Friday, May 8, 2020

പ്രത്യക്ഷ രക്ഷാ ദൈവസഭ യാതൊരു പ്രകാരത്തിലും ക്രിസ്തീയസഭയല്ലെന്ന് ബഹു:കേരള ഹൈക്കോടതി

പ്രത്യക്ഷ രക്ഷാ ദൈവസഭ യാതൊരു പ്രകാരത്തിലും  ക്രിസ്തീയസഭയല്ലെന്ന് ബഹു:കേരള ഹൈക്കോടതി 1966 സെപ്തംബർ 6ന് പുറപ്പെടുവിച്ച AS 583 /1962-ാം നമ്പർ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.( 1967 KLT Para IV & V, Feb. 13 Page 105). 

പൊയ്കയിൽ അപ്പച്ചൻ ചില ക്രിസ്തീയ സഭകളിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ടെന്നും അപ്പച്ചൻ്റ മാതാപിതാക്കൾ നല്കിയ  "കൊമരൻ " എന്നപേര്  "യോഹന്നാൻ" എന്ന് പ്രസ്തുത സന്ദർഭത്തിൽ മാറ്റിയിട്ടുണ്ടെന്നും ( "അപ്പച്ചൻ " എന്നുള്ളത് പേരല്ല, ജ്ഞാനസംബോധനയാണ്.)  ക്രൈസ്തവ വിശ്വാസധാരയിൽ ഉണ്ടായിരുന്ന ആയിരങ്ങൾ ക്രൈസ്തവിശ്വാസവും സഭകളും വെടിഞ്ഞ്  പൊയ്കയിൽഅപ്പച്ചനൊപ്പം അണിനിരന്നിരുന്നുവെന്നും അതിൽപലർക്കും ക്രൈസ്തവ പേരുകളാണ് ഉണ്ടായിരുന്നതെന്നും അതിൽ പലരെയും സമൂഹവുംഗവൺമെൻ്റും പുതു ( അവശ ) ക്രിസ്ത്യാനികളായാണ് വ്യവഹരിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നതെന്നും ഗവൺമെൻ്റ് രേഖകളിൽഅവർ ക്രിസ്തീയ വിശ്വാസികളായി രേഖപ്പെടുത്തപ്പെട്ടിരുന്നെന്നും അവരിൽ പലരും പുതു(അവശ ) ക്രിസ്ത്യാനികളായി ചിലസന്ദർഭങ്ങളിൽ സ്വയം കരുതിയിരുന്നിട്ടുണ്ടെന്നും വേദപുസ്തകം(Bible) അവർ വഹിക്കുകയും വായിക്കുകയും ചെയ്തിരുന്നെന്നും അറിയാതെയല്ല ബഹു: ഹൈക്കോടതി ഈ വിധിന്യായം പ്രഖ്യാപിച്ചത്.

മേൽപ്രതിപാദിച്ചതെല്ലാം യാഥാർത്യമായിരിക്കെതന്നെ, വേദപുസ്തകവും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളും അനുഷ്ടാനങ്ങളും ചിഹ്നങ്ങളും ( ജ്ഞാനസ്നാനം, ക്രിസ്തുവിലൂടെയല്ലാതെ രക്ഷാമാർഗ്ഗമില്ലെന്ന വിശ്വാസം, പള്ളി,പട്ടക്കാർ, കുരിശ് തുടങ്ങിയവ)  യഹോവയും തൻ്റെ ഏകജാതനായ പുത്രൻ ക്രിസ്തുവിലൂടെയുള്ള രക്ഷാ സങ്കല്പനവും പൊയ്കയിൽ അപ്പച്ചൻ നിഷേധിക്കുകയും ബൈബിൾ തന്നെ അട്ടിയട്ടിയായി ചുട്ടെരിക്കുകയും താനാണ് ദൈവമെന്ന് അപ്പച്ചൻ സ്വയംപ്രഖ്യാപിക്കുകയും അനുയായികൾ അപ്രകാരം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തു പോരുന്നതിനാലാണ് ബഹു: ഹൈക്കോടതി, ഒരു ഗവേഷണപ്രബന്ധ സമാനമായ മുൻ ചൊന്നവിധിന്യായം പുറപ്പെടുവിച്ചത്.

പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആരംഭംമുതൽ ഇന്നോളം പൊയ്കയിൽ അപ്പച്ചൻ ദൈവമാണെന്ന് വിശ്വസിക്കുകയും അപ്പച്ചനെ ആരാധിക്കുകയും ചെയ്ത്പോരികയാണ് പ്രത്യക്ഷ രക്ഷാ ദൈവസഭക്കാർ. എന്നാൽ പ്രത്യക്ഷ രക്ഷാ ദൈവസഭ ക്രൈസ്ത സഭയാണെന്നോ ക്രൈസ്തവതയുടെ ഉപോൽപ്പന്നമാണെന്നോ ധ്വനിപ്പിക്കുംവിധം ചില അഭിനവഗവേഷകർ അവരുടെ ഗവേഷണാനുബന്ധ രചനകളിൽ (?)  നിരന്തരമായി പൊയ്കയിൽ അപ്പച്ചനെയുംപ്രത്യക്ഷരക്ഷാ ദൈവസഭയെയും വലിച്ചിഴച്ചു പോരുന്നുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യയിൽവന്നതുകൊണ്ടും വേദപുസ്തകം ഇറക്കുമതി ചെയ്തതുകൊണ്ടും മാത്രമാണ് ഇന്ത്യയിലെ അയിത്ത ജനവിഭാഗത്തിന്ന് ബോധമുണ്ടായതെന്നതരത്തിലുള്ള പൊള്ളയായ ചർച്ച്നിർമ്മിത അവകാശവാദങ്ങളുടെ ഏറ്റുപാടൽ മാത്രമാണിത്. ഇതൊരു രാജ്യാന്തര ഗൂഡാലോചനയാണ്. ബിനിൽപോൾ ഇവിടെ റഫർ ചെയ്തിരിക്കുന്ന രേഖകൾക്ക് ഒരു പ്രത്യേകതയുണ്ട്. അതെല്ലാം പ്രത്യക്ഷ രക്ഷാദൈവസഭയെ അധിഷേപിച്ചു കൊണ്ടും അപകീർത്തിപ്പെടുത്തിക്കൊണ്ടും പുസ്തകരൂപത്തിൽ പുറത്തിറക്കിയ ലഘുലേഖകളാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭയെയും പൊയ്കയിൽ അപ്പച്ചനെയും (ദ്ദേഹവിയോ ഗാനന്തരം ശ്രീകുമാരഗുരുദേവൻ എന്ന് പ്രത്യക്ഷ രക്ഷാ ദൈവസഭക്കാർ സംബോധന ചെയ്യുന്നുണ്ട് ) പ്രതിപാദിക്കുന്ന 40 ൽപരം പുസ്തകങ്ങൾ ലഭ്യമായിരിക്കെ, ഇത്തരം ആക്ഷേപപ്പെട്ടികൾ മാത്രം റഫർ ചെയ്ത് നടത്തുന്ന ഗവേഷണാഭാസത്തെ  ചീഞ്ഞ ഗവേഷണമെന്നല്ലാതെ എന്തു വിളിക്കാൻ?

ഇപ്പോഴിതാ മഹാത്മ അയ്യങ്കാളിയെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയിരിക്കുന്നു. സാധുജന പരിപാലന സംഘത്തിൻ്റെ യോഗങ്ങളിൽ തിരുവിതാംകൂർ ദിവാനെയും തിരുവിതാംകൂർ ഗവൺമെൻ്റിലെ ഉന്നതഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചത് മഹാപരാധമാണത്രേ! അവരിൽ ചിലർ പങ്കെടുത്തപ്പോൾ അടിമത്തവും അയിത്തവും അവസാനിച്ചതായി സാധുജന പരിപാലനസംഘം ധരിച്ചു വശായത്രേ! പകരം മെത്രാന്മാരെയും രോഗശാന്തി ശുശ്രൂഷകരെയും ഒന്നുരണ്ട് വിദേശ സുവിശേഷപ്രസംഗകരെയും പങ്കെടുപ്പിച്ചിരുന്നെങ്കിൽ അടിമത്തം പമ്പകടന്നേനെ! ഇത്തരം അധിഷേപങ്ങൾക്കു പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ സംഘടിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

http://wtplive.in/Caste/MTk2LTE1ODg1MDM4MzYucG5nLeC0puC0s

(ഇതോടൊപ്പമുള്ള link  എന്നെയും V V സ്വാമി, E V അനിൽ എന്നിവരെയും Mention ചെയ്ത് അനീഷ്പാറമ്പുഴ വിശദീകരണമാവശ്യപ്പെട്ടിരുന്നു.)

ദളിത് ചരിത്രത്തിൽ നിന്ന് ദളിത് ക്രൈസ്തവർ വിട്ടുപോകുന്നതെങ്ങനെ?

വിനിൽ പോൾ

എന്തുകൊണ്ടാണ് ദളിത് ക്രൈസ്തവരുടെ ചരിത്ര രചനകളിൽ ഇതര ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങൾക്ക് ഇത്രയധികം ഇടം നൽകേണ്ടി വരുന്നത് എന്ന ചോദ്യമാണ് ഈ കുറിപ്പിൽ പ്രധാനമായും ഉന്നയിച്ചത്. സർക്കാരിൻറെ മതപ്രീണന നടപടികളിലകപ്പെട്ട ഇതരദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചരിത്രമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾക്കു പറയാനുള്ളത് എന്നതാണ് അതിനുള്ള ഉത്തരം. ഒരേപോലെ ഒട്ടുമുക്കാൽ ദളിത് വിഭാഗങ്ങളും ഇക്കാരണത്താൽ ദളിത് ക്രൈസ്തവ ചരിത്രത്തിനോട് വിയോജിപ്പുകൾ നടത്തികൊണ്ടിരിക്കുമ്പോൾ, സർക്കാർതലത്തിൽ ഒഴിവാക്കപ്പെടുന്നവിഭാഗമായി ദളിത് ക്രിസ്ത്യാനികൾ മാറ്റപ്പെടുന്നു. കേരളം രൂപം കൊണ്ടതിനു ശേഷവും മതപരിവർത്തന ആഹ്വാനങ്ങൾ നടന്നിരുന്നു. ‘അവശ ക്രിസ്ത്യാനികൾ സനാതന ധർമ്മത്തിലേക്ക്’ തുടങ്ങിയ നോട്ടീസുകൾ വ്യാപകമായി മധ്യകേരളത്തിൽ പ്രചരിപ്പിച്ചിരുന്നു.

ഐക്യ കേരള സംസ്ഥാനം രൂപംകൊള്ളുന്ന ദിവസം മുതൽ സമരം ആരംഭിച്ച ഏക വിഭാഗമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾ. സ്വതന്ത്രമായി ഒരു മതം സ്വീകരിച്ചു എന്ന കാരണത്താൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇവർക്ക് അർഹതപ്പെട്ട നിയമപരിരക്ഷയും ഇതര ആനുകൂല്യങ്ങളും പരിപൂർണ്ണമായും  നിഷേധിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇക്കാലത്ത്, ദളിതരോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച ആദിവാസി വിഭാഗങ്ങളോട്  കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇത്രത്തോളം വിവേചനം കാണിച്ചിരുന്നില്ല. കേരളത്തിലാകട്ടെ ദളിത് ക്രിസ്ത്യാനികൾ  സഭയുടെ ഉള്ളിൽ നിന്നും സർക്കാർ തലത്തിലും ഒരേപോലെ വിവേചനം നേരിട്ടിരുന്നു. ഇതാകട്ടെ, തിരുവിതാംകൂർ സർക്കാർ കാലത്ത് ആരംഭിച്ചതുമാണ്.

1949-നവംബർ മാസം കവിയൂർ കെ.സി. തോമസ് എന്ന ദളിത് ക്രിസ്ത്യാനി സ്വദേശത്തുള്ള കവിയൂർ മഹാദേവക്ഷേത്രത്തിൽ (പത്തനംതിട്ട ജില്ല) ദർശനം നടത്തുകയും, കവിയൂർ കെ.സി. രാജ് എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയിതു. 1949 - നവംബർ 11,12 തീയതികളിലായി കെ.സി. രാജിന്റെ നേതൃത്വത്തിൽ 2124 ദളിത് ക്രിസ്ത്യാനികൾ കവിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി പട്ടികജാതിക്കാരായി മാറി (രാജ് 2010 [1966]: 10 ). ടി.ടി.സി പാസ്സായ ഇദ്ദേഹം മധ്യ കേരളത്തിലെ വിവിധ സി.എം.എസ് സ്‌കൂളുകളിൽ  ഇരുപത് വർഷം അധ്യാപകനായി ജോലി ചെയ്തു. 23 വർഷം സി.എം.എസ് സഭയുടെ ഉപദേശിയായും ജോലി ചെയ്തിരുന്നു. സഭയിൽ നിന്നും നേരിട്ട തീവ്ര ജാതിവിവേചനം കാരണമാണ് കെ.സി.തോമസ് കെ.സി. രാജായി മാറുന്നത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ അദ്ദേഹം 1966 -ൽ പ്രസിദ്ധീകരിച്ച 'ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകൾ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട് (2010-ൽ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു). കെ.സി. രാജിൻറെ മതപരിവർത്തനം കേവലം ഒറ്റപ്പെട്ട സംഭവല്ല. ക്രിസ്തുമതത്തിനുള്ളിൽ ദളിത് വിഭാഗം അനുഭവിച്ച വിവേചനങ്ങളുടെ പരിസരത്തിൽ നിന്നുകൊണ്ടുള്ള വായനയിൽ മാത്രം ഒതുങ്ങുന്നതുമല്ല. മറിച്ച്, തിരുവിതാംകൂർ എന്ന സ്വയംപ്രഖ്യാപിത ഹിന്ദുരാഷ്ട്രത്തിൻറെ പദ്ധതികളുടെ ചരിത്രവുമായി ചേർത്തുവായിക്കപ്പെടേണ്ടതാണ്.

അന്നത്തെ നാട്ടുരാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ദളിത് പ്രസ്ഥാനങ്ങൾക്കും, പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ. ഡി.എസ്) പോലുള്ള ദളിത് മതങ്ങൾക്കും ഇത്തരം ഒരു ചരിത്രകാലത്തിൻറെ കഥ പറയാനുണ്ട്. കേരളത്തിൽ ദളിത് ക്രിസ്ത്യാനികളിൽ ഏറ്റവും സങ്കീർണ്ണതകളുടെ ചരിത്രം പറയാനുള്ളത് മധ്യകേരളത്തിലെ ദളിതർക്കാണ്. വ്യത്യസ്തങ്ങളായ നിരവധി ക്രിസ്തീയപ്രസ്ഥാനങ്ങൾ, അംഗബലത്തിൽ  മുന്നിലുണ്ടായിരുന്ന സുറിയാനിക്രിസ്ത്യാനികൾ, 'സ്വയംപ്രഖ്യാപിത ഹിന്ദുരാഷ്ട്രം' എന്ന നിലയിലുള്ള തിരുവിതാംകൂർ സർക്കാരിൻറെ നടപടികൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ തെക്കൻകേരളത്തിലെ ദളിത് ക്രൈസ്തവർ തുടർച്ചയായി കുറേയധികം പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇപ്പോഴും ആ അവസ്ഥയിൽ മാറ്റം വന്നിട്ടില്ല. സഭയ്ക്കുള്ളിലും സർക്കാർ തലത്തിലും നേരിടേണ്ടി വന്ന അവഗണനയുടെ ചരിത്രമാണ് തിരുവിതാംകൂർ രാജ്യത്ത് ജീവിച്ചിരുന്ന ദളിതർക്ക് പറയാനുള്ളത്. പ്രജാസഭ സ്ഥാപിതമായതിനുശേഷമാണ് സർക്കാർതലത്തിൽ ദളിത്ക്രൈസ്തവരോടുള്ള വിവേചനപരമായ നടപടികൾ ആരംഭിച്ചത്. പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിലാണ് ഇത് ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് .

ബ്രിട്ടീഷ് മിഷനറി പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി (LMS, CMS, BMS ഇപ്പോൾ CSI) പത്തൊൻപതാം നൂറ്റാണ്ടിൻറെ മധ്യഭാഗം മുതൽ വ്യത്യസ്ത ജാതിയിലുള്ള ജനങ്ങൾ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇതോടപ്പം ബ്രദറൺ സഭ, രക്ഷാസൈന്യം, ശാബത് സംഘം, പെന്തകോസ്ത്, ബാപ്റ്റിസ്റ്റ് മിഷൻ, ലൂഥറൻ മിഷൻ തുടങ്ങിയ വിദേശ ക്രിസ്തീയപ്രസ്ഥാനങ്ങളിലേക്ക് വിവിധ ജാതിവിഭാഗങ്ങൾ അംഗങ്ങളായെത്തി. അതോടൊപ്പം തന്നെ തദ്ദേശീയ ക്രിസ്ത്യൻ സഭകളായ കത്തോലിക്കാ, മാർത്തോമാ തുടങ്ങിയ സഭകളിലേക്കും, ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കം മുതൽ തന്നെ ഓർത്തഡോക്സ് സഭയിലേക്കും വിവിധ സമുദായംഗങ്ങൾ മതപരിവർത്തനം ചെയ്യുകയുണ്ടായി. ഏകദേശം പത്തോളം സമുദായങ്ങൾ മതപരിവർത്തനം നടത്തിയെങ്കിലും ഈഴവ, ആശാരി, കൊല്ലൻ, തട്ടാൻ, നായർ തുടങ്ങിയ ജാതികൾക്ക് മാത്രമാണ് സുറിയാനി ക്രിസ്ത്യാനികളുമായി സംയോജനം (Integration) സാധ്യമായത്. ബാക്കി പിന്നോക്ക ജാതികൾ നാടാർ ക്രിസ്ത്യൻ, ദളിത് ക്രിസ്ത്യൻ എന്നീ പേരുകളിൽത്തന്നെ തുടർന്ന് വന്നു. ദളിതരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരോടുള്ള തിരുവുതാംകൂർ സർക്കാറിൻറെ നിലപാടും വ്യത്യസ്തമായിരുന്നു. ഇതാകട്ടെ പ്രജാസഭയിലെ അംഗത്വം, സ്‌കൂൾ-ഇതര സർക്കാർ സ്ഥാപനങ്ങളിലെ പങ്കാളിത്തം എന്നിവയിലെല്ലാം പ്രകടവുമായിരുന്നു. എന്നാൽ, വിദ്യാഭ്യാസമേഖലയിലാണ് ഇത് കൂടുതലായി കാണാനാവുന്നത്. മിഷനറി പ്രസ്ഥാനങ്ങൾക്ക് എതിരായി സർക്കാർ നിരവധി സ്‌കൂളുകൾ ആരംഭിച്ചതും, വിദ്യാഭ്യാസമേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ  മറ്റു പരിഷ്ക്കാരങ്ങളുമെല്ലാം ദളിത് ക്രൈസ്തവരെ അകറ്റി നിർത്തുന്നതിനുള്ള ആദ്യപടികളായിരുന്നു.

സ്‌കൂളുകളിലെ വിവേചനം

1895 -96 വർഷത്തിൽ തിരുവിതാംകൂർ സർക്കാർ പിന്നോക്കവിഭാഗത്തിനായി പതിനഞ്ചു സ്‌കൂളുകൾ ആരംഭിച്ചു. ഇതിൽ രണ്ടെണ്ണം പുലയ കുട്ടികൾക്ക് വേണ്ടിയായിരുന്നു. ഓരോ വർഷവും സ്‌കൂളുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1904 വരെ ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ വ്യത്യാസമില്ലാതെ, താഴ്ന്നജാതിക്കാർ പഠിക്കുന്ന സ്‌കൂളുകൾക്കെല്ലാം തിരുവിതാംകൂർ ഗവൺമെന്റ് ഗ്രാന്റ് നൽകിയിരുന്നു. 1904-ല്‍, ക്രിസ്ത്യാനികളെ പിന്നോക്കക്കാരായി കാണരുതെന്നു നിയമം കൊണ്ടുവന്നു. ഈ നിയമത്തെ മിഷണറിമാര്‍ ശക്തമായി എതിർത്ത് നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നോക്കവിഭാഗക്കാർക്കായി 1905-ല്‍ 20 സ്‌കൂളുകൾ സ്ഥാപിച്ചു. 1906-07-ല്‍ സ്‌കൂളിൽ എത്തിയ പിന്നാക്കവിഭാഗംകുട്ടികളുടെ എണ്ണം ആറായിരത്തിനു മുകളിലായിരുന്നു. 1907-08-ലാകട്ടെ, അതു പതിനഞ്ചായിരമായി വർദ്ധിച്ചു (Gladstone 1984). എന്നാൽ ഇതേസമയം മിഷനറി പ്രസ്ഥാനങ്ങൾക്ക് കനത്ത വെല്ലുവിളിയുമായി തദ്ദേശ ക്രിസ്ത്യാനികൾ സ്‌കൂൾവിദ്യാഭ്യാസ  രംഗത്തെത്തി . ക്രമേണ മിഷനറി സ്‌കൂളുകളുടെ എണ്ണം കുറയുകയും ഇതര ക്രൈസ്തവസഭകൾ ഈ മേഖലയിൽ  ആധിപത്യം സ്ഥാപിക്കുകയും ചെയിതു. 1933-ലെ പ്രൈമറി, മിഡിൽ സ്‌കൂളുകളുടെ എണ്ണം നോക്കിയാൽ ഇത് വ്യക്തമാകും. റോമൻ കത്തോലിക്കർക്ക് 425-സ്‌കൂളും, ലണ്ടൻ മിഷനറിമാർക്ക് 315 ഉം, ചർച് മിഷനറിമാർക്ക്  250, മാർത്തോമാസഭയ്ക്ക് 159 സ്കുളുകളുമാണ് ഉണ്ടായിരുന്നത് (Kooiman1996:157). ഇവയിലെല്ലാം തന്നെ ക്രിസ്തുമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിത് വിദ്യാർത്ഥികൾ പഠിച്ചിരുന്നു.

എന്നാൽ1931-ലെ സെൻസസ്പ്രകാരം 15ശതമാനം  ദളിത് ക്രിസ്ത്യാനികൾ  സാക്ഷരരാണ് എന്ന കാരണത്താൽ, നിലവില്‍ അവർക്കുണ്ടായിരുന്ന എല്ലാവിധ ആനുകൂല്യങ്ങളും പിൻവലിച്ചു. 1936-ലെ സ്‌കൂൾകെട്ടിടങ്ങളെക്കുറിച്ചുള്ള ഗവൺമെന്റ് വിജ്ഞാപനപ്രകാരം സ്‌കൂൾ കെട്ടിടം ആരാധനയ്ക്ക്  ഉപയോഗിക്കാൻ പാടില്ല എന്ന നിയമം വന്നു. ഒരേകെട്ടിടം പള്ളിയ്ക്കും പള്ളിക്കൂടത്തിനുമായി ഉപയോഗിച്ചിരുന്നത് ദളിത് സഭകളില്‍ മാത്രമായിരുന്നു (Gladstone 1984). ഇതിന്റെ ഭാഗമായി 1935-37 കാലത്ത് 758 സ്‌കൂളുകളാണ് പൂട്ടിയത് (Kooiman 1996: 172).  

അങ്ങനെ ഈ നിയമപ്രകാരം ദളിത് ക്രിസ്ത്യാനികൾക്ക്  ലഭ്യമായിരുന്ന പ്രാഥമിക വിദ്യാഭ്യാസം നിലച്ചുപോവുന്ന അവസ്ഥയായി. ആ കാലത്ത് പ്രാഥമികവിദ്യാഭ്യാസം മാത്രമാണ് സർക്കാർ സൗജന്യമായി നൽകിയിരുന്നത്, അതിനുശേഷമുള്ള വിദ്യാഭ്യാസത്തിന് മിഷനറി പള്ളിക്കൂടങ്ങളിൽ പോലും ഫീസ് കൊടുക്കണമായിരുന്നു. പേരുമാറ്റി ഹിന്ദുമതം സ്വീകരിക്കുകയാണെങ്കിൽ സൗജന്യ വിദ്യാഭ്യാസം നല്കാം എന്നതായിരുന്നു തിരുവിതാംകൂര്‍ സർക്കാറിൻറെ നയം. ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾഫീസ് ഉയർത്തികൊണ്ടുള്ള നടപടിയാണ് പിന്നീട് നടപ്പിൽ വരുത്തിയത്. ഇതാകട്ടെ ഇതരസമുദായങ്ങളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന ദളിത് ക്രിസ്ത്യൻകുട്ടികളെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം കൂടിയായിരുന്നു, ഈ ഫീസ് വർദ്ധന. അങ്ങനെയവർ 1937-ൽ 85ശതമാനം ദളിത് ക്രിസ്ത്യൻ കുട്ടികൾ മുഴുവൻ ഫീസും, 15ശതമാനം കുട്ടികൾ പകുതി ഫീസും കൊടുക്കണമെന്ന നിയമം കൊണ്ടുവന്നു. ഇതോടുകൂടി ദളിത് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം ആളുകളുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസം അവസാനിച്ചു. ഈ ഫീസ് ഉയർത്തൽ സംബന്ധിച്ച ഒരു വാർത്ത അന്ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. "ഒന്നാം ഫാറത്തിൽ ആറു പുതുക്രിസ്ത്യാനി കുട്ടികളുണ്ടെങ്കിൽ അഞ്ചു പേര് 24 രൂപ വീതവും ഒരാൾ 12 രൂപ വീതവും കൊല്ലത്തിൽ ഫീസ് കൊടുക്കണം. ഒരു പാവപ്പെട്ട പുതുക്രിസ്ത്യാനി കുടുംബത്തിലെ സർവ്വസാമാനങ്ങളും വിറ്റാൽ 24 രൂപ കിട്ടുകയില്ല (മലയാള മനോരമ 1937  സെപ്‌തംബർ 20: 3). ക്രിസ്തുമതത്തിൽ നിന്നും മാറിയാൽ സൗജന്യ വിദ്യാഭ്യാസം സർക്കാർ സ്‌കൂളുകൾ വഴിനൽകാമെന്ന ഒരു വാഗ്ദാനം ദളിത് ക്രിസ്ത്യൻ കുട്ടികൾക്ക് സർക്കാർ നൽകുകയുണ്ടായി. എന്നാൽ വലിയ ഒരു വിഭാഗം ദളിത് ക്രിസ്ത്യാനികൾ മറ്റൊരു മതം സ്വീകരിച്ചുകൊണ്ട് സർക്കാർ ആനുകൂല്യം വാങ്ങാൻ തയ്യാറല്ലായിരുന്നു.

പിടിച്ചെടുക്കപ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ

ആധികാരികമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിൽ പ്രവർത്തിക്കാൻ തുടങ്ങിയ ഒട്ടുമുക്കാൽ ദളിത് പ്രസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതാകട്ടെ പ്രജാസഭയെന്ന നിയമനിർമ്മാണസഭയുടെ ചരിത്രവുമായാണ് കണ്ണിചേർക്കപ്പെട്ടിരിക്കുന്നത്. പ്രജാസഭയിലെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലെ ഉപജാതിക്രമത്തിന് അയവുവരുകയും വിവിധ ഉപജാതികൾ ഒരുമിക്കുകയും സാമൂഹികതലത്തിൽ പുതിയ ഒരു സ്വത്വം കൈവരിക്കുകയും ചെയ്യുന്നുണ്ട്. ഇതാകട്ടെ, പലപ്പോഴും ചില നേതാക്കന്മാരെ ചുറ്റിപ്പറ്റിയാണ് വികസിച്ചിരുന്നത്. ഈ സാമൂഹിക സാഹചര്യത്തെ മുൻനിർത്തി പ്രൊഫ. സനൽ മോഹനെപോലുള്ള ചരിത്രകാരന്മാർ പുത്തൻ സ്വത്വബോധനിർമ്മിതിയുടെ തലങ്ങളെ സൂക്ഷമായി അന്വേഷിക്കുന്നുണ്ട് (Dalit Discourse and the Evolving New Self: Contest and Strategies, 1999). അയ്യൻകാളിയിൽ തുടങ്ങി തിരുവിതാംകൂറിൽ നിരവധി നേതാക്കന്മാരും, നിരവധി ജാതി സംഘടനകളും ദളിതർക്കിടയിൽ നിന്നും രൂപംകൊണ്ടിരുന്നു. വികസനം പ്രാപിച്ചു വരുന്ന ഈ പ്രസ്ഥാനങ്ങളെ സർക്കാർ തലത്തിൽ ഉദ്യോഗസ്ഥവൃന്ദം സ്വാധീനിക്കുകയും, പലതിനെയും അവരുടെ ഏജൻസി ആക്കിമാറ്റുകയും ചെയിതു. ദളിത ക്രൈസ്തവപ്രസ്ഥാനങ്ങളും, അയ്യൻകാളി പ്രസ്ഥാനവുമായിരുന്നു ഇതിന് അല്പമെങ്കിലും എതിരായി നിലകൊണ്ടത് എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. The Construction of Sadhu Janam: Ayyankali and the Struggles of the Slave Castes for a New Identity in Travancore, 1884- 1941 എന്ന ഗവേഷണപ്രബന്ധത്തിൽ ഡോ. ജെന്റിൽ വർഗീസ് പറയുന്നത്, ഇതര പ്രസ്ഥാനങ്ങൾക്ക് വിപരീതമായി തിരുവിതാംകൂർ സർക്കാർ തന്ത്രങ്ങൾക്ക് കീഴടങ്ങുന്ന നിലപാടുകൾ അയ്യൻകാളി പ്രസ്ഥാനം എടുത്തിരുന്നില്ലെന്നും, എന്നാൽ അതോടൊപ്പം ചില അവ്യക്തത ഈ പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ കാണാൻ കഴിയുന്നുണ്ടെന്നുമാണ്.

പലപ്പോഴും സമസ്ത തിരുവിതാംകൂർ സാധുജനപരിപാലനസംഘത്തിൻറെ വാർഷികയോഗങ്ങൾ തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥരുടെയും ദിവാന്മാരുടെയും അധ്യക്ഷതയിലാണ് നടക്കുക. ഈ യോഗങ്ങളിൽ ജാതിവിവേചനം ഇല്ലായ്മ ചെയ്തു എന്ന ആശയമാണ് പലപ്പോഴും പ്രസംഗങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്. 1937 മാർച്ച് രണ്ടിന് മലയാള മനോരമ പത്രം സാധുജനപരിപാലന സംഘത്തിൻറെ വാർഷികയോഗത്തിനെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിവാൻ  സി.പി.രാമസ്വാമി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ആദ്യ പ്രാസംഗികൻ കെ.എൻ.കേശവൻ നമ്പൂതിരിപ്പാട്  മുതൽ ഒരു പുലയസ്ത്രീവരെ വേദിയിൽ പ്രസംഗിച്ചു. കൃതജ്ഞത പ്രകാശിപ്പിച്ചത് അയ്യൻ‌കാളി ആയിരുന്നു. അയിത്തം എന്ന കളങ്കത്തെ മഹാരാജാവ് തിരുമനസ്സുകൊണ്ട്‌ നീക്കിയിരിക്കുന്നു എന്നും, അധഃസ്ഥിതർ എന്ന ഒരു വർഗ്ഗക്കാർ ഇല്ലാതായിരിക്കുന്നു എന്നും, ഇത് സകല ഐശ്വര്യങ്ങളുടെയും അടിസ്ഥാനമാണെന്നും, നമ്പൂതിരിക്കും, നായർക്കും നായാടിക്കും തുല്യാവകാശമാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും, ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കുള്ള സ്വാതന്ത്രം തന്നെയാണ് അയ്യങ്കാളിക്കുമുള്ളതെന്നും പറഞ്ഞ് മിസ്സ്. സാറാ പോത്തൻ ചെയിത പ്രസംഗത്തിൽ ഹിന്ദുസമുദായത്തിലെ ജാതിവ്യത്യാസം അധികം താമസിയാതെ നീങ്ങുമെന്ന് പ്രസ്താവിച്ചു (മലയാള മനോരമ 1937 മാർച്ച് 2:3 ). അതായത് സർക്കാർതലത്തിൽ തന്നെ തിരുവിതാംകൂറിലെ സാമൂഹിക പ്രസ്ഥാനങ്ങളെ, വളരെ വേഗത്തിൽ ഒരു മത പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്, പ്രത്യേകിച്ച് ദളിതരുടെ പ്രസ്ഥാനങ്ങളെ. സർക്കാർ ലഭ്യമായ എല്ലാ പൊതുഇടങ്ങളും ഒരു പ്രത്യേകമതത്തിൻറെ പ്രചരണത്തിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രത്യക്ഷ രക്ഷദൈവസഭയുടെ ചരിത്രം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും.

പൊയ്കയിൽ അപ്പച്ചൻ രാമകൃഷ്ണമിഷൻ പ്രവർത്തകരുമായി ചില യോഗങ്ങൾ നടത്തിയിരുന്നു എന്ന ആരോപണം 1916-ൽ ഒരു മിഷനറി പ്രസിദ്ധികരണം ഉന്നയിക്കുകയുണ്ടായി. എന്നാൽ അത് തെളിയിക്കുവാൻ തക്ക ആധികാരികരേഖകൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല എന്നത് മറ്റൊരു കാര്യം. മാത്രമല്ല യോഹന്നാൻ യോഹന്നാൻ, പൊയ്കയിൽ യോഹന്നാൻ എന്നീ പേരുകളിലാണ് അദ്ദേഹം പ്രജാസഭയിൽ അംഗമായെത്തിയത്. എന്നാൽ മരണാനന്തരം പ്രസ്ഥാനത്തിൻറെ ചരിത്രം മാറുകയായിരുന്നു. മുഖ്യധാരാ ക്രിസ്ത്യൻ സഭകളിൽ നിന്നും വിമോചനം സാധ്യമായെങ്കിലും പ്രസ്ഥാനത്തിന് കുറച്ചുകാലം ഹിന്ദുമിഷൻ ചേരിയിൽ അംഗമാകേണ്ടിവന്നു. ഇതാകട്ടെ, പ്രസ്ഥാനത്തിൻറെ സകല സാമൂഹികവിമോചനവും, സമത്വമെന്ന ആധുനികസങ്കല്പങ്ങളെയും റദ്ദു ചെയ്തുകൊണ്ടാണ് സാധ്യമായത്. 1939-ലെ പൊയ്കയിൽ അപ്പച്ചൻറെ മരണാനന്തരം പ്രത്യക്ഷരക്ഷദൈവസഭയിൽ വിശ്വാസപരമായ ചേരിതിരിവുകൾ ഉണ്ടാകുകയും, ശാഖ-ഉപശാഖകളിലായി പതിനെട്ടോളം സ്വതന്ത്ര പി.ആർ.ഡി.എസ് സഭകൾ വിവിധ ഇടങ്ങളിലായി രൂപംകൊള്ളുകയുമുണ്ടായി. ഇതിലെ ചില നേതാക്കളെ ഹിന്ദുമിഷൻ പ്രവർത്തകർക്ക് വളരെവേഗത്തിൽ കൂടെക്കൂട്ടാൻ  സാധിച്ചു.

പിൽക്കാലത്ത് സഭയുടെ അകത്തു നിന്നും രൂപം കൊണ്ട  ശ്രീകുമാര ചർച്ചാവേദി, എസ്.കെ.ഡി.എസ്, ബി.കെ.ഡി.എസ് എന്നീ സംഘടനകൾ  നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ ഈ ചരിത്രത്തെ അടയാളപ്പെടുത്തിയിട്ടുണ്ട് (ചെല്ലപ്പൻ & അമ്മിണി 1986 : 54). ബേബി, ബാബുരാജൻ തുടങ്ങിയ എഴുത്തുകാരുടെ കൂട്ടുകെട്ടിൽ  നൂറ്റിപ്പതിനാലിനു ശേഷം(1984 ), പി.ആർ. ഡി.എസ് അല്ലാത്ത പി.ആർ.ഡി.എസ് (1986), അക്ഷരമോക്ഷണം(1988), തിരുവിതാംകൂർ പ്രത്യക്ഷരക്ഷാ ദൈവസഭാചരിത്രം പൊയ്കയിൽ യോഹന്നാനുശേഷം (1994) തുടങ്ങിയ പുസ്തകങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന പ്രാദേശികസംഭവങ്ങൾ തിരുവിതാംകൂർ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ദളിതർക്കു ലഭിച്ച പ്രാതിനിധ്യം എന്ത്  എന്നതിനെ കൂടുതൽ വ്യക്തമാക്കി തരുന്ന ഒന്നാണ്. ചില ഉദാഹരണങ്ങൾ നോക്കാം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സെബിലൂൺ എന്ന നേതാവിന് കീഴിൽ പ്രവർത്തിച്ച സെബിലൂൺ പി.ആർ. ഡി.എസ് , ഹിന്ദുമിഷൻ പ്രവർത്തനങ്ങളിൽ ചേർന്നിരുന്നു. കുറെയധികം ശാഖകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഇദ്ദേഹമായിരുന്നു സഭയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. 1951 ഇടവം 27 നു ഇദ്ദേഹം കങ്ങഴ ശിവക്ഷത്രത്തിൽ പോയി ഹിന്ദുമതം സ്വീകരിക്കുകയും, പുരുഷോത്തമൻ എന്ന് പേര്മാറ്റുകയും ചെയിതു. അതേപോലെ മണ്ണുത്തടം പി.ആർ. ഡി. എസ് നേതാവ് മണ്ണുത്തടം ജോസഫ് മറ്റു ചില നേതാക്കളെയുംപോലെ ഹിന്ദുമത പരിവർത്തനം നടത്തുകയും, പി. ജെ.എസ്. ജ്ഞാനസുന്ദരം എന്ന പേര് സ്വീകരിക്കുകയും ചെയിതു. ഇവരിൽ ചില നേതാക്കൾക്ക്, പ്രത്യേകിച്ച് കരിമ്പനാകുഴി പീലിപ്പോസിന്റെ പി.ആർ.ഡി. സിനു ഹിന്ദു മിഷൻ എന്നത് പൊയികയിൽ അപ്പച്ചനിൽ നിന്നും തുടങ്ങുന്ന വിശ്വാസകൂട്ടായിമയുടെ ഒരു പ്രത്യേക ഘട്ടം കൂടിയായി അദ്ദേഹം പ്രഖ്യാപിച്ചു (ബേബി&ബാബുരാജൻ 1994 :23-33). എന്നാൽ ക്രമേണ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും, പൊയ്കയിൽ അപ്പച്ചൻറെ ഭാര്യയായ ജ്ഞാനമ്മ ഉൾപ്പെടുന്നതുമായ വിഭാഗം ഈ ഹിന്ദു മിഷൻ പ്രവർത്തനത്തിൻറെ ഭാഗമാകുകയാണ്. മന്നത്ത് പത്മനാഭൻ, ആർ.ശങ്കർ തുടങ്ങിയ നേതാക്കളുടെ പ്രേരണയാൽ പി.ആർ.ഡി.എസ് പ്രസിഡന്റ് ജ്ഞാനമ്മ 1952 -ൽ തങ്ങളൊരു ഹിന്ദു സഭയാണ് എന്ന് പ്രഖ്യാപിക്കുകയും, ഹിന്ദു മഹാവിഭാഗം മണ്ഡലപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയിതു. അവർ കൊല്ലം, പത്തനംതി ട്ട തുടങ്ങിയ ജില്ലകളിലെ ഹിന്ദു മിഷൻ പ്രവർത്തകരുടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു (ബേബി&ബാബുരാജൻ 1994: 76-77). കോടതിയിൽ നിന്നും ഹിന്ദുസമുദായം എന്ന വിധി ആദ്യം നേടി എടുത്തെങ്കിലും, പിന്നീട് സ്വതന്ത്ര പ്രസ്ഥാനം എന്ന പേര് കരസ്ഥമാക്കുകയും,പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയിതു.

എന്തുകൊണ്ടാണ് ദളിത് ക്രൈസ്തവരുടെ ചരിത്ര രചനകളിൽ ഇതര ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങൾക്ക് ഇത്രയധികം ഇടം നൽകേണ്ടി വരുന്നത് എന്ന ചോദ്യമാണ് ഈ കുറിപ്പിൽ പ്രധാനമായും ഉന്നയിച്ചത്. സർക്കാരിൻറെ മതപ്രീണന നടപടികളിലകപ്പെട്ട ഇതരദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചരിത്രമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾക്കു പറയാനുള്ളത് എന്നതാണ് അതിനുള്ള ഉത്തരം. ഒരേപോലെ ഒട്ടുമുക്കാൽ ദളിത് വിഭാഗങ്ങളും ഇക്കാരണത്താൽ ദളിത് ക്രൈസ്തവ ചരിത്രത്തിനോട് വിയോജിപ്പുകൾ നടത്തികൊണ്ടിരിക്കുമ്പോൾ, സർക്കാർതലത്തിൽ ഒഴിവാക്കപ്പെടുന്നവിഭാഗമായി ദളിത് ക്രിസ്ത്യാനികൾ മാറ്റപ്പെടുന്നു. കേരളം രൂപം കൊണ്ടതിനു ശേഷവും മതപരിവർത്തന ആഹ്വാനങ്ങൾ നടന്നിരുന്നു. ‘അവശ ക്രിസ്ത്യാനികൾ സനാതന ധർമ്മത്തിലേക്ക്’ തുടങ്ങിയ നോട്ടീസുകൾ വ്യാപകമായി മധ്യകേരളത്തിൽ പ്രചരിപ്പിച്ചിരുന്നു.

ക്രിസ്ത്യൻ സഭകളിൽ ഉണ്ടാകുന്ന ദളിത് സമരങ്ങളെ പിടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നെങ്കിലും കെ,സി. രാജിനെപോലെ, ക്രിസ്തുമതത്തിൽ നിന്ന്  മറ്റൊരു മതത്തിലേക്ക് മാറിയവരുടെ എണ്ണം നന്നേ കുറവായിരുന്നു. ദളിത് ക്രിസ്ത്യാനികൾ പുതിയ ക്രിസ്തീയസഭകൾ ആരംഭിച്ചുകൊണ്ടാണ് സഭയ്ക്കുള്ളിലെ വിവേചനത്തെ പ്രതിരോധിച്ചത്. സ്റ്റീഫൻ വട്ടപ്പാറ സ്ഥാപിച്ച ആംഗ്ലിക്കൻ സഭ, പെന്തകൊസ്തിലെ ചർച് ഓഫ് ഗോഡ് എന്ന വിഭാഗത്തിൽ മേൽകൈ നേടിയ ദളിത് ക്രിസ്ത്യാനികളുടെ ഗ്രൂപ്പ് തുടങ്ങിയവ എല്ലാം ക്രിസ്തീയസഭയിലെ ജാതി വിരുദ്ധസമരങ്ങളിൽ വിജയം നേടിയവരുടെ ചരിത്രംപറയുന്ന സഭകളാണ്. ഇത്തരത്തിൽ നിരവധി തെളിവുകൾ ദളിത് ക്രൈസ്തവരുടെ ഇടയിലുണ്ട്. എന്നാൽ ദളിത് ക്രിസ്ത്യാനികൾ നേരിടുന്ന അടിസ്ഥാനപരമായ വിവേചനം എന്നത് സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതാണ്. അതായത് സാമൂഹികമാറ്റം- വികസനം എന്നിവ സാധ്യമാക്കുന്ന എല്ലാവിധ തുറകളിൽ നിന്നും ദളിത് ക്രിസ്ത്യാനികളെ സർക്കാർ മാറ്റിനിർത്തുന്നു . സർക്കാർ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്നതും സുറിയാനി ക്രിസ്ത്യാനി മേൽനോട്ടത്തിൽ നടത്തപ്പെടുന്നതുമായ സ്ഥാപനങ്ങളിലും ദളിത് ക്രിസ്ത്യാനികൾ മാറ്റി നിർത്തപ്പെട്ടു.

കോളനി കാലത്ത് താഴ്ന്നജാതിയില്‍ നിന്ന് സ്വതന്ത്രമായി ഒരു മതം തിരഞ്ഞെടുത്തു എന്ന കാരണത്താലാണ് പീഡനങ്ങളുടെ പരമ്പര തന്നെ ഗവണ്മെന്റ്  അഴിച്ചുവിട്ടത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഇത്തരം അനിശ്ചിതത്വം തുടർന്ന്  വന്നിരുന്നു. എന്നാല്‍ ആദിവാസി ക്രിസ്ത്യാനികളെ  പട്ടികവർഗപദവി നല്കി ഗവണ്മെന്റ്  സംരക്ഷിക്കുകയും ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി പദവിയിൽ ഉൾപ്പെടുത്താതെ നിലനിര്ത്തുകയുമാണു ചെയ്തത്. ആദിവാസിവിഭാഗത്തിന് അവര്‍ തെരഞ്ഞെടുക്കുന്ന മതത്തിൽ എല്ലാവിധ ഗവൺമെന്റ് ആനുകൂല്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശം നിയമപരമായി നല്കുമ്പോൾ, ദളിതരുടെ മതത്തിൻറെ തിരഞ്ഞെടുപ്പിനെ നിയമപരമായി വേർതിരി ച്ചിരിക്കുകയാണ്. ഈ അനീതിക്കെതിരെ ദളിത് ക്രൈസ്തവർക്കിടയിൽ നിന്നും  നിരവധി പ്രസ്ഥാനങ്ങൾ വളർന്നുവരുകയും അവയിലൂടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സാമൂഹിക സ്‌നേഹികളുടെ  വലിയ നിര തന്നെ രൂപം കൊള്ളുകയും ചെയ്തു. ഈ സമരങ്ങളാകട്ടെ കേരള സർക്കാർ സ്ഥാപിതമായ കാലം മുതലുള്ള സമരങ്ങളുടെയും തുടർച്ചയുടെയും ചരിത്രമാണ് പറയുന്നത്.

ഗ്രന്ഥസൂചി

കെ. സി. രാജ്, ചെന്നായ്‌ക്കളുടെ ഇടയിലെ കുഞ്ഞാട് (1966)

മലയാള മനോരമ 1937  സെപ്‌തംബർ 20

റ്റി .ആർ. ചെല്ലപ്പൻ, അമ്മിണി, പ്രത്യക്ഷ രക്ഷാ ദൈവ സഭയിൽ നിന്നുള്ള നിയമവിരുദ്ധ മുടക്ക് (1986)

ബേബി, ബാബുരാജൻ, തിരുവിതാംകൂർ പ്രത്യക്ഷ രക്ഷാ ദൈവ സഭാ ചരിത്രം പൊയികയിൽ യോഹന്നാനു ശേഷം (1994).

Dick Kooiman, Who is to Benefit from Missionary Education? Travancore in the 1930’s (1996)

J. W Gladstone, Protestant Christianity and People’s Movements, 1984

http://wtplive.in/Caste/MTk2LTE1ODg1MDM4MzYucG5nLeC0puC0s

Monday, May 4, 2020

ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കുള്ള ഡോ.അംബേദ്ക്കറുടെ പ്രവേശനം.

ഇന്ത്യ കണ്ട ഏറ്റവും ഐതിഹാസികമായ ഒരു തെരഞ്ഞെടുപ്പുപോരാട്ടത്തിന്‍റെ വിവരണം.

                രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിയുടെ അടിസ്ഥാനത്തിലോ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിലോ അല്ല ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വിശദമായ നടപടിക്രമങ്ങള്‍ 1946 മേയ് 16 ന് കാബിനറ്റ് മിഷന്‍ പുറപ്പെടുവിച്ചിരുന്നു. ഭരണഘടന രൂപീകരണത്തില്‍ അനാവശ്യമായ കാലതാമസം വരുത്തും എന്നകാരണത്താല്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് എന്ന ആശയം കാബിനറ്റ് മിഷന്‍ നിരാകരിച്ചിരുന്നു. പകരം ലഭ്യമായ ഒരേയൊരു പ്രായോഗിക സംവിധാനം നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രൊവിന്‍ഷ്യല്‍ നിയമനിര്‍മ്മാണസഭകളെ സമ്മതിദായകപ്പട്ടികയായി ഉപയോഗിക്കുകയെന്നതുമാത്രമായിരുന്നു. ഭരണഘടനാ നിര്‍മ്മാണസഭയുടെ ഘടനരൂപീകരിക്കുവാന്‍ വേണ്ടി പ്രൊവിന്‍ഷ്യല്‍ നിയമസഭകളെ മുസ്ലീങ്ങള്‍, സിക്കുകാര്‍, ജനറല്‍ എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളായി കാബിനറ്റ് മിഷന്‍ വിഭജിച്ചു. ജനറല്‍ വിഭാഗത്തില്‍ ഹിന്ദുക്കള്‍, പട്ടികജാതിക്കാര്‍, ഇന്ത്യന്‍ ക്രിസ്ത്യാനികള്‍, ആംഗ്ലോഇന്ത്യന്‍സ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. 1946 ജൂലൈയില്‍ 296 സീറ്റുകളിലേയ്ക്ക് (210 ജനറല്‍, 78 മുസ്ലീം, 4 സിക്ക് (പഞ്ചാബ്), 3 ചീഫ് കമ്മീഷണറുടെ പ്രവിശ്യകള്‍- ഡല്‍ഹി, കൂര്‍ഗ്, അജ്മീര്‍-മെര്‍വാര്‍, 1 ബലൂചിസ്ഥാന്‍) തെരഞ്ഞെടുപ്പ് നടന്നു.
                പട്ടികജാതിക്കാരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ ഡോ. അംബേദ്ക്കര്‍ ശക്തമായി എതിര്‍ത്തുവെങ്കിലും കോണ്‍ഗ്രസ്സ് നിയന്ത്രിത സംഘടനകളിലൂടെ പട്ടികജാതിക്കാര്‍ക്ക് അവരുടെ പൂര്‍ണ്ണമായ പങ്കാളിത്തം ലഭിക്കുമെന്ന കാരണത്താല്‍ കാബിനറ്റ് മിഷന്‍ ആ എതിര്‍പ്പ് പരിഗണിക്കാതെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ദയയ്ക്ക് പട്ടികജാതിക്കാരുടെ താല്‍പര്യങ്ങളെ വിട്ടുകൊടുക്കുകയാണുണ്ടായത്. ഭരണഘടനാ നിര്‍മ്മാണസഭയ്ക്ക് ആകെ 389 അംഗങ്ങളാണ് വേണ്ടിയിരുന്നതെങ്കിലും 1946 ജൂലൈ-ആഗസ്റ്റില്‍ 296 സീറ്റുകളിലേയ്ക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തുകയും 93 സീറ്റുകള്‍ നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.  (B. Shiva Rao has given the number as 389 at p. 289 of The Framing of India’s Constitution, Vol.1, whereas Granville Austin has given the number as 292 for British India and 93 for Indian States, that is total 385 in ‘The Indian Constitution Cornerstone of Nation’, p. 332.) തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 175 സീറ്റും കോണ്‍ഗ്രസ്സ് നോമിനികള്‍ക്ക് 30 സീറ്റും മുസ്ലീംലീഗിന് 73 സീറ്റും കമ്യൂണിസ്റ്റുകള്‍ക്ക് 1 ഉം ഡോ.അംബേദ്ക്കറുടെ ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് 1 സീറ്റും ലഭിച്ചു. പൂനാ പാക്ടിലെ വ്യവസ്ഥകളനുസരിച്ച് പ്രാഥമിക തെരഞ്ഞെടുപ്പ് വേണമെന്ന പദ്ധതി 1946 ലെ പൊതുതെരഞ്ഞെടുപ്പില്‍ റദ്ദുചെയ്യപ്പെട്ടിരുന്നതിനാല്‍ സംയുക്തസമ്മതിദാനപ്പട്ടികയായിരുന്നു സംവരണസീറ്റുകളില്‍പ്പോലും ഉണ്ടായിരുന്നത്. അതിന്‍റെ പരിണിതഫലമായി അംബേദ്ക്കറുടെ രാഷ്ട്രീയപാര്‍ട്ടിയായ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍റെ സ്ഥാനാര്‍ത്ഥികളെ സംവരണസീറ്റുകളില്‍പ്പോലും പരാജയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയുണ്ടായി. ഭരണഘടനാനിര്‍മ്മാണ സഭകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ പാര്‍ട്ടികളിലെ പ്രധാനനേതാക്കള്‍ ഇവരായിരുന്നു.
1.            ജവഹര്‍ ലാല്‍ നെഹ്റു, പ്രസിഡന്‍റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്

2.            മുഹമ്മദ് അലി ജിന്ന, പ്രസിഡന്‍റ്, ആള്‍ ഇന്ത്യ മുസ്ലീം ലീഗ്

3.            അംബേദ്ക്കര്‍.ബി.ആര്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍

4.            ശ്യാമപ്രസാദ് മുഖര്‍ജി, പ്രസിഡന്‍റ്, ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ (കോണ്‍ഗ്രസ്സ് പാര്‍ട്ടി നോമിനേറ്റ് ചെയ്തത്)

5.            കമലേശ്വര്‍ സിംഗ്, ആള്‍ ഇന്ത്യ ലാന്‍റ്ലോഡ്സ് അസോസിയേഷന്‍




സമുദായം തിരിച്ചുള്ള പ്രാതിനിധ്യം ചുവടെ കൊടുക്കുന്നു (B. Shiva Rao, ‘The Framing of India’s Constitution’, Vol. I, P. 325, Universal Law Publishing Co. Pvt. Ltd. Delhi, Reprint 2004.)

1. ഹിന്ദുക്കള്‍ (പട്ടികജാതിക്കാരൊഴികെ) - 163

2. മുസ്ലീങ്ങള്‍ - 80

3. പട്ടികജാതി - 31

4. ആംഗ്ലോ ഇന്ത്യന്‍ - 3

5. ഇന്ത്യന്‍ ക്രിസ്ത്യന്‍ - 6

6. പാഴ്സി - 3

7. ഗോത്രവിഭാഗം - 6

8. സിക്ക് - 4

ആകെ - 296

                അങ്ങനെ ഇന്ത്യന്‍ ഭരണഘടന രചിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനാനിര്‍മ്മാണ സഭ രൂപീകൃതമായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്‍റായും ഈ സഭ വര്‍ത്തിച്ചു.

                ഭരണഘടനാനിര്‍മ്മാണസഭ രൂപീകരിക്കപ്പെട്ടതിനുശേഷം, രാജ്യവിഭജനപ്രക്രിയ സൃഷ്ടിച്ച പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും സാഹചര്യത്തില്‍, ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അനിശ്ചിതാവസ്ഥയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങള്‍ സഭ ബഹിഷ്ക്കരിച്ചത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കി. സ്ഫോടനാത്മകമായ ആ സ്ഥിതിവിശേഷത്തില്‍ ഭരണഘടനാനിര്‍മ്മാണ സഭയുടെ സമ്മേളനം മാറ്റിവയ്ക്കാന്‍ ജിന്ന നടത്തിയ വിഫലശ്രമം ഒരു വഴിത്തിരിവായി മാറി. അതിന്‍റെ ഫലമായി മുസ്ലീംലീഗിന്‍റെ പ്രതിനിധികള്‍ ഭരണഘടനാനിര്‍മ്മാണ സഭയില്‍ നിന്നും വിട്ടുനില്‍ക്കും എന്നൊരു പ്രസ്താവന 1946 നവംബര്‍ 21 ജിന്ന പുറപ്പെടുവിച്ചു. ആ പ്രസ്താവനയില്‍ പറയുന്നത്, “വൈസ്രോയിയും ബ്രിട്ടീഷ് സര്‍ക്കാരും ഭരണഘടനാ നിര്‍മ്മാണ സഭയുടെ യോഗം ഡിസംബര്‍ 9 ന് വിളിച്ചുചേര്‍ക്കുന്നതില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ അത് തെറ്റായ ഒരു സ്വഭാവത്തില്‍നിന്നുരുത്തിരിഞ്ഞുവന്ന മറ്റൊരു വിഡ്ഢിത്തം കൂടിയാണ്. ഇപ്പോഴത്തെ വളരെ ഗുരുതരമായ സാഹചര്യങ്ങളേയും യാഥാര്‍ത്ഥ്യങ്ങളേയും അഭിമുഖീകരിക്കാതെ വൈസ്രോയി കണ്ണടച്ചിരിക്കുകയാണ്. മാത്രമല്ല, അദ്ദേഹം പൂര്‍ണ്ണമായും കോണ്‍ഗ്രസ്സിന്‍റെ കയ്യിലെ ഒരു കളിപ്പാവയാകുകയും മുസ്ലീംലീഗിനേയും സമാനമായ മറ്റുസംഘടനകളേയും ഇന്ത്യന്‍ ദേശീയജീവിതത്തിലെ മറ്റ് ഘടകങ്ങളേയും തികച്ചും നിരാകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ മാത്രം പ്രീതിപ്പെടുത്തുന്നുവെന്നത് കൃത്യമായ വസ്തുതയാണ്.  ഈ സാഹചര്യത്തില്‍ മുസ്ലീംലീഗിന്‍റെ ഒരു പ്രതിനിധിയും ഭരണഘടനാനിര്‍മ്മാണ സഭയില്‍ പങ്കെടുക്കുകയില്ലെന്ന് വ്യക്തമാക്കുന്നു. ”(B. Shiva Rao, ‘The Framing of India’s Constitution’, Vol. I, P. 325, Universal Law Publishing Co. Pvt. Ltd. Delhi, Reprint 2004.) എന്നാല്‍ 1946 ഡിസംബര്‍ 1 ന് ബോംബെയില്‍ വച്ച് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രസ്താവിച്ചത് “മറ്റു പാര്‍ട്ടികള്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ പരിപാടികളില്‍ പങ്കെടുക്കയോ ബഹിഷ്ക്കരിക്കുകയോ ചെയ്യട്ടെ, സ്വര്‍ഗവും ഭൂമിയും കൂട്ടിയിടിച്ച് തകര്‍ന്നാല്‍പ്പോലും മുന്‍നിശ്ചയിച്ചതുപോലെ തന്നെ 1946 ഡിസംബര്‍ 9 ന് ഭരണഘടനാനിര്‍മ്മാണസഭ യോഗം ചേര്‍ന്നിരിക്കും”(The Times of India, 2-12-1946 also see- Khairmode Changdeo, Dr. Bhimrao Ramji Ambedkar, Vol. 8, p. 158, (Marathi), Maharashtra Rajya Sahitya Sanskrity Mandal, 1983.)

                ഇന്ത്യ ബ്രിട്ടീഷ്ഭരണത്തിനു കീഴിലിരിക്കവേ തന്നെ 1946 ഡിസംബര്‍ 9 ന് ന്യൂഡല്‍ഹിയില്‍ വച്ച് ഭരണഘടനാനിര്‍മ്മാണസഭ സമ്മേളിച്ചു. ഇന്ന് പാകിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള പ്രവിശ്യകളും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ പ്രാതിനിധ്യവും തുടക്കത്തില്‍ ഭരണഘടനാനിര്‍മ്മാണസഭയ്ക്കുണ്ടായിരുന്നു. എന്നാല്‍ 1947 ജൂണില്‍ സിന്ധ്, ഈസ്റ്റ് ബംഗാള്‍, ബലൂചിസ്ഥാന്‍, വെസ്റ്റ് പഞ്ചാബ്, നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രോവിന്‍സ് എന്നീ പ്രവിശ്യകളിലെ ഒരു പ്രതിനിധിസംഘം കറാച്ചിയില്‍ സമ്മേളിച്ച് പാകിസ്ഥാനുവേണ്ടി ഒരു ഭരണഘടനാനിര്‍മ്മാണസഭ രൂപീകരിക്കുകയും 1947 ജൂലൈ 26 ന് പാകിസ്ഥാനുവേണ്ടിയുള്ള പ്രത്യേക ഭരണഘടനാനിര്‍മ്മാണസഭ ഗവര്‍ണര്‍ ജനറല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭ 15 വനിതകളടക്കം 207 അംഗങ്ങളായി ചുരുങ്ങി. മുസ്ലീംലീഗിലെ 28 പ്രതിനിധികള്‍മാത്രമാണ് ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയില്‍ പങ്കെടുത്തത്. പിന്നീട് നാട്ടുരാജാക്കന്മാരുടെ പ്രതിനിധികളായി 93 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അങ്ങനെ ഭരണഘടനാനിര്‍മ്മാണസഭയില്‍ 82 ശതമാനവും കോണ്‍ഗ്രസ്സിന്‍റെ കൈപ്പിടിയിലായി. (B. Shiva Rao, ‘The Framing of India’s Constitution’, Vol. 1, p. 298.)

                പക്ഷെ യഥാര്‍ത്ഥത്തില്‍ ഭരണഘടനാനിര്‍മ്മാണസഭയുടെ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ്സ് അതിന്‍റെ പാര്‍ട്ടിതലത്തില്‍ തുടങ്ങിയിരുന്നു. ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്ന വേളയില്‍ത്തന്നെ 1946 ജൂലൈ 8 ന് ഭരണഘടനാനിര്‍മ്മാണസഭയ്ക്കുവേണ്ട വിവരശേഖരം തയ്യാറാക്കുവാന്‍ ഒരു വിദഗ്ദ്ധസമിതിയെ കോണ്‍ഗ്രസ്സ് നിയമിച്ചു. ജവഹര്‍ലാല്‍ നെഹ്റു (അധ്യക്ഷന്‍), അസാഫ് അലി, കെ.എം.മുന്‍ഷി, എന്‍.ഗോപാലസ്വാമി അയ്യങ്കാര്‍, കെ.ടി.ഷാ, ഡി.ആര്‍.ഗാഡ്ഗില്‍, ഹുമയൂണ്‍ കബീര്‍, കെ.സന്താനം എന്നിവരായിരുന്നു അംഗങ്ങള്‍. ഈ കമ്മിറ്റി രണ്ടു യോഗങ്ങള്‍ ചേര്‍ന്നു. ആദ്യയോഗം ജൂലൈ 20-22 ന് ന്യൂഡല്‍ഹിയിലും രണ്ടാമത്തെ യോഗം ബോംബെയില്‍ ആഗസ്റ്റ് 15-17 നുമായിരുന്നു. ഭരണഘടനാ നിര്‍മ്മാണത്തിനുവേണ്ട ധാരാളം കരട്നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റിയംഗങ്ങള്‍ തയ്യാറാക്കിയതിനുപുറമേ, ഭരണഘടനാനിര്‍മ്മാണസഭയുടെ ആദ്യയോഗത്തില്‍ അവതരിപ്പിക്കുവാന്‍വേണ്ടി ഭരണഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രമേയം, വിവിധ കമ്മിറ്റികളുടെ നിയമനം, ഭരണഘടനാനിര്‍മ്മാണസഭ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവയും ഈ സമിതി ചര്‍ച്ചചെയ്തിരുന്നു.

 

ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്കുള്ള ഡോ.അംബേദ്ക്കറിന്‍റെ പ്രവേശനം

 

                ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്കുള്ള ഡോ.അംബേദ്ക്കറിന്‍റെ പ്രവേശനം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പൊതുവിലും കോണ്‍ഗ്രസ്സിന്‍റെ ചരിത്രത്തില്‍ പ്രത്യേകിച്ചും നടന്ന ത്രസിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ഒരു രാഷ്ട്രീയസംഭവവികാസമായിരുന്നു. അതിനാല്‍ ഈ സംഭവം വിവിധ രാഷ്ട്രീയക്കാരുടേയും പണ്ഡിതരുടേയും നിരവധി വിശദീകരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. 1946 ല്‍ ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍തന്നെ ആ സഭയിലെ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ഡോ.അംബേദ്ക്കര്‍ അതീവ ഉല്‍കണ്ഠാകുലനായിരുന്നു. ഈ സുപ്രധാന സഭയിലേയ്ക്ക് ഡോ.അംബേദ്ക്കറെ പ്രവേശിപ്പിക്കരുതെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ദൃഢനിശ്ചയമെടുത്തിരുന്നു. *ഡോ. അംബേദ്ക്കര്‍ ഭരണഘടനാനിര്‍മ്മാണസഭയില്‍ പ്രവേശിക്കാതിരിക്കാന്‍ സഭയിലെ വാതിലുകള്‍ മാത്രമല്ല, ജനാലകളും ഞങ്ങള്‍ അടച്ചിരിക്കുകയാണ്. അദ്ദേഹം എങ്ങനെ അതിനുള്ളില്‍ പ്രവേശിക്കുമെന്ന് നമുക്കു നോക്കാംڈ എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രസ്താവിച്ചത്(K.C. Lil, ‘Ambedkari Andolan me Punjabiyo ka role’ (Hindi), Bhartiya Buddhist Council, England, Bhim Patrika Publication, Jullundur, Pp. 19-23.)

                പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് 1946 ജൂലൈയില്‍ നടന്നു. ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരാണ് പിന്നീട് സ്വതന്ത്രഇന്ത്യയുടെ ഭരണഘടന രചിക്കുവാനുള്ള ഭരണഘടനാനിര്‍മ്മാണസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഡോ.അംബേദ്ക്കറുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പ്രവിശ്യ സര്‍ക്കാരുകളുടെ രൂപീകരണത്തിനുവേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചുവെങ്കിലും മിക്കവാറും എല്ലാ സീറ്റുകളിലും തോല്‍ക്കുകയുണ്ടായി. മദ്രാസിലും ബംഗാളിലുമായി രണ്ടു സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. ബംഗാളില്‍ നിന്നും ജയിച്ചത് ജോഗേന്ദ്രനാഥ് മണ്ഡല്‍ ആയിരുന്നു. ഡോ.അംബേദ്ക്കര്‍ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല.

                1946 ഏപ്രില്‍ 2 ന് ഡോ.അംബേദ്ക്കറുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍റെ ഒരു അടിയന്തിരയോഗം ഡല്‍ഹിയില്‍ ചേരുകയുണ്ടായി. ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്ക് ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍റെ ഒരു പ്രതിനിധിയെയെങ്കിലും അയയ്ക്കേണ്ടതിന്‍റെ ആവശ്യകത ഈ സമ്മേളനത്തില്‍ ഡോ.അംബേദ്ക്കര്‍ ഊന്നിപ്പറയുകയുണ്ടായി. അവസാനം ഫെഡറേഷന്‍റെ പ്രതിനിധിയായി ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്ക് ഡോ.അംബേദ്ക്കറെ അയയ്ക്കുവാന്‍ യോഗം തീരുമാനമെടുത്തു. എങ്കിലും അത് വളരെ ദുഷ്ക്കരമായ ഒരു നീക്കമായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ പേര് ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം ചെയ്യാന്‍പോലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ഒരൊറ്റ എം.എല്‍.എ പോലും ഫെഡറേഷനുണ്ടായിരുന്നില്ല.

                എങ്കില്‍ക്കൂടിയും ബംഗാള്‍ അസംബ്ലിയില്‍ ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍റെ ഒരേയൊരു പ്രതിനിധിയായി ജോഗേന്ദ്രനാഥ് മണ്ഡല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാല്‍ ഭരണഘടനാനിര്‍മ്മാണസഭയിലേയ്ക്ക് ബംഗാളില്‍ നിന്നും മല്‍സരിക്കണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഇക്കാര്യം ജോഗേന്ദ്രനാഥ് മണ്ഡലുമായി ചര്‍ച്ച ചെയ്യാന്‍ 1946 ജൂണ്‍ 29 ന് ഡോ.അംബേദ്ക്കര്‍ കല്‍ക്കട്ടയിലെത്തി. ഇതിനിടയില്‍ ഭരണഘടനാനിര്‍മ്മാണസഭയിലേയക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തീയതി 1946 ജൂലൈ 18 ആണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഡോ.അംബേദ്ക്കര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ വെറും 19 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1946 ജൂണ്‍ 30 ന് വൈകിട്ട് 5 മണിക്ക് ഫെഡറേഷന്‍റെ ബംഗാള്‍ ഘടകത്തിന്‍റെ ഒരു യോഗം കല്‍ക്കട്ടയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്നു. ഫരീദ്പൂര്‍, ബര്‍സാല്‍, ഖുല്‍നാ, ജഷോര്‍, നദിയ, രാജ്സഹി, റാങ്പൂര്‍, കല്‍ക്കട്ട എന്നീ ജില്ലകളില്‍ നിന്നുള്ള പ്രമുഖരായ നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ജോഗേന്ദ്രനാഥ് മണ്ഡലിന്‍റെ അധ്യക്ഷതയില്‍ ഡോ.അംബേദ്ക്കര്‍ മുഖ്യാതിഥിയായിരുന്ന ഈ യോഗത്തില്‍ ശ്രീ.അമൂല്യധന്‍ റോയ്, ശ്യാമപ്രസന്ന ബര്‍മാന്‍, രസിക്ലാല്‍ ബിസ്വാസ്, അങ്കുല്‍ ചന്ദ്രദാസ്, മനോഹര്‍ ദാലി എന്നീ പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു. ഈ യോഗത്തില്‍ ഫെഡറേഷന്‍റെ നേതാക്കളോട് ഭരണഘടനാനിര്‍മ്മാണസഭയില്‍ പങ്കെടുക്കേണ്ടതിന്‍റെ പ്രാധാന്യവും പട്ടികവിഭാഗങ്ങളുടെ ആവശ്യവും കാബിനറ്റ് മിഷന്‍റെ പ്രതിലോമ നിലപാടുകളും ഡോ.അംബേദ്ക്കര്‍ വിശദീകരിച്ചു. നിലവിലുള്ള സാഹചര്യത്തിന്‍റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഭരണഘടനാനിര്‍മ്മാണസഭയില്‍ തെരെഞ്ഞെടുക്കപ്പെടുമെന്ന എല്ലാ പ്രതീക്ഷയും ഡോ.അംബേദ്ക്കര്‍ ഉപേക്ഷിച്ചു. എന്നാല്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍ ധീരമായ നിലപാടെടുക്കുകയും ഏതുവിധേനെയും തെരെഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കുകയും ചെയ്തു. അങ്ങനെ മണ്ഡലിന്‍റെ നേതൃത്വത്തില്‍ ഫെഡറേഷന്‍റെ ബംഗാള്‍ ഘടകം ഒന്നടങ്കം, പ്രത്യേകിച്ചും യുവജനവിഭാഗം, ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്ത, ഇതിഹാസതുല്യമായ ഒരു തെരഞ്ഞെടുപ്പുയുദ്ധത്തിനായി തയ്യാറെടുത്തു.

                ആ സമയത്ത് ബംഗാള്‍ അസംബ്ലിയില്‍ 30 പട്ടികജാതി എം.എല്‍.എ മാര്‍ ഉണ്ടായിരുന്നു. മുപ്പത് എം.എല്‍.എ മാരില്‍ 26 പേര്‍ കോണ്‍ഗ്രസ്സുകാരും 3 പേര്‍ സ്വതന്ത്രരും ഒരാള്‍ ജോഗേന്ദ്രനാഥ് മണ്ഡലുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഡോ.അംബേദ്ക്കര്‍ക്ക് വേണ്ടിയിരുന്നത് 5 എം.എല്‍.എ മാരുടെ വോട്ടുകളായിരുന്നു. ഡോ.അംബേദ്ക്കറുടേയും മണ്ഡലിന്‍റേയും പദ്ധതികളെ തകര്‍ക്കാന്‍വേണ്ടി കോണ്‍ഗ്രസ്സിന്‍റെ ബംഗാള്‍ പ്രവിശ്യാകമ്മിറ്റി കോണ്‍ഗ്രസ്സിന്‍റെ ഓഫീസില്‍ വച്ച് 1946 ജൂലൈ 5 ന് യോഗം ചേരുകയും പട്ടികജാതി എം.എല്‍.എ മാരുടെ വോട്ടുകള്‍ ഡോ.അംബേദ്ക്കര്‍ക്ക് ലഭിക്കാതിരിക്കാന്‍വേണ്ടി ഒരു പട്ടികജാതിക്കാരനെ എതിര്‍സ്ഥാനാര്‍ത്ഥിയാക്കുന്നതടക്കമുള്ള ബദല്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്‍റെ ഭാഗത്തുനിന്നും ഡോ.അംബേദ്ക്കറെ തോല്‍പ്പിക്കുവാനുള്ള എല്ലാ പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ചത് ശ്രീ. കിരണ്‍ ശങ്കര്‍ റോയി ആയിരുന്നു. പക്ഷേ മണ്ഡലും ഫെഡറേഷന്‍റെ ബംഗാള്‍ ഘടകത്തിന്‍റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കോണ്‍ഗ്രസ്സിന്‍റെ എല്ലാ തന്ത്രങ്ങളേയും തകര്‍ത്തു തരിപ്പണമാക്കി. (For details see-Surendra Nath Sikdar, ‘Bijayee Ambedkar’, Antarik Prakashan, Calcutta,1998.)  ഈ ഐതിഹാസികമായ തെരഞ്ഞെടുപ്പിന്‍റെ പ്രധാന സംഭവിവികാസങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

1.            ഈ തെരഞ്ഞെടുപ്പില്‍ ഡോ.അംബേദ്ക്കറെ പരാജയപ്പെടുത്തുവാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ദൃഢനിശ്ചയമെടുക്കുകയും അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിചിത്രമെന്നു പറയട്ടെ പക്ഷെ ഗാന്ധി നിശബ്ദത പാലിച്ചു.

2.            1946 ല്‍ ബംഗാള്‍ അസംബ്ലിയില്‍ ആകെ 250 അംഗങ്ങളില്‍ 26 കോണ്‍ഗ്രസ്സുകാരും 3 സ്വതന്ത്രരുമടക്കം 30 പട്ടികജാതി എം.എല്‍.എ മാരുണ്ടായിരുന്നു.

3.            തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സ്വതന്ത്ര എം.എല്‍.എ ആയ ശ്രീ. എന്‍.എന്‍. റോയി, രോഗാതുരനായിരുന്നെങ്കില്‍ക്കൂടി, ശ്രീ.മണ്ഡലിന്‍റെ നിരന്തരമായ പരിശ്രമം കാരണം ഡോ.അംബേദ്ക്കര്‍ക്ക് അദ്ദേഹത്തിന്‍റെ വോട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചു.

4.            ആംഗ്ലോ ഇന്ത്യന്‍ എം.എല്‍.എ മാര്‍ ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുനല്‍കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് അവര്‍ തെരഞ്ഞെടുപ്പു ബഹിഷ്ക്കരിച്ചു.

5.            മറ്റൊരു സ്ഥാനാര്‍ത്ഥിക്കും, പ്രത്യേകിച്ച് ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷന്‍റെ സ്ഥാനാര്‍ത്ഥിയായ ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുനല്‍കരുതെന്ന് കോണ്‍ഗ്രസ്സ് അതിന്‍റെ എം.എല്‍.എ മാര്‍ക്ക് വിപ്പ് നല്‍കി.

6.            കോണ്‍ഗ്രസ്സ് എം.എല്‍.എ ആയിരുന്ന ശ്രീ.ഗയാനാഥ് ബിസ്വാസ്, ഡോ.അംബേദ്ക്കറുടെ കടുത്ത ആരാധകനായിരുന്നു. അതിനാല്‍ അദ്ദേഹം ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുനല്‍കുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിച്ചു.

7.            എന്നാല്‍ ഉടനെതന്നെ ശ്രീ.ഗയാനാഥ് ബിസ്വാസിനെ കോണ്‍ഗ്രസ്സ് പാര്‍ട്ടി തട്ടിക്കൊണ്ടുപോയി.

8.            അന്നേരം ശ്രീ.മണ്ഡല്‍ മുസ്ലീംലീഗ് നേതാക്കളെ ബന്ധപ്പെടുകയും അവര്‍ ശ്രീ.ഗയാനാഥ് ബിസ്വാസിനെ മോചിപ്പിച്ചെന്നു മാത്രമല്ല, ചില പട്ടികജാതി എം.എല്‍.എ മാരെ ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുചെയ്യാന്‍ വേണ്ടി സ്വാധീനിക്കുകയും ചെയ്തു.

9.            അവസാന നിമിഷം ശ്രീ.മുകുന്ദ ബെഹാരി മുല്ലിക് എന്ന സ്വതന്ത്ര എം.എല്‍.എ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

10.          ശ്രീ.മണ്ഡലിന്‍റെ തന്ത്രപരമായ ഇടപെടല്‍ കാരണം കോണ്‍ഗ്രസ്സ് എം.എല്‍.എ ആയ ശ്രീ.ദ്വാരികാനാഥ് ബറൂയി, ഡോ.അംബേദ്ക്കര്‍ക്ക് വോട്ടിട്ടു.

11.          റാങ്പൂര്‍ ജില്ലയുടെ പ്രതിനിധിയായ ശ്രീ.ഖെട്രോനാഥ് സിന്‍ഹയും മറ്റൊരു പട്ടികവര്‍ഗ എം.എല്‍.എ ആയ ബിര്‍ ബിര്‍സയും ഇരുവരും കോണ്‍ഗ്രസ്സുകാരായിരുന്നിട്ടുകൂടി അവസാന നിമിഷങ്ങളില്‍ അവരുടെ അസംബ്ലികളില്‍ അംബേദ്ക്കറൈറ്റുകളായ നമോശൂദ്രര്‍ നടത്തിയ വമ്പിച്ച റാലികളുടെ സമ്മര്‍ദ്ദത്താല്‍ ഡോ.അംബേദ്ക്കര്‍ക്ക് വോട്ടുചെയ്തു.

12.          തെരഞ്ഞെടുപ്പുദിവസം ബംഗാളിലെ പട്ടികജാതിക്കാരെല്ലാം പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അതിതീവ്രമായ മാനസികാവസ്ഥയോടെ തെരുവിലിറങ്ങുകയും ഡോ.അംബേദ്ക്കറുടെ വിജയത്തിനെതിരായി ഒറ്റയൊന്നും ചലിക്കില്ലെന്നു ഉറപ്പാക്കുകയും ചെയ്തു.

13.          കല്‍ക്കട്ടയിലും പരിസരപ്രദേശത്തും അധിവസിച്ചിരുന്ന പഞ്ചാബില്‍ നിന്നുള്ള പട്ടികജാതിക്കാര്‍ ഡോ.അംബേദ്ക്കറുടെ തെരഞ്ഞെടുപ്പുവിജയത്തിനായി വീരോചിതമായി പോരാടുകയുണ്ടായി. ആ ഒറ്റക്കാരണത്താല്‍ നിരവധി പഞ്ചാബി പട്ടികജാതിക്കാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയാവുകയും അവരുടെ വാസസ്ഥലങ്ങള്‍ തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു.

14.          കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മാഫിയ സംഘം നടത്തിയ ക്രൂരമായ ആക്രമണങ്ങളേയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ച് തെരഞ്ഞെടുപ്പു ദിവസമായ 1946 ജൂലൈ 18 ന്, ഡോ.അംബേദ്ക്കറുടെ അനുയായികള്‍ വോട്ടെടുപ്പു സ്ഥലമായ ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഹാള്‍ ഘൊരാവോ ചെയ്യുകയുണ്ടായി. ബാബാ ബുദ്ധ സിംഗ് മഹാനാല്‍ എന്ന ഡോ.അംബേദ്ക്കറുടെ ധീരനായ ഒരു അനുയായി ഊരിപ്പിടിച്ച വാളുമായി അംബേദ്ക്കറെ തോല്‍പ്പിക്കുവാന്‍ കോണ്‍ഗ്രസ്സിനേയും അംബേദ്ക്കര്‍ വിരുദ്ധശക്തികളേയും പരസ്യമായി വെല്ലുവിളിച്ചു. കോണ്‍ഗ്രസ്സിന്‍റെ പിന്നില്‍ നിന്നുള്ള എല്ലാ പ്രഹരങ്ങളേയും പഞ്ചാബി പട്ടികജാതിക്കാരും നമോശൂദ്രരും മുന്നില്‍ നിന്നുതന്നെ പ്രഹരങ്ങള്‍ നല്‍കി നേരിട്ടു(Supra note 7, Pp.18-23.)

15.          തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍, രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആവശ്യമായതിനേക്കാള്‍ രണ്ടു വോട്ടുകള്‍ കൂടുതലായി ഡോ.അംബേദ്ക്കര്‍ക്കു ലഭിച്ചു.

16.          കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ബംഗാളിലെ ഏറ്റവും സമുന്നത നേതാവായ ശ്രീ.ശരത് ചന്ദ്രബോസ് നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഡോ.അംബേദ്ക്കര്‍ക്കു ലഭിച്ചു.

17.          ഡോ.അംബേദ്ക്കറുടെ തികഞ്ഞ അനുയായികളായ ബംഗാളിലെ നമോശൂദ്രര്‍ ഉജ്ജ്വലമായ ധീരോദാത്തതയോടെ ഈ തെരഞ്ഞെടുപ്പില്‍ തെരുവില്‍ പോരാടുകയും ഡോ.അംബേദ്ക്കര്‍ പരാജയപ്പെടുന്ന പക്ഷം അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഡോ.അംബേദ്ക്കറുടെ ഓരോ എതിരാളികള്‍ക്കും ഭീഷണമായ മുന്നറിയിപ്പുനല്‍കുകയും ചെയ്തു.

               

                അങ്ങനെ കവലമൊരു തെരഞ്ഞെടുപ്പിലല്ല, മറിച്ച് അംബേദ്ക്കറൈറ്റുകള്‍ എന്നെന്നും ഓര്‍ക്കുന്ന ഒരു പോരാട്ടത്തില്‍ വിജയിച്ച്, കോണ്‍ഗ്രസ്സിന്‍റെ അതിശക്തമായ എതിര്‍പ്പിനെ പരാജയപ്പെടുത്തി ഡോ.അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ പ്രവേശിച്ചു. ഡോ.അംബേദ്ക്കര്‍ക്ക് ബോംബെയിലും സെന്‍ട്രല്‍ പ്രോവിന്‍സിലും മാത്രം പരിമിതമായ സ്വാധീനമേ ഉള്ളൂ എന്ന് ബ്രിട്ടനിലെ ജനസഭയ്ക്കുമുമ്പാകെ സത്യസന്ധമല്ലാത്ത വിവരം നല്‍കിയ കാബിനറ്റ് മിഷന്‍റെ വാദമുഖത്തിനെതിരെയുള്ള ഉചിതമായ ഒരു മറുപടിയായിരുന്നു അംബേദ്ക്കറുടെ ബംഗാളില്‍ നിന്നുള്ള വിജയം. അതിനാല്‍ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞ് 1946 ആഗസ്റ്റ് 12 ന് ഡോ.അംബേദ്ക്കര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പ്രതിഷേധസൂചകമായി ഒരു കത്തയച്ചു. അതിലദ്ദേഹം വാദിച്ചത്(‘Dr. Babasaheb Ambedkar, Writing And Speeches’, Vol. 17, Part I,  P. 254.)

1.            തന്‍റെ സ്വാധീനം ബംഗാളിലും സെന്‍ട്രല്‍ പ്രോവിന്‍സിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെങ്കില്‍ പിന്നെങ്ങനെയാണ് അദ്ദേഹം ബംഗാളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്?

2.            ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം എങ്ങനെയെങ്കിലും കഷ്ടിച്ചു ജയിക്കുകയല്ല ചെയ്തത്, മറിച്ച് ബംഗാളിലെ ഏറ്റവും സമുന്നത കോണ്‍ഗ്രസ്സ് നേതാവായ ശരത്ചന്ദ്രബോസിനെ മറികടന്ന് ഒന്നാമതെത്തിയാണ്.

3.            എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ജയിച്ച പല എം.എല്‍.എ മാരും പാര്‍ട്ടി വിപ്പ് ലംഘിച്ച് അദ്ദേഹത്തിന് വോട്ടു ചെയ്തത്?

                അന്നത്തെ നിര്‍ണ്ണായകമായ ആ നിമിഷങ്ങളില്‍ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗക്കാരുടെ ഭാവി രൂപപ്പെട്ടുവരികയായിരുന്നതിനാല്‍ അവരുടെ നീതിപൂര്‍വ്വകമായ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്താന്‍ ഡോ.അംബേദ്ക്കര്‍ രാജ്യതന്ത്രപരമായ എല്ലാ അടവുകളും ഉപയോഗിച്ചു. ഒരു ഭാഗത്ത് അദ്ദേഹം തന്‍റെ ഭാഗത്തിനുവേണ്ടി ശക്തമായി വാദിക്കുമ്പോള്‍ മറുഭാഗത്ത് ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ സഹായത്തോടെ ബ്രിട്ടീഷ് സര്‍ക്കാരിനും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും മുകളില്‍ അതിശക്തമായ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 1946 മേയ് 30 ന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് അയച്ച കേബിള്‍ സന്ദേശത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു. “അറുപതു ദശലക്ഷം അയിത്തജാതിക്കാരുടെ ആവശ്യങ്ങളോടുള്ള അപമാനകരമായ വഞ്ചനയാണ് കാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശങ്ങള്‍.   ഭരണഘടനാ നിര്‍മ്മാണസഭയില്‍ പ്രാതിനിധ്യമില്ല, ഉപദേശക സമിതികളില്‍ പ്രാതിനിധ്യമില്ല, ഉടമ്പടികള്‍ കൊണ്ടുള്ള സംരക്ഷണമില്ല. ഇതര്‍ത്ഥമാക്കുന്നത് വെറും കയ്യോടെ അയിത്തജാതിക്കാരെ കൈമാറുന്നുവെന്നാണ്. താങ്കള്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിന് ഇന്ത്യയെമ്പാടുമുള്ള അയിത്തജാതിക്കാര്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു. അയിത്തജാതിക്കാരുടെ ഭാവി ഇരുളഞ്ഞതാണ്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ താങ്കളെ ആശ്രയിക്കുന്നു. ” ഇതിന് ഡോ.അംബേദ്ക്കര്‍ക്ക് ചര്‍ച്ചില്‍ ഇങ്ങനെ മറുപടി നല്‍കി. “അറുപതു ദശലക്ഷം അയിത്തജാതിക്കാരുടെ ഭാവി സംരക്ഷിക്കുവാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അതിന്‍റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് താങ്കള്‍ക്ക് ഉറപ്പു നല്‍കുന്നു. ”(‘Dr. Babasaheb Ambedkar, Writing And Speeches’, Vol. 17, Part I,  P. 223.)

