Saturday, June 20, 2020

പട്ടിക വിഭാഗക്കാരുടെ രണ്ടായിരത്തോളം സംവരണ നിയമനം അട്ടിമറിക്കാൻ നീക്കം


തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗക്കാർക്ക് വിവിധ വകുപ്പുകളിൽ സംവരണം ചെയ്ത രണ്ടായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളി തുടരുന്നതിനിടെ, ഒഴിവുകൾ കണ്ടെത്താനുള്ള സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ എംപ്ലോയ്‌മെന്റ് സെൽ (ബി) നിറുത്തലാക്കാൻ ശ്രമം. 87 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലിനെ, എ സെക്ഷനിൽ ലയിപ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതോടെ, ഒഴിവുള്ള തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കാതാവും.

ഇരുന്നൂറോളം ഗസറ്റഡ് തസ്തികകളും

2019 സെപ്തംബർ 30 ലെ കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തിൽ 52 ഗസറ്റഡ്, 761 നോൺ ഗസറ്റഡ്, 75 ലാസ്റ്റ് ഗ്രേഡ് അടക്കം 888 തസ്തികകളിലാണ് ഒഴിവുള്ളത്. പട്ടികവർഗ വിഭാഗത്തിൽ 127 ഗസറ്റഡ്, 910 നോൺ ഗസറ്റഡ്, 42 ലാസ്റ്റ് ഗ്രേഡ് അടക്കം 1079 തസ്തികകളും. സ്‌പെഷ്യൽ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിൽ മതിയായ പട്ടിക വിഭാഗക്കാരില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിൽ 90 ശതമാനം ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒഴിവുകൾ

(വകുപ്പ് - ഗസറ്റഡ് - നോൺ ഗസറ്റഡ് - ലാസ്റ്റ് ഗ്രേഡ്)

പട്ടികജാതി :

*മൃഗസംരക്ഷണം : 17- 1 -0
* ആരോഗ്യം: 0- 139 -0
* ഫയർ ആൻഡ് റെസ്ക്യു: 0-115-0
* പൊതുമരാമത്ത്: 0-130-0
* പൊലീസ്: 0-132-0
* ഹയർ സെക്കൻഡറി :6-24-0
* ഇറിഗേഷൻ: 0-23-29
* വ്യവസായ പരിശീലനം : 0-74 -7
* മെഡിക്കൽ വിദ്യാഭ്യാസം: 0-45-10
* പഞ്ചായത്ത്: 3-22-0
* ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം; 3-0-0

പട്ടികവർഗം

* ആരോഗ്യം :27-290-0
* ഹയർസെക്കൻഡറി :54-41-0
* പൊലീസ് :1-407-0
* കൃഷി: 4-0-0
* മൃഗസംരക്ഷണം: 5-1-0
* വ്യവസായ പരിശീലനം: 0-30-2
* മെഡിക്കൽ വിദ്യാഭ്യാസം: 2 -13-5
* പൊതുവിദ്യാഭ്യാസം :11-29-16
* പൊതുമരാമത്ത് : 0-10-7

Monday, June 15, 2020

അധികാരികളേ കണ്ണു തുറക്കുക ..... ചെണ്ടകൊണ്ടി പ്രതിഷേധം.... ധൃതിപിടിച്ച ഓൺലൈൻ വിദ്യാഭാസം നീതിനിഷേധമാക്കരുത്



അധികാരികളേ കണ്ണു തുറക്കുക .....

കേരള സാംബവ സഭ 17.6.2020 ന് സെക്രട്ടറിയേറ്റ് പടിക്കൽ ചെണ്ട കൊണ്ടി പ്രതിഷേധിക്കുന്നു.

ധൃതിപിടിച്ച ഓൺലൈൻ വിദ്യാഭാസം നീതിനിഷേധമാക്കരുത്

ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായി തീർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ വേണ്ട രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിക്കാതെ നടപ്പിലാക്കിയതിന്റെ ആദ്യ രക്തസാക്ഷിയാണ് മലപ്പുറം ജില്ലയിൽ ആത്മഹത്യചെയ്ത ദേവിക. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകൾക്ക് ഗവൺമെന്റ് നീക്കിവെക്കുന്ന തുക അർഹതപ്പെട്ടവർക്ക് അവസ്ഥ മനസ്സിലാക്കി വിനിയോഗിക്കാതെ ലാപ്സാക്കുന്ന വകുപ്പ് മേധാവികളായിട്ടുള്ളവർ പട്ടികജാതിക്കാരല്ലാത്തതിനാൽ ഈ സമൂഹത്തിന്റെ ആവശ്യങ്ങൾ അറിയാൻ ശ്രമിച്ചില്ല എന്നതിന് വേറെ ഉദാഹരണങ്ങൾ ആവശ്യമില്ല.

പണമുള്ളവൻ പഠിച്ചാൽ മതി എന്ന രീതിയിൽ ഉള്ള നടപടികൾ കാണുമ്പോൾ ഈ സമൂഹത്തെ വീണ്ടും 75 വർഷം പിന്നോട്ടടിക്കുന്നത് ആയി മനസ്സിലാക്കുന്നു. കൊറോണയുടെ മറവിൽ നടത്തുന്ന ഈ നടപടികൾക്ക് നീതീകരണം ഇല്ലാത്തതാണ്. വീടുകളിൽ വൈദ്യുതി പോലും ലഭ്യമല്ലാത്ത ആയിരക്കണക്കിന് പട്ടികജാതിക്കാർ ഇന്ന് കേരളത്തിലുണ്ട്. മാറിമാറിവരുന്ന ഗവൺമെന്റ് കൾ വകുപ്പു മേധാവികൾ നൽകുന്ന തെറ്റായ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നത് കാരണം പലരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും നീക്കിവെക്കുന്ന ഫണ്ടുകൾ ലാപ്സാകുകയോ വകമാറ്റി ചെയ്യുകയോ പതിവാണ്. ഇവിടെ ഈ സമൂഹത്തിന്റെ അവകാശമാണ് നിഷേധിക്കുന്നത്.ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം അനിവാര്യമായിരിക്കുകയാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി വകുപ്പുമന്ത്രി വിദ്യാഭ്യാസ മന്ത്രി എന്നിവർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടുകയും അർഹരായവർക്ക് പഠനസൗകര്യം യഥാസമയം ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള സാംബവ സഭ ആവശ്യപ്പെടുന്നു

ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള സാംബവ സഭ 17.6.2020 ന് സെക്രട്ടറിയേറ്റ് പടിക്കൽ ചെണ്ട കൊണ്ടി പ്രതിഷേധിക്കുന്നു.