ക്രിസ്തുമതം സ്വീകരിച്ച ദലിതരാണ് ദലിത് ക്രൈസ്തവർ. സർക്കാർ രേഖകളിൽ പരിവർത്തിത ക്രൈസ്തവർ എന്നാണ് ദലിത് ക്രൈസ്തവരെ രേഖപ്പെടുത്തുന്നത്. സവർണ്ണ ഹൈന്ദവതയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷതേടി വിമോചന മാർഗ്ഗം എന്ന നിലയിൽ ക്രിസ്തുമതം സ്വീകരിച്ചവരാണ് ദലിത് ക്രൈസ്തവരുടെ പൂർവികരിലേറെയും. മതവും വിശ്വാസവും മാറിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞശേഷവും അധസ്ഥിതരുടെ പിൻമുറക്കാരായതിനാൽ അവരുടെ ജാതി അവരെ ഉപേക്ഷിച്ചില്ല. ബ്രാഹ്മണരും നായരും ഈഴവരും ഉൾപ്പെടെ ഹിന്ദു മതത്തിലെ ഒട്ടുമിക്ക സമുദായങ്ങളിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുണ്ടായിരുന്നു.എന്നാൽ അവർ സ്വീകരിച്ച ക്രിസ്തീയ നാമങ്ങളുടെ അറ്റത്ത് അവർ വിട്ടുപോന്ന ജാതിയുടെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. നമ്പൂതിരി ക്രിസ്ത്യാനിയും ഈഴവ ക്രിസ്ത്യാനിയും നായർ ക്രിസ്ത്യാനിയും ഉണ്ടാകാത്തത് അതുകൊണ്ടാണ്. എന്നാൽ പുലക്രിസ്ത്യാനികളും പറക്രിസ്ത്യാനികളും മരയ്ക്കാക്രിസ്ത്യാനികളും ഉണ്ടായി! അവർക്കു വേണ്ടി പുലപള്ളികളും പറപ്പള്ളികളും മരയ്ക്കാ പള്ളികളും പണിയപ്പെട്ടു! പ്രത്യേകം പള്ളി കെട്ടാനാവാത്ത ഇടങ്ങളിലവർക്ക് ഔദാര്യപൂർവ്വം അവസാന നിര, മുട്ടുകുത്തി പ്രാർത്ഥനയ്ക്ക് നൽകപ്പെട്ടു! ചിലയിടങ്ങളിൽ അവർക്ക് പ്രത്യേക പ്രാർത്ഥന സമയങ്ങളും സവർണ്ണ ക്രിസ്ത്യാനികളുടെ ശവക്കുഴികളിൽ നിന്ന് തീണ്ടാപ്പാടകലെ ശവക്കുഴികളും വരെ നൽകപ്പെട്ടു! ജനനം മുതൽ മരണം വരെ അവരെന്തുപേക്ഷിക്കാനാണോ മതം മാറിയത്, അതേ ജാതീയ വിവേചനത്തിനവർ ഇരകളായി തുടർന്നു ! അവർ വിട്ടു പോന്ന ഹിന്ദുമതത്തിൽ തന്നെ തുടർന്ന അവരുടെ സഹോദരങ്ങളോ പരിവർത്തിതരായി ചേക്കേറിയ ക്രിസ്തുമതത്തിലെ അംഗങ്ങളോ അവരെ സഹോദരങ്ങളായി പരിഗണിച്ചില്ല. എസ് ജോസഫ് എന്ന മലയാളത്തിന്റെ പ്രിയ കവി തന്റെ വംശത്തിലെ ജീവിതമെന്ന് കവിതയിൽ എഴുതിവച്ച വരികൾ പറയുന്നതുപോലെ ''തലകാണിച്ചു പാമ്പുകൾക്കൊപ്പവും വാലുകാണിച്ച് മീനുകൾക്കൊപ്പവും അവർ നടന്നെങ്കിലും അവരെ ആരും കൂടെ കൂട്ടിയില്ല !1929 ൽ സൈമൺകമ്മീഷനു മുന്നിൽ ഹാജരായി പരിവർത്തിത ക്രൈസ്തവർ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഇങ്ങനെ പറയുന്നു ''we remain today what we were before we became christians, untouchables degraded by the laws of the social position obtaining in the land, rejected by caste christians and excluded by our own hindu depressed class brotheren"തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന പാമ്പാടി ജോൺ ജോസഫ് 24 .4 .1935 ൽ ദലിത് ക്രൈസ്തവരുടെ ദുരിതജീവിതം വിവരിച്ച് പരിഹാരമാവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെൻറിലേക്ക് മെമ്മോറാണ്ടം അയച്ചു.
ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യപ്പെട്ടപ്പോൾ ദലിത് ക്രൈസ്തവരെ സംവരണാനുകൂല്യങ്ങൾക്ക് പുറത്തു നിർത്തിയതിന്റെ പഴി ദലിതരിൽതന്നെ പലരും ഡോ.അംബേദ്കർക്കു മേൽ ചുമത്തിക്കാണാറുണ്ട്. തികച്ചും വസ്തുതാ വിരുദ്ധമാണ് ഈ ആരോപണം. ദലിത് ക്രിസ്ത്യാനികളോട് ഒരു സാഹചര്യത്തിലും വിവേചനപൂർണ്ണമായ ഒരു നിലപാടും മതത്തിന്റെയോ മറ്റെന്തെങ്കിലും മാനദണ്ഡത്തിനാലോ ഡോ. അംബേദ്കർ സ്വീകരിച്ചിട്ടില്ല. അസ്പൃശ്യരെ മതം മാറ്റാനുള്ള ക്രിസ്ത്യൻ മിഷണറിമാരുടെ ശ്രമങ്ങളെ ഗാന്ധി അധിക്ഷേപിച്ചപ്പോൾ ബാബാസാഹെബ് പറഞ്ഞത് ഇങ്ങനെ ആണ് " ക്രിസ്ത്യൻ മിഷണറിമാർ ഇന്ത്യയിലെ ജനങ്ങൾക്ക് അരോഗ്യമുള്ള ശരീരവും അവികലമായ മനസ്സും നൽകാൻ ശ്രമിച്ചുവരികയായിരുന്നു എന്ന കാര്യം നിഷേധിക്കാനാവില്ല .നൂറ്റാണ്ടുകളായി അവർ ഈ വിഭാഗത്തിന് അഭയമോ ശരണമോ നല്കി വരികയാണ് . തങ്ങളുടെ ജീവിതത്തെ ബാധിച്ച ദൗർബ്ബല്യത്തെക്കുറിച്ചു ഞാൻ പറഞ്ഞത് ഇന്ത്യൻ ക്രിസ്ത്യാനികൾ എങ്ങനെ കരുതുമെന്ന് എനിക്കറിയില്ല. ഒരു കാര്യം എനിക്ക് തീർത്തു പറയാൻ കഴിയും ,ഇന്ത്യൻ ക്രിസ്ത്യാനികളുടെ കാര്യത്തിൽ എനിക്കങ്ങേയറ്റം താൽപര്യമുണ്ട്. .എന്തു കൊണ്ടെന്നാൽ ,അവരിൽ വലിയൊരു ഭാഗം അസ്പൃശ്യരിൽ നിന്നു മതം മാറിയവർ ആണ് ,ഒരു സുഹൃത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ ആണ് എന്റേത്.ഒരു എതിരാളിയുടെ വിമർശനങ്ങൾ അല്ല. ,അവർ ശക്തരാകണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ,അവരുടെ ദൗർബ്ബല്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്. .അവരുടെ മുൻപിൽ വലിയൊരു അപകടം ഞാൻ കാണുന്നത് കൊണ്ടാണ് അവർ ശക്തരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്" (P 391 -Vol .10 )
ഇന്ത്യയിൽ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരും പ്രത്യേക പരിഗണന കൊടുക്കേണ്ടവരുമായ സമുദായങ്ങളെയെല്ലാം ഒരു പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണാധികാരികളുടെ മുമ്പാകെ ഡോ: അംബേദ്കർ സമർപ്പിച്ച ലിസ്റ്റ് 1935 ലെ ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ആക്ടായിരുന്നു ഇന്ത്യൻ ഭരണഘടനയുടെ കരട് .
