ശ്രീ. ഭാസ്കരൻ BA
"സമത്വത്തിൻ പോരാളി"
പ്രീയ ബന്ധുക്കളേ.....,
ശ്രീ. കണ്ടൻ കുമാരന്റെയും, ശ്രീ. അയ്യങ്കാളിയുടേയുമൊക്കെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് 1935-60 കാലഘട്ടങ്ങളിൽ നെയ്യാറ്റിൻകര താലുക്കിൽ സമത്വത്തിനു വേണ്ടി പോരാടിയ ഒരു മഹത് വ്യക്തിത്വമാണ് ശ്രീ. ഭാസ്കരൻ B.A അവർകളുടേത്. നെയ്യാറ്റിൻകര താലൂക്കിലെ സാംബവരിൽ ആദ്യത്തെ BA ക്കാരൻ, ഹൈസ്കൂൾ അദ്ധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ, വാഗ്മി, സമുദായോന്നമന പ്രവർത്തകൻ, നല്ലൊരു കാഥികൻ, കലാപ്രവർത്തകൻ, സമുദായ സംഘാടകൻ, നല്ല ഒരു മനുഷ്യസ്നേഹി എന്നിങ്ങനെ തന്റെ ചുരുങ്ങിയ ജീവിതത്തിൽ മറക്കാനാവാത്തവിധം വ്യക്തിമുദ്ര പതിപ്പിച്ചുകടന്നുപോയ മഹത്വത്തിന്നുടമയാണ് ശ്രീ. ഭാസ്കരൻ.
നെയ്യാറ്റിൻകരയ്ക്കടുത്തു വെൺപകൽ ഗ്രാമത്തിൽ ഒരു സാധാരണ സാംബവകുലത്തിൽ 1918-20 കാലത്തിലായിരിക്കണം ജനനം.എന്റെ പിതാവ് ശ്രീ. ഭാസ്കരന്റെ കൊച്ചമ്മയുടെ മകനാണ് ശ്രീ. ഭാസ്കരൻ BA അവർകൾ.
അദ്ദേഹം അന്ന് ഒരു കറയറ്റ കോൺഗ്രസ് പ്രവർത്തകനായിരുന്നു. അതുകൊണ്ട്തന്നെ അന്നത്തെ ബഹു : ഹരിജനക്ഷേമ വകുപ്പുന്ത്രി ശ്രീ. കുഞ്ഞമ്പുവിന്റെ സന്തതസഹചാരിയും ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല മറ്റിതര ജില്ലകളിലും ഹരിജനോദ്ധാരണ പ്രവർത്തന യോഗങ്ങളിൽ മുഖ്യപ്രാസംഗികനായി ബഹു :മന്ത്രി ശ്രീ.കുഞ്ഞമ്പു ശ്രീ. ഭാസ്കരനേയും ഒപ്പം കൂട്ടുമായിരുന്നു.മന്ത്രിക്ക് അത്രമാത്രം ഇഷ്ടമായിരുന്നു ശ്രീ. ഭാസ്കരൻ അവർകളെ. ഉത്തമ വാഗ്മിയും മാതൃകപരമായ ഹരിജനോദ്ധാരണപ്രവർത്തനങ്ങളിൽ ഊർജ്ജസ്വലനുമായിരുന്നു ശ്രീ. ഭാസ്കരൻ. വെൺപകലിലെ സാംബവരുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം ചെയ്ത സംഭാവനകൾ വിവരണാതീതം. ഈയുള്ളവനും 3 സഹോദരങ്ങളും ആ തണൽ പറ്റിയാണ് വിദ്യ നേടിയത്. ഞങ്ങളെ മാത്രമല്ല എല്ലാ ബന്ധുക്കളുടെ മക്കളെയും അദ്ദേഹം നേരിട്ടാണ് സ്കൂളുകളിൽ ചേർത്തത് എന്നത് അത്ഭുതം ഉളവാക്കുന്ന പ്രവർത്തിതന്നെ. സമൂഹത്തിൽ നടമാടിയിരുന്ന ജാതി അസമത്വങ്ങൾക്കെതിരെ, പീഡനങ്ങൾക്കെതിരെ അദ്ദേഹം സ്വസമുദായത്തിൽ നിന്നും ഒരു സംരക്ഷണപ്പടയ്ക്ക് രൂപംനൽകി എതിർത്തും സമരം ചെയ്തും നാട്ടിൽ നേടിത്തന്നത് ഞങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ്. പൊതു ചായക്കടകളിലെ പിൻ ദ്വാരങ്ങളിലൂടെ ചിരട്ടയിൽ ചായ ഒഴിച്ചുകൊടുത്ത സമ്പ്രദായത്തെ കായികമായിത്തന്നെ പലതവണ നേരിട്ട് തോൽപ്പിച്ച് ഞങ്ങൾക്ക് സ്വാതന്ത്ര്യം നേടിതന്നത് ഒരു ഉദാഹരണം മാത്രം. അദ്ദേഹത്തിന്റെ സമുദായ കാവൽഭടന്മാരിൽ എന്റെ അച്ഛനും 3 ഇളയച്ഛന്മാരും ഉൾപ്പെടെ 20-ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവൃത്തികളിലൂടെ അക്കാലത്തും തുടർന്ന് പിൽക്കാലത്തും ധാരാളം BA ക്കാരും, സർക്കാർ ജീവനക്കാരും അതിൽ ഉന്നതപദവികളിൽ ഡോക്ടർ, എഞ്ചിനീയർ, പൊലീസ് ഓഫീസർ, സംഗീതജ്ഞർ, രജിസ്ട്രാർ, അധ്യാപകർ, ഇലക്ട്രിസിറ്റി ഓഫീസർ മറ്റിതര ഓഫിസർമാർ എന്നീ നിലകളിൽ അനേകം പേർ വെൺപകലിൽ ഉണ്ടായി അദ്ദേഹത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇതിലൂടെ പങ്കുവയ്ക്കാൻ വളരെ പ്രയാസം. സമുദായത്തിൽ ചെറിയ വീടുകളിലെ അനേകം കുടുംബങ്ങളാലുള്ള താമസ അസൗകര്യം നിമിത്തം മന്ത്രി കുഞ്ഞമ്പു മുഖേനെ സർക്കാരിൽ നിന്നും നേടിയെടുത്തതാണ് ഇന്നത്തെ ഭാസ്‌കർ നഗർ ഹരിജൻ കോളനി. ഇതിലൂടെ 56 കുടുംബങ്ങൾക്ക് 10 സെന്റ് വീതം മൊത്തം 7 acre ഭൂമിയാണ് അദ്ദേഹം നേടിത്തന്നത്. ഇന്നത് ഹരിജൻ കോളനിയായല്ല അറിയപ്പെടുന്നത്.... "ഭാസക്കർ നഗർ"ആയിട്ടാണ്. ഇത് നേടിക്കൊടുത്തുവെങ്കിലും അതിന്റെ പ്രയോജനങ്ങൾ കാണുവാൻ ദൈവം അദ്ദേഹത്തെ അനുവദിക്കാത്തത് വിധിവൈപരിത്യം ആകാം. മന്ത്രി കുഞ്ഞമ്പുവിനോടൊപ്പം ഊരൂട്ടമ്പലത്തിനടുത്തുള്ള മുക്കമ്പാലമൂട് എന്ന സ്ഥലത്തെ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോൾ കുഴഞ്ഞുവീണായിരുന്നു അന്ത്യം. 1960-ലോ 61-ലോ ആണ് അത് സംഭവിച്ചത്. അന്ന് ഈയുള്ളവന് 6 വയസ്സ്. വെൺപകലിൽ അദ്ദേഹം നേടിയെടുത്ത ഹരിജൻ കോളനിയിലേയ്ക്കുള്ള അദ്ദേഹം തന്നെ മുൻകൈയെടുത്തു വെട്ടിത്തെളിച്ച ടാർ ഇടാത്ത റോഡിൽ സർക്കാർ വാഹനങ്ങളും ഇതര വാഹങ്ങളും ഒരുദിവസം രാവിലെ വന്നുനിന്നത് എനിക്കിന്നും സിനിമപോലെ ഓർമ്മയിലുണ്ട്. അതിലെ ഒരു സർക്കാർ വാഹനത്തിൽ നിന്നും കോൺഗ്രസ് പതാക പുതപ്പിച്ച ഒരു മരവിച്ച ശരീരവും കൂടി പുറത്തു വന്നതും ആ ഓർമ്മയിലുണ്ട്. ആ വാഹനത്തിൽത്തന്നെ മന്ത്രി കുഞ്ഞമ്പുവും ഉണ്ടായിരുന്നു. അങ്ങനെ ആ യുഗവും അവസാനിച്ചു. അത് അദ്ദേഹത്തിന്റെ 42-ആം വയസ്സിലും !!! ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ആ കോളനി മാത്രം. ഓർമ്മിക്കാൻ മറ്റൊന്നും ഇല്ലാതെ പോയത് അദ്ദേഹം താലോലിച്ചു വളർത്തി വിട്ടവരിലെ തമ്മിൽ തല്ലും കെടുകാര്യസ്ഥതയും തന്നെ. 1962-ലെ ഭാസ്കർ നഗർ കോളിനിയുടെ ഉദ്ഘാടനവേളകളും ഓർമ്മയിലുണ്ട്. ശ്രീ.പദ്മശ്രീ. നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ ആദ്യ സംഗീതക്കച്ചേരി ആ വേദിയിലാണ് നടന്നത്. ഒപ്പം കൂടെ അദ്ദേഹത്തിന്റെ ജൂനിയർ ആയി Tvpm sst കോളേജിൽ പഠിച്ചിരുന്ന പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന ശ്രീ.യേശുദാസ്സും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു ഗാനം ആലപിച്ചു.പിന്നീട് ആ വേദിയിൽ CL ജോസിന്റെ "ജീവിതം ഒരു കൊടുങ്കാറ്റ്" എന്ന നാടകവും അരങ്ങേറി. ശ്രീ. ഭാസ്കരൻ വളർത്തിക്കൊണ്ടുവന്ന ശിഷ്യർ തന്നെയായിരുന്നു അഭിനേതാക്കൾ. "ഭാസ്കർ നഗർ ഹരിജൻ കോളനി അപ്പ് ലിഫ്റ്റ് അസോസിയേഷൻ" എന്ന സംഘടനയായിരുന്നു അന്ന് ഇതെല്ലാം സംഘടിപ്പിച്ചത്. പിൽക്കാലത്തിൽ ഒരിക്കൽക്കൂടി മാത്രമേ വാർഷികം നടന്നുള്ളൂ.... മൂന്നാമത്തേതോ കൂട്ട അടിയിലാണ് അവസാനിച്ചത്. ഭാഗ്യം എന്നു പറയട്ടെ ഞങ്ങൾ കുറച്ച് ചെറുപ്പക്കാരുടെ അദ്ധ്വാനത്തിൽ ഇരുപക്ഷ രാഷ്ട്രീയക്കാരുടെയും പിൻബലത്താൽ അധികം താമസിയാതെ "ഭാസ്കർ നഗർ" എന്ന പേരിൽ KSRTC ബസ്സുകളും ഓടിത്തുടങ്ങി. ഇപ്പോൾ നെയ്യാറ്റിൻകര ksrtc ഡിപ്പോയിൽ നിന്നും, തിരുവനന്തപുരം ksrtc ഡിപ്പോയിൽ നിന്നും ബസുകൾ ഓടിക്കിണ്ടിരിക്കുന്നു. അങ്ങനെയാണ് ഇന്നും ഒരു സാമ്പവന്റെ പേരിൽ കേരളത്തിൽ ബസ്സുകൾ ഓടുന്നത്. ഇതെല്ലാം കേരളത്തിലെ സാംബവന്റെ ചരിത്രത്താളുകളിൽ തങ്കലിപികളിൽ കുറിക്കപ്പെടേണ്ടതാണ് എന്നതാണ് എന്റെ എളിയ അഭിപ്രായം. ഒന്നുകൂടി..., ഇന്നും ഭാസ്‌കർ നഗറിന് തൊട്ടുതാഴെ കുഴിവിള പുരയിടത്തിൽ ചെന്നാൽ ശ്രീ. ഭാസ്കരൻ അന്തിയുറങ്ങുന്ന സ്ഥലം കാണാം.... അവിടെ വലിയൊരു കല്ലറയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്..... "ഹരിജനങ്ങളെ ധ്വമ്സിക്കുന്നതിനുള്ള പ്രവണതകളെ ജീവൻ ബലിയർപ്പിച്ചും എതിർക്കും"---എന്ന്..!!! എന്റെ ഇളയച്ഛൻ ആണെങ്കിലും ആ മഹത് വ്യക്തിത്വത്തിന് എന്റെ കണ്ണീരിൽ കുതിർന്ന സാഷ്ടാംഗപ്രണാമം അർപ്പുച്ചുകൊള്ളുന്നു.