Friday, July 17, 2020

പട്ടിക വിഭാഗക്കാരിലെ SSLC, +2, Degree, B.Ed, PG തുടങ്ങിയ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഇൻസൻ്റീവിന് അയക്കാം

പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി  ഇപ്പോൾ SSLC, +2,  Degree, B.Ed, PG തുടങ്ങിയ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ SC വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യ ൽ ഇൻസൻ്റീവിന് അപേക്ഷിക്കാം. 

അതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഏതു് ബ്ലോക്ക് പരിധിയിലാണോ അവടുത്തെ ബ്ലോക്കിലെ പട്ടികജാതി വികസന ആഫീസിൽ ആകണം അപേക്ഷ സമർപ്പിക്കേണ്ടത്. 

SSLC യ്ക്ക് 10 വിഷയത്തിൽ മിനിമം 4 വിഷയത്തിന് C ഗ്രേഡ് ലഭിച്ചവർക്കു വരെ അപേക്ഷിക്കാം 5 C യിൽ കൂടുതൽ വന്നാൽ                    അപേക്ഷ പരിഗണക്കത്തില്ല. പ്ലസ് ടു വിന് 6 വിഷയത്തിൽ മിനിമം 2 വിഷയത്തിന് C ഗ്രേഡ് ലഭിച്ചവർക്കും അപേക്ഷിയ്ക്കാം. C ഗ്രേഡ്, C പ്ലസ് ഗ്രേഡ് മൂന്നു വിഷയത്തിനു വന്നാൽ പ്ലസ്ടുവിന് പരിഗണിക്കത്തില്ല. 

ഹാജരാക്കേണ്ട രേഖകൾ. 
1.ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി
2. ആധാർ കാർഡിൻ്റെ കോപ്പി
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് കിട്ടിയതിൻ്റെ Attested copy വേണം

പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ് ടു വിൻ്റെ മാർക്ക് ലിസ്റ്റിൻ്റAttested copy കൂടി വെയ്ക്കണം.

ഇത്രയും സർട്ടിഫിക്കേറ്റുകളുമായി അക്ഷയ സെൻററിൽ ചെന്ന് 
E- grantz 3.0 എന്ന Site ൽ Special incentive ന് അപേക്ഷിക്കുക. 

കമ്പ്യൂട്ടർ സെൻ്ററിൽ നിന്നും കിട്ടുന്ന പ്രിൻ്റും മേൽപ്പറഞ്ഞ documentമായി പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കുക.

പട്ടികജാതിക്കാർക്ക് സർക്കാരിൻ്റെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് സർക്കാരോ ഉദ്യോഗസ്ഥരോ?

പട്ടികജാതിക്കാർക്ക് സർക്കാരിൻ്റെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് സർക്കാരോ ഉദ്യോഗസ്ഥരോ? 

പഠനത്തിലൂടെ മുന്നേറാൻ ശ്രമിക്കുന്നത് മാത്രമാണ് പട്ടികജാതിക്കാരുടെ സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരാനുള്ള ഏക മാർഗ്ഗം. അതിനും ആധുനിക സമൂഹം തടസമാണെങ്കിൽ കേരളം എങ്ങോട്ട്?
ഇടുക്കി നെടുങ്കണ്ടത്ത് അനഘ ബാബുവിന് പറയാനുള്ളത് കേൾക്കുക

പട്ടികജാതിയിൽപ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാൻ വയ്യ.
ഇടുക്കി ജില്ലയിലെ നെടുംക്കണ്ടം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഞാൻ  താമസിക്കുന്നത്. വളരെയധികം സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബമാണ്, ദലിതരാണ്. അച്ഛനും അമ്മയ്ക്കും ശാരീരിക വയ്യായ്മകൾ ഉണ്ട്.

