന്നതിന് സമയമായി. ഇതാണ് കാലം നമ്മോടു പറയുന്നത്. ഇടറാത്ത ശംബ്ദവും പതറാത്ത ചുവടുകളുമായി നമുക്ക് മുന്നോട്ടു നടക്കാം....
എ.സി.ബിനുകുമാർ
No comments:
Post a Comment