1932 ലെ പൂനാകരാർ വ്യവസ്ഥകൾക്ക് വിധേയമായി ബ്രിട്ടീഷ് സർക്കാർ പുറപ്പെടുവിച്ച 1935 ലെ ഇന്ത്യാ ആക്ടിൽ സംവരണത്തിന് അർഹതയുള്ള ജാതികൾ എന്ന ലിസ്റ്റിൽ (പട്ടികജാതി ലിസ്റ്റ് ) ഇന്ത്യൻ ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ക്രൈസ്തവരിൽ 95% ദലിതരായിരുന്നു .അവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയത്.
ഭരണഘടനാ നിർമ്മാണ സമിതിയിൽ സംവരണം ഉൾപ്പെടുന്ന ഭരണഘടനയുടെ പ്രസക്തഭാഗം ചർച്ചക്കായി അവതരിപ്പിച്ചത് ഭരണഘടനാ പ്രൊസീഡിംഗ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംവരണം നൽകേണ്ട ജാതികളുടെ പട്ടിക മതത്തിനതീതമായിരിക്കണം എന്നാണ് അതിൽ ഡോ: അംബേദ്കർ പറഞ്ഞിരിക്കുന്നത്. പട്ടിക മതത്തിനതീതമായിരിക്കണം എന്ന ഭാഗം മാറ്റി തത് സ്ഥാനത്ത് 'ഹിന്ദു മതത്തിലെ താഴെ പറയുന്ന വിഭാഗങ്ങക്ക് സംവരണം നൽകേണ്ടതാണ് 'എന്ന ഭേദഗതി സവർണ്ണനായ കെ.എം മുൻഷി അവതരിപ്പിച്ചു. അംബേദ്കർ അതു നിരസിച്ചു. ഭരണഘടനാ നിർമ്മാണ സമിതിയിൽ കെ .എം. മുൻഷിയുടെ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനും സവർണ്ണ ജാതികൾക്കും ഭൂരിപക്ഷമുണ്ടായിരുന്നിട്ടും അതു സംബന്ധിച്ചുള്ള അംബേദ്ക്കറുടെ വാദമുഖങ്ങൾക്ക് മുമ്പിൽ അവർക്ക് തല കുനിക്കേണ്ടി വന്നു. മതം പരിഗണിക്കാതെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയിൽ ഉൾപ്പെടുത്താൻ ഡോ:അംബേദ്ക്കർക്ക് കഴിഞ്ഞു
തുടർന്ന് ഭരണഘടനാ നിർമാണസഭയിൽ ദലിത് ക്രൈസ്തവരെ പ്രതിനിധീകരിച്ചത് ഡോ: എച്ച്.മുക്കർജി, ഫാ.ജറോംഡിസൂസ, രാജ് കുമാരി അമൃത് കൗർ തുടങ്ങിയവർ അടങ്ങുന്ന സവർണ്ണ ക്രൈസ്തവ സംഘമായിരുന്നു. ദലിത് ക്രൈസ്തവർ നേരിടുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാതിരുന്നതിനാലോ സവർണ്ണ ജാതി ബുദ്ധിയുടെ ജാഗ്രതയാലോ അവർ വാദിച്ചത് ക്രിസ്തുമതത്തിൽ ജാതിയില്ല എന്നും ദലിത് ക്രൈസ്തവർക്ക് 1885 മുതൽ കൊടുത്തു വരുന്ന സംവരണം അവസാനിപ്പിക്കണം എന്നുമായിരുന്നു. പകരം അവരാവശ്യപ്പെട്ടത് ക്രിസ്തുമതത്തെ ന്യൂനപക്ഷമായി പരിഗണിച്ച് ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള പ്രത്യേക അവകാശങ്ങൾ ലഭ്യമാക്കണം എന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്യണമെന്നായിരുന്നു.
1950 ഓഗസ്റ്റ് പത്താം തീയതി അന്നത്തെ പ്രസിഡണ്ടായിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച പട്ടികജാതി ഉത്തരവിൽഇങ്ങനെ പറയുന്നു''No person who professess a religion different from hinduism Shall be deemed to be a member of scheduled Caste"ഒരു പട്ടികജാതിക്കാരൻ ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമായ മറ്റേതു മതം സ്വീകരിച്ചാലും അവനെ പട്ടികജാതിക്കാരനായിപരിഗണിക്കാൻ സാധിക്കില്ല !! എന്നായിരുന്നുപ്രസ്തുത ഓര്‍ഡിനന്‍സ്. അതു മുഖേനയാണ് പട്ടികജാതി വംശജരായ ദലിത് ക്രൈസ്തവര്‍ക്ക് അര്‍ഹതയുള്ള സംവരണം നഷ്ടമായത്.
ഒരു സമൂഹം വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലാണ് എന്നു തെളിയിക്കുന്നതല്ല സംവരണത്തിന്റെ മാനദണ്ഡം മറിച്ച്, ഹിന്ദുമതത്തിലുള്ളതുപോലുള്ള അയിത്തമായിരിക്കണം അവന്റെ പിന്നോക്കാവസ്ഥയുടെ കാരണം എന്ന് സൂസായി കേസിലെ വിധിയിലൂടെ കോടതി കൂടുതൽ വ്യക്തമാക്കി .തമിഴ് ആദിദ്രാവിഡ വിഭാഗത്തിൽപെട്ട ക്രിസ്തുമത വിശ്വാസിയായ സൂസായി ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നൽകിയ കേസാണ് ദലിത് ക്രൈസ്തവ സംവരണ വിഷയത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ കേസ്. സുപ്രീം കോടതി ജസ്റ്റിസ് പി .എൻ ഭഗവതിയും ആർ. എസ് .പഥക്കും എം.എൻ.സെന്നും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത് .ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു . ''ഭരണകൂടമോ കോടതിയോ ഇടപെടത്തക്കവിധത്തിലുള്ള വിവേചനവും അവഗണനയും പിന്നോക്കാവസ്ഥയും ക്രിസ്തുമതത്തിൽ ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് സൂസായിക്ക് കേസിൽപരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എന്തായാലും സൂസായി കേസിലെ വിധിയിലൂടെ ക്രിസ്തുമതത്തെ ന്യൂനപക്ഷമായി പരിഗണിക്കാമെന്നും അതിനനുസരിച്ചുള്ള ന്യൂനപക്ഷ സംവരണം നൽകാമെന്നുമുള്ള വിധി സമ്പാദിക്കാൻ കഴിഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച വിവിധ കമ്മീഷനുകൾ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളിൽ പലതിലും ദലിത് ക്രൈസ്തവരുടെ സംവരണ അർഹത രേഖപ്പെടുത്തിയിട്ടുണ്ട്.
1965ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കുമാരപിള്ള കമ്മീഷനും, 1969ലെ ഇളയപെരുമാള്‍ കമ്മീഷനും ദലിത് ക്രൈസ്തവര്‍ സംവരണത്തിന് അര്‍ഹരാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തൃശിനാപ്പിള്ളി സ്വദേശി ഫ്രാങ്ക്‌ളിന്‍ സീസര്‍ ദലിത്ക്രിസ്ത്യന്‍ വിഷയത്തെക്കുറിച്ച് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങള്‍ക്കും, ഗവേഷണത്തിനും ശേഷം കോടതിയെ സമീപിക്കുകയും 10,000ത്തോളം പേജുകള്‍ വരുന്ന തെളിവുകളും, 60ല്‍ പരം ഗവേഷണഗ്രന്ഥങ്ങളും, കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കി ദലിത് ക്രൈസ്തവര്‍ക്കുവേണ്ടി വാദിക്കുകയുണ്ടായി. 1970ല്‍ നെട്ടൂര്‍ പി. ദാമോദരന്‍ കമ്മീഷനും, 1980ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ബിന്ദേശ്വരിപ്രസാദ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ദലിത് ക്രൈസ്തവര്‍ ഉള്‍പ്പെടെ 3743 ജാതികളില്‍പ്പെട്ടവര്‍ പിന്നോക്കക്കാരാണെന്നും സംവരണത്തിന് അര്‍ഹതയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 1980ലെ രാജഗോപാൽ സിംഗ് ന്യൂനപക്ഷ കമ്മിറ്റിയും മതപരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്ക് സംവരണം ലഭ്യമാകും വിധം 1950 ലെ പ്രസിഡൻഷ്യൽ ഉത്തരവ് ഭേദഗതി ചെയ്യാൻ ശുപാർശ ചെയ്യുകയുണ്ടായി. എന്നാൽ മണ്ഡൽഅനന്തര പ്രക്ഷോഭത്തെത്തുടർന്ന് ,രാജഗോപാൽ കമ്മീഷൻ റിപ്പോർട്ടിനുമേലുള്ള തുടർ നടപടികളും റദ്ദു ചെയ്തതിനാൽ ആ ശുപാർശ നടപ്പിലാക്കപ്പെട്ടില്ല
2000 ഫെബ്രുവരി 11ന് കേരള സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനും, 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച രംഗനാഥ മിശ്ര കമ്മീഷനും, 2007 ലെ ദേശീയ മതന്യൂനപക്ഷ കമ്മീഷനും ഉള്‍പ്പെടെ നാളിതുവരെയുള്ള എല്ലാ കമ്മീഷനുകളും ദലിത് ക്രൈസ്തവ സംവരണം ആവശ്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് ,പക്ഷേ അതൊന്നും നടപ്പിലായില്ല !
1950 ലെ പ്രസിഡൻഷ്യൽ ഓർഡർ ഹിന്ദുമതത്തിൽ പെടാത്തവരെ പട്ടികജാതിയിൽപ്പെടുത്താനാവില്ല എന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെതിരേ ,തങ്ങളെ പട്ടികജാതിയിൽപെടുത്തണം എന്ന ആവശ്യമുന്നയിച്ച് സിഖ് മതക്കാർ സമരം ചെയ്തു .അവരെ പട്ടികയിൽ ഉൾപ്പെടുത്താൻ 1956 ൽ ഭരണഘടനാഭേദഗതി ചെയ്യപ്പെട്ടു"no person who professes a religion different from hinduism or the Sikh religion shall be deemed to be a member of the scheduled Caste" എന്നായിരുന്നു ഭേദഗതി. ഭരണഘടനയനുസരിച്ച് ബുദ്ധ-ജൈന മതങ്ങൾ ഹിന്ദുമതത്തിൽ തന്നെയാണ് പെടുന്നത്. അതിനാൽ അവർക്കും പട്ടികജാതി സംവരണം വേണം എന്നാവശ്യപ്പെട്ട് ബുദ്ധമതവിശ്വാസികളും സമരം ചെയ്തു. ഒടുവിൽ 1990 ൽ ബുദ്ധമത വിശ്വാസികളായ ദലിതരെയും പട്ടികജാതി സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തി .അപ്പോഴും ദലിത് ക്രൈസ്തവർ നിശ്ശബ്ദത പാലിച്ചു.
ദലിത് ക്രൈസ്തവരെ പട്ടികജാതിക്കാരായി പരിഗണിക്കണമെന്ന ആവശ്യത്തോട് നിലവിൽ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുന്ന സംവരണ വിഭാഗങ്ങൾക്ക് ഭൂരിഭാഗവും വിരുദ്ധ നിലപാടുകളാണുള്ളത്. കേരളത്തിലെ ജനസംഖ്യയിൽ 20% ശതമാനത്തോളം വരുന്ന [ ജനസംഖ്യാ കണക്കിൽ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ]ക്രൈസ്തവരിൽ 80% ത്തോളം ദലിത് ക്രൈസ്തവരാണ്. പട്ടികജാതിക്കാർ നിലവിൽ ജനസംഖ്യയുടെ 12 % വരും.അതായത് 12% വരുന്ന പട്ടികജാതിക്കാരും 16 ശതമാനത്തോളം വരുന്ന ദലിത് ക്രൈസ്തവരും ചേർന്ന് 28 ശതമാനം വരുന്ന വിഭാഗമായി മാറുകയും 8% പട്ടികജാതി സംവരണം എന്ന നിലവിലെ തികച്ചും അപര്യാപ്തമായ സംവരണനില തുടരുകയും ചെയ്താൽ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ദലിത് ഹിന്ദുക്കളേക്കാൾ മുന്നോക്കാവസ്ഥയിലുള്ള ദലിത് ക്രൈസ്തവർ പ്രാതിനിധ്യം നേടും എന്നാണ് അവരുടെ ആശങ്ക. ആ ആശങ്ക തികച്ചും അസ്ഥാനത്തല്ല താനും! സംവരണം കൂടാതെ തന്നെ സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അവർ നേടിയിട്ടുമുണ്ട്.
ക്രിസ്തുമതത്തിലെ ദലിത് ക്രിസ്ത്യൻ പ്രാതിനിധ്യം 60% ത്തിനും 80% ത്തിനും ഇടയിലാണ് എന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. സൂസായി കേസിൽ കോടതിക്ക് മുന്നിൽ ബോധ്യപ്പെടുത്താനായില്ലെങ്കിലും മതപരിവർത്തനത്തിന്റെ ചരിത്രാരംഭം മുതൽക്ക് ഇന്നോളവും വിവേചനപരമായ ഇടപെടലുകളാണ് സവർണ സഭാ നേതൃത്വത്തിൽ നിന്നും വിശ്വാസി സമൂഹത്തിൽ നിന്നും ദലിത് ക്രൈസ്തവർക്ക് നേരിടേണ്ടി വന്നതെന്നതിന് പൊയ്കയിൽ അപ്പച്ചനും പാമ്പാടി ജോൺ ജോസഫും അടങ്ങുന്ന നേതാക്കളുടേതുൾപ്പെടെ എത്രയോ അനുഭവ സാക്ഷ്യങ്ങളുണ്ട്. സഭയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ലഭിച്ച ന്യൂനപക്ഷ അവകാശങ്ങളിന്മേലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ശൃംഘലാ നിരയായ ക്രൈസ്തവ മാനേജ്മെന്റ് നിയന്ത്രിത സ്ഥാപനങ്ങൾ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ 80% സ്‌കൂളുകളും കോളജുകളും ആതുരസേവന രംഗത്തെ ഭൂരിപക്ഷം സ്ഥാപനങ്ങളും എന്തിന്, കേരളത്തിന്റെ അകെ ഭൂസ്വത്തിൽ തന്നെ 50%ത്തിലധികവും കൈവശം വയ്ക്കുന്നത് ക്രിസ്തീയ സഭകളാണ്. അവിടങ്ങളിൽ 1% സംവരണമോ പങ്കാളിത്തമോ പോലും സവർണ്ണ സഭകൾ ദലിത് ക്രൈസ്തവർക്ക് നൽകുന്നില്ല! ഏതു മതത്തിലായാലും ദലിതന് മേലെ പ്രയോഗിക്കപ്പെടുന്ന ജാതി തന്നെയാണ് അവരുടെ മേലുള്ള വേർതിരിവുകൾക്ക് ആധാരമായി പ്രവർത്തിക്കുന്നത് !
എഴുതിയത്:
വിനീത വിജയൻ
ഗവേഷക, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക