Saturday, April 18, 2020

അംബേദ്കർക്ക് മനുവാദികളുടെ പിറന്നാൾസമ്മാനം

അംബേദ്കർ കുടുംബാംഗവും മനുഷ്യാവകാശ പ്രവർത്തകനും ഇന്ത്യയിലെ മുൻനിര ദളിത് – മാർക്സിസ്റ്റ് ചിന്തകനുമായ ആനന്ദ് തെൽതുംബ്ദെ ഏപ്രിൽ 14 ഉച്ചക്ക് 12നും 2നും ഇടയിൽ മുംബൈ സെഷൻസ് കോടതിയിൽ ഹാജ്ജരാകും. രാജ്യം അംബേദ്കറുടെ 129ആം ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ഇത് സംഭവിക്കാൻ പോകുന്നത്. ഇന്ത്യയിലെ പിന്നോക്ക – ദളിത് – ആദിവാസി വിഭാഗങ്ങൾക്കും അംബേദ്കറൈറ്റുകൾക്കും ഇതൊരു വലിയ തിരിച്ചടിയാണ്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ജയിലുകളിലെ തടവുകാരെ സുരക്ഷാ കാരണങ്ങളാൽ ജാമ്യത്തിൽ വിടുമ്പോഴാണ് ആനന്ദ് തെൽതുംബ്ദെയെ പോലെയുള്ള ബുദ്ധിജീവികൾക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനം നടക്കുന്നത് .അദ്ദേഹത്തിന്റെ അറസ്റ്റ് ഇന്ത്യയിൽ ഉയർന്നു വരുന്ന ദളിത് മുന്നേറ്റങ്ങൾക്കെതിരെ മനുവാദികളുടെ മുന്നറിയിപ്പാണ്.

ബ്രാഹ്മണ്യത്തിനെതിരെ ഉയരുന്ന ദളിത് ശബ്ദങ്ങളെ അടിച്ചമർത്താനാണ് തെൽത്തുംബ്ദെയെ പോലെയുള്ള ബുദ്ധിജീവികളെ മനുവാദികൾ വേട്ടയാടുന്നത്. ഭീമകൊരേഗാവ് കേസ് കെട്ടിച്ചമച്ചതാണെന്ന്‌ ലോകം മൊത്തം ചർച്ചാവിഷയമാകുമ്പോൾ തെൽത്തുംബ്ദെയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള നീക്കം ഇന്ത്യയിലെ ജാതി ബ്രാഹ്മണ്യത്തിന്റെ തീവ്രതയാണ് വെളിപ്പെടുത്തുന്നത് . ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള വ്യക്തിയെന്ന നിലയിൽ അദ്ദേഹം മർദ്ദിത ജനതയുടെ വിമോചനത്തിനായി വളരെയധികം സൈദ്ധാന്തികമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ ആനന്ദ് തെൽതുംബ്ദെയെ കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (സിപിഡിആർ,ജനറൽ സെക്രട്ടറി), ഓൾ ഇന്ത്യ ഫോറം ഫോർ റൈറ്റ് ടു എഡ്യൂക്കേഷൻ(എഐ‌എഫ്‌ആർ‌ടി‌ഇ) പോലുള്ള മർദിതന്റെ ശബ്ദമായ സംഘടനകളുടെ നേതൃനിരയിലേക്ക് എത്തിച്ചു. ഇൗ സംഘടനകളൊന്നും തന്നെ നിരോധിത സംഘടനകളല്ല.

ഗൗവതം നവ്‌ലാഖ,ആനന്ദ് തെൽതുംബ്ദെ

2020 മാർച്ച് 16ന് ജഡ്ജിമാരായ അരുൺ മിശ്രയുടെയും മുകേഷ്കുമാർ റസിക്ഭായ് ഷായുടെയും നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് 2018 ജനുവരിയിൽ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസിൽ പൗരാവകാശ പ്രവർത്തകനായ ഗൗതം നവ്‌ലാഖയുടെയും ആനന്ദ് തെൽതുംബ്ദെയുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2018ലാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരം നവ്‌ലാഖയുടെയും ആനന്ദ് തെൽതുംബ്ദെയുടെയും പേരിൽ പൂനെ പോലീസ് കേസെടുത്തത്. ഏപ്രിൽ 6ന് സുപ്രീംകോടതി രണ്ടുപേർക്കും കീഴടങ്ങാൻ ഒരാഴ്ച കൂടി അനുമതി നൽകിയിരിക്കുകകയാണ്.ആ കാലാവധി അവസാനിക്കുന്നത് നാളെയാണ് .

അംബേദ്കർ ജയന്തി ദിനത്തിൽ തന്നെ ആനന്ദ് തെൽതുംബ്ദെയെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ ദലിത് നേതാക്കൾ അപലപിച്ചിട്ടുണ്ട്. വിടുതലൈ സിരുത്തൈകൾ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് ഡോ. തോൾ തിരുമണവാളൻ എം.പി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ജിഗ്നേഷ് മേവാനി, ഡോ. ഉദിത് രാജ്, പ്രകാശ് അംബേദ്കർ, വിടുതലൈ സിരുത്തൈകൾ പാർട്ടിയുടെ ജനറൽ സെക്രട്ടറി ഡി. രവികുമാർ, ഭിം ആർമി ദേശീയ പ്രസിഡന്റ് വിനയ് രത്തൻ സിംഗ്, ഗുജറാത്ത് എംഎൽഎ നൗഷാദ് സോലങ്കി, ബഹുജൻ റെസിസ്റ്റൻസ് ഫോറം – തെലുങ്കാന കൺവീനർ ഡോ. സുജാത സുറിപ്പള്ളി, ഹോഷിയാപൂർ എംഎൽഎ രാജ്കുമാർ ചബേവാൾ തുടങ്ങിയവർ ആനന്ദ് തേൽതുംബ്ദെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.അധികാരികൾ തെൽതുംബ്ദെയെ സ്വതന്ത്രമായി ജീവിക്കാനും എഴുതാനും അനുവദിക്കണമെന്നാണ് അവർ പറയുന്നത്. അദ്ദേഹം തന്റെ “റിപ്പബ്ലിക് ഓഫ് കാസ്റ്റ് ” എന്ന പുസ്തകത്തിൽ എഴുതിയതുപോലെ ” മർദിതരുടെ കോപം ലോകത്തെ ഭയപ്പെടുത്തുന്നു.” ആനന്ദ് തെൽതുംബ്ദെയെ ജയിലിലടക്കുന്നതിലൂടെ ഇന്ത്യയിൽ ഉയർന്നു വരുന്ന അടിച്ചമർത്തപ്പെടുന്നവരുടെ വർഗ്ഗ പോരാട്ടങ്ങളെ തുടച്ചുനീക്കാനുള്ള ബ്രാഹ്മണ്യവാദികളുടെ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ച് നിന്ന് പോരാടണം…

വുഹാന്‍ ലാബില്‍ അപകടകാരികളായ വൈറസ് ശേഖരം; പടര്‍ന്നത് ഇവിടെനിന്നോ?

Wuhan-Institute-of-Virology
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
വുഹാന്‍∙ ചൈനയിലെ ലാബില്‍നിന്നു ചോര്‍ന്നതാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനം.
വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ് ഏറെ സുരക്ഷയുണ്ടെന്നു ചൈന അവകാശപ്പെടുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ലാബില്‍നിന്നു പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് ചൈന തന്നെ വെറ്റ് മാര്‍ക്കറ്റിന്റെ കാര്യം പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്. വൈറസ് പടര്‍ന്നത് എങ്ങനെയെന്ന് സമഗ്രമായ അന്വേഷണമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ജൈവായുധ പരീക്ഷണത്തിനിടയ്ക്കാണ് വൈറസ് ലാബില്‍നിന്നു പുറത്തു പോയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 
എന്താണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
ചൈനയില്‍ വൈറസ് ശേഖരണത്തിന്റെ മുഖ്യകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്കാണിത്. എബോള പോലെ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാന്‍ കഴിയുന്ന അതീവഅപകടകാരികളായ ക്ലാസ്-4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുള്ള ലാബും ഇവിടെയുണ്ട്. 42 മില്യൻ ഡോളര്‍ ചെലവിട്ടു സജ്ജമാക്കിയ ലാബിന്റെ നിര്‍മാണം 2015-ലാണു പൂര്‍ത്തിയായത്. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കാടുപിടിച്ച കുന്നിന്‍ചെരുവിലെ തടാകത്തിനു സമീപത്ത് ചതുരാകൃതിയുള്ള കെട്ടിടത്തിലാണ് 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പി4 ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് വ്യവസായിയായ എലൈന്‍ മെരിയക്‌സാണ് നിര്‍മാണത്തില്‍ കണ്‍സൽറ്റന്റായി പ്രവര്‍ത്തിച്ചത്. 2012-ല്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു പി3 ലാബും ഇവിടെയുണ്ട്. 
ഇവിടെനിന്നാണോ കൊറോണ പടര്‍ന്നത്?
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നു തന്നെയാണോ കൊറോണ പടര്‍ന്നതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതര്‍ക്കു പോലും സംശയമുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. അവിടെയെന്താണു നടക്കുന്നതെന്നു പരിശോധിക്കാന്‍ ലോകത്തുനിന്നുള്ള ഒരു ഗവേഷകര്‍ക്കും പ്രവേശനം നല്‍കാറില്ലെന്നും പോംപിയോ പറഞ്ഞു. വവ്വാലുകളില്‍ കാണുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും സ്ഥാപനത്തിനില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ലാബിലെ ജീവനക്കാരനില്‍നിന്ന് അബദ്ധത്തിലാവാം കൊറോണ പടര്‍ന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
പുതിയ ആരോപണത്തെക്കുറിച്ച് സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ തള്ളിക്കളയുന്നുവെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ലാബ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 30 ന് പുതിയ ഒരു വൈറസിന്റെ സാംപിള്‍ ലഭിക്കുകയായിരുന്നുവെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നും ലാബ് വ്യക്തമാക്കുന്നു. ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് പുതിയ രോഗാണുവിനെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെന്നും ലാബ് ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിനു കാരണം വൈറോളജി ലാബാണെന്ന ആരോപണം ചൈനീസ് വിദേശകാര്യ വകുപ്പ് തള്ളി. 
എങ്ങനെ വൈറസ് പടര്‍ന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്?
വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസ് ഈനാംപേച്ചി വഴിയാവാം മനുഷ്യരില്‍ എത്തിയതെന്നാണ് ഗവേഷകര്‍ കരുതുന്നത്. പാരമ്പര്യ മരുന്നു നിര്‍മാണത്തിനായി ചൈനയില്‍ വൻതോതില്‍ അനധികൃതമായി ഈനാംപേച്ചികളെ കടത്തുന്നുണ്ട്. എന്നാല്‍ ജനുവരിയില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ചൈനീസ് പഠനം അനുസരിച്ച് വുഹാനിലെ വെറ്റ് മാര്‍ക്കറ്റും കൊറോണ വ്യാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം സ്ഥിരീകരിച്ച 41 കേസുകളില്‍ 13 എണ്ണത്തിനും ഈ മാര്‍ക്കറ്റുമായി ബന്ധമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പി4 ലാബിന്റെ ഡപ്യൂട്ടി ഡയറക്ടറും വവ്വാലുകളില്‍നിന്നുള്ള കൊറോണ വൈറസ് പഠനത്തില്‍ വിദഗ്ധയുമായ ഷി ഷെഗ്ലിയും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. ലാബില്‍ മുന്‍പ് ശേഖരിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള കൊറോണ വൈറസുകളായി യാതൊരു ബന്ധവും സാര്‍സ്-കോവ്-2 വൈറസിനില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
കൊറോണ ജൈവായുധമോ?
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് ‘വാഷിങ്ടന്‍ ടൈംസ്’ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഏറെ നിഗൂഢ സിദ്ധാന്തങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്ന പ്രചാരണം പണ്ടേയുണ്ടെങ്കിലും മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതിനു ശക്തി കൂടി. വൈറസ് ലാബില്‍ നിന്നു ചോര്‍ന്നതാകാമെന്ന വാദം ഉയര്‍ത്തിയത് ഇസ്രയേല്‍ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷോഹാമാണ്.
ജൈവായുധ കണ്‍വന്‍ഷനില്‍ അംഗമാണ് ചൈന. ഇതുവരെ ജൈവായുധങ്ങളൊന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ 1980 ല്‍ ചൈനയ്ക്ക് സജീവ ജൈവായുധ പദ്ധതി ഉണ്ടായിരുന്നതായി സോവിയറ്റ് യൂണിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 2002 ല്‍ ഇറാനു ജൈവായുധം നല്‍കിയെന്നാരോപിച്ച് 3 ചൈനീസ് കമ്പനികളുടെ മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 
മുന്‍പേ കണ്ടെത്തി
വൈറസിനെ കഴിഞ്ഞ ഡിസംബര്‍ അവസാനമാണു കണ്ടെത്തിയതെന്നാണു ധാരണ. എന്നാല്‍ ഇപ്പോഴത്തേതുമായി 96 % സാമ്യമുള്ള വൈറസിനെ വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ടെത്തിയിട്ടുണ്ടെന്നു ചൈനീസ് ഗവേഷക ഴെങ് ലി ഷി വ്യക്തമാക്കിയിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞയായ ഷി ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
2002 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട ശേഷം വിവിധതരം കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ഷി. ഇതിന്റെ ഭാഗമായി ചൈനയിലെ യെനാനിലെത്തുകയും അവിടുത്തെ ഗുഹകളിലെ വവ്വാലുകളുടെ കാഷ്ഠം പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണു വുഹാനിലെ വൈറസുമായി ജനിതകസാമ്യമുള്ള വൈറസിനെ ലഭിച്ചത്. മറ്റു കൊറോണ വൈറസുകളേക്കാള്‍ മാരകമാണ് ഇതെന്ന് അന്നേ ഷി പ്രവചിച്ചിരുന്നു. പടരുന്നതിനൊപ്പം  അതിവേഗം ജനിതകമാറ്റം കൈവരിക്കാനുള്ള കഴിവും ഇതിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൈവായുധം അതീവ മാരകം; ലോകം വിലക്കിയത്
മാരകനശീകരണ ശേഷിയുളള രോഗാണുക്കളാണു ജൈവായുധങ്ങളുടെ അടിസ്ഥാന ഘടകം. ആന്ത്രാക്‌സ്, വസൂരി, മലേറിയ, കോളറ, എബോള, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ ഇതിനായി ഉപയോഗിക്കുന്നു. നെപ്പോളിയന്‍ പല യുദ്ധങ്ങളിലും മലമ്പനി, വസൂരി തുടങ്ങിയ രോഗാണുതന്ത്രം പയറ്റിയിരുന്നു.  
ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെയും രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ചൈനയ്‌ക്കെതിരെയും ജൈവായുധം പ്രയോഗിച്ചു. മാരക രോഗാണുക്കള്‍ പ്രയോഗിച്ചു 2 ലക്ഷം ചൈനക്കാരെ ജപ്പാന്‍ കൊന്നൊടുക്കിയതായാണു രേഖകള്‍. 1952 ല്‍ അമേരിക്ക ഉത്തരകൊറിയയുടെ മേല്‍ ജൈവായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. വിയറ്റ്‌നാമിലും ജൈവായുധ പ്രയോഗമുണ്ടായി. രാജ്യാന്തര യുദ്ധനിയമങ്ങള്‍ക്കു വിരുദ്ധമാണു ജൈവയുദ്ധം. ജൈവായുധം വിലക്കിയ 1925 ജനീവ പ്രോട്ടോക്കോള്‍, ജൈവായുധ പരീക്ഷണം നിരോധിച്ച 1972 ലെ ഉടമ്പടി തുടങ്ങിയവ രാജ്യാന്തര തലത്തില്‍ ഈ വിപത്തിനെതിരെ എടുത്ത മുൻകരുതലുകളാണ്.  
English Summary: China's Wuhan Lab At Core Of Coronavirus Controversy

കോവിഡ് ഭേദമായവരില്‍ രോഗം വീണ്ടും വരില്ല എന്നതിന് തെളിവില്ല: ‍ഡബ്ല്യുഎച്ച്ഒ

Dr-Maria-van-Kerkhove-1
ഡോ. മരിയ വാൻ കെർകോവ്
ജനീവ∙ കോവിഡ്–19 രോഗം ഭേദമായവരിൽ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവർ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധർ വ്യക്തമാക്കിയത്. രോഗം ഭേദമായവരിൽനിന്നുള്ള ആന്റിബോഡി വേർതിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിർദേശിക്കുന്നുണ്ടെന്ന് ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മരിയ വാൻ കെർകോവ് പറഞ്ഞു.
രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാൻ പല രാജ്യങ്ങളും സെറോളജി പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന. രോഗിമുക്തി നേടിയവരിൽ ആന്റിബോഡികൾ ഉണ്ടെന്നതു കൊണ്ട് അവർ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അർഥമില്ലെന്നും അവർ പറഞ്ഞു.
Dr-Michael-Ryan
ഡോ. മൈക്കിൾ ജെ. റയൻ
ആന്റിബോഡി പരീക്ഷണങ്ങൾ ചില ധാര്‍മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഡോ. മൈക്കിൾ ജെ. റയൻ പറഞ്ഞു. ആന്റിബോഡി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു ഗുരുതരമായ ധാർമിക പ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധയോടെ വേണം അതിനെ അഭിസംബോധന ചെയ്യാൻ. ആ ആന്റിബോഡികൾ നൽകുന്ന സുരക്ഷയുടെ ദൈർഘ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
WHO-press-meet
English Summary: No evidence that people who have survived corona virus have immunity says World Health Organisation (WHO)

ഭിന്നശേഷിക്കാര്‍ക്കായി ടെലിറീഹാബിലിറ്റേഷന്‍ സൗകര്യവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിനായി വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട് കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, CDMRP യുടെയും നേതൃത്വത്തില്‍ ഒരു ടെലി റിഹാബ് ടീമിനെ തയാറാക്കി.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, ബിഹൈവിയര്‍ ആന്‍ഡ് ഡവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേര്‍സ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് , ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് നിലവിലെ ടെലി റിഹാബ് ടീം. രക്ഷിതാക്കള്‍ക്ക് ഫോണ്‍ മുഖേന വിവിധ തെറാപ്പിസ്റ്റുകള നേരിട്ട് വിളിച്ച് സംസാരിക്കാവുന്നതാണ് തെറാപ്പിസ്റ്റുകളുടെ നിര്‍ദേശങ്ങള്‍ വീട്ടില്‍ പ്രാക്ടീസ് ചെയ്യുകയും തെറാപ്പിയുടെ തുടര്‍ച്ച രക്ഷിതാക്കള്‍ തന്നെ ഉറപ്പു വരുത്തേണ്ടതുമാണ്
ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിഡ്രം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികള്‍ക്കും ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെ ആയതു കാരണം ഉണ്ടാകാവുന്ന മറ്റ് സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങളാണ് ടെലി റിഹാബിലൂടെ ലഭ്യമാവുന്നത്.
രക്ഷിതാക്കള്‍ കുട്ടികള്‍ക്കാവശ്യമായ വ്യത്യസ്ത നിര്‍ദേശങ്ങള്‍ക്കായി വിളിക്കേണ്ട വിദഗ്ധരുടെ വിഭാഗവും, സമയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത സമയങ്ങളില്‍ വിളിക്കാവുന്നതാണ്. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ വീട്ടില്‍ തന്നെ നല്‍ക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖകളും വ്യത്യസ്ത വീഡിയോകളും ടെലി റിഹാബിന്റെ തുടര്‍ച്ചയെന്നോണം ലഭ്യമായി കൊണ്ടിരിക്കുന്നതാണ്.

കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് താത്കാലികമായി നിർത്തി വച്ചിരുന്ന കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ് നിർമാണം. മഴയ്ക്ക് മുമ്പ് പാലം പണി പൂർത്തിയാക്കേണ്ടതിനാൽ സർക്കാരിന്റെ പ്രേത്യേക അനുമതി പ്രകാരമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 21 മുതൽ നിർത്തിവച്ചിരിക്കുകയായിരുന്നു കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവിധ മുൻകരുതലുകളും എടുത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ അനുമതി നൽകിയത്. സാമൂഹ്യ അകലവും സുരക്ഷയും ഉറപ്പാക്കി ഒരു മീറ്റർ അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നാൽപതോളം തൊഴിലാളികളാണ് നിലവിൽ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അരൂർ ഭാഗത്തെ അനുബന്ധ റോഡിന്റെ ഫില്ലിംഗ്, മേൽത്തട്ടിലെ മിനുക്കു പണികൾ, പെയിന്റിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ പത്ത് ദിവസത്തേക്കുള്ള കല്ലും മെറ്റലും മാത്രമാണ് നിർമാണ പ്രവർത്തികൾ നടത്താൻ ബാക്കിയുള്ളത്. മാർച്ച് 24 ന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ നിർമാണ വസ്തുക്കൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. താത്കാലികമായി നിർത്തിവച്ചിരുന്ന വൈറ്റില മേൽപ്പാല നിർമാണവും കഴിഞ്ഞയാഴ്ച പുനരാരംഭിച്ചിരുന്നു.

ലോക രാജ്യങ്ങൾക്ക് സഹായം: ഇന്ത്യയെ പരാമർശിച്ച് യുഎൻ

കൊറോണ വൈറസ് വ്യാപന സമയത്ത് ലോക രാജ്യങ്ങളെ സഹായിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ച് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വിവിധ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്ന് നൽകിയത് അടക്കം നിരവധി സഹായങ്ങളാണ് ഇന്ത്യ ചെയ്തത്. കൊവിഡിനെതിരായ പോരാട്ടത്തിന് രാജ്യാന്തരതലത്തിൽ ഐക്യദാർഢ്യം വേണം. എല്ലാ രാജ്യങ്ങളും മറ്റു രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധത കാണിക്കണം. ഇങ്ങനെ മറ്റു രാജ്യങ്ങളെ സഹായിക്കുന്ന രാജ്യങ്ങൾക്ക് സല്യൂട്ട് എന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. 55 രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ ചെയ്യുന്നുണ്ടെന്നാണ് വിവരം. കുറഞ്ഞ നിരക്കിലാണ് ഈ മരുന്ന് കയറ്റി അയക്കുന്നത്.
108 രാജ്യങ്ങളിലേക്ക് 85 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോൾ ഗുളികളും കയറ്റി അയക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി വിവരം നേരത്തെ ഉണ്ടായിരുന്നു. ഇത് ഇന്ത്യയുടെ മെഡിക്കൻ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കയറ്റി അയക്കുന്ന മരുന്നുകൾ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷമായിരിക്കും ആവശ്യപ്പെട്ട രാജ്യങ്ങൾക്ക് നൽകുക.
ഹൈഡ്രോക്‌സി ക്ലോറോക്വിനും പാരസെറ്റാമോളിനും പുറമെ 1000 ടൺ പാരസെറ്റാമോൾ ഗ്രാന്യൂൾസും കയറ്റി അയക്കാൻ തീരുമാനമുണ്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, സ്‌പെയിൻ, നെതർലാൻഡ് തുടങ്ങി 24 രാജ്യങ്ങളിലേക്ക് ഇതിനകം 80 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകൾ ഇന്ത്യ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇറ്റലി, സ്വീഡൻ, സംഗപ്പൂർ തുടങ്ങി 52 രാജ്യങ്ങളിലേക്ക് വലിയതോതിൽ പാരസെറ്റാമോളും നൽകിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍ തുറക്കരുത് , ടാക്‌സികള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് മെയ് 3 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന വിഭാഗങ്ങള്‍ നിരവധി

കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് മൂന്ന് വരെ ഇളവില്ലാതെ നിരോധനം തുടരുന്ന സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, സിനിമ ഹാള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകള്‍, എന്നിവയ്ക്ക് മെയ് 3 വരെ കര്‍ശന നിരോധനം തുടരും.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക , മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുചേരുന്ന മറ്റു പരിപാടികളും നടത്താന്‍ പാടില്ല. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹ മരണാനന്തരചടങ്ങുകളില്‍ 20 പേരിലധികം പേര്‍ ഉണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, എന്നിവയ്ക്കും മെയ് മൂന്ന് വരെ നിരോധനം തുടരും.

കോട്ടയം ജില്ലയിൽ ലോക്ക് ഡൗൺ ഇളവ്; 21 മുതൽ എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തിക്കും

കോട്ടയം ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതൽ എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. റെഡ് സോണിൽ നിന്നുള്ള ജീവനക്കാർ ജില്ലയിൽ തിരികെയെത്തി നിരീക്ഷണത്തിലാകാൻ നിർദേശം. ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കാനും മന്ത്രി പി തിലോത്തമൻ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
പൂർണ രോഗ വിമുക്തി നേടി മൂന്നാഴ്ച പിന്നിട്ടതോടെയാണ് കോട്ടയം ജില്ലയ്ക്ക് നിയന്ത്രണ ഇളവുകൾ നടപ്പാക്കുന്നത്. ഓട്ടോയും ടാക്‌സികളും ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെ മാത്രം കയറ്റി സർവീസ് നടത്താൻ അനുവദിക്കും.
എന്നാൽ, സഞ്ചാരം ജില്ലയിൽ പരിമിതപ്പെടുത്തണം. രാവിലെ ഏഴ് മുതൽ വൈകിട്ട് 7 വരെ ഹോട്ടലുകൾ പ്രവർത്തിക്കും. തുണിക്കടകൾക്ക് 9 മണി മുതൽ 6 വരെയും, ജ്വല്ലറികൾക്ക് 9 മുതൽ 5 വരെയുമാണ് പ്രവർത്തനാനുമതി. സർക്കാർ ഓഫീസുകൾ 21 മുതൽ പൂർണതോതിൽ പ്രവർത്തിക്കും. റെഡ് സോണിൽ നിന്നുള്ള ജീവനക്കാർ ഉടൻ ജില്ലയിൽ തിരികെയെത്തി നിരീക്ഷണത്തിലാകണം
പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കും. പൊതുപരിപാടികളിൽ നിയന്ത്രണങ്ങൾ തുടരും. ആരാധനാലയങ്ങളുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരും. മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കാനും മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 358 ആയി. ഇതില്‍ 234 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 124 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് പുതിയതായി എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ രണ്ട് പേരെയും, സ്വകാര്യ ആശുപത്രികളില്‍ ആറ് പേരെയുമാണ് നിരീ ക്ഷണത്തിലാക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരി സ്വദേശിയുടെ ഭാര്യ, മകന്‍, മകള്‍ എന്നിവരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യയെ മാര്‍ച്ച് 24 നും, മക്കളെ ഏപ്രില്‍ ഒന്നിനും ആണ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആക്കിയത്. ഇനി ജില്ലയില്‍ രണ്ടു പേര്‍ കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരെ വീതം ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 17 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നാല് പേരാണുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും, നാല് സ്വകാര്യ ആശുപത്രികളിലായി എട്ട് പേരും നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് ജില്ലയില്‍ നിന്നും 17 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 32 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 57 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കരുതല്‍ നിധി : നടി ഐശ്വര്യ ലക്ഷ്മിക്ക് നന്ദി അറിയിച്ച് ഫെഫ്ക

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ‘കരുതല്‍ നിധി ‘ പദ്ധതിയിലേക്ക് സാഹയവുമായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നന്ദി അറിയിച്ച് ഫെഫ്ക.
ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പദ്ധതി വ്യാപിപ്പിച്ചുട്ടുണ്ട്. ‘ ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും ‘ എന്ന് ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ സിനിമയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും ഇങ്ങിനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു’ ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/fefkadirectorsonline/photos/a.1237037186318582/2945504258805191/?type=3

‘ക്വിക്ക് ഡോക്ടർ’ രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി ഐഎംഎ

കൊവിഡ് കാലത്ത് വ്യക്തിഗത വിവര ശേഖരണത്തിലേക്ക് നയിക്കുന്ന മറ്റൊരു സർക്കാർ നടപടി കൂടി വിവാദത്തിൽ. സർക്കാർ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തിയ സ്വകാര്യ കമ്പനി രോഗികളുടെ വിവര ശേഖരണം നടത്തുന്നുവെന്ന് ആരോപണം. ഇതിന് പുറമെ സർക്കാരിന്റെയും ഐഎംഎയുടേയും മുദ്രകൾ കമ്പനി വെബ്‌സൈറ്റിൽ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കടക്കം ഡോക്ടർമാരുടെ ടെലി മെഡിസിൻ സേവനം ഉറപ്പു വരുത്താൻ സർക്കാർ കൈ കോർത്ത സ്വകാര്യ കമ്പനിയാണ് ക്വിക്ക് ഡോക്ടർ. ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയേയും സർക്കാർ ഇതിൽ പങ്കാളിയാക്കി. ടെലി മെഡിസിൻ വിവരങ്ങൾ സ്വകാര്യതയുമായി ബന്ധപ്പെട്ടതായതിനാൽ നിയന്ത്രണാവകാശം ഐഎംഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വിക്ക് ഡോക്ടർ ഈ ആവശ്യം നിരാകരിച്ചു. സ്വകാര്യകമ്പനിയുടെ ഈ ആപ്പിലൂടെ ഡോക്ടറുമായി രോഗി പങ്കുവെക്കുന്ന ആരോഗ്യ-വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നാണ് നിലവിൽ ഉയർന്ന് വന്നിരിക്കുന്ന ആരോപണം.
വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സ്വകാര്യ കമ്പനിയുമായിച്ചേർന്നുളള ടെലിമെഡിസിൻ സംവിധാനത്തിൽ നിന്ന് പിന്മാറാനൊരുങ്ങുകയാണ് ഡോക്ടർമാരുടെ സംഘടന.

സ്പ്രിംക്‌ളർ വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി

സ്പ്രിംക്‌ളർ കരാറിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കർ. കരാറിൽ നിയമോപദേശെ തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കരൻ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.
ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടേയെന്നും ശിവശങ്കർ പറയുന്നു.
അതേസമയം, സ്പ്രിംക്‌ളർ വിവാദത്തിൽ തുറന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് മറവിൽ നാടുകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫിസറെ പോലെയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. വ്യക്തികളുടെ അനുമതി വാങ്ങിയിട്ടാണോ വിവരങ്ങൾ കൈമാറുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇടാപടിനെ കുറിച്ച് മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

കൊവിഡ് ; തൃശൂര്‍ ജില്ലയിലെ അവസാന രോഗിയും രോഗമുക്തി നേടി

കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗി രോഗമുക്തി നേടി. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായ ഇയാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാതായി.
രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത് തൃശൂരിലായിരുന്നു. ജനുവരി 30 നാണ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. അന്നുമുതല്‍ ഇന്ന് വരെ 13 കൊവിഡ് പോസിറ്റീവ് കേസുകളാണ് തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര് രോഗം ഭേദമായി നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. അവശേഷിച്ച ഒരാളുടെ തുടര്‍പരിശോധനാ ഫലങ്ങള്‍ കൂടി ഇന്ന് നെഗറ്റീവ് ആയി. ചാലക്കുടി സ്വദേശിയാണ് രോഗമുക്തി നേടി ആശുപത്രി വിടാന്‍ ഒരുങ്ങുന്നത്.
ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചും കൂടുതല്‍ ഐസൊലേഷന്‍ മുറികള്‍ സജ്ജീകരിച്ചും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കനത്ത ജാഗ്രതയായിരുന്നു ജില്ലയില്‍ പുലര്‍ത്തിയിരുന്നത്. ലോക്ക്ഡൗണ് പശ്ചാത്തലത്തില്‍ ജാഗ്രത ഇപ്പോഴും തൂടരുകയാണ്.