ഞാൻ ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ പിജിയിൽ ഒന്നാം വർഷം ചേരുന്ന സമയത്ത് തന്നെ(2018 ൽ) പഞ്ചായത്തിന്റെ എസ് സി എസ് ടി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പിനായുള്ള  അപേക്ഷ ഗ്രാമസഭ മുഖാന്തരം സമർപ്പിച്ചിരുന്നു. ആ വർഷം തന്നെ അർഹരായവരുടെ ലിസ്റ്റിൽ എന്റെ അനിയത്തി ആർദ്ര ബാബുവിന്റെ പേര് വന്നിരുന്നു. എന്നാൽ നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ലാപ് ടോപ്പ് നൽകാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചു. 2018,2019 കാലഘട്ടത്തിൽ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു.ഒടുക്കം Dissertation പൂർത്തിയാക്കാൻ വഴിയില്ലാതെ ഞാൻ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. ഇത്തവണ KELTRON ൽ നൽകിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമായ് കാരണം പറച്ചിൽ. എന്നാൽ യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓൺലൈൻ പഠനവും മുടങ്ങി.സുഹ്യത്തിന്റെ കുറച്ച് പ്രശ്നങ്ങളുള്ള ലാപ് ടോപ്പ് കടം വാങ്ങിയാണ് ഞാൻ പിജി Dissertation പൂർത്തിയാക്കിയത്. ലാപ്പ്ടോപ്പ് കേടുവന്ന് വർക്ക് മുടങ്ങി  രാത്രികളിൽ ഇരുന്ന്  കരഞ്ഞിട്ടുണ്ട് സാർ. അർഹതയുണ്ടായിട്ടും പഠനോപകരണം ലഭിക്കാതെ കടുത്ത മാനസിക സംഘർഷം ഞങ്ങളനുഭവിച്ചു.

തുടർന്ന് ദിശ എന്ന സംഘടന മുഖാന്തം അഡ്വ. Pk Santhamma മാഡം   സൗജന്യമായാണ് ബഹു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. WP(C).No.12752 OF 2020(T) ൽ
ജസ്റ്റിസ് അലക്സാഡർ ജേക്കബ് സാർ ആദ്യ സിറ്റിംഗിൽ തന്നെ അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നൽകുവാൻ ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെൽട്രോണിന് അയക്കുവാനും ഉത്തരവിൽ സൂചിപ്പിച്ചു.

ഇന്ന് ഹൈക്കോടതി വിധി പ്രകാരം , കോടതി നിർദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒർജിനൽ പകർപ്പുമായ് അനിയത്തിയും അമ്മയും പഞ്ചായത്തിലെത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥൻ എന്ന മെമ്പറും അമ്മയെ  മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു. "നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാൻ പിന്നെയും വരണോ" എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. "ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക, എന്റെ ഭാഗത്താണ് ന്യായം, കെൽട്രോൺ എപ്പോൾ തരുന്നോ അപ്പഴേ നിങ്ങൾക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ "എന്നാണ് സെക്രട്ടറി അമ്മയോട് കയർത്ത് പറഞ്ഞത്. 

ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ നിന്ന് പഠിച്ചാണ് ഞാൻ Sociology ൽ NET വാങ്ങിച്ചത്.  അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ട്.  സർക്കാറിന്റെ സ്റ്റെപന്റ് കൊണ്ട് മാത്രം മുന്നോട്ട് വിദ്യാഭ്യാസം കൊണ്ടുപോകുന്ന രണ്ട്  ദലിത് വിദ്യാർത്ഥിനികളെയാണ് വീണ്ടും വീണ്ടും  അധിക്യതർ അപമാനിക്കുന്നത്.പഞ്ചായത്തിലേയ്ക്ക് വരാനുള്ള പൈസ പോലുമില്ലാത്ത രണ്ട് വിദ്യാർത്ഥിനികളോടാണ് അധികൃതർ അനാസ്ഥ  കാണിക്കുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഉത്തരവുമായ് ചെല്ലുമ്പോഴും ഞങ്ങൾ വീണ്ടും അപമാനിക്കപ്പെടുകയാണ്. ഞങ്ങളുടെ വീട് പൊട്ടിപൊളിഞ്ഞ് വീഴാറായിട്ടും ഞങ്ങൾക്ക് ഉടനടി വീടു നൽകുമെന്നും ലിസ്റ്റിൽ ഞങ്ങളുണ്ടെന്നും പറഞ്ഞ് വാർഡ് മെമ്പർ എന്നെയും കുടുംബത്തേയും പറ്റിച്ചു.  ഈ കേസ് കൊടുത്തതിന് ശേഷം പഞ്ചായത്ത് അധിക്യതർ ഞങ്ങളുടെ പേര് വീടിനായുള്ള ഒരു ലിസ്റ്റിലുമില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഞങ്ങൾക്ക് അന്തസ്റ്റോടെ ജീവിക്കണം സാർ. ദയവായി പ്രസ്തുത വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കണെമെന്നും ഞങ്ങൾക്ക് നീതി ഉറപ്പു വരുത്തണമെന്നും അഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ,
അനഘ ബാബു
വടക്കേടത്ത്(H)
നെടുംകണ്ടം(p. o)
നെടുംകണ്ടം 685553 ഇടുക്കി താന്നിമൂട് ഇല്ലികാനം.
+919961638822

Thursday, July 16, 2020

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അമ്പലവും മല അരയർക്ക് തിരികെ നൽകണം.

P K Sajeev 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണാധികാരം തിരുവിതാംകൂർ രാജകൊട്ടാരത്തിനാ ണെന്ന സുപ്രീംകോടതിവിധി വളരെ പ്രതീക്ഷയോടെയാണ് മല അരയ സമുദായം നോക്കിക്കാണുന്നത്.. 

ഈ വിധിയുടെ പശ്ചാത്തലത്തിൽ മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന ശബരിമല അമ്പലവും  സമുദായത്തിനു വിട്ടു നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനം എടുക്കണം. തിരുവിതാംകൂർ രാജകൊട്ടാരം ഉൾപ്പെടുന്ന പ്രത്യേക സമിതി ശ്രീപത്മനാഭ സ്വാമിക്ഷേത്ര ഭരണത്തിനായി രൂപീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞതായി അറിയുന്നു...  അതേ മാതൃകയിൽ തന്നെ ശബരിമല അമ്പലത്തിൻ്റെ ഭരണത്തിനായി മല അരയ സമുദായത്തെഅധികാരപ്പെടുത്തിക്കൊണ്ട്
ഒരു സമിതിക്കു രൂപം നൽകണം. ഇതേപ്പറ്റി സംസ്ഥാനസർക്കാർഅടിയന്തരമായിആലോചിക്കണം .

പ്രഗൽഭരായ വക്കിലന്മാരെവച്ചാണ്  തിരുവിതാംകൂർ രാജകൊട്ടാരം സുപ്രീം കോടതിയിൽ കേസ് നടത്തിയത്.എന്നാൽ ഇങ്ങനെ കേസു നടത്താനുള്ള സാമ്പത്തിക ശേഷി മല അരയ സമുദായത്തിനില്ല. ശബരി മല പോലെ   നിലക്കൽ, വളളിയാംകാവ് എന്നീ ക്ഷേത്രങ്ങളും മലഅരയ സമുദായത്തിൻ്റെതായിരുന്നു. ഇതു പിന്നീട് ദേവസ്വം ബോർഡ് കൈവശപ്പെടുത്തി.. ഈ അമ്പലങ്ങൾ കൈവശമുണ്ടായിരുന്നെങ്കിൽ സമുദായവും പണം മുടക്കി കേസു നടത്തുമായിരുന്നു. ഇത്ഗവൺമെൻറ്തിരിച്ചറിയണം.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ തന്നെ പുനരാലോചനക്ക് തയ്യാറാവുകയും ചരിത്രത്തിൽ സംഭവിച്ചു പോയ വലിയഒരു തെറ്റിനെ തിരുത്താൻ തയ്യാറാവുകയും വേണം .ഇന്നത്തെ സുപ്രീം കോടതി വിധിയെ പിന്താങ്ങിയവരെല്ലാം സമുദായത്തിൻ്റെ ആവശ്യത്തെയും പിന്താങ്ങേണ്ടവരാണെന്നു പറയേണ്ടതില്ലല്ലോ.
.ശമ്പരിമല അമ്പലത്തിലെ ആചാരങ്ങളിൽ ഈഴവർക്കും, സാംബവരും കുറവരുമുൾപ്പടെയുള്ള ദലിതർക്കും, ഇതര ഗോത്ര ജനതക്കുമുണ്ടായിരുന്ന ആചാരങ്ങൾ പുനസ്ഥാപിക്കണം . 
ഇനി മല അരയ സമുദായം രാജകുടുംബത്തിൽ ഉൾപ്പെടുന്നവരല്ല എന്നു തോന്നുന്നെങ്കിൽ വായിക്കാനറിയാവുന്നവർ പ്രജുഡീസ് ഇല്ലാതെ ചരിത്രം പുറകോട്ടു വായിച്ചു നോക്കിയാൽ മതി. അറിവും അധികാരവും ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു ഇവിടത്തെ മല അരയരുൾപ്പെടുന്ന ഗോത്ര ജനതയും ദലിതരും എന്ന് അവിടെ കാണാം.  പരദേശത്തു നിന്നു വന്നവർ ഇവിടെയുണ്ടായിരുന്നവരെ കീഴടക്കി ഭരണം പിടിച്ചതാണെന്നു മനസ്സിലാക്കാം..
അന്നുണ്ടായിരുന്ന കവനെൻ്റ് എല്ലാം കടലിലെറിഞ്ഞ് പുതിയ കവനെൻ്റിൻ്റെ ചരിത്രംരചിച്ച താണെന്ന് ചരിത്രം തന്നെ പറഞ്ഞു തരും.

ശബരിമല അമ്പലം മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്നു എന്നുള്ളതിൻ്റെ തെളിവുകൾ നിരവധിയുണ്ട്,സർക്കാരിനിത്കൈമാറുകയും ചെയ്തിട്ടുണ്ട്..മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല അടക്കമുള്ള നിരവധി അമ്പലങ്ങൾ പന്തളം അധീനപ്പെടുത്തുകയായിരുന്നു. കടം കേറിയപ്പോൾപന്തളം കൊട്ടാരം ഇത് തിരുവിതാംകൂർ രാജകൊട്ടാരത്തിനും ,പിന്നീട് ജനാധിപത്യ ഗവൺമെൻറ് നിലവിൽ വന്നപ്പോൾ അത് ദേവസ്വം ബോർഡിലേക്ക് കൈ മാറ്റപ്പെടുകയുമായിരുന്നു. 

മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല ഉൾപ്പെടെയുള്ള അമ്പലങ്ങൾതിരികെ നൽകണമെന്നാവശ്യപ്പെട്ട് 1950 ൽ മല അരയ സമുദായ നേതാവ്  കൊച്ചുരാമൻ കേളൻ   തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി .കെ. നാരായണപിള്ളയോട്  ആവശ്യപ്പെട്ട പ്രമേയവും ഇതോടൊപ്പം ചേർത്തു വയ്ക്കുന്നു..  
സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്കാശ്രയമായ ഈ സർക്കാർ മല അരയ സമുദായ പ്രതിനിധികളുമായി ചർച്ച നടത്തി സമുദായത്തെ കോടതികളിലേക്കു വലിച്ചിഴക്കാതെ നീതി എത്തിച്ചു നൽകുമെന്ന് പ്രതീക്ഷിക്കുന്നു

Tuesday, July 14, 2020

അഭിജിതിന് അവസാന നിമിഷം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; രാത്രിയോളം നീണ്ട നാടകീയതകള്‍

കല്‍പറ്റ: വയനാട്ടിലെ ആദിവാസി കുറുമ വിഭാഗത്തില്‍ പെട്ട യുവ ഡോക്ടറുടെ പിജി പ്രവേശനത്തിന് തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ജില്ലാ കലക്ടര്‍ ഇന്നലെ രാവിലെ ഉത്തരവിറക്കിയിട്ടും രാത്രി ഒന്‍പതു മണി വരെ കാത്തു നിര്‍ത്തിയാണ് വൈത്തിരി താലൂക്ക് ഓഫിസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

റവന്യു ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകാരണം കല്‍പറ്റ മുട്ടില്‍ വടക്കേക്കവന്നാല്‍ വീട്ടില്‍ വിപി അഭിജിത് എന്ന എംബിബിഎസുകാരന്റെ ഉപരി പഠനം അനിശ്ചിതത്വത്തിലായത് ഒരു ഓൺലൈൻ പത്രം ശനിയാഴ്ച പുറത്തു കൊണ്ടു വന്നിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയടക്കമുള്ളവര്‍ വകുപ്പ് മന്ത്രിയുമായും ജില്ലാ കലക്ടറുമായും ബന്ധപ്പെട്ടു. അഭിജിത്തിന് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഇന്നലെ രാവിലെ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവു നല്‍കി. എന്നാല്‍,കലക്ടറുടെ ഉത്തരവ് ഓഫിസ് സമയം കഴിയുന്നതു വരെ വൈത്തിരി തഹസില്‍ദാര്‍ക്ക് ലഭിച്ചില്ല. കലക്ടറുടെ ഉറപ്പു പ്രകാരം വൈകീട്ട് ആറുവരെ താലൂക്ക് ഓഫിസില്‍ കാത്തിരുന്ന അഭിജിത്തിന്റെ അമ്മയും മറ്റും മടങ്ങി. തുടര്‍ന്ന് രാത്രി ഒന്‍പതോടെ സര്‍ട്ടിഫിക്കറ്റ് തയ്യാറായ വിവരം അറിയിക്കുകയും അഭിജിത്ത് കൈപറ്റുകയും ചെയ്തു.

നാളെക്കകം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അഭിജിതിന്റെ ഉപരി പഠനം മുടങ്ങമെന്നതിന്റെ വിശദാംശങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

പട്ടിക വര്‍ഗ സംവരണ ക്വാട്ടയിലാണ് ഡോ. അഭിജിതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തില്‍ പിജി പ്രവേശനം ലഭിച്ചത്. നാളെയാണ് ഉപരി പഠനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, ഇതിനായുള്ള അപേക്ഷയുമായി മാസങ്ങളായി അഭിജിതിന്റെ കുടുംബവും ആദിവാസി സംഘടനകളുമൊക്കെ അലയുകയായിരുന്നു.

മാതാ പിതാക്കള്‍ മിശ്ര വിവാഹിതരാണെന്നതാണ് ജാതി സര്‍ട്ടിഫിക്കറ്റിനുള്ള തടസ്സമായി റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടിത്. വൈത്തിരി തഹസില്‍ദാര്‍ ഇക്കാര്യം അഭിജിതിനെ രേഖാമൂലം അറിയിച്ചിരുന്നു. അഭിജിതിന്റെ മാതാവ് ജാനകി ആദിവാസി കുറുമ സമുദായാംഗവും പിതാവ് പീറ്റര്‍ ക്രിസ്ത്യാനിയുമാണ്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കിര്‍ത്താഡ്‌സ് വിജിലന്‍സ് വിഭാഗം അഭിജിത് പട്ടിക വര്‍ഗക്കാരനാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് 2008ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭിജിതിന് പട്ടിക വര്‍ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നും സംവരണാനുകൂല്യത്തിന് അര്‍ഹനല്ലെന്നുമാണ് വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചത്.

2008 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ കുടുംബത്തിന്റെയും വ്യക്തിയുടേയും സാമൂഹിക, സാമ്പത്തിക സാഹചര്യമാണ് പരിഗണിക്കേണ്ടത് എന്നാണ് വ്യക്തമാക്കുന്നത്. സംവരണ സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മിശ്രവിവാഹത്തിