Saturday, December 19, 2020

ആരാണ് ദളിതർ??

ദളിതർ



ഇന്ത്യാ ചരിത്രത്തിൽ പല വ്യാഖ്യാനങ്ങൾ നൽകപ്പെട്ട ഒരു പദമാണ് ദളിതർ അല്ലെങ്കിൽ ദലിതർ. ഏകദേശം 19-ാം നൂറ്റാണ്ടോട് കൂടെ പ്രചാരത്തിൽ വന്ന ഈ പദം പ്രഥമമായി അവതരിപ്പിച്ചത് പ്രമുഖ പരിഷ്കർത്താവും വിപ്ളവകാരിയുമായ ജ്യോതിറാവു ഫൂലെ ആണെന്ന് ചരിത്രം പറയുന്നു. അംബേദ്കറാണ് ഇതിന് കൂടുതൽ പ്രചാരം നൽകിയത്. പല സാഹചര്യങ്ങളിൽ ഇതിന് പല വ്യാഖ്യാനങ്ങളും നൽകപ്പെട്ടിട്ടുണ്ട്. പക്ഷെ എല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്.

വിക്കിപീഡിയയിൽ പറയുന്നത് ഇപ്രകാരമാണ്;

"സംസ്കൃത പദമായ ദൽ (dal) എന്ന പദത്തിൽ നിന്നുമാണ് ദളിത്‌ എന്ന പദം ഉണ്ടാകുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അർത്ഥമാണ് സംസ്കൃതത്തിൽ പ്രസ്തുത പദത്തിന്. ദളിത്‌ എന്ന പദം അടിച്ചമർത്തപ്പെട്ടവർ ("oppressed") എന്നതിനെ കുറിക്കുന്നു. ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിൻറെ അർത്ഥം. ദളിത്‌ എന്ന പദം ഇന്ന് ഏതെങ്കിലും താഴ്ന്ന ജാതിയെ കുറിക്കുവാനോ ഏതെങ്കിലും മതത്തെ കുറിക്കുവാനോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് സ്വന്തമായ സംസ്കാരവും പാരമ്പര്യവും, പ്രത്യേകമായ ജീവിതരീതി ഉള്ളതുമായ ഒരു സമൂഹത്തെ കുറിക്കുവാൻ ആണ് ഉപയോഗിക്കുന്നത്. ദളിതർ പൊതുവായി ജാതി വ്യവസ്ഥയുടെ കാലത്ത് അറിയപെട്ടിരുന്നത് വിവിധ പേരുകളിലാണ്. അവർണ്ണർ, പഞ്ചമാർ, അസുരർചണ്ടാലർഹരിജൻ, തൊട്ടു കൂടാത്തവർ, തീണ്ടി കൂടാത്തവർ, പറയർപുലയർ, എന്നിങ്ങനെയാണ് പ്രസ്തുത പേരുകൾ. ദളിതരെ മനുഷ്യരായി പോലും ജാതി വ്യവസ്ഥ കാലത്ത് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധി ആണ് ആദ്യമായി ദളിതരെ ഹരിജൻ എന്ന് വിളിച്ചത്. എന്നാൽ ദളിതർ ഈ പദം പൊതുവെ അംഗീകരിക്കുന്നില്ല."

എപ്പോഴാണ് ദളിതർ എന്ന പേര് സ്വീകരിക്കപ്പെട്ടത്?

മുൻപ് പറഞ്ഞത് പോലെ 19-ാം നൂറ്റാണ്ടിൽ നാമകരണം ചെയ്യപ്പെട്ട ദലിതർ അതിന് മുൻപ് അറിഞ്ഞിരുന്നത് അവർണ്ണർ, അധകൃതർ, ചണ്ടാലർ, തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ എന്നിങ്ങനെ ആയിരുന്നല്ലോ. ബ്രിട്ടീഷുകാരുടെ വരവിൽ ക്രിസ്തീയ മിഷനറിമാരിലൂടെ വിദ്യാഭ്യാസം നേടിയ മലയാളികളിൽ നായർ, ഈഴവർ തുടങ്ങിയ സമുദായക്കാർ 1900 കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗങ്ങളിൽ കയറിപ്പറ്റുന്നതിന് വേണ്ടി നന്നേ പരിശ്രമിച്ചു എങ്കിലും തിരുവിതാംകൂർ ഭരണം അവരെ അനുവദിക്കാത്തതിനാൽ ഡോ. പൽപ്പുവിൻ്റെ നേതൃത്വത്തിൽ ജാതി തിരിച്ചുള്ള സംഘടനകൾ രൂപപ്പെട്ടു തുടങ്ങി. കേരളത്തിൽ ഈഴവരും എസ്.എൻ.ഡി.പി എന്ന സംഘടനയിലൂടെ സംഘടിക്കാൻ തുടങ്ങി. എന്നാൽ അപ്പോഴും അധകൃതർ എന്ന പേരിൽ അറിയപ്പെട്ടിരുന്നതും മാറ്റി നിറുത്തപ്പെട്ടവരും പിൽക്കാലത്ത് 1936ൽ ഉണ്ടാക്കിയ പട്ടികയിലുള്ള ജാതിക്കാരും വർഗ്ഗക്കാരും മാത്രമായിരുന്നു. അത്തരക്കാരെ മാത്രമായിരുന്നു ജ്യോതിറാവു ഫൂലെ മനസിൽ മുൻകൂട്ടി കണ്ടിരുന്നതും അവർക്കായി ദളിതർ എന്ന പേര് നിർദ്ദേശിച്ചതും. അംബേദ്കർ മുഖേന ദളിതർ എന്ന പദം പൊതുസ്വീകാര്യമാകുകയായിരുന്നു.

ആരാണ് ദളിതർ?

ഇന്ത്യൻ നാഷണൽ കൗൺസിൽ ഫോർ ഷെഡ്യുൾഡ് കാസ്റ്റ് ആൻഡ് ട്രൈബ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് യഥാർത്ഥ ദളിതർ എന്നത് 1936ലെ പട്ടികയിൽ ഉൾപ്പെട്ട ജാതിക്കാരും വർഗ്ഗക്കാരും മാത്രമാണ്. കാരണം തൊട്ടു കൂടാത്തവർ, തീണ്ടിക്കൂടാത്തവർ, അധകൃതർ എന്നെല്ലാം വിശേഷിപ്പിച്ച് സമൂഹത്തിൻ്റെ ഏറ്റവും താഴെ തട്ടിലേക്ക് മാറ്റി നിറുത്തപ്പെട്ടവർ അവർ തന്നെയായിരുന്നു. ചരിത്രത്തിൽ 1883ൽ കരീബിയയിലേക്ക് എത്തിച്ചേർന്നവരെയും അൺടച്ചബിൾസ് അല്ലെങ്കിൽ ദളിതർ എന്ന് വിശേഷിപ്പിക്കുന്നു.

In the Caribbean

It is estimated that in 1883, about one-third of the immigrants who arrived in the Caribbean were Dalits. The shared experience of being exploited in a foreign land gradually broke down caste barriers in the Caribbean Hindu communities.[30]

അമേരിക്കയിലും ദളിതർക്ക് വർഗ്ഗ പീഢനം നേരിടേണ്ടി വരുന്നു എന്ന് പറയുന്നുണ്ട്.

