Wednesday, July 8, 2020

ഗുരുവായൂർ നമസ്ക്കാരസദ്യ നിരോധനം തമസ്ക്കരിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ

#കല്ലറ_ശശീന്ദ്രൻ
Kallara Saseendran
ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീശങ്കരാചാര്യരുടെ കാലം മുതൽ തുടർന്നുവന്ന #നമസ്ക്കാരസദ്യ എന്ന ബ്രാഹ്മണസദ്യ നിർത്തലാക്കപ്പെട്ടതിന്റെ പിന്നിലെ ചരിത്രം വളച്ചൊടിച്ച് പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. #സ്വാമി_ആനന്ദതീർത്ഥരുടെ സമരത്തെ തുടർന്നാണ് നമസ്ക്കാര സദ്യ നിർത്തലാക്കിയത് എന്നാണ് പ്രചാരണം. ഇതേവിധത്തിൽ #ദേശാഭിമാനി പത്രത്തിലും വസ്തുതാ വിരുദ്ധമായ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ യാഥാർത്ഥ്യം പത്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തിരുത്തുകൊടുക്കാൻ ദേശാഭിമാനി തയ്യാറായില്ല.  ഏറെ വിവാദങ്ങളും മാധ്യമശ്രദ്ധയും ഉണ്ടായ #ഗുരുവായൂർ_പദയാത്രയുടെ ചരിത്രം അറിയാത്തതിനാലാണ് ആ ചരിത്രം വളച്ചൊടിക്കപ്പെടുന്നതെന്ന് കരുതാനാവില്ല. #1983_ഫെബ്രുവരിയിലെ_8_മുതൽ_14 വരെയുള്ള ദിവസങ്ങളിൽ എല്ലാ മലയാള പത്രങ്ങളിലെയും പ്രധാന വാർത്ത ഗുരുവായൂർ പദയാത്രയായിരുന്നു. ആസാം തെരഞ്ഞെടുപ്പിൽ  117 പേർ കൊല്ലപ്പെടുകയും 15 ഗ്രാമങ്ങളിലായി ആറായിരം വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്ത വാർത്തകൾ പോലും എല്ലാ മലയാള പത്രങ്ങളുടെയും പിൻപേജുകളിലേയ്ക്ക് തള്ളിക്കൊണ്ട് വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു ഗുരുവായൂർ പദയാത്ര. #മാതൃഭൂമി, #മലയാള_മനോരമ, #കേരള_കൗമുദി, #ദേശാഭിമാനി, #ജന്മഭൂമി, #കേരള_പത്രിക,  #കേരള_ടൈംസ്, #ചന്ദ്രിക, #ലീഗ്_ടൈംസ്, #വീക്ഷണം, #ജനയുഗം, #ഇന്ത്യൻ_എക്സ്പ്രസ്, #ടൈംസ്_ഓഫ്_ഇന്ത്യ, #ഡെക്കാൻ_ഹൊറാൾഡ് തുടങ്ങിയ #പത്രങ്ങളെല്ലാം #ഗുരുവായൂർ_പദയാത്രയെക്കുറിച്ച് #എഡിറ്റോറിയലുകളെഴുതി.   പക്ഷെ ഇന്നത്തെ പത്രപ്രവർത്തകരും ചരിത്ര കഥനം നടത്തുന്നവരും അതൊന്നും അറിഞ്ഞില്ലെന്ന് നടിച്ചുകൊണ്ടാണ് സമരനായകരുടെ പേരുകൾ അവഗണിക്കുന്നത്. 

ഗുരുവായൂരിൽ ബ്രാഹ്മണർക്ക് മാത്രമായി "#നമസ്ക്കാര_സദ്യ" എന്ന #ബ്രാഹ്മണസദ്യ നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. അബ്രാഹ്മണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പ്രത്യേക #ഊട്ടുപുരയിലാണ് നമസ്ക്കാര സദ്യ നൽകിയിരുന്നത്. ആ ഊട്ടുപുരയിൽ #1982_നവംബർ_2 ന് #സ്വാമി_ആനന്ദതീർത്ഥർ പൂണൂലില്ലാതെ പ്രവേശിച്ച് സദ്യക്കിരുന്നു. ബ്രാഹ്മണനാണെങ്കിലും ജാതിവിരുദ്ധനും ശ്രീനായണഗുരുവിന്റെ ശിഷ്യനുമായ സ്വാമി ആനന്ദതീർത്ഥർ ഊട്ടുപുരയിലെ അയിത്താചരണത്തിലും ബ്രാഹ്മണർക്ക് മാത്രമായി സദ്യനൽകുന്നതിലും പ്രതിഷേധിച്ചുകൊണ്ടാണ് പൂണുലില്ലാതെ ഊട്ടുപുരയിൽ പ്രവേശിച്ചത്. പൂണൂലില്ലാതെ ഊട്ടുപുരയിൽ പ്രവേശിച്ചതിനെ ക്ഷേത്ര അധികൃതർ ചോദ്യം ചെയ്യുകയും അദ്ദേഹത്തെ ക്ഷേത്രമുറ്റത്തുവച്ചും ദേവസ്വം ഓഫീസിലെത്തിച്ചും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും പിന്നീട് അദ്ദേഹം ചാവക്കാട് സർക്കാരാശുപത്രിയിൽ 14 ദിവസം അഡ്മിറ്റായി ചികിത്സ തേടുകയും ചെയ്തു. ക്ഷേത്രജീവനക്കാർക്കെതിരേ സ്വാമിയെ മർദ്ദിച്ചതിന് കേസ്സുണ്ടായപ്പോൾ ക്ഷേത്ര അധികൃതർ സ്വാമിക്കെതിരേ മാലമോഷണമെന്ന കള്ളക്കേസുകൊടുത്തു. 
ഈ സംഭവം അറിഞ്ഞ കല്ലറ സുകുമാരൻ ഗുരുവായൂർ ഊട്ടുപുരയിലെ അയിത്താചരണവും നമസ്ക്കാരസദ്യയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. അതിനോട് ഗുരുവായൂർ ദേവസ്വംബോർഡോ സർക്കാരോ പ്രതികരിച്ചില്ല. ഈ സാഹചര്യത്തിൽ #അയിത്താചരണത്തിനെതിരേ  #ഗുരുവായൂരിലേയ്ക്ക്_പദയാത്ര നടത്തുമെന്ന് കല്ലറ സുകുമാരൻ പ്രഖ്യാപിച്ചു. തുടർന്ന് #1983_ഫെബ്രുവരി_1 ന് തിരുവനന്തപുരം #ശ്രീപത്മനാഭസ്വാമി_ക്ഷേത്രത്തിൽ നിന്നും #ഗുരുവായൂർ_ക്ഷേത്രത്തിലേയ്ക്ക്  #കേരളാ_ഹരിജൻ_ഫെഡറേഷൻ (KHF) പ്രവർത്തകരായ 100  സഹയാത്രികരോടൊപ്പം #കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ #ഗുരുവായൂർ_അയിത്താചാര_വിരുദ്ധപദയാത്ര ആരംഭിച്ചു. പദയാത്ര സ്വാമി ആനന്ദതീർത്ഥരാണ് ഉദ്ഘാടനം ചെയ്തത്.

ദിവസങ്ങൾ പിന്നിടുന്തോറും സ്ഫോടനാത്മകമായ അന്തരീക്ഷമാണ് വളർന്നുവന്നത്. ഗുരുവായൂരിൽ ചോരപ്പുഴയൊഴുകുമെന്ന രീതിയിൽ എല്ലാ പത്രങ്ങളും ഗുരുവായൂരിലെ സംഘർഷം റിപ്പോർട്ട് ചെയ്തു. പദയാത്രാ സംഘാംഗങ്ങളെ ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കില്ലായെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചു. സ്വാമി ആനന്ദതീർത്ഥർക്ക് മർദ്ദനമേറ്റ ഊട്ടുപുരയിൽ പ്രവേശിക്കാതെ സംഘാംഗങ്ങൾ മടങ്ങുകയില്ലായെന്ന് സമരനായകൻ കല്ലറ സുകുമാരനും നിലപാട് വ്യക്തമാക്കി. ബ്രാഹ്മണരിലെ കീഴ്ജാതിക്കാരായ ഗൗഡസാരസ്വത, ഷേണായി വിഭാഗങ്ങൾക്കുപോലും പ്രവേശനമില്ലാത്ത ഇടമാണ് നമസ്ക്കാര നടത്തുന്ന ഊട്ടുപുരയെന്നും അവിടെ പദയാത്രാ സംഘത്തെ പ്രവേശിപ്പിക്കുന്ന വിഷയമേയില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. പദയാത്ര ഗുരുവായൂരിലെത്തിയാൽ സംഘാംഗങ്ങളിൽ ഒരാൾപോലും ജീവനോടെ തിരിച്ചുപോകില്ലായെന്ന് സനാതനവാദികളുടെ ഭീഷണി ഉണ്ടായി. അതിന് മറുപടി പറഞ്ഞത് അവിഭക്ത KPMS ന്റെ സമാദരണീയ നേതാക്കളായിരുന്ന ചാത്തൻമാസ്റ്ററും പി.കെ. രാഘവനും ആയിരുന്നു. സംഘാംഗങ്ങളിൽ ഒരാളുടെയെങ്കിലും ദേഹത്ത് പൂഴിമണ്ണെങ്കിലും വീണാൽ കേരളം കത്തുമെന്ന് KPMS പ്രഖ്യാപിച്ചു. തുടർന്ന് KPMS, KCS, സിദ്ധനർ സർവ്വീസ് സൊസൈറ്റി, സാംബവ മഹാസഭ, വേട്ടുവ മഹാസഭ, പടന്ന മഹാസഭ, വർണ്ണവർ സർവ്വീസ് സൊസൈറ്റി, ധീവര മഹാസഭ, ലിബറേഷൻ ഫ്രണ്ട്, BDCL തുടങ്ങി ദലിത് പ്രസ്ഥാനങ്ങളെല്ലാം തന്നെ പദയാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു.

ഈ പോരാട്ടത്തിൽ ദലിതർ ഒറ്റയ്ക്കല്ലെന്നും അവരോടൊപ്പം കേരളത്തിലെ ഈഴവ ജനതയുമുണ്ടെന്ന് #SNDP യോഗത്തിന്റെ പ്രഖ്യാപനമുണ്ടായി. തുടർന്ന് SNDP പ്രവർത്തകരും #SN_യൂത്ത്_മൂവ്മെന്റ് വാളന്റിയേഴ്സും പദയാത്രയിൽ സഹയാത്രികരായി. പദയാത്രയെ പരാജയപ്പെടുത്തുവാൻ ആകാശവാണി നിരന്തരം ന്യൂസ് ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. ഗുരുവായൂരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാണ് പദയാത്രാസംഘത്തിന്റെ ശ്രമം എന്ന രീതിയിലാണ് ആകാശവാണി വിഷയത്തെ കണ്ടത്. യാതൊരു കാരണവശാലും പദയാത്രാ സംഘത്തെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന് ഹരിജൻ സമാജം നേതാവ് MK കുഞ്ഞോലും, സാംബവർ സൊസൈറ്റി നേതാവും എഞ്ചിനീയറുമായ KR സുകുമാരനും ദേവസ്വം ബോർഡിന് നിവേദനം നൽകി. പദയാത്രയെ എതിർത്ത പട്ടികജാതി സംഘടനാ നേതാക്കൾ ഇവർ മാത്രമാണ്.

1983 ഫെബ്രുവരി 12   ന് രാത്രി ചാവക്കാട് വച്ച് SNDP, SRYF പ്രസ്ഥാനങ്ങൾക്കു കൂടി പങ്കാളിത്തമുള്ള ഒരു യോഗത്തിൽ പദയാത്രാ അംഗങ്ങൾ അന്നേ ദിവസം രാത്രി 10 മണിക്ക് ഗുരുവായൂർ ദേവസ്വം ആഫീസിൽ ഒരു ചർച്ചയ്ക്ക് എത്തണമെന്ന് അഭ്യർത്ഥിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കത്തുമായി പ്രത്യേക ദൂതൻ ചാവക്കാട് എത്തി. അതനുസരിച്ച് ജാഥാ ക്യാപ്റ്റൻ കല്ലറ സുകുമാരൻ, #KHF വൈസ് പ്രസിഡന്റ് AK തേവൻമാസ്റ്റർ, ജനറൽൽ സെക്രട്ടറി അഡ്വ. CV സുബ്രഹ്മണ്യം എന്നിവർ ദേവസ്വം ആഫീസിലെത്തി. അവിടെ ക്ഷേത്ര തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അഡ്വ. M. കൃഷ്ണൻകുട്ടി, PN കൃഷ്ണൻനായർ, K. ഗോപാലൻ, പാലിയത്ത് രാമകൃഷ്ണൻ നായർ, അഡ്മിനിസ്ട്രേറ്റർ KP സുബ്രഹ്മണ്യം, ലയ്സൺ ആഫീസർ A ബാലകൃഷ്ണൻ നായർ തുടങ്ങിയവരുമായി പദയാത്രാ സംഘത്തിന്റെ ചർച്ച നടന്നു. സ്വാമി ആനന്ദതീർത്ഥർക്ക് മർദ്ദനമേറ്റ ഊട്ടുപുരയിൽ പ്രവേശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിൽ അയവുവരുത്താൻ പദയാത്രാ സംഘം തയ്യാറായില്ല. ഒടുവിൽ അതിന് അനുമതി നൽകാമെന്ന് ദേവസ്വം ബോർഡ് സമ്മതിച്ചു. ഇനി ബ്രാഹ്മണർക്കു മാത്രമായുള്ള നമസ്ക്കാര സദ്യ നടത്തരുതെന്ന ആവശ്യം പരിഗണിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. അതിന് ദേവസ്വം ആക്ടിന്റെ 35 ആം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. അത് ഈ പാതിരാത്രിയിൽ ചെയ്യാനാവില്ല. നടപടിക്രമങ്ങൾ കുറേയുണ്ട്. 50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള 3870 എൻഡോവ്മെന്റുകളിലായി കോടിക്കണക്കിന് രൂപ ബ്രാഹ്മണർക്കുള്ള നമസ്ക്കാര സദ്യക്ക് വകയിരുത്തിയിരിക്കുന്നുവെന്നും അത് മറ്റെന്തെങ്കിലും ആവശ്യത്തിന് വിനിയോഗിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഇക്കാര്യങ്ങളൊക്കെ തീരുമാനമാകാതെ ബ്രാഹ്മണ സദ്യ അവസാനിപ്പിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് നിലപാടെടുത്തു. നമസ്ക്കാര സദ്യയിലെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് ഉറപ്പുകിട്ടാതെ പ്രക്ഷോഭം അവസാനിപ്പിക്കാനാവില്ലെന്ന് പദയാത്രാ സംഘവും നിലപാടെടുത്തു. ഒടുവിൽ ബ്രാഹ്മണ സദ്യ അവസാനിപ്പിക്കാമെന്നും അതിനുവേണ്ടി ഫെബ്രുവരി 18 ന് അടിയന്തര യോഗം കൂടാമെന്നും ദേവസ്വം ബോർഡ് സമ്മതിച്ചു. 
ആനന്ദതീർത്ഥർക്ക് മർദ്ദനമേറ്റ ഊട്ടുപുരയിൽ കല്ലറ സുകുമാരനെയും കൂട്ടരെയും പ്രവേശിപ്പിക്കരുതെന്നും അഥവാ പ്രവേശിപ്പിക്കുവാൻ തീരുമാനിച്ചാൽ അവർ പ്രവേശിക്കുന്നതിനു മുമ്പ് തങ്ങൾക്കോ വേറെ 10 ഹരിജനങ്ങൾക്കോ ആ ഊട്ടുപുരയിൽ വച്ച് സദ്യനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹരിജൻ സമാജം നേതാവ് MK കുഞ്ഞോൽ, സാംബവർ സൊസൈറ്റി സെക്രട്ടറി കുട്ടി, എഞ്ചിനീയർ സുകുമാരൻ എന്നിവർ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അങ്ങനെ ആർക്കെങ്കിലും സദ്യകൊടുക്കുന്നതിൽ തങ്ങൾക്ക് യാതൊരു എതിരഭിപ്രായവുമില്ലെന്നും എന്നാൽ അതിനു ശേഷമാണെങ്കിലും പദയാത്രാ സംഘത്തിന് ഊട്ടുപുരയിൽ കയറണമെന്നതും ബ്രാഹ്മണ സദ്യ അവസാനിപ്പിക്കണമെന്നതും മാത്രമാണ് പദയാത്ര ഉന്നയിക്കുന്ന ആവശ്യമെന്നും കല്ലറ സുകുമാരൻ നിലപാടറിയിച്ചു. 
പരാതിക്കാരുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞതുകൊണ്ടാവണം പദയാത്രാ സംഘം എത്തുന്നതുവരെ വിവാദ ഊട്ടുപുരയിൽ മറ്റാരും പ്രവേശിക്കാതെ അടച്ചിടാൻ ദേവസ്വം ബോർഡും തീരുമാനിച്ചു. 13 ന് പദയാത്രാ സംഘം എത്തിയപ്പോൾ മാത്രമാണ് വിവാദ ഊട്ടുപുര തുറന്നത്. അങ്ങനെ നൂറ്റാണ്ടുകളായി അബ്രാഹ്മണരുടെ പാദസ്പർശമേൽക്കാത്ത ഊട്ടുപുരയിൽ കല്ലറ സുകുമാരൻ സുകുമാരൻ എന്ന അബ്രാഹ്മണൻ പ്രവേശിച്ചു. ബ്രാഹ്മണർക്കുള്ള ഊട്ടുപുരയിൽ 25 പേർക്ക് ഇരിക്കാനുള്ള സ്ഥലസൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ ആ ഊട്ടുപുരയിൽ കല്ലറ സുകുമാരൻ, KHF വൈസ് പ്രസിഡന്റ് എ.കെ. തേവൻമാസ്റ്റർ, ഗോപാലൻ മാസ്റ്റർ, SRYF ഭാരവാഹികൾ, ഡോ. ആര്യാദേവി അന്തർജ്ജനം, KND ഭട്ടതിരിപ്പാട്, വിശ്വഹിന്ദു പരിഷത്, RSS, ക്ഷേത്ര ഭരണസമിതി എന്നിവയുടെ പ്രധാന ഭാരവാഹികൾ എന്നിവർ സദ്യ ഉണ്ടു. മറ്റുള്ളവർ പൊതു ഊട്ടുപുരയിലും സദ്യകഴിച്ചു. സദ്യ കഴിഞ്ഞിറങ്ങിയപ്പോൾ മുഖ്യമന്ത്രി കെ. കരുണാകരൻ ക്ഷേത്രത്തിൽ എത്തുകയും വിവാദ ഊട്ടുപുരയിൽ കല്ലറ സുകുമാരനോടൊപ്പം ഇരുന്ന് സദ്യകഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. കെ. കരുണാകരൻ ഗുരുവായൂരപ്പന്റെ ഭക്തനായിരുന്നെങ്കിലും ബ്രാഹ്മണൻ അല്ലാത്തതിനാൽ വിവാദ ഊട്ടുപുരയിൽ കയറിയിട്ടില്ല. ആയതിനാൽ ആ അഭ്യർത്ഥന കല്ലറ സുകുമാരൻ സ്വീകരിക്കുകയും മുഖ്യമന്ത്രിയോടൊപ്പം വീണ്ടും ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഊട്ടുപുരയിൽ കയറി ഭക്ഷണം കഴിക്കുകയും ചെയ്തു. 
ഗുരുവായൂരിലെ ബ്രാഹ്മണർക്കുള്ള നമസ്ക്കാര സദ്യ അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് അന്തിമ തീരുമാനം എടുത്തത് 1983 ഡിസംബർ 4 ന് ആണ്. അതനുസരിച്ച് 1984 ജനുവരി 1 മുതൽ അത് അവസാനിച്ചു. 
ഈ സമരചരിത്രത്തിലെ നായകനായ #കല്ലറ_സുകുമാരന്റെയും ജാഥ സംഘടിപ്പിച്ച #KHF ന്റെയും പേരുകൾ തമസ്ക്കരിച്ചുകൊണ്ടാണ് ചിലർ ഈ സമരചരിത്രത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്നത്.

#IDF_MEDIA

Tuesday, July 7, 2020

ദഹനപ്പെട്ടിയാണോ അടിച്ചമർത്തലാണോ ചർച്ച ചെയ്യപ്പെടേണ്ടത്?? എന്താണ് ദഹനപ്പെട്ടി??

എഡിറ്റോറിയൽ ബോഡ്


ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരു ദഹനപ്പെട്ടി തയ്യാറാക്കിയതും അത് ദളിത് സ്ത്രീകളുടെ ഉപജീവനത്തിനായി ഏൽപ്പിച്ചതും ആണല്ലോ ഇപ്പോഴത്തെ ദളിത് സംഘടനകളുടെ വിഷയം? ദളിത് സംഘടനകൾ മൊത്തത്തിൽ ഇളകിയതോടെ രാഷ്ട്രീയസ്ഥിതികൾക്ക് മാറ്റം വരുത്താൻ ഉതകുന്ന ഒരു വിഷയമെന്ന നിലയ്‌ക്ക് മറ്റ് രാഷ്ട്രീയ സംഘടനകളും ഇത് ഏറ്റെടുത്തു. സംഭവം പ്രതീക്ഷിച്ചത് പോലെ കൂനിന്മേൽ കുരു എന്ന പോലെ തൊടുന്നതെല്ലാം പണിയായി വരുന്ന ഭരണപക്ഷത്തിന് ഇത് പിൻവലിക്കാനുള്ള നടപടി സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളുമില്ലാതെയായി. ന്യായീകരിക്കാൻ ഒട്ടനവധി വിഷയങ്ങൾ കീശയിലുള്ളതിനാൽ ഇതിന് വേണ്ടി ന്യായീകരിക്കാൻ അവരുടെ പട്ടികജാതി സംഘടനകൾ പോലും മുതിർന്നില്ല എന്നതാണ്. എന്തായാലും ജില്ലാപഞ്ചായത്ത് ആ പദ്ധതി പിൻവലിച്ചതോടെ ദളിത് സംഘടനകൾ മുനയൊടിഞ്ഞ് നിൽക്കുകയാണ്. ഇനി എന്ത് വിഷയം പട്ടികജാതിക്കാരെ പറ്റിക്കാൻ കിട്ടുമെന്ന് നോക്കി..

ദഹനപ്പെട്ടിയുടെ വിഷയത്തിൽ വാസ്തവത്തിൽ എന്തായിരുന്നു അവിടത്തെ സാഹചര്യം എന്ന് പോലും അന്വേഷിക്കാതെയാണ് പല ദളിത് സംഘടനകളും പ്രതികരിച്ചത്. സ്വന്തം ശരീരം എവിടെ ദഹിപ്പിക്കണമെന്ന് നിശ്ചയമില്ലാതെ അതിനുള്ള മതിയായ സൗകര്യമില്ലാതെ കഴിയുന്ന ഒരു കൂട്ടർക്ക് മുൻപിലാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത് എന്ന് ചിന്തിച്ച് അതിൻ്റെ യഥാർത്ഥ ഉറവിടം മനസിലാക്കി അതിനുള്ള പരിഹാരത്തിന് ശബ്ദിക്കാതെ രാഷ്ട്രീയക്കളിക്ക് പതിവ് പോലെ ചട്ടുകമായി മാറുകയായിരുന്നു ദളിതരുടെ പേരിൽ പ്രവർത്തിക്കുന്ന ഈ സംഘടനകൾ. ശരിക്കും ദഹനപ്പെട്ടിക്ക് പകരമായി എന്തെങ്കിലും പരിഹാരം അല്ലെങ്കിൽ ഓപ്ഷൻ ആരെങ്കിലും പ്രസ്താവനകളിലൂടെ അവിടെ പോയി കണ്ട് സാഹചര്യങ്ങൾ മനസിലാക്കി നിർദ്ദേശിച്ചോ?? ചുരുക്കം പേർ കണ്ടേക്കാം എങ്കിലും ദളിതൻ്റെ യഥാർത്ഥപ്രശ്നം കണ്ടിട്ടും കാണാതെ മനഃപൂർവ്വമായോ അല്ലാതെയോ വഴിമാറിപ്പോകുകയാണ് ഭൂരിഭാഗം സംഘടനകളും.

ദഹനപ്പെട്ടിയോടൊപ്പം ചർച്ചയിൽ തെളിഞ്ഞ് വന്നത്, ദളിതനെ വീണ്ടും പഴയ തൊഴിലിലേക്ക് തിരിച്ചയച്ച് അടിച്ചമർത്തുന്നു എന്നായിരുന്നു. ശരിയായ ഒരു കണ്ടെത്തൽ തന്നെയാണ് അത്. അടിച്ചമർത്തലിന് വിധേയരായവരും ഇനിയും വിധേയപ്പെടേണ്ടവരുമാണല്ലോ ദളിതർ. അത് പരസ്യമായി അംഗീകരിക്കുന്നവരുമാണ്. അടിച്ചമർത്തലിൽ നിന്നും നിങ്ങൾ പുറത്ത് വരണം എന്ന് മഹാത്മാ അംബേദ്കർ ഉയർത്തെഴുന്നേറ്റ് വന്ന് പറഞ്ഞാലും.. ഇല്ല.. ഇതെൻ്റെ അവകാശമാണ് ഞങ്ങൾ അടിമകളായി തന്നെ കഴിഞ്ഞോളാം എന്ന് ദളിതർക്ക് വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന ദളിത് സിംഹങ്ങളെ വിട്ട് പറയിപ്പിച്ച് വീട്ടിലിരുന്ന് സോഷ്യൽ മീഡിയകളിലൂടെ അത് വായിച്ച് ദീർഘനിശ്വാസം വിടുന്നവരാണ് ദളിതർ. ദളിതർക്ക് വേണ്ടി ശബ്ദിക്കുന്ന മിക്ക ദലിത് നേതാക്കളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ വക്താക്കളുമായിരിക്കാം. ഒരു ദളിത് വിഷയം ഉദിക്കുന്നത് തന്നെ അതിന് ഒരു രാഷ്ട്രീയമാനം ഉണ്ടാകാൻ വേണ്ടിയുമായിരിക്കാം.. ചുരുക്കത്തിൽ ദളിതൻ്റെ പ്രശ്നം പരിഹരിക്കപ്പെടാൻ വേണ്ടിയല്ല ദളിത് സംഘടനകളോ നേതാക്കളോ സംസാരിക്കുന്നത്.

വിഷയത്തിലേക്ക് വരാം.. അടിച്ചമർത്തൽ ദഹനപ്പെട്ടിയിൽ മാത്രമാണോ?? അല്ല.. അത് ഒരു രാഷ്ട്രീയപ്പാർട്ടിയിൽ മാത്രമാണോ?? അല്ലാ.. ഏത് പാർട്ടിയിലും വിധേയരായി ദഹനപ്പെട്ടി വാങ്ങി അത് വച്ച് ഉണ്ടാൽ മതി എന്ന് പറയുന്നത് കേട്ട് ഒതുങ്ങി പ്പോകുന്നവരാണ് ദളിതർ, ഈ കാലയളവിൽ അത് തന്നെയാണ് നടക്കുന്നതും. രാഷ്ട്രീയമേഖലകളിൽ നിറഞ്ഞ് നിൽക്കാൻ സാദ്ധ്യതയുള്ളവരെ പാർട്ടിയുടെ ദളിത് സംഘടനകളുടെ പ്രസിഡൻ്റും സെക്രട്ടറിയുമാക്കി ഒതുക്കുന്നതല്ലേ അടിച്ചമർത്തൽ... അതല്ലേ ദഹനപ്പെട്ടി.. അവർ അവിടെ നിന്നും പൊങ്ങി വന്നാൽ തന്നെ ഏതെങ്കിലും സംവരണസ്ഥാനങ്ങളിലേക്ക് പാർട്ടിയുടെ ഏറാൻമൂളിയായി നിൽക്കാൻ മാത്രമല്ലേ വിനിയോഗിക്കപ്പെടുന്നത്?

വാസ്തവത്തിൽ അക്ഷരീകമായ ദഹനപ്പെട്ടിയെ കുറിച്ച് സംസാരിച്ചവർ സമൂഹധാരയിൽ അന്തർലീനമായി കിടക്കുന്ന രാഷ്ട്രീയത്തിലെ പട്ടികജാതിക്കാരെ ഒതുക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ ദളിത് കോൺഗ്രസ്, പട്ടികജാതി ക്ഷേമസമിതി, ദളിത് മോർച്ച തുടങ്ങിയ ദഹനപ്പെട്ടികളിൽ നിന്നും പുറത്ത് വന്ന് ആണ് പ്രതികരിക്കേണ്ടത്. ഈ ദഹനപ്പെട്ടികൾക്കെതിരെയാണ് പ്രതികരിക്കേണ്ടത്. ''നീ ഇവിടെ നിന്നാൽ മതി" എന്ന് ദഹനപ്പെട്ടി തന്ന് "അതുപയോഗിച്ച് കാശുണ്ടാക്കിക്കോ" എന്ന് പറഞ്ഞ ജില്ലാ പഞ്ചായത്തിനോടല്ല പ്രതികരിച്ച് ഒതുങ്ങേണ്ടത്. ശരിക്കും അങ്ങനെ പറയാതെ അത് ചെയ്യുന്ന ദഹനപ്പെട്ടി സംവിധാനത്തിനെതിരെയാണ് പ്രതികരിക്കേണ്ടത്. അവിടെയാണ് അടിച്ചമർത്തൽ നടക്കുന്നത്.. 

ഇതുമായി ബന്ധപ്പെട്ടുള്ള പല ചിത്രങ്ങൾ നോക്കുമ്പോഴും ഇതിൻ്റെയും പ്രയോജനം സിദ്ധിക്കുന്നത് രാഷ്ട്രീയപ്പാർട്ടികളിലെ വരേണ്യവർഗ്ഗം തന്നെയാണ്. വാർത്താമാദ്ധ്യമങ്ങളിൽ ഇവരുടെ പരിപാടികളുടെ ചിത്രങ്ങൾ പരിശോധിച്ചാൽ ദളിതർക്ക് മനസിലാക്കാം. അവിടെ പ്രൊജക്ട് ചെയ്യപ്പെടുന്നത് പട്ടികജാതിക്കാരനല്ല.... ചില ചിത്രങ്ങൾ നോക്കൂ...

പട്ടികജാതിയിൽ കേമൻമാരില്ലാഞ്ഞിട്ടോ?
തമ്പ്രാൻമാരും അടിയാളരും

പുതിയ കരുനീക്കങ്ങളുമായി ബിജെപി ...
ദഹനപ്പെട്ടിയിൽ നിന്നും പുറത്ത് വരാനാകുമോ... ദളിത് പർട്ടിക്കാരാ...??

Sunday, July 5, 2020

KSS പാമ്പുകാല ശാഖ കിറ്റ് വിതരണം നടത്തി


നെയ്യാറ്റിൻകര: താലൂക്കിൻ്റെ കീഴിലെ പാമ്പുകാല ശാഖ ശാഖയിലെ കുടുംബാംഗങ്ങൾക്ക് അരിയും പച്ചക്കറി കിറ്റും വിതരണം നടത്തി. ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്തു. ശാഖാ പ്രസിഡൻ്റ്  രഘുവിൻ്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വിജീഷ് സ്വാഗതം പറഞ്ഞതിന് ശേഷം സംസ്ഥാനത്തെ കേരള സാംബവ സഭയുടെ മാതൃകാ ശാഖയാണ് പാമ്പുകാല ശാഖ എന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജോയിൻ്റ് സെക്രട്ടറി തിരുപുറം സുരേഷ് അഭിപ്രായപ്പെട്ടു.

തുടർന്ന് താലൂക്ക് വൈസ്‌പ്രസിഡൻ്റ് പള്ളം രാജേന്ദ്രൻ അരിയും പച്ചക്കറിയും വിതരണം ചെയ്യുകയും മാസ്കിൻ്റെ ഉപയോഗത്തെ കുറിച്ച് വ്യക്തമായി പ്രബോധിപ്പിക്കുകയും ചെയ്തു. ജില്ലാക്കമ്മിറ്റിയംഗവും താലൂക്ക് ട്രഷററുമായ ശ്രീകുമാർ കോട്ടുകാൽ, താലൂക്ക് സെക്രട്ടറി ബിജു പൂഴിക്കുന്ന്, താലൂക്ക് പ്രസിഡൻ്റ് റെജി, താലൂക്ക് ജോയിൻ്റ് സെക്രട്ടറി വിരാലിപുരം ഷാജി, യൂണിയൻ കമ്മിറ്റിയംഗം രാജൻ കാരക്കോണം തുടങ്ങിയവർ ആശംസകളറിയിച്ചു.

പുതുതായി വനിതാസമാജം ശാഖാക്കമ്മിറ്റി രൂപീകരിച്ചു. 14 പേരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡൻ്റായി സ്മിത ഷാജിയെയും സെക്രട്ടറിയായി അഞ്ചു വിജീഷിനെയും ട്രസ്റ്റിയായി ആനി സെബാസ്റ്റ്യനെയും തെരെഞ്ഞെടുത്തു. ആദ്യ കമ്മിറ്റി കൂടുകയും ചെയ്തു.