Tuesday, November 17, 2020

കേരള സാംബവ സഭയ്ക്ക് അഭിമാനിക്കാം...



എഡിറ്റോറിയൽ

സാംബവ ജനതയുടെ ചരിത്രത്തിൻ്റെ ഏടുകളിൽ കുറിക്കപ്പെടാവുന്ന തെരെഞ്ഞെടുപ്പാകും ഇത്. പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ.. അതിൽ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റമായ നെയ്യാറ്റിൻകര താലൂക്കിൽ അതിഗംഭീരമായ രംഗപ്രവേശമാണ് സാംബവ ജനതയുടെ പ്രതിനിധികൾ കാഴ്ച വച്ചിരിക്കുന്നത്. വാസ്തവത്തിൽ എന്താണ് തെരെഞ്ഞെടുപ്പ്, എന്തിനാണ് തെരെഞ്ഞെടുപ്പ്, എന്നൊക്കെയുള്ളതിന് അംബേദ്കർ ഉദ്ദേശിച്ചത് എന്താണോ അത് തിരിച്ചറിഞ്ഞ ഒരു ജനത കേരള സാംബവ സഭയുടെ കീഴിൽ ഉടലെടുക്കുന്നു എന്നത് തീർച്ചയായും കേരള സാംബവ സഭയ്ക്കും അതിൻ്റെ അണികൾക്കും അഭിമാനം പകരുന്ന വസ്തുതയാണ്. ഇതിന് കേരള സാംബവ സഭയുടെ അമരക്കാർക്ക് അഭിമാനിക്കാം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരള സാംബവ സഭ നടത്തിയ പ്രവർത്തനങ്ങൾ, പ്രകടനങ്ങൾ, കേരളത്തിലെ പ്രബല രാഷ്ട്രീയ പാർട്ടികളിൽ ചെറിയ ചലനങ്ങളൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്. അത് ഇപ്പോൾ അവർ പരിഗണിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് നോക്കിയാൽ അറിയാം.. കഴിവ് കുറഞ്ഞവരൊന്നുമല്ല, പഞ്ചായത്തിൽ കമ്മിറ്റി നടക്കുമ്പോൾ വന്ന് ചായ വാങ്ങി കൊടുക്കുന്നവരൊന്നുമല്ല ഇപ്പോഴത്തെ പാർട്ടി പരിഗണിച്ചിരിക്കുന്ന സ്ഥാനാർത്ഥികൾ. മുൻകാലങ്ങളിൽ സംവരണ സീറ്റുകളിൽ പോലും സാംബവരെ പരിഗണിക്കാതിരുന്നിടത്ത് ജില്ലാ പഞ്ചായത്തിലും ബ്ളോക്കിലും ഗ്രാമങ്ങളിലും സാംബവർക്ക് അർഹമായ സ്ഥാനങ്ങൾ ഇപ്പോൾ നൽകി തുടങ്ങി എന്ന വലിയ മാറ്റത്തിന് കേരളത്തിലെ സാംബവ ജനത സാക്ഷ്യം വഹിക്കുകയാണ്. 

അതിനെക്കാളുപരി നമ്മുടെ കഴിവുള്ള നേതാക്കന്മാർ പാർട്ടിക്കമ്മിറ്റികളിൽ നിങ്ങളുടെ കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും മാത്രമല്ല ഞങ്ങൾ പാർട്ടിയിൽ നിൽക്കുന്നത്, നിങ്ങൾ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെങ്കിൽ നമ്മുടെ വോട്ട് നമുക്കിഷ്ടമുള്ളവർക്ക് ചെയ്യും എന്ന് ഉശിരോടെ പറയാറുമായിട്ടുണ്ട് എന്ന് ഈ തെരെഞ്ഞെടുപ്പ് തെളിയിച്ചു. വേണ്ടി വന്നാൽ ഞങ്ങളുടെ പ്രതിനിധിയെ സ്വതന്ത്രനായി നിറുത്തി നിങ്ങളെ തോൽപ്പിക്കുമെന്ന് പറയാനുള്ള ആർജ്ജവവും ഇക്കാലയളവിൽ കാണാനായി. അതിലേറെ കൗതുകം ചില മേഖലകളിൽ പാർട്ടി കമ്മിറ്റികളിൽ നിങ്ങളുടെ സ്ഥാനാർത്ഥികൾ മാത്രം മതിയോ എന്ന ചോദ്യം ഉയർന്നതും സാംബവരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

കേരള സാംബവ സഭയുടെ വിവിധ ശാഖകളിലെ പ്രധാന ഭാരവാഹികൾക്ക് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുടെ അഭ്യർത്ഥനകൾ വരുന്നത് വളരെ വലിയ ഒരു മാറ്റത്തിൻ്റെ ലക്ഷണമാണ്. ചില മേഖലകളിൽ സാംബവ ജനതയുടെ അംഗസംഖ്യ മനസിലാക്കി ജയസാധ്യത ഉറപ്പിച്ച് സാംബവ വനിതകളും നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി ജനറൽ സീറ്റുകളിൽ പോലും മൽസരിക്കാൻ വരുന്ന സാംബവ ജനപ്രതിനികളുമുണ്ട്. ഇവരാരും മുൻകാലങ്ങളിലെ പോലെ വെള്ളം കണ്ടാൽ നിൽക്കുന്ന കുതിരകളല്ല. പണത്തിന് ആർത്തിയായി രംഗത്തിറങ്ങിയവരുമല്ല.

ഇതിൽ നിന്നെല്ലാം പൊതുവായി വായിക്കാൻ കഴിയുന്ന ഒരു വാസ്തവം കേരളത്തിലെ പട്ടികജാതിയിൽ ജനസംഖ്യയിൽ മുൻപിൽ നിൽക്കുന്ന സമുദായങ്ങളിൽ പെട്ട സാംബവ ജനത ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങി എന്ന് മാത്രമല്ല, അതിന് വേണ്ടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങി. തെക്കൻ കേരളത്തിൽ വളരെ ബുദ്ധിപരമായി കരുക്കൾ നീക്കി തന്നെയാണ് സാംബവ ജനത ഒത്തു നിൽക്കുന്നത്.

എന്തായാലും കേരളത്തിൽ 100 വർഷത്തോളം പഴക്കമുള്ള പല സാംബവ സംഘടനകൾക്കും ചലിപ്പിക്കാൻ കഴിയാത്ത ചക്രത്തിന് ഒരു ചലനം നൽകാൻ കേരള സാംബവ സഭയ്ക്ക് കഴിഞ്ഞു എന്നത് കേരള സാംബവ സഭയുടെ പ്രവർത്തന മികവ് കൊണ്ടു തന്നെയാണ്. സംഘടനയിൽ വിള്ളലുകൾ വരുത്താൻ പല കുബുദ്ധികളും ധനാർത്തികളും രംഗത്ത് വന്നെങ്കിലും അവരെ ചവിട്ടി പുറത്താക്കികൊണ്ട് കേരള സാംബവ സഭയുടെ യാഗാശ്വം അതിൻ്റെ രണഭേരി മുഴക്കി കൊണ്ട് പായുകയാണ്. വരുംകാലങ്ങളിൽ നിയമസഭയിലും പാർലമെൻ്റിലും കേരളത്തിൽ നിന്നും സാംബവരുടെ പ്രതിനിധികളെ എത്തിക്കാൻ ഈ പ്രവർത്തകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.