സർക്കാർ ജോലിയിൽ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ സബ്ഇൻസ്പെക്ടർ പോസ്റ്റിലേക്ക് പട്ടികജാതിക്കാർക്ക് പ്രത്യേകിച്ച് സാംബവർക്ക് ലോ ആൻഡ് ഓഡർ വിഭാഗത്തിലേക്ക് ചാർജ്ജ് ലഭിക്കുന്നത് വളരെ വിരളമാണ്. അതായത് ഒരു സ്റ്റേഷൻ്റെ ചാർജ്ജ് മുഴുവനായും ലഭിക്കുന്ന പ്രിൻസിപ്പൽ എസ്. ഐ പോസ്റ്റിലിരിക്കുന്ന സാംബവരുടെ എണ്ണം കേരളത്തിൽ ഇപ്പോൾ നോക്കിയാൽ ഒന്നോ രണ്ടോ ചിലപ്പോൾ കാണാൻ പോലും കഴിയില്ല. ഇനി അഥവാ ലഭിച്ചാൽ തന്നെ നാട്ടുകാരും വകുപ്പും വളഞ്ഞിട്ട് ആക്രമിക്കുന്ന നിലപാട് ആണ് ഉള്ളത്. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ പൂവാർ സ്റ്റേഷനിലെ എസ്. ഐയും സാംബവ സമുദായാംഗവുമായ സനൽ കുമാറിനെ സസ്പെൻഷനിലാക്കിയ കേസിനാസ്പദമായ സംഭവത്തിലെ പരാതിക്കാരൻ്റെ വിശദീകരണം കേട്ടാൽ ഒറ്റനോട്ടത്തിൽ മനസിലാകും അത് ശുദ്ധനുണയാണെന്നത്.
പരാതിക്കാരൻ പരാതിക്ക് ഒരു വർഗ്ഗീയഛായയുണ്ടാക്കി പരാതി അവതരിപ്പിക്കുകയും പരാതിയെ വർഗ്ഗിയമായി തന്നെ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും കൂടെ ചെയ്തപ്പോൾ ആ സ്റ്റേഷനിലെ സർക്കിളിൻ്റെ അറിവോടെ നടന്ന സംഭവത്തിൽ മുൻപ് നിരവധി കേസുകളിൽ പ്രതി കൂടിയായിരുന്ന പരാതിക്കാരൻ്റെ പരാതിയിൽ ഒറ്റനോട്ടത്തിൽ വാസ്തവമില്ലെന്ന് മനസിലാക്കിയിട്ടും നീതിക്ക് പകരം ഒരു സാംബവനെ ബലിയാടാക്കി ഡിപ്പാർട്ട്മെൻ്റ് തടിയൂരി.
നേരെ മറിച്ച് മറ്റൊരു ജാതിക്കാരനാണ് ഈ സ്ഥാനത്തിരുന്നതെങ്കിൽ പരാതിക്കാരൻ്റെ പൊടി പോലും ഡിപ്പാർട്ട്മെൻ്റ് വച്ചേക്കില്ല. ചുരുക്കത്തിൽ സാംബവന് നേരെ ചൊവ്വേ ജോലി ചെയ്യാൻ പോലും സഹായിക്കാത്ത അല്ലെങ്കിൽ സമ്മതിക്കാത്ത ഉദ്യോഗസ്ഥ സമൂഹമാണ് നിലവിലുള്ളത്.
ഇതേ അനുഭവമായിരുന്നു ഇടക്കാലത്ത് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ നടന്ന ജാതി കൊലക്കേസിൽ ഒരു സാംബവനായ എസ്.ഐയെ പ്രതി ചാർത്തി ഡിപ്പാർട്ട്മെൻ്റ് തടിയൂരിയത്. സംഭവ ദിവസം വെളുപ്പിന് 1 നും 3നും ഇടയ്ക്കുള്ള സമയം ഇരയെ പ്രതികൾ തട്ടികൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച് വക വരുത്തുമ്പോൾ രണ്ട് ദിവസത്തെ തുടർച്ചയായ ജോലി കഴിഞ്ഞ് എസ്.ഐ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. തിരികെ രാവിലെ 6 മണിക്ക് ജോലിയിൽ പ്രവേശിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം എസ്.ഐ അറിയുന്നത്. അപ്പോഴേക്കും കൊലപാതകത്തിന് ഇരയായ വ്യക്തി മരണപ്പെട്ടിരുന്നിരിക്കാനുള്ള സാദ്ധ്യത കൂടുതലായിരുന്നു.
ഈ കേസിൽ ചാർജെടുത്ത ഉടനെ അന്വേഷണം ആരംഭിക്കുകയും അന്ന് രാത്രി മൃതശരീരം പുനലൂർ പോലീസിൻ്റെ സഹായത്തോടെ കണ്ടെത്തുകയും കേസിനാസ്പദമായ തുമ്പുണ്ടാക്കി പ്രതികളിലൊരാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മടങ്ങാനിരിക്കെയാണ് തനിക്കുള്ള സസ്പെൻഷൻ എസ്.ഐ അറിയുന്നത്. മനപ്പൂർവ്വമായി സംഭവത്തിൽ യാതൊരു പങ്കുമില്ലാതിരുന്ന സാംബവനായ എസ്.ഐയെ പ്രതി ചേർത്ത് കേസിനെ വഴി തിരിച്ച് വിട്ട് ജാതിക്കൊലപ്പാതകം എന്ന വാസ്തവം മറയ്ക്കാനായിരുന്നു സമൂഹമാദ്ധ്യമങ്ങളുടെയും ഡിപ്പാർട്ട്മെൻ്റിൻ്റെയും സർക്കാരിൻ്റെയും ശ്രമം. അതിൽ ദളിത് സംഘടനകളും പങ്ക് ചേർന്നു എന്നുള്ളതായിരുന്നു വിരോധാഭാസം.
ഇത്തരത്തിൽ സാംബവൻ നിയമം സംരക്ഷിക്കേണ്ട സ്ഥാനത്തിരിക്കുമ്പോൾ പോലും നീതി നിഷേധത്തിനിരയാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് എല്ലാ വകുപ്പുകളിലും നടക്കുന്നു. സാംബവ സഹോദരങ്ങൾ കരുതലോടെയിരിക്കുക. ഉദ്യോഗസ്ഥാനങ്ങളിലിരിക്കുമ്പോൾ സ്വന്തം സഹോദരങ്ങളെ കണ്ടറിഞ്ഞ് സഹായിക്കുക. പട്ടികജാതിക്കാർക്ക് എല്ലാവർക്കും അർഹതപ്പെട്ട സഹായങ്ങൾ നിങ്ങളുടെ പദവി ഉപയോഗിച്ച് വേണ്ട രീതിയിൽ ചെയ്ത് കൊടുക്കുക. ഒരു പ്രശ്നം വരുമ്പോൾ മറ്റൊരു ജാതിക്കാരനും നിങ്ങളെ സഹായിക്കാൻ മുന്നോട്ട് വരില്ല. "ഇവൻ സർവ്വീസിലിരുന്നപ്പോൾ നമ്മളെ കണ്ടാൽ മൈൻഡ് ചെയ്യുക പോലുമില്ല, അതുകൊണ്ട് ഇത് കിട്ടിയത് നന്നായി" എന്ന് നിങ്ങളുടെ വിഷമാവസ്ഥയിൽ സഹോദരങ്ങളെ കൊണ്ട് പറയിപ്പിക്കാതിരിക്കുക.