                1946 ആഗസ്റ്റ് 12 ന് പുതിയ ഇടക്കാല സര്‍ക്കാരിന്‍റെ ഒരു രൂപരേഖ നല്‍കുവാന്‍ വൈസ്രോയി കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. അഞ്ച് കോണ്‍ഗ്രസ്സ് അംഗങ്ങളും അഞ്ച് മുസ്ലീംലീഗുകാരും അയിത്തജാതി പ്രതിനിധി ഉള്‍പ്പെടെ നാല് ന്യൂനപക്ഷ അംഗങ്ങളുമടങ്ങുന്ന ഒരു കേന്ദ്രമന്ത്രിസഭയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി മുന്നോട്ടുവച്ചത്. അതുപ്രകാരം പട്ടികജാതിക്കാരുടെ പ്രതിനിധിയായി ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ്സുകാരനായ ശ്രീ.ജഗ്ജീവന്‍ റാമിനെ 1946 ആഗസ്റ്റ് 24 ന് മന്ത്രിസഭയിലുള്‍പ്പെടുത്തി. ഇടക്കാല സര്‍ക്കാരിലെ മറ്റൊരു കോണ്‍ഗ്രസ്സ് പ്രതിനിധിയാണ് ജഗജീവന്‍ റാമെന്ന കാരണം ചൂണ്ടിക്കാട്ടി ജിന്ന ഇതിനെ ശക്തിയായി എതിര്‍ത്തു. 1946 ലെ ഇടക്കാല സര്‍ക്കാരില്‍ പട്ടികജാതി പ്രതിനിധിയായി നെഹ്റു കണ്ടുവച്ചിരുന്നത് മദ്രാസില്‍നിന്നുള്ള മുനിസ്വാമി പിള്ളയെ ആയിരുന്നു. എന്നാല്‍ രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റേയും ഗാന്ധിജിയുടേയും പിന്തുണ നേടുകയും ഇവരെല്ലാവരും നെഹ്റുവിനോട് ജഗജീവന്‍ റാമിനുവേണ്ടി വാദിക്കുകയും ചെയ്തു. അങ്ങനെ ജഗജീവന്‍ റാം മന്ത്രിസഭയ്ക്കകത്തായി. 1952 ല്‍ നെഹ്റു ജഗജീവന്‍ റാമിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കി ഗവര്‍ണറാക്കുവാന്‍ ശ്രമിച്ചെങ്കിലും പിന്നെയും രാജേന്ദ്രപ്രസാദ് ഇടപെട്ട് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തുകയുണ്ടായി. (Mathai M.O, ‘Reminiscences of the Nehru Age’, Vikas Publishing House, New Delhi, 1978. P.237.)

                1946 സെപ്റ്റംബര്‍ 2 ന് അധികാരമേറ്റെടുക്കേണ്ട, ജഗജീവന്‍ റാം ഉള്‍പ്പെടുന്ന പുതിയ മന്ത്രിസഭ 1946 ആഗസ്റ്റ് 24 ന് വൈസ്രോയി പ്രഖ്യാപിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു നയിക്കുന്ന ഇടക്കാല മന്ത്രിസഭയില്‍ 1946 സെപ്റ്റംബര്‍ 26 ന് മുസ്ലീംലീഗിന്‍റെ പ്രതിനിധിയായി ജോഗേന്ദ്രനാഥ് മണ്ഡല്‍ സത്യപ്രതിജ്ഞചെയ്തു. കോണ്‍ഗ്രസ്സ് ജഗജീവന്‍ റാമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തപ്പോള്‍ ഇടക്കാല സര്‍ക്കാരില്‍ തന്‍റെ മതേതര അടിത്തറയെ ശക്തിപ്പെടുത്താന്‍ ജിന്ന, മണ്ഡലിനെ ഉയര്‍ത്തുകയുണ്ടായി.

 

ഡോ.അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിന്നും പുറത്താകുന്നു

 

                അറുപതു ദശലക്ഷം വരുന്ന അസ്പൃശ്യരുടെ ഭാവി രൂപപ്പെടുത്തുന്നതിനാവശ്യമായ ശക്തമായ ചരടുവലികള്‍ നടത്തുന്നതിനായി 1946 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഡോ. അംബേദ്ക്കര്‍ ലണ്ടനിലായിരുന്നു. 1946 നവംബര്‍ 5 ന് അംബേദ്ക്കര്‍ ചര്‍ച്ചിലിനെ അദ്ദേഹത്തിന്‍റെ വസതിയില്‍ ചെന്നു കാണുകയുണ്ടായി. ലേബര്‍ പാര്‍ട്ടിയിലേയും ലിബറല്‍ പാര്‍ട്ടിയിലേയും ചില പാര്‍ലമെന്‍റംഗങ്ങള്‍ പങ്കെടുത്ത ബ്രിട്ടീഷ് ജനസഭയിലെ ഇന്ത്യന്‍ കണ്‍സര്‍വേറ്റീവ് കമ്മിറ്റിയുടെ ഒരു യോഗത്തെ ഡോ.അംബേദ്ക്കര്‍ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ചുകൊണ്ട് 1946 ആഗസ്റ്റ് 1 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡോ.അംബേദ്ക്കര്‍ക്ക് ഒരു അഭിനന്ദന സന്ദേശം അയയ്ക്കുകയുണ്ടായി. പക്ഷേ വിഭജനപദ്ധതിയില്‍ പട്ടികജാതിക്കാര്‍ ഭൂരിപക്ഷമുള്ള, ഡോ.അംബേദ്ക്കര്‍ പ്രതിനിധീകരിക്കുന്ന ജസോര്‍, കുല്‍ന എന്നീ ജില്ലകള്‍ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ ഫലമായി ഡോ.അംബേദ്ക്കര്‍ക്ക് ഭരണഘടനാ നിര്‍മ്മാണസഭയിലെ തന്‍റെ അംഗത്വം നഷ്ടമായി.

                1947 ജൂണ്‍ 3 ന് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണ്‍ പ്രഭു, ഉപഭൂഖണ്ഡത്തിലെ എല്ലാ നേതാക്കന്മാരുടേയും ഒരു യോഗം വിളിച്ചുചേര്‍ത്ത് ഗവണ്‍മെന്‍റിന്‍റെ അധികാര കൈമാറ്റ പദ്ധതി അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ 1947 ജൂലൈ 26 ലെ ഇന്ത്യാ ഗസറ്റില്‍ 69 അംഗങ്ങളുള്ള പാകിസ്ഥാനിലെ ആദ്യ ഭരണഘടനാ നിര്‍മ്മാണ സഭയ്ക്ക് രൂപം നല്‍കിക്കൊണ്ടുള്ള വിജ്ഞാനപനം പുറപ്പെടുവിക്കുകയും ചെയ്തു. (പിന്നീട് ഒരു വനിതാ അംഗമടക്കം 79 ആയി അംഗസംഖ്യ ഉയര്‍ത്തുകയുണ്ടായി).

                ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദുരന്തനിമിഷങ്ങളായ ഇന്ത്യ-പാക് വിഭജനം നിര്‍ഭാഗ്യവശാല്‍ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും വീക്ഷണകോണിലൂടെ മാത്രമേ വീക്ഷിക്കപ്പെട്ടിട്ടുള്ളൂ. 1947 ആഗസ്റ്റ് 14-15 ന് അര്‍ദ്ധരാത്രി നിലവില്‍വന്ന വിഭജനം ഡോ.അംബേദ്ക്കറുടെ പ്രസ്ഥാനത്തിനും ബംഗാളിലെ ബകര്‍ഗഞ്ച്, ഫരീദ്പുര്‍, ഖുല്‍ന, ജസോര്‍ എന്നീ ജില്ലകളില്‍ അധിവസിച്ചിരുന്ന നമോശൂദ്ര വിഭാഗത്തിലെ പട്ടികജാതിക്കാര്‍ക്കും ദിനാജ്പുര്‍, റാങ്പുര്‍ ജില്ലകളിലെ രാജ്ബന്‍ഷി പട്ടികജാതിക്കാര്‍ക്കും വമ്പിച്ച തിരിച്ചടിയാണ് നല്‍കിയത്. തങ്ങളുടെ മാതൃഭൂമിയില്‍ നിന്നും വേരറുത്തു മാറ്റപ്പെട്ടുകൊണ്ട് ഈ പ്രദേശങ്ങളിലെ പട്ടികജാതിക്കാര്‍ പശ്ചിമബംഗാളിനു പകരം കിഴക്കന്‍ പാകിസ്ഥാനികളായി മാറി. തങ്ങളുടെ ഇച്ഛയ്ക്കുവിരുദ്ധമായി വിഭജനം അവരെ പുതുതായി രൂപീകരിക്കപ്പെട്ട പാകിസ്ഥാന്‍റെ ഭാഗമായി മാറാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് തങ്ങളുടെ നിലനില്‍പ്പിനായി ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികളെന്ന പേരില്‍ കുടിയേറേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. (കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാക്കളെ പരാജയപ്പെടുത്തി അംബേദ്ക്കറെ വിജയിപ്പിച്ച ബംഗാളിലെ പട്ടികജാതിക്കാരോടുള്ള കോണ്‍ഗ്രസ്സിന്‍റെ പ്രതികാര നടപടിയായിരുന്നു ഹിന്ദു ഭൂരിപക്ഷമുള്ള പട്ടികജാതി അധിവാസമേഖലകള്‍ പാകിസ്ഥാനുവിട്ടുകൊടുത്തുകൊണ്ട് അവരെ ഇന്ത്യക്കാരല്ലാതാക്കിത്തീര്‍ത്തത്-അനില്‍ നാഗന്‍). സ്വാഭാവികമായും ഇത്തരം സംഭവവികാസങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന അംബേദ്ക്കര്‍ പ്രസ്ഥാനത്തിന്‍റെ ശക്തിയെ പ്രതികൂലമായി ബാധിച്ചു. ഡോ.അംബേദ്ക്കറുടെ സഹപ്രവര്‍ത്തകനായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡലിനുപോലും പാകിസ്ഥാനിലേയ്ക്ക് പോകേണ്ടിവരികയും അദ്ദേഹം പാകിസ്ഥാനിലെ ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷനായി മാറുകയും ചെയ്തു. പിന്നീടദ്ദേഹം പാകിസ്ഥാനിലെ ആദ്യ നിയമ-തൊഴില്‍ മന്ത്രിയായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരില്‍ ഉന്നതപദവിയിലെത്തിയ ഒരേയൊരു ഹിന്ദു അദ്ദേഹമായിരുന്നു. 1947 മുതല്‍ 1950 വരെ അദ്ദേഹം പാകിസ്ഥാനില്‍ സേവനമനുഷ്ഠിക്കുകയും ജിന്നയുടെ മതേതര രാഷ്ട്രസങ്കല്‍പ്പത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ 1947 ല്‍ നടന്ന ഇന്ത്യാ-പാക് യുദ്ധത്തെത്തുടര്‍ന്നും കിഴക്കന്‍ പാകിസ്ഥാനിലെ തന്‍റെ ജന്മസ്ഥലത്തു നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ നാനൂറ് ലക്ഷം ഹിന്ദുക്കള്‍ ഇന്ത്യയിലേയ്ക്ക് നാടുവിടേണ്ട സാഹചര്യമുണ്ടായതും അദ്ദേഹത്തെ നിരാശാഭരിതനാക്കി. 1950 ഒക്ടോബര്‍ 8 ന് അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് രാജിക്കത്ത് നല്‍കി. ആ രാജിക്കത്തില്‍ പാകിസ്ഥാന്‍റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനങ്ങളേയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളേയും അവരുടെ ഭാവിയേയും വിലമതിക്കാത്ത പാകിസ്ഥാനിലെ രാഷ്ട്രീയക്കാരെ മണ്ഡല്‍ കടന്നാക്രമിച്ചിരുന്നു. (Jogendranath Mandal’s Resignation Letter. 8 October, 1950.) തികഞ്ഞ നിരാശയോടും അപമാനഭാരത്താലും 1950 ല്‍ അദ്ദേഹം ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നു.

 

ഡോ.അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു.

 

                പാകിസ്ഥാന്‍ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് 1947 ജൂണ്‍ 23 മുതല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില അംബേദ്ക്കറുടെ അംഗത്വം റദ്ദുചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമാവണമെങ്കില്‍ അതിന്‍റെ അടുത്ത യോഗമായ 1947 ജൂലൈ 14 നു മുമ്പ് അംബേദ്ക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടണമായിരുന്നു. ഈ പ്രതിസന്ധി ഘട്ടം അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തില്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ പുതിയ ഭരണഘടനയുടെ കീഴില്‍ ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരുടെ ഭാവിയെ സംബന്ധിച്ച ഒരു നിര്‍ണ്ണായക യുദ്ധം കൂടിയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ വച്ചുനോക്കുകയാണെങ്കില്‍ ഭരണഘടനാ നിര്‍മ്മാണജോലിയില്‍ അദ്ദേഹത്തിനുള്ളതുപോലുള്ള വൈദഗ്ദ്ധ്യം നിറഞ്ഞ മറ്റാരും ഇന്ത്യയിലില്ലാതിരുന്നതിനാല്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം അനിവാര്യവുമായിരുന്നു.

                അതുകൊണ്ടുതന്നെ, ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ എന്ന തന്‍റെ അധികാരമുപയോഗിച്ച് ഡോ.രാജേന്ദ്രപ്രസാദ്, ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിന്നും എം.ആര്‍. ജയകര്‍ രാജിവച്ച ഒഴിവിലേയ്ക്ക് ഡോ. അംബേദ്ക്കറെ തെരഞ്ഞെടുക്കണമെന്ന് അന്ന് ബോംബെയിലെ പ്രിമിയര്‍ ആയിരുന്ന ബി.ജി.ഖേറിന്, 1947 ജൂണ്‍ 30 ന് എഴുതിയ കത്തിലൂടെ നിര്‍ദ്ദേശം നല്‍കി. ആ കത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് എഴുതി, “മറ്റേതൊരു പരിഗണനകള്‍ക്കും പുറമേ, ഭരണഘടനാനിര്‍മ്മാണസഭയ്ക്കും അതിന്‍റെ വിവിധ കമ്മിറ്റികള്‍ക്കും ഡോ.അംബേദ്ക്കറുടെ സേവനം അനിവാര്യവും അനുപേക്ഷണീയവുമാണെന്നും അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ നഷ്ടപ്പെട്ടുപോകരുതെന്നും ഞങ്ങള്‍ വിലയിരുത്തുന്നു. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്, അദ്ദേഹം ബംഗാളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവിശ്യ വിഭജിക്കപ്പെട്ടതുകാരണം ഭരണഘടനാ നിര്‍മ്മാണസഭയിലെ അദ്ദേഹത്തിന്‍റെ അംഗത്വം ജൂണ്‍ 23 മുതല്‍ റദ്ദുചെയ്യപ്പെട്ടു. അതിനാല്‍ അദ്ദേഹത്തെ അടിയന്തിരമായി വീണ്ടും തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ”(‘Letter from Prasad to B. G. Kher, dated, 3oth June 1947’, Prasad Papers.)

                ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിന്നും എം.ആര്‍. ജയകര്‍ രാജിവച്ച ഒഴിവിലേയ്ക്ക് ശ്രീ. നിജലിംഗപ്പ, ഒരു ഡോ.വി.കെ.ആര്‍.വി. റാവുവിനെ നാമനിര്‍ദ്ദേശം ചെയ്തുവെങ്കിലും ഡോ.രാജേന്ദ്രപ്രസാദും സര്‍ദാര്‍ വല്ലഭായ് പട്ടേലും ഡോ. അംബേദ്ക്കറെ പിന്തുണയ്ക്കുകയും അതിന്‍പ്രകാരം ബോംബെ പ്രിമിയര്‍ ആയ ബി.ജി.ഖേറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. (Madhu Limaye, ‘Dr. Ambedkar Ek Chintan’ (Marathi), Rachana Prakashan, Mumbai, 1986. P.98 and V. Shankar(Editor), ‘Sardar Patel Correspondence’ Vol. 5, Ahemedabad, 1972. P.149.) അതിനുപുറമേ, ബോംബെ പ്രവിശ്യയിലെ കോണ്‍ഗ്രസ്സ് നേതാക്കളായ ശ്രീ. മാവ്ലങ്കറിനും എസ്.കെ.പാട്ടീലിനും ഡോ.അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടണമെന്ന കര്‍ശന നിര്‍ദ്ദേശം ഡോ.രാജേന്ദ്രപ്രസാദും സര്‍ദാര്‍ വല്ലഭായ് പട്ടേലും നല്‍കി. ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് തന്നെയും തെരഞ്ഞെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ശ്രീ. മാവ്ലങ്കറിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇങ്ങനെ എഴുതി: “ഡോ.അംബേദ്ക്കറുടെ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തേണ്ടതുണ്ട്. നിലവില്‍ ഒരേ ഒരു ഒഴിവുമാത്രമേയുള്ളൂ. അദ്ദേഹത്തിന്‍റെ പത്രിക ഇന്നു തന്നെ നല്‍കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്നും അദ്ദേഹത്തിന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ മനോഭാവം മാറിയിട്ടുണ്ടെന്നും അദ്ദേഹം ഈ സഭയ്ക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു അംഗമാണെന്നും ഞങ്ങളെല്ലാം കരുതുന്നു. ”(Bhalchandra Phadke, ‘Dr. Babasaheb Ambedkar’, (Marathi) Pp.218-219, Sree Vidya Prakashan, Pune 1985.) എന്നിട്ടും മാവ്ലങ്കര്‍ തന്നെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോപിഷ്ഠനാക്കി. തുടര്‍ന്ന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1947 ജൂലൈ 3 ന് അദ്ദേഹം മാവ്ലങ്കറിന് ഒരു കത്തുകൂടി അയച്ചു. കൂടാതെ ബോംബെയിലെ മറ്റൊരു പ്രധാന കോണ്‍ഗ്രസ്സ് നേതാവായ എസ്.കെ.പാട്ടീലിനും മറ്റൊരു കത്തയച്ചു. ആ കത്തില്‍ സര്‍ദാര്‍ പട്ടേല്‍ ഇങ്ങനെ എഴുതി. “ഡോ.അംബേദ്ക്കറുടെ നാമനിര്‍ദ്ദേശപത്രിക പ്രധാനമന്ത്രിക്ക് അയച്ചുകഴിഞ്ഞു. ഒരു മല്‍സരം ഉണ്ടാകില്ലെന്നും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് പതിനാലാം തീയതി തന്നെ സഭയില്‍ എത്താന്‍ കഴിയും. ”(Bhalchandra Phadke, ‘Dr. Babasaheb Ambedkar’, (Marathi) p.218, Sree Vidya Prakashan, Pune 1985.) ഇത്തരം സംഭവവികാസങ്ങള്‍ കാരണം 1947 ജൂലൈ 3 ലെ ടൈംസ് ഓഫ് ഇന്ത്യ അതിന്‍റെ കറന്‍റ് ടോപിക്സ് എന്ന കോളത്തില്‍ ഇപ്രകാരം എഴുതി: ڇഇന്ത്യന്‍ യൂണിയന്‍റെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിന്നും ഡോ. എം.ആര്‍.ജയകര്‍ രാജിവച്ച ഒഴിവിലേയ്ക്ക് ഡോ.അംബേദ്ക്കറെ നാമനിര്‍ദ്ദേശം ചെയ്യാമെന്ന ബുദ്ധിപൂര്‍വ്വമായ തീരുമാനം ബോംബെ പ്രവിശ്യയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുകയാണ്. ഡോ. അംബേദ്ക്കര്‍ യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ആ പ്രവിശ്യയില്‍ നിര്‍ദ്ദേശിക്കപ്പെട്ട വിഭജനം ഇരു നിയമനിര്‍മ്മാണസഭകളിലും പുതിയ തെരഞ്ഞെടുപ്പിന്‍റെ ആവശ്യകത സൃഷ്ടിച്ചിരിക്കുകയാണ്. ഒരു റിപ്പോര്‍ട്ട് പ്രകാരം ഡോ.അംബേദ്ക്കര്‍ ഇനിയും വെസ്റ്റ് ബംഗാളില്‍ മല്‍സരിച്ചാലും അദ്ദേഹം ജയിക്കും. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വന്തം പ്രവിശ്യതന്നെ, ചര്‍ച്ചകളിലും സംവാദങ്ങളിലും റിപ്പോര്‍ട്ടുകളിലും നല്‍കിയ തന്‍റെ കനപ്പെട്ട സംഭാവനകളിലൂടെ ഏവരുടേയും ആദരവു പിടിച്ചുപറ്റിയ അദ്ദേഹത്തെ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് അയയ്ക്കുന്നതാണ് ഉചിതം. വാസ്തവത്തില്‍ ആദ്യത്തെ തെരഞ്ഞെടുപ്പില്‍തന്നെ ബോംബെയിലെ പ്രതിനിധികള്‍ അദ്ദേഹത്തെ ഇവിടെനിന്നും ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് അയയ്ക്കുവാന്‍വേണ്ട ഇടം സൃഷ്ടിക്കേണ്ടതായിരുന്നു.ڈ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി 1947 ജൂലൈ 22 ആയി നിശ്ചയിക്കപ്പെട്ടു.

                അങ്ങനെ എം.ആര്‍.ജയകര്‍ രാജിവച്ച ഒഴിവില്‍ ബോംബെയില്‍ നിന്നും ഡോ.അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതിനാധാരമായി നടന്ന സംഭവവികാസങ്ങളെയെല്ലാം വിശകലനം ചെയ്യുമ്പോള്‍ ഒരിക്കല്‍ ഡോ.അംബേദ്ക്കറുടെ പരാജയം ഉറപ്പാക്കാന്‍ ദൃഢനിശ്ചയം ചെയ്ത കോണ്‍ഗ്രസ്സ് പാര്‍ട്ടി വളരെപ്പെട്ടെന്ന് അംബേദ്ക്കറോടുള്ള അതിന്‍റെ സമീപനത്തില്‍ മാത്രമല്ല പ്രവൃത്തിയിലും സമൂലമായ മാറ്റം കൊണ്ടുവന്നതെങ്ങനെയെന്ന് അല്‍ഭുതകരമാണ്. നിരവധി പണ്ഡിതരും കൂലിയെഴുത്തുകാരും തെളിവുകളെ പരിഗണിക്കാതെ ഈ മാറ്റത്തിന്‍റെ ബഹുമതി മഹാത്മാ ഗാന്ധിക്കു നല്‍കാറുണ്ട്. യഥാര്‍ത്ഥത്തില്‍ 1930-32 ല്‍ നടന്ന വട്ടമേശാസമ്മേളന കാലത്തു തന്നെ ഭരണഘടനാ നിയമത്തിലുള്ള തന്‍റെ അപാരമായ പാണ്ഡിത്യം കൊണ്ട് നിരവധി കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഡോ.അംബേദ്ക്കര്‍ മതിപ്പുളവാക്കിയിരുന്നു. ലോകത്തെ നിരവധി ഭരണഘടനകളെക്കുറിച്ചുള്ള ഡോ.അംബേദ്ക്കറുടെ ആഴത്തിലുള്ള ജ്ഞാനം ഭരണഘടനാ നിര്‍മ്മാണസഭയ്ക്ക് ഒരു ഉടന്‍വിജ്ഞാന സംശയനിവാരണ ഗ്രന്ഥം പോലെയായിരുന്നു. 1948 മേയ് 6 ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സി.പി.രാമസ്വാമി അയ്യങ്കാര്‍ക്ക് എഴുതിയ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പട്ടേല്‍ എഴുതി: “ഞാന്‍ താങ്കള്‍ക്ക് ഉറപ്പുനല്‍കുകയാണ്, അംബേദ്ക്കറെ, കഴിയുന്നിടത്തോളം നാം നമുക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കണം. അദ്ദേഹം അദ്ദേഹത്തിന്‍റെ വാദഗതികള്‍ സമര്‍ത്ഥിക്കാന്‍ എന്തെങ്കിലും പറഞ്ഞെന്നിരിക്കും. പക്ഷെ എനിക്ക് പൂര്‍ണ്ണമായും ബോധ്യമാണ് ഈ രാജ്യത്തിന് അദ്ദേഹം ഒരു നേട്ടമാണെന്നു മാത്രമല്ല രാജ്യത്തിന് അദ്ദേഹത്തെ ഉപയോഗിക്കാനും കഴിയണം. ”(Bhalchandra Phadke, ‘Dr. Babasaheb Ambedkar’, (Marathi) p.219, Sree Vidya Prakashan, Pune 1985.)

                മറുഭാഗത്ത് ഭരണഘടനാ നിര്‍മ്മാണസഭയിലെ തന്‍റെ അംഗത്വം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഡോ.അംബേദ്ക്കര്‍ ലണ്ടനിലെത്തുകയും തന്‍റെ അംഗത്വത്തിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അതിനാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്കകത്ത് ചില ആന്തരിക സമ്മര്‍ദ്ദങ്ങളും രാഷ്ട്രീയ കണക്കുകൂട്ടലുകളും ഭരണഘടനാ നിര്‍മ്മാണത്തിനുവേണ്ട ബുദ്ധിപരമായ പരിമിതികളുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ക്കൂടി, നെഹ്റുവും പട്ടേലും തമ്മിലുള്ള തര്‍ക്കങ്ങളും രാഷ്ട്രീയ കണക്കുകൂട്ടലുകളും, ദേശീയവാദിയും ഭരണഘടനാവാദിയുമായ അംബേദ്ക്കറെക്കുറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വൈകിവന്ന വിവേകം തുടങ്ങിയ പുറമേയുള്ള മറ്റുചില കാരണങ്ങളും  ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതുന്നതിലും അസ്വാഭാവികമോ അനുചിതമോ ആയി ഒന്നുമില്ല.

                എന്തൊക്കെയായാലും ഇത്തരം സംഭവവികാസങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്ക് ഡോ.അംബേദ്ക്കറെ വീണ്ടും തെരഞ്ഞെടുക്കാന്‍ കാരണമാവുകയും 1947 ആഗസ്റ്റ് 29 ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് ഇത്രയുമൊക്കെ പിന്തുണ നല്‍കിയിട്ടും താന്‍ പരിലാളിച്ച അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനമെന്ന സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരത്തിനായി കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള അനുരഞ്ജനത്തിനും ഡോ.അംബേദ്ക്കര്‍ തയ്യാറായില്ല.

(സുരേഷ്മാനെയുടെ The Man who codified Indian Independence എന്ന പുസ്തകത്തില്‍ നിന്ന്. പരിഭാഷ അനില്‍ നാഗന്‍)

Sunday, May 3, 2020

ആദിവാസി പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമം - പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ രാജപുരം പോലീസ് സ്റ്റേഷന്റെ അര കിലോ മീറ്റർ ചുറ്റളവിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറും സവർണ്ണ കൃസ്ത്യൻ സമൂഹത്തിൽപ്പെട്ടയാളും മുൻ പോലീസ് റിട്ടേയർഡ് ഉദ് ദ്യോഗസ്ഥന്റെ മകനുമായ മുണ്ടക്കൽ സുനിയെന്ന സാമൂഹികദ്രോഹിയെ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ആഴ്ചകൾക്ക് മുമ്പ് കോൺഗ്രസ്സ് നേതാവ് ഒരു അപസ്മാര രോഗിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കുകയും FIR ഇട്ട് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതിരിക്കുകയും സോഷ്യൽ മീഡിയയിൽ വൻ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ SMS - DYSP പ്രതിയെ അറസ്റ്റ് ചെയ്തത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകളിൽ പട്ടിണിയും - തൊഴിലില്ലായ്മയും അധികാരികളുടെ അവഗണനയും സഹിച്ച് മാന്യമായി ആദിവാസി പെൺകുട്ടികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്:

ഇത്തരം സംഭവങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുത്ത് പ്രതികൾക്ക് നിയമത്തിൽ നിന്നും രക്ഷപെടാൻ ഉള്ള സാഹചര്യം പോലീസ് ഉണ്ടാക്കി കൊടുക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ആദിവാസി വിഭാഗങ്ങൾക്ക് എതിരെ നടന്ന അതിക്രമങ്ങളിൽ നിന്നും മന:സ്സിലാക്കാൻ കഴിയുന്നത്.പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം സമീപനമാണ് ഇനിയുമുണ്ടാവുന്നതെങ്കിൽ ആദിവാസി സമൂഹം വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കേണ്ടി വരും....

മനുഷ്യരേക്കാൽ അപകടകാരികളായ വന്യമൃഗങ്ങളോടും, പ്രകൃതിയോടും മല്ലിട്ട് ഈ നാടിനെ പൊന്ന് വിളയിച്ചവരാണ് ആദിവാസികൾ: ഞങ്ങളുടെ ക്ഷമയെ ഇനിയും നിങ്ങൾ പരീക്ഷിക്കുകയാണെങ്കിൽ പ്രിയപ്പെട്ട പോലീസ് അധികാരികളെ "ഞങ്ങളെ ഒരു ശക്തി "യ്ക്കും പിടിച്ച് കെട്ടാൻ കഴിയാത്ത "സംഘശക്തി "യായി ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയേയും ജനാധിപത്യ "ത്തെയും മുറുകെ പിടിച്ച് കൊണ്ട് ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യും: പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ കോവിഡ് 19 ന്റെ എല്ലാ മാനദ് ഡങളും പാലിച്ച് കൊണ്ട് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടതായിട്ട് വരും എന്ന് ഓർമിപ്പിക്കുന്നു.

കൃഷ്ണൻ പരപ്പച്ചാൽ Mob: 9496254858 തീയ്യതി 2/5/2020