In the United States[edit]

Many Dalits first came to the United States to flee caste-based oppression in South Asia. After the Chinese Exclusion Act of 1882, the demand for laborers brought in many caste-diverse South Asian immigrants, many of whom were Dalit. After the 1965 Immigration and Naturalization Act, immigrants from India were primarily professionals and students, largely from upper caste or dominant caste families. However, from the 1990s onwards, many more of the skilled laborers arriving from India have been Dalit, due to multiple generations of affirmative action policies in India, as well as ongoing efforts of organized resistance against caste discrimination.[212][213]

ദളിതരിലേക്കുള്ള പ്രവേശനം

ആര്യന്മാരുടെ അധിനിവേശം

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭാരത സംസ്കാരം രൂപപ്പെട്ടത് പല സംസ്കാരങ്ങൾ ചേർന്നിട്ടാണ്. പല സാമ്രാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായപ്പോൾ അവർ ഇന്ത്യയിൽ രൂപപ്പെടുത്തിയ ശൈലികളും ആശയങ്ങളും തുടർന്നാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന സംസ്കാരം ഉണ്ടായത്. ഇതിൽ പല മതങ്ങളുടെയും സ്വാധീനമുണ്ട്. പല മതങ്ങളും ഇന്ത്യയിലേക്ക് കുടിയേറി വന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ക്രിസ്തു മതവും ഇസ്ലാം മതവും ഇന്ത്യയിലേക്ക് വന്നതു പോലെ തന്നെ വന്ന ഒരു മതമാണ് ഹിന്ദു മതവും. മെസപ്പെട്ടോമിയയിൽ നിന്നുമാണ് ആര്യന്മാർ വന്നതെന്നും അവരുടെ വരവോടെ ഇവിടെയുണ്ടായിരുന്ന ദ്രാവിഡരെ അകറ്റി നിറുത്തുകയുണ്ടായെന്നും ചരിത്രം പറയുന്നു.

പുതിയ ആചാരങ്ങൾ

ദ്രാവിഡരുടെ തൊഴിലുകൾ പണിയായുധങ്ങളോടെ കാർഷികവുമായി ബന്ധപ്പെട്ടതായിരുന്നു. സിന്ധുനദീതടം ഫലഭൂയിഷ്ടമായിരുന്നതിനാൽ അവിടെ മെച്ചപ്പെട്ട ഒരു പട്ടണവും ഒരു സംസ്കാരവും ഉണ്ടാക്കി ദ്രാവിഡർ നിറഞ്ഞു നിൽക്കുമ്പോഴാണ് കന്നുകാലി വളർത്തൽ പ്രധാന തൊഴിലാക്കി ആര്യന്മാർ സിന്ധുനദീതീരത്തിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.  ദ്രാവിഡരുടെ ആചാരരീതിയിൽ ഇടകലർത്തി പുതിയ ഒരു ആചാരരീതി രൂപപ്പെട്ടതെന്നും ചരിത്രം പറയുന്നു. ആ ആചാരരീതിയിൽ ദ്രാവിഡരെ അകറ്റി നിറുത്തുന്നതിനോടൊപ്പം അടിമകളാക്കി വയ്ക്കുന്നതിനും ആര്യന്മാർ തന്നെ നിബന്ധനകൾ ഉണ്ടാക്കി വച്ചു. അവിടെ തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതികൾ ഉണ്ടാകപ്പെട്ടു. കന്നുകാലി വളർത്തുന്നവർക്ക് കഠിന ജോലികളിലേർപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ ദ്രാവിഡരെയും ദ്രാവിഡരിൽ ബീജാവാപം ചെയ്തുണ്ടായ സന്തതികളെയും ഭയത്തിലൂടെ അടിമകളാക്കി നിറുത്താൻ ദ്രാവിഡരുടെ ആചാരങ്ങളിൽ ആര്യന്മാരുടെ സൃഷ്ടികളെ ഈശ്വരന്മാരായി അവതരിപ്പിച്ച് ആര്യന്മാരുടെ ഇംഗിതമെന്തെന്നറിയാതെ ദ്രാവിഡരിൽ പല കാരണങ്ങളാൽ ജീവിതം ഹോമിപ്പിക്കപ്പെട്ട യഥാർത്ഥ മനുഷ്യാത്മാവുകളെയും ഈശ്വരന്മായി കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു ആചാരരീതി നിലവിൽ വരുത്തി.

മതങ്ങളുടെ പേരിടൽ

എന്നാൽ അക്കാലത്ത് ഹിന്ദു എന്ന ഒരു പേര് ഇല്ലായിരുന്നു. അതിനാൽ അപ്പോൾ നില നിന്നിരുന്ന ആചാരത്തെ ആര്യസംസ്കാരവും ദ്രാവിഡ സംസ്കാരവും ചേർന്ന ഒരു ആചാരം എന്ന തരത്തിൽ മാത്രമേ കാണാനാകൂ. 17-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന പാർസികളാണ് സിന്ധു നദിയെ മുൻനിറുത്തി ഹിന്ദ് എന്ന പേരിടുകയും അത് ഹിന്ദു എന്ന് രൂപവൽക്കരിക്കപ്പെടുകയും ചെയ്തത്. അത് ഒരു മതമല്ലെന്നും അപ്പോഴുണ്ടായിരുന്ന ആര്യ ദ്രാവിഡ സമ്മിശ്ര സംസ്കാരം പിൽക്കാലത്ത് ഹിന്ദു സംസ്കാരമായി കണക്കാക്കുകയും ചെയ്തു. അക്കാലത്ത് നിലനിന്ന ആ അടിമത്ത സംസ്കാരവും അതിനെ ചുറ്റിപ്പറ്റിയുള്ള ആചാരരീതിയും പിന്നീട് മതമായി പരിണമിച്ചു എന്നതാണ് വസ്തുത. അത് ഇന്ത്യയിലെ അധിനിവേശം ചെയ്ത എല്ല മതങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ചുറ്റുപാടും തിരിഞ്ഞു നോക്കിയാൽ എല്ലാ മതങ്ങളിലും പൊതുവായി കാണുന്നത് അടിമകളും ഉടമകളും മാത്രം. യഥാർത്ഥത്തിൽ ഇന്ത്യയിൽ രൂപപ്പെട്ട മതങ്ങൾ ബുദ്ധമതവും ജൈനമതവും ചാർവാക മതവും ഒക്കെയാണ്. ഇവയിലും ഈ അടിമത്വ തന്ത്രം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇതിൽ എവിടെയാണ് ദളിതൻ??

തങ്ങളുടെ സൗകര്യാർത്ഥം മാറ്റം വരുത്തുന്ന തരത്തിൽ പണിയെടുക്കാതെ അടിമകളായി ദ്രാവിഡരെ വരുതിയിൽ നിറുത്തുന്നതിനായി  ഉണ്ടാക്കിയ ഈ ആചാരരീതി അലിഖിതമായിരുന്നുവെങ്കിലും പിന്നീട് ലിഖിതമാണെന്ന് വരുത്തി തീർക്കാൻ ഇപ്പോഴത്തെ ആചാര സംരക്ഷകർ നന്നേ പണിപ്പെടുന്നുണ്ട്. അതിന് വേണ്ടി പഴയ ഇതിഹാസങ്ങളെയും കഥകളെയും കൂട്ട് പിടിക്കുന്നതിനെ പിന്താങ്ങുകയും ആ കഥകളെ വാസ്തവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജനത ഈ ആധുനിക യുഗത്തിലും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ ആചാരരീതികളുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാക്കിയിട്ടും സ്വയം അടിമകളായി നിൽക്കാൻ തയ്യാറായി മുൻപിലേക്ക് ചെല്ലുന്ന ദ്രാവിഡർ ആകുന്ന ഇന്നത്തെ ദളിതരെ ഉദ്ധരിക്കാനായി മറ്റ് പല ആചാര രീതികളും നിലവിൽ വന്നെങ്കിലും അവിടെയെല്ലാം ഇതേ അടിമകൾ-ഉടമകൾ ഭാരതീയ സിസ്റ്റം ദളിതരെ ഉദ്ധരിക്കാനാകാത്ത വിധം പിടിമുറുക്കി. ഏത് മേഖലയിലും ഒതുക്കി നിറുത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ആയ ഇവർ സമൂഹത്തിന് മുൻപിൽ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ചിത്രീകരിക്കപ്പെട്ടു.

എന്നാൽ സ്വാതന്ത്ര്യം ലഭിക്കാതിരുന്ന ഈ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് തുടങ്ങിയത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിന് ശേഷമാണ്. അന്ന് മുതൽ തൊഴിലിൻ്റെയും അവൻ കഴിക്കുന്ന ആഹാരത്തിൻ്റെയും പേരിൽ ആട്ടിപ്പായിച്ചവർക്ക് മുൻപിൽ അവൻ വിദ്യ അഭ്യസിക്കാൻ തുടങ്ങി. വിദ്യ അഭ്യസിച്ചിട്ടും അംഗീകരിക്കാത്ത ആധിപത്യത്തിന് മുൻപിൽ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടു. വരേണ്യ വിഭാഗത്തിന് വേണ്ടി ഉണ്ടാക്കിയ ആചാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉദയം ചെയ്തു. ജീനുകളുടെ ഗുണം കൊണ്ടും സങ്കരയിനത്തിൽ ഉൾപ്പെട്ടതു കൊണ്ടും വിദ്യ കൂടുതൽ അഭ്യസിക്കാൻ സാഹചര്യം ലഭിച്ചവൻ സ്വന്ത ജാതിക്കാരെ കൂട്ടി ചേർത്തു. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വന്ന് തുടങ്ങി. അപ്പോഴും വെളിച്ചം കാണാതിരുന്ന ഒരു ജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് ഈ ജനതയ്ക്ക് വേണ്ടി നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം പ്രവർത്തിച്ച ജ്യോതിറാവു ഫൂലെ തുടങ്ങി വച്ച പരിഷ്കരണം അദ്ദേഹം പേരിട്ട് വിളിച്ച ദലിതർ എന്ന പദം സ്വയം സ്വീകരിച്ചു കൊണ്ട് മഹാത്മാ അംബെദ്കർ ഏറ്റെടുത്തതോടെയാണ് ദളിതർ സ്വാതന്ത്ര്യത്തിന് വേണ്ടി ചിന്തിച്ചു തുടങ്ങിയത്. പക്ഷെ അത് ബ്രിട്ടീഷുകാരിൽ നിന്നല്ലായിരുന്നു.

ഇപ്പോഴത്തെ ആര്യന്മാർ ആർ?

സ്വന്തം സ്വത്വം ഇനിയും തിരിച്ചറിഞ്ഞിട്ടും ആ അടിമത്ത സംസ്കാരത്തെ മുറുകെ പിടിച്ചിരിക്കുന്ന ഏറ്റവും കീഴ്‌തട്ടിലിരിക്കുന്നവരാണ് ദലിതൻ. മുകളിലേക്ക് കയറി വരാൻ ശ്രമിക്കുമ്പോളെല്ലാം ആര്യന്മാരുമായുള്ള ബീജസങ്കലനത്തിലൂടെ മുകളിലേക്ക് എത്തിയെന്ന് വിശ്വസിക്കുന്ന ആര്യദ്രാവിഡ സങ്കരയിനങ്ങളുടെ ചവിട്ട് കൊണ്ട് താഴേക്ക് പോകാൻ വിധിക്കപ്പെട്ടവൻ. മുകളിലെത്തിയ ഈ സങ്കരയിനങ്ങളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ചാണക്യസൂത്രപ്രകാരം തനിക്ക് കീഴിൽ ആളുണ്ടെങ്കിലേ താൻ മുകളിൽ ആണെന്ന് പറയാനാകൂ. അവരാണ് ദളിതനെ ദളിതനായി ഇരിക്കണമെന്ന് വാശി പിടിക്കുന്ന ആധുനിക യുഗത്തിലെ ആര്യന്മാർ. അതിന് വേണ്ടി എല്ലാ മതങ്ങളെയും മത ഗ്രന്ഥങ്ങളെയും വളച്ചൊടിച്ച് കയ്യിൽ വച്ചിട്ടുണ്ട് ഈ സങ്കരയിനങ്ങൾ.

മുൻപ് ആചാരരീതിയിൽ കൃത്രിമം കാണിച്ച് ദ്രാവിഡരെ അടിമയാക്കുന്നുവെങ്കിൽ ഇപ്പോൾ മതത്തിലും രാഷ്ട്രീയത്തിലും അവർ കൈ കടത്തി ദളിതരെ അടിമകളാക്കി വച്ചിരിക്കുന്നു. അതിൽ ഒന്ന് മാത്രമാണ് സംവരണം. അംബേദ്കർ ഉദ്ദേശിച്ച് നടപ്പിലാക്കിയ സംവരണമല്ല ഇന്ന് കാണുന്നത്. ഈ അടിമത്തം കൂടുതൽ നിലനിൽക്കുന്ന മതത്തിൽ ആളെ നിലനിറുത്തുന്നതിനുള്ള ഹിഡൻ അജണ്ട വച്ചു കൊണ്ടുള്ള വികലമാക്കപ്പെട്ട അർത്ഥശൂന്യമായ സംവരണമാണ് ഇന്ന് നടക്കുന്നത്. അടിച്ചമർത്തപ്പെട്ടവന് വേണ്ടി തുടങ്ങിയ സംവരണം ഇന്നെത്തി നിൽക്കുന്നത് അടിച്ചമർത്തിയവൻ്റെ കയ്യിലാണ്. ഇത്തരത്തിൽ നിയമങ്ങളെ വെടക്കാക്കി തനിക്കാക്കിയവരാണ് നവയുഗത്തിലെ ആര്യൻമാർ. കാലക്രമേണ ദളിതർക്കുള്ള ഈ പിടിവള്ളിയും അവർ നിറുത്തും എന്നത് വാസ്തവം

ദളിതരുടെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം

ഇന്ത്യയൊട്ടാകെ അടിച്ചമർത്തപ്പെട്ട, സാമൂഹികമായും സാമ്പത്തികമായും ഇപ്പോഴും വളരെ താഴ്ന്ന അവസ്ഥയിൽ തന്നെയുള്ള ദളിതർ 2011 സെൻസസ് പ്രകാരം ഇന്ത്യാ ജനസംഖ്യയുടെ ഏതാണ്ട് 16%  ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംവരണത്തിലൂടെ മുൻനിരയിലേക്കെത്തിക്കണമെന്ന അംബേദ്കറുടെ ആശയം ഏതാണ്ട് അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ ദളിതർക്ക് ഇനി മുൻപിലേക്കുള്ള യാത്ര വളരെ ദുഷ്കരമാണ്. 2005 ലെ കണക്കുകൾ പ്രകാരം ഇന്ത്യാ ഗവണ്മെൻ്റിൻ്റെ സർക്കാർ തസ്തികകളിലെ ക്ളാസ് 1 ജീവനക്കാരിൽ 10.1%, ക്ളാസ് 2 ൽ 12.7%, ക്ളാസ് 3 ൽ 16.2%, ക്ളാസ് 4 ൽ 27.2% വീതം ദളിതർ ആയിരുന്നു. എന്നാൽ സുപ്പീരിയർ തസ്തികകളിൽ 1 ശതമാനം പോലും തികച്ചില്ല എന്നതാണ് സാഹചര്യം. ഇപ്പോഴും ഉത്തര മദ്ധ്യ ഇന്ത്യയിൽ രൂക്ഷമായ അയിത്തം വിദ്യാഭ്യാസമേഖലകളിൽ പോലും നില നിൽക്കുന്നു. ദളിതർക്ക് മേലുള്ള പീഢനവും ഇന്ത്യയൊട്ടാകെ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദളിതർക്ക് നിയമപരിരക്ഷ നൽകുന്നതിനുള്ള ദളിത് പീഢന നിരോധന നിയമം (അട്രോസിറ്റീസ് ആക്റ്റ്) ഫലപ്രദമായി ഇന്ത്യയിൽ നടക്കുന്നില്ല. ഹിന്ദു മതത്തിലെന്ന പോലെ തന്നെ ക്രിസ്തു മതത്തിലും ജാതി ചിന്ത രൂക്ഷമായതിനാൽ ദളിതർ എന്ന പദത്തിന് ഈ കാലഘട്ടത്തിൽ മതപരമായി ഒരു വേർതിരിവില്ല. പട്ടികജാതിയിലെയും പരിവർത്തനം ചെയ്തവരിലെയും ജനങ്ങൾ പൂർണ്ണമായും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ വളരെ പിന്നോക്കം തന്നെയാണ്. അറ്റ്രോസിറ്റീസ് ആക്റ്റ് എന്ന നിയമ പരിരക്ഷ ദളിതർക്ക് എല്ലാവർക്കും തുല്യമായി ലഭിക്കണമെന്ന ആവശ്യവും ഇപ്പോൾ ദളിത് സമൂഹത്തിൽ ഉയർന്ന് വന്നിട്ടുണ്ട്.

💙1916 ഡിസംബർ 19 - ജാതിചിഹ്നമായ കല്ലുമാല പൊട്ടിച്ചെറിഞ്ഞ ദിവസം...കല്ലുമാല സമരം💪

കൊല്ലം പെരിനാട് സമര ചരിത്ര ഭൂമികയാണ്.  കൊല്ലം പട്ടണത്തില്‍ നിന്നും അഞ്ചാലുംമൂട് വഴി കുണ്ടറക്ക് പോകുന്ന ബസ്സില്‍ കയറി 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരിനാട് കലാപം നടന്ന ചെമ്മക്കാട് വില്ലേജ് ജംഗ്ഷനില്‍ ചെന്ന് ഇറങ്ങി പ്രസ്തുത കലാപഭൂമിയില്‍ ചെന്നെത്താം. കൊല്ലം ജില്ലയില്‍ ഏറ്റവും അധികം പുലയര് പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് പെരിനാട്. 

തിരുവിതാംകൂറില്‍ അയ്യന്‍കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനം കൊല്ലം ജില്ലയിലും വ്യാപിച്ചിരുന്നു. അക്കാലത്ത് അപരിഷ്‌കൃത വേഷങ്ങളാണ് താഴ്ന്ന ജാതിക്കാര്‍ക്ക് പാടുളളു. പുലയ സ്ത്രീകള്‍ക്ക് മാറു മറക്കുന്നതിന് അവകാശമുണ്ടായിരുന്നില്ല. അരക്ക് താഴെ കാല്‍ മുട്ട് വരെ വസ്ത്രം ധരിക്കുവാനെ അവകാശമുണ്ടായിരുന്നുളളു. മാറു മറയ്ക്കാനും, അതോടൊപ്പം ആഭരണങ്ങളായും ഉപയോഗിച്ചു കൊണ്ടിരുന്നത് വില കുറഞ്ഞ ഒരു തരം മുത്തുകള്‍കൊണ്ട് കോര്‍ത്ത് കെട്ടിയ 'കല്ലയും മാലയും' ആയിരുന്നു. ഈ അപരിഷ്‌കൃത വേഷവിധാനം ഉപേക്ഷിക്കുന്നതിന് വേണ്ടിയുളള ബോധവല്‍ക്കരണ പരിപാടിയാണ് പെരിനാട് പ്രദേശത്തെ സാധുജന പരിപാലന സംഘം പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. അതിനു നേതൃത്വം നല്‍കിയത് ഗോപാലദാസനും, പുലയ സ്ത്രീകളില്‍ ആത്മാഭിമാനത്തിന്റെ പ്രചാരവേലകള്‍ ഒരു ദൗത്യമായി ഏറ്റെടുത്ത് ഗോപാലദാസന്‍ പെരിനാട്ടിലെ എല്ലാ പുലയ കുടിലുകളിലും കയറി ഇറങ്ങി. ഇത് പെരിനാട്ടെ നായര്‍ പ്രമാണിമാര്‍ക്കും മാമ്പിമാര്‍ക്കും രസിച്ചില്ല. 

1915 ഒക്ടോബർ 24 ന് ഗോപാലദാസന്‍ പെരിനാട് പ്രദേശത്ത് കല്ലയും മാലയും ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യുന്ന ഒരു മഹാ സമ്മേളനം വിളിച്ച് കൂട്ടുവാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ പ്രചരണാര്‍ത്ഥം പെരിനാടിന്റെ സമീപ പ്രദേശങ്ങളായ പ്രാക്കുളം, തഴവ, കരുവാറ്റ, അഞ്ചാലുംമൂട്, പനയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പ്രചരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. ഇതിനെല്ലാം സമാപനം കുറിച്ചുകൊണ്ട് പെരിനാട്ടെ ചെറുമൂട് എന്ന സ്ഥലത്ത് ഒരു മഹാസമ്മേളനം കൂടുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇവിടങ്ങളിലൊന്നും സമ്മേളനം നടത്തുന്നതിനുളള അനുവാദം നായര്‍ പ്രമാണികള്‍ അനുവദിച്ചില്ല. 

അവസാനം ചെമ്മക്കാട്ടു ചെറുമുക്കിലുളള ഒരു പുതുവല്‍ സ്ഥലത്താണ് യോഗം നടത്താനുളള വേദി കണ്ടെത്തിയത്. ആ സ്ഥലം ഇന്ന് കശുവണ്ടി തൊഴിലാളി സഹകരണ സംഘത്തിന്റെ (കാപെക്‌സ്) ഫാക്ടറി നിലകൊളളുകയാണ്. അവിടെ അന്ന് കിഴക്കേപാലവടയില്‍ പുല്ലന്‍പാപ്പനെന്ന ഒരു തലപ്പുലയന്‍ കുടില്‍ കെട്ടി ഭൂമി കാവല്‍കാരനായി താമസിച്ചു വരികയായിരുന്നു. കമ്പനി ഇരിക്കുന്ന സ്ഥലത്തിന്റെ പേര് കുഴിയം എന്നാണ്. 3 ഏക്കറിലധികം സ്ഥലമുണ്ട്. 
    
             ചെമ്മകാട് ചെറുമുക്കിലുള്ള പ്രസ്തുത പുതുവല്‍ ഭൂമിയില്‍ നാലടി പൊക്കത്തില്‍ ഒരു വേദി ഉണ്ടാക്കി അവിടെയാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ 5000 ത്തോളം പുലയരാണ് കല്ലട, മണ്‍ട്രോ തുരുത്ത്, കുണ്ടറ, കരുവാറ്റ, പ്രാക്കുളം, അഞ്ചാലുംമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പങ്കെടുത്തത്. സമ്മേളന വേദിയോടൊപ്പം വലിയ പന്തലും ഇട്ടിരുന്നു. 

സമ്മേളനം അലങ്കോലപ്പെടുത്താനും സംഘാടനകനായ ഗോപാലദാസനെ വകവരുത്താനും നായര്‍ പ്രമാണിമാര്‍ സ്ഥലത്തെ ചട്ടമ്പിയായ 'നല്ലേരില്‍ കൂരി നായരുടെ നേതൃത്വത്തില്‍ ഒരു വലിയ കൊലയാളി സംഘത്തെ ഏര്‍പ്പാടും ചെയ്തു. സമ്മേളനം അലങ്കോലപ്പെടുത്താനും ഗോപാലദാസനെ കൊലചെയ്യുന്നതിനും വേണ്ടി ഏര്‍പ്പാടാക്കിയ കൂരിനായര്‍ക്ക് പത്തുപറ നിലവും രണ്ടേക്കര്‍ പുരയിടവും അന്നുരാത്രി തന്നെ ആ ഗുണ്ടയുടെ ഭാര്യയുടെ പേരില്‍ ജന്മികള്‍ കരണം നടത്തി. ഒപ്പം ചിലവിനായി കുറെ കാശും (അടിമ ഗര്‍ജനങ്ങള്‍ തെക്കുംഭാഗം മോഹന്‍). ഈ വിവരങ്ങളൊക്കെ യഥാസമയം പുലയര്‍ അറിയുന്നുണ്ടായിരുന്നു. തങ്ങളുടെ നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുലയരും നടത്തിയിരുന്നു. 

   കല്ലുമാല ബഹിഷ്‌കരണത്തിനുള്ള ആദ്യ മഹാ സമ്മേളനം അങ്ങനെ അവിടെ വച്ചു നടന്നു. സമ്മേളനം നടക്കുന്നതറിഞ്ഞ് കരിക്കോലി കുഞ്ചുപിള്ള നായന്മാരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. സര്‍വ്വശക്തിയും ഉപയോഗിച്ച് സമ്മേളനം അലങ്കോലപ്പെടുത്താനും സംഘാടകരെ വകവരുത്താനു മായിരുന്നു തീരുമാനം. 

ഇന്നത്തെപ്പോലെ നോട്ടീസോ, പോസ്റ്ററോ, മൈക്ക് പ്രചരണങ്ങളോ ഒന്നുംതന്നെ ഇല്ല. സമ്മേളന നഗരിയിലേക്ക് പുലയകിടാത്തികള്‍ അടക്കം ആബാലവൃദ്ധം ജനങ്ങള്‍ ഒഴുകിയെത്തി. കല്ലുമാല, ജന്മിത്വത്തിന്റെ മുഖത്തേക്ക് വലിച്ചെറിയുന്നതിന് കൂടുന്ന മഹാസമ്മേളനം ആരംഭിച്ചു. സാധുജന പരിപാലന സംഘത്തിന്റെ സമ്മേളന വേദികളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് പ്രാര്‍ത്ഥനാഗാനത്തോടെയാണ്. സംഘം നേതാവ് ടി.വി.തേവന്‍ (തേവന്‍ ആര്യസമാജത്തില്‍ ചേര്‍ന്ന് തേവന്‍ സ്വാമികള്‍ എന്ന പേര് സ്വീകരിച്ചു) പ്രാര്‍ത്ഥനക്കായി എഴുന്നേറ്റു. ഗാനം ആരംഭിക്കുന്നതും സദസ്സിനോടൊപ്പം കേള്‍വിക്കാരനായി ഭാവിച്ച് ഇരുന്ന കൂരിനായര്‍ ഉലക്കയുമായി ചാടി എഴുന്നേറ്റ് തേവനെ അടിച്ചു. നിന്നനിലയില്‍ തേവന്‍ മുകളിലേക്ക് ചാടിയതുകൊണ്ട് തന്റെ രണ്ടുകാലുകള്‍ക്കാണ് അടി കൊണ്ടത്. നിമിഷ നേരം കൊണ്ട് തേവന്‍ മറിഞ്ഞ് വീഴുകയും തന്ത്രപരമായി ഇഴഞ്ഞ് നീങ്ങി രക്ഷപ്പെടുകയും ചെയ്തു. തേവനെ മര്‍ദ്ദിച്ചതോടുകൂടി അവിടെ കൂടിയിരുന്ന പുലയരില്‍ അമര്‍ഷം തീക്കാറ്റായി മാറി. 

പുലയകിടാത്തികള്‍ കൂരിനായരെ കൊയ്ത്തരിവാള്‍ കൊണ്ട് കൊത്തിയരിഞ്ഞു വീഴ്ത്തി. 

അതോടെ അവിടെ നടന്നതു ഭീകര താണ്ഡവമായിരുന്നു. പുലയര്‍ നായര്‍ മാടമ്പിമാരെ ശരിക്കും കൈകാര്യം ചെയ്തു. കണ്ണില്‍കണ്ട നായര്‍ ഭവനങ്ങളില്‍ കയറി വലിയ മര്‍ദ്ദനങ്ങള്‍ നടത്തുകയും വീടുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. ജന്മികള്‍ അടിമകളെ മര്‍ദ്ദിച്ചൊതുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. തീയിടുന്നതിന് മുമ്പ് നായര്‍ ഭവനങ്ങള്‍ പുലയര്‍ കൊള്ളയടിച്ചു എന്നാണ് ചില ചരിത്രകാരന്മാര്‍ എഴുതി പിടിപ്പിച്ചിട്ടുള്ളത്. ജീവരക്ഷാര്‍ത്ഥം പുലയര്‍ നടത്തിയ കലാപത്തിന്റെ മറവില്‍ ആരെങ്കിലും മുതലെടുത്തിട്ടുണ്ടെങ്കില്‍ പുലയരുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നത് അന്തസ്സിന് യോജിച്ചതല്ല. കളവ്, ചതി, പിടിച്ചുപറി എന്നിവ പുലയരുടെ ജീവിതത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

 നായര്‍ സ്ത്രീകളെ പുലയര്‍ മാനഭംഗപ്പെടുത്തി യിട്ടുണ്ടെങ്കില്‍ പകരത്തിന് പകരം തന്നെയായിരിക്കും. എന്നാല്‍ അഗ്‌നിക്കിരയാക്കിയ ഒരു വീടിനകത്ത് ഒരു നായര്‍ സ്ത്രീ പ്രസവിച്ച് കിടപ്പുണ്ടായിരുന്നു. ആ സ്ത്രീയെയും കുഞ്ഞിനെയും പുലയര്‍ രക്ഷപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം നായര്‍ പ്രമാണിമാര്‍ എല്ലാം അവിടെ നിന്നും ബോധപൂര്‍വ്വം പിന്‍മാറുകയാണുണ്ടായത്. രാത്രിയില്‍ ആളിക്കത്തിയ വര്‍ഗ്ഗീയ തീജ്വാല ഒരു രാത്രി മുഴുവന്‍ അവിടെ ജ്വലിച്ചുതന്നെ നിന്നു. ലഹളയില്‍പ്പെട്ടവര്‍ പിറ്റേന്ന് രാവിലെ തന്നെ അവിടെ നിന്നും പലായനം ചെയ്തു.എന്നാല്‍ നായന്മാര്‍ ലഹളക്കാരായ പുലയര്‍ പിന്‍തിരിഞ്ഞ് പോയതോടുകൂടി ജന്മികള്‍ മടങ്ങിയെത്തി. പുലയരുടെ ആവാസകേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കാന്‍ തീരുമാനിക്കുകയും കണ്ണില്‍കണ്ട പുലയരുടെ മാടങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. വീണ്ടും പുലയരും നായര്‍ പ്രമാണിമാരും തമ്മിലുള്ള വലിയ സംഘട്ടനങ്ങളാണ് അരങ്ങേറിയത്. പുലയരുടെ വളര്‍ത്ത് മൃഗങ്ങളെപ്പോലും തീയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് നടന്ന വര്‍ഗ്ഗീയ സംഘട്ടനം ഒരാഴ്ചയോളം നീണ്ടുനിന്നു. മറ്റ് നിരപരാധികളായ എല്ലാ പുലയരേയും നായര്‍ മാടമ്പികള്‍ മര്‍ദ്ദിച്ചൊതുക്കി അവര്‍ ആനന്ദം കണ്ടെത്തി. ചോദിക്കാനും പറയാനും ആരുമില്ലാത്തവസ്ഥ. കല്ലുമാല ബഹിഷ്‌കരണത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയ സമ്മേളനം ലക്ഷ്യം കണ്ടില്ല. ഇടക്കുവച്ച് അത് നായര്‍ പ്രമാണിമാര്‍ തച്ചുതകര്‍ത്തു. സമ്മേളന വേദിയിലുണ്ടായിരുന്ന ഗോപാലദാസനെ സംഘാടകരില്‍പ്പെട്ടവര്‍ എങ്ങനെയോ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തി എന്നുപറയുന്നു. എങ്ങനെയായാലും ഗോപാലദാസനെ കുറിച്ച് പിന്നീട് ഒരറിവുമില്ല

. കൊല്ലം ജില്ലയുടെ ചരിത്രം രചിച്ചവര്‍ക്കും പെരിനാട് കലാപത്തെകുറിച്ച് പഠനം നടത്തിയിട്ടുള്ള വി. ലക്ഷ്മണനോ ഗോപാലദാസനെ കുറിച്ച് മൗനമാണ് പാലിച്ചിട്ടുള്ളത്. 

കലാപത്തിന് ശേഷം പോലീസ് പുലയരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് വീടുകളെല്ലാം കയറിയിറങ്ങി. പോലീസ്‌രാജ് തന്നെ അവിടെ ഏര്‍പ്പെടുത്തി. 

ഈ കാലയളവില്‍തന്നെ അയ്യന്‍കാളി തെക്കന്‍തിരുവിതാംകൂറില്‍ ശക്തമായ സമര പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

പോലീസിന്റെ തേര്‍വാഴ്ചയും നായന്‍മാരുടെ ശല്യവും മൂത്തപ്പോള്‍ സംഘാടകരില്‍പ്പെട്ട പുലയര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ പട്ടിണിയും പരിവട്ടവുമായി കഴിയേണ്ടി വന്നു. ഈ സന്ദര്‍ഭത്തിലാണ് ദൈവദൂതനെപ്പോലെ ഉദാര മനസ്‌ക്കനായ വിദേശ മിഷനറിയായ എഡ്മഡ് സായ്പ് രംഗത്ത് വരുന്നത്. അദ്ദേഹം ആ സാധുജനങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തു. കലാപത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് മിഷന്‍വക സ്‌കൂളില്‍ താത്കാലികമായി താമസിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കി കൊടുക്കുകയും മര്‍ദ്ദനം ഏറ്റവര്‍ക്ക് വൈദ്യസഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു തന്ത്രമാണ് മിഷനറി പ്രവര്‍ത്തകര്‍ ചെയ്തതെങ്കിലും താത്കാലികമായി തെല്ലൊരു ആശ്വാസം പുലയര്‍ക്ക് ലഭിച്ചു. 

മലബാര്‍ മാപ്പിള കലാപത്തിന് ഒപ്പം വയ്ക്കാവുന്ന പ്രസ്തുത കലാപം തിരുവിതാംകൂറിലിറങ്ങിയ പത്രങ്ങള്‍ രണ്ടുചേരികള്‍ പിടിച്ചാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. അന്നും ഇന്നത്തെപ്പോലെ സവര്‍ണ്ണര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേ പ്രസിദ്ധങ്ങളായ പത്രങ്ങള്‍ ഉണ്ടായിരുന്നുള്ളു. മലയാളിയും, നസ്രാണി ദീപികയും. മലബാറില്‍ നിന്നും സി.കൃഷ്ണന്‍ വക്കീലിന്റെ മിതവാദി പത്രം ഒരാഴ്ചയെങ്കിലും പിന്നിട്ടായിരുന്നു തിരുവിതാംകൂറിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതെല്ലാം കൊണ്ട് പെരിനാട് കലാപത്തിന്റെ ഒരേകദേശ വിവരം അന്ന് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാലും കലാപം ഒരു വാര്‍ത്താമധ്യമങ്ങള്‍ക്കും ഒഴിച്ച് കൂടാന്‍ കഴിയില്ലായിരുന്നു. അത്രയും വലിയ ഒരു കലാപമാണ് അവിടെ നടന്നത്.

           ആദ്യകലാപങ്ങള്‍ക്ക് ശേഷം പോലീസിന്റെ തേര്‍വാഴ്ചയില്‍ നിന്നും രക്ഷപ്പെടുന്നതിനും നായന്മാരുടെ സംഘടിത നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ പുലയര്‍ നാടുംവീടും വിട്ടുപോയ തങ്ങളുടെ ജനങ്ങളെ തിരിച്ച് കൊണ്ടുവരുന്നതിനും നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി മഹാനായ അയ്യന്‍കാളിയെ സ്ഥലം സന്ദര്‍ശിക്കുന്നതിന് വേണ്ടി ക്ഷണിക്കാന്‍ പുലയ നേതാക്കള്‍ വിശാഖം തേവന്റെ നേതൃത്വത്തില്‍ വെങ്ങാനൂരില്‍ എത്തി അയ്യന്‍കാളിയെ നേരില്‍ കണ്ടു. പെരിനാട്ടിലുണ്ടായ സംഭവങ്ങള്‍ അയ്യന്‍കാളിക്ക് നേതാക്കള്‍ വിശദീകരിച്ച് നല്‍കി. അന്നത്തെ സാഹചര്യത്തില്‍ അതിനൊരു പോംവഴി അനുരജ്ഞനമാണെന്ന് മനസ്സിലാക്കിയ അയ്യന്‍കാളി തന്നെ സന്ദര്‍ശിച്ച പുലയ നേതാക്കളെ തിരിച്ചയച്ചു.

 വിശാഖം തേവന്‍ സന്ദര്‍ശക സംഘത്തോടൊപ്പം തിരിച്ച് പോന്നില്ല. പിറ്റെ ദിവസം അയ്യന്‍കാളിയും വിശാഖം തേവനും കലാപ ബാധിത പ്രദേശം സന്ദര്‍ശിച്ചു. ആ പ്രദേശം മുഴുവനും ഒരു ശ്മശാന ഭൂമിയായി ബോധ്യപ്പെട്ട അയ്യന്‍കാളി അവശേഷിച്ച തന്റെ ജനതയെ സമാധാനിപ്പിച്ചതിന് ശേഷം നേരെ ദിവാനായ കൃഷ്ണന്‍ നായരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ഒരു സമാധാന സമ്മേളനം ചേരുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ അയ്യന്‍കാളി കൊല്ലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപാലസ്വാമിയെയും സന്ദര്‍ശിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും തമിഴ്‌നാട്ടിലെ ഒരു അധ:സ്ഥിത വര്‍ഗ്ഗത്തിലെ അംഗമായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിവാനുമായി ബന്ധപ്പെട്ട് ക്രമസമാധാനത്തിന് ഭംഗം വരാത്തവിധം എല്ലാവിധ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്താമെന്നും ഉറപ്പ് നല്‍കി. 

ഇനി സമ്മേളനം എവിടെ വച്ച് നടത്തണമെന്നായി. ഏതായാലും കലാപ ഭൂമിയില്‍ വച്ച് വേണ്ട, കൊല്ലം പട്ടണത്തില്‍ ആവട്ടെയെന്ന് അയ്യന്‍കാളിയും സഹപ്രവര്‍ത്തകരും തീരുമാനിച്ചു. അങ്ങനെ ഇന്നത്തെ കൊല്ലം പീരങ്കി മൈതാനത്ത് തലശ്ശേരിക്കാരി രത്‌നാഭായിയുടെ ഉടമസ്ഥതയില്‍ നടന്നുകൊണ്ടിരുന്ന സര്‍ക്കസ് കൂടാരത്തില്‍ വച്ച് യോഗം കൂടാനും തീരുമാനിച്ചു. അടുത്തത് ഈ അനുരജ്ജന സമ്മേളനത്തില്‍ ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നായി ആലോചന. അയ്യന്‍കാളി തന്റെ ഉറ്റമിത്രവും പുലയരെ പ്രജാസഭയില്‍ പ്രതിനിധീകരിച്ചുകൊണ്ടിരുന്ന നായര്‍ സമുദായത്തിലെ ഒന്നാം നമ്പര്‍ നേതാവുമായ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയെ തന്നെ ക്ഷണിച്ചു വരുത്തി. അവരോടൊപ്പം ഗവ.സെക്രട്ടറി വിയറാ സായ്പ്, ജഡ്ജി രാമന്‍ തമ്പി, വെള്ളിക്കര ചോതി, കുറുമ്പന്‍ ദൈവത്താന്‍, ഗോപാലദാസന്‍ എന്നിവരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിനുള്ള ഏര്‍പ്പാട് ചെയ്തത്. സമ്മേളന പരിസരവും മറ്റും പോലീസ് നിരീക്ഷണത്തിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. 

സമ്മേളനം മുന്‍നിശ്ചയപ്രകാരം 1915 ഡിസംബര്‍ 19 ന് ഞായറാഴ്ച ചേര്‍ന്നു. ഏതാണ്ട് 4000 ത്തോളം ജനങ്ങളാണ് പുലയരിലും നായന്മാരിലുംപെട്ടവര്‍ അവിടെ കൂടിയത്. യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത് ചങ്ങനാശ്ശേരിയാണ്. പുലയരും നായന്മാരും സഹകരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത പരമേശ്വരന്‍പിള്ള വിശദീകരിച്ചു. കല്ലുമാല ബഹിഷ്‌കരണത്തിന് പെരിനാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അയ്യന്‍കാളി തന്റെ പ്രസംഗത്തില്‍ കൂടി വിശദീകരിച്ചു.

 ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വക്കം മൗലവി എന്നിവര്‍ തങ്ങളുടെ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കുമെതിരെ നടത്തിയ ബോധവത്കരണം പോലെ, എന്റെ സമുദായത്തിലെ സ്ത്രീകള്‍ ധരിക്കുന്ന അപരിഷ്‌കൃതമായ വേഷഭൂഷാധികള്‍ നീക്കം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ വഴി ഉദേശിച്ചിട്ടുള്ളതെന്നും, അര്‍ദ്ധ നഗ്‌നരായി നടക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ അവരുടെ മാറിടങ്ങള്‍ മറച്ചിരിക്കുന്നത് കല്ലയും മാലയും കൊണ്ടാണെന്നും ആയത് ഉപേക്ഷിച്ച് അവര്‍ക്ക് മറ്റുള്ള സ്ത്രീകളെപ്പോലെ റൗക്ക ധരിച്ച് മാന്യമായി നടക്കുന്നതിന് വേണ്ടിയാണെന്ന് അയ്യന്‍കാളി സദസ്സില്‍ വച്ച് വിശദീകരിക്കുകയുണ്ടായി. വേദിയില്‍ സന്നിഹിതരായിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും അയ്യന്‍കാളിയുടെ ആവശ്യത്തോട് നീതി പുലര്‍ത്തി.

 തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘം ഇടപെട്ട് ഈ ആഭരണങ്ങള്‍ ധരിക്കുന്നത് തീരെ അവസാനിപ്പിച്ചിരിക്കുന്നതായും അയ്യന്‍കാളി ഓര്‍മ്മപ്പെടുത്തി. കല്ലയും മാലയും ധരിച്ചുവന്ന സ്ത്രീകളില്‍ രണ്ടു പേരോട് അദ്ധ്യക്ഷന്റെ അനുവാദത്തോടെ സ്റ്റേജിലേക്ക് വരുവാനും തങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ പൊട്ടിച്ച് സ്റ്റേജിന് താഴെ പ്രത്യേകം തയ്യാറാക്കിയിരുന്ന സ്ഥലത്ത് ഇടുവാനും ആഹ്വാനം ചെയ്തു. നിമഷങ്ങള്‍ക്കകം രണ്ടു സ്ത്രീകള്‍ അരികിലേക്ക് വരികയും കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരി അവിടെ ഇടുകയും ചെയ്തു. പിന്നീട് സദസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുലയ സ്ത്രീകളും ഇങ്ങനെ ചെയ്തു. 

സ്റ്റേജിലിരുന്ന നേതാക്കളെ കാണാന്‍പറ്റാത്തവിധം അവിടെ കല്ലയും മാലയും കൂമ്പാരമായി എന്നാണ് 'കൊല്ലം ചരിത്രത്തിന്റെ നാഴികകല്ലുകള്‍' എന്ന പുസ്തകത്തില്‍ റ്റി.ടി സദാശിവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

          സമ്മേളനം കഴിഞ്ഞ് പിരിഞ്ഞ് പോകാറായപ്പോള്‍ വേദിക്കരികെ കുന്ന് കൂടികിടന്നിരുന്ന കല്ലുമാലകളില്‍ ഓരോന്ന് അവിടെ എത്തിച്ചേര്‍ന്ന ചീഫ് സെക്രട്ടറിവിയറായും അദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും എടുത്തുകൊണ്ട് പോകുകയും ചെയ്തു. 
ലഹളക്ക് കാരണക്കാരായ നായന്മാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാമെന്നും പുലയ സ്ത്രീകള്‍ ഏതുതരം ആഭരണം ധരിക്കുന്നതിനും തടസ്സമില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ഇരുനേതാക്കന്മാരും സമ്മതിച്ചിരുന്നു. കല്ലുമാല ഉപേക്ഷിച്ച പുലയ സ്ത്രീകള്‍ക്ക് സദസ്സില്‍ വച്ച് അയ്യന്‍കാളി, താന്‍ കരുതി വച്ചിരുന്ന റൗക്കയും വിതരണം ചെയ്തു.

                ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് സര്‍ക്കാര്‍ പുലയ സമുദായത്തില്‍പ്പെട്ട പലരേയും പ്രതി ചേര്‍ത്ത് കേസ്സെടുത്തിരുന്നത് വാദിച്ചത് അഡ്വ.ടി.എം.വര്‍ഗീസ് ആയിരുന്നു. അദ്ദേഹത്തിന് വക്കീല്‍ ഫീസ് കൊടുക്കാന്‍ പുലയര്‍ക്ക് സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. വക്കീല്‍ ഫീസായി തന്റെ വീടിന്റെ വടക്ക് വശം ഒരു വലിയ കുളം കുഴിച്ച് തന്നാല്‍ മതിയെന്ന് അദ്ദേഹം അവരെ അറിയിച്ചു. അങ്ങനെ കുഴിച്ച കുളമാണ് ഇന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍വശത്ത് നിലകൊള്ളുന്ന 'കമ്മാന്‍ കുളം'. 

ഏതാണ്ട് 50 സെന്റ് സ്ഥലത്ത് പുലയര്‍ വക്കീല്‍ ഫീസിന് പകരമായി താഴ്ത്തി കൊടുത്ത കുളം ഇന്ന് നികത്തി നികത്തി 25 സെന്റോളമായി എത്തി നില്‍ക്കുകയാണ്. പെരിനാട് സമരത്തിന്റെ സ്മാരകമായിട്ടെങ്കിലും ആ കുളം സംരക്ഷിച്ച് നിര്‍ത്തുന്നതിന് സര്‍ക്കാരും പുരാവസ്തു വകുപ്പും, സാംസ്‌കാരിക സംഘടനകളും മുന്‍കൈ എടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 

കൊല്ലം പട്ടണത്തിന്റെ ഹൃദയ ഭൂമിയില്‍ നൂറുകണക്കിന് പുലയര്‍ സ്വന്തം അദ്ധ്വാനം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള കുളം സംരക്ഷിച്ച് നിര്‍ത്തേണ്ടത് പരിസ്ഥിതി സ്‌നേഹികളുടെയെങ്കിലും കടമയായി മാറേണ്ടിയിരിക്കുന്നു....
(കടപ്പാട്)

Thursday, December 17, 2020

ഇത് കേരള സാംബവ സഭയുടെ വിജയം

എഡിറ്റോറിയൽ

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സാംബവ സമുദായാംഗമായി തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയം കൈവരിച്ചവർക്കും മറ്റ് കക്ഷികളുടെ പരാജയത്തിന് നിർണ്ണായക സ്വാധീനം ചെലുത്തിയ മറ്റ് മൽസരാർത്ഥികൾക്കും കേരള സാംബവ സഭയുടെ അഭിനന്ദനങ്ങൾ...



സാധാരണയായി പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടി ഭേദമെന്യേ വ്യക്തി പ്രാധാന്യം നൽകിയാണ് വോട്ടുകൾ മറിയുന്നത്. കൂടുതലും ചിരപരിചിതരായവരും അയൽക്കാരും ബന്ധുക്കളുമായവർക്കുമാണ് നമ്മൾ വോട്ട് നൽകുന്നത്. രാഷ്ട്രീയത്തിനും സ്ഥാനാർത്ഥികളുടെ കഴിവിനും പ്രവൃത്തി പരിചയത്തിനും സ്ഥാനമില്ലെന്നല്ല. എന്നാൽ ചില ഘട്ടങ്ങളിൽ മേൽപ്പറഞ്ഞ വ്യക്തിബന്ധങ്ങൾ കൂടെ നമ്മൾ പരിഗണിക്കാറുണ്ട്. സാമുദായികമായി രഹസ്യതലത്തിൽ ചർച്ചകൾ നടത്തി പാർട്ടിയുടെ അണികളെ കൂടെ വിഢികളാക്കി കേരളത്തിലെ ഇതരസമുദായക്കാർ അവരുടെ സമുദായക്കാരെ ജയിപ്പിക്കാനുള്ള തന്ത്രങ്ങളും ഈ ഘട്ടങ്ങളിൽ നടത്താറുണ്ട്. പ്രബല സമുദായങ്ങളിൽ അവരുടെ സംഘടനാ സംവിധാനം ശക്തമായതിനാൽ അത് സാധ്യമാണ്. കേരളത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുൻപ് വരെ സാംബവ സമുദായത്തിന് ഇത് സാധ്യമല്ലായിരുന്നു. കാരണം സാംബവ സമുദായം സംഘടിതമല്ലാതിരുന്നതിനാലും അഥവാ സംഘടിതമാണെങ്കിൽ തന്നെ ശക്തമായ തീരുമാനങ്ങളെടുക്കാനും അത് പരസ്യമായി പ്രസ്താവിക്കാനും കെൽപ്പുള്ള നേതൃത്വത്തിൻ്റെ അഭാവം കൊണ്ടുമായിരുന്നു. എന്നാൽ ക്ഷമയാണ് ഏറ്റവും വലിയ വിജയം എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഈ തെരെഞ്ഞെടുപ്പിനെ വളരെ ക്ഷമയോടെ സമീപിച്ച കേരള സാംബവ സഭയ്ക്കും സാംബവ സമുദായ അംഗങ്ങൾക്കും വളരെ ഞെട്ടിക്കുന്ന പ്രതികരണമാണ് രഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മുൻപെങ്ങുമില്ലാത്ത വിധം പരിഗണന സാംബവ സമുദായ രാഷ്ട്രീയ പ്രവർത്തകർക്ക് വിവിധ മേഖലകളിൽ രാഷ്ട്രീയ സംഘടനകൾ നൽകുകയുണ്ടായി. 

ചരിത്രത്തിൽ ആദ്യമായിരുന്നിരിക്കണം സാംബവ സമുദായ അംഗങ്ങളിൽ നിന്നും ഇത്രയും കൂടുതൽ സ്ഥാനാർത്ഥികൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ ബാനറിൽ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ ചില മേഖലകളിൽ പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകൾ കാരണം ചില സ്ഥാനാർത്ഥി നിർണ്ണയങ്ങൾ പാളിപ്പോയി. അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ ഇത് കേരള സാംബവ സഭയ്ക്ക് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നൽകിയ അംഗീകാരമാണ്. കാരണം മിക്ക മേഖലകളിലും ഈ സ്ഥാനാർത്ഥികൾ കേരള സാംബവ സഭയുടെ പ്രമുഖ അണിയറ പ്രവർത്തകരോ പ്രബല പിന്തുണക്കാരോ ആയിരുന്നു.

ഈ സാഹചര്യത്തിൽ കേരള സാംബവ സഭ പൊതുവിൽ എടുത്ത തീരുമാനം നമ്മുടെ ഒരു സമുദായാംഗം മാത്രം തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മേഖലയിൽ രാഷ്ട്രീയവൈരം മറന്ന് സമുദായാംഗത്തെ പിന്തുണയ്ക്കുന്ന സമീപനം സമുദായാംഗങ്ങൾ സ്വീകരിക്കണമെന്നും ഒന്നിൽ കൂടുതൽ സമുദായാംഗങ്ങൾ സ്ഥാനാർത്ഥികളായി നിൽക്കുന്ന മേഖലയിൽ ആ മേഖലയിലെ സമുദായാംഗങ്ങളുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് നൽകാനുള്ള സമീപനം സ്വീകരിക്കണമെന്നും ആയിരുന്നു. അതിന് വേണ്ടി കേരള സാംബവ സഭയുടെ സംഘടനാ സ്വാധീനം ഉള്ള ശാഖാക്കമ്മിറ്റികൾ പ്രവർത്തിക്കുന്ന മേഖലകളിൽ വേണ്ട അറിയിപ്പുകൾ നൽകുകയും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ച് വോട്ടുകൾ ക്രോഡീകരിക്കുന്നതിനുമുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ സമുദായത്തോടുള്ള നമ്മുടെ വികാരം പ്രയോജനപ്പെടുത്തി സമുദായാംഗങ്ങളെ വിജയിപ്പിക്കുന്നതിനുള്ള സംഘടന നടത്തിയ ശ്രമങ്ങൾ വളരെയധികം വിജയം കണ്ടു. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ അത് നമുക്ക് കാണാവുന്നതാണ്.

ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും വിവിധ രാഷ്ട്രീയകഷികളുടെ പ്രതിനിധികളായി സമുദായാംഗങ്ങളെ പരിഗണിച്ചിരിക്കുമ്പോൾ ഇതര സമുദായങ്ങളുടെ ഇടയിൽ നമുക്കെതിരെ സ്പർദ്ധയുണ്ടായി നമുക്ക് ലഭിക്കേണ്ട ഇതര സമുദായക്കാരുടെ രാഷ്ട്രീയ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ വളരെ രഹസ്യമായാണ് ഈ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. ഇതിന് വേണ്ടി രാത്രിയും പകലും വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള സാംബവ സഭയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

വിജയം ഒരിക്കലും ആത്യന്തികമല്ല. ഇനിയും മൽസരകടമ്പകൾ അനേകമുണ്ട്.  പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭയും പാർലമെൻ്റും നമുക്ക് പിടിച്ചടക്കാനുണ്ട്. മന്ത്രി പദവും മുഖ്യമന്ത്രി പദവും പ്രധാന മന്ത്രി പദവും പിടിച്ചടക്കാൻ നമുക്കും കഴിയണം. കേരള സാംബവ സഭയുടെ സ്വാധീനം എന്താണെന്ന് മനസിലാക്കിയ രാഷ്ട്രീയ കക്ഷികൾക്ക് വീണ്ടും അവസരങ്ങൾ നൽകാൻ സംഘടനയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് കൊണ്ട് പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്ന എല്ലാ പ്രിയ സമുദായ സ്നേഹികളെയും കേരള സാംബവ സഭ സ്വാഗതം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ എ.സി.ബിനുകുമാറിൻ്റെയും ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് മഠത്തിലിൻ്റെയും കരങ്ങൾക്ക് ശക്തി പകർന്ന് നൽകാൻ ശാഖാ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കട്ടെ എന്ന് ആഹ്വാനം ചെയ്ത് കൊണ്ട് നിറുത്തുന്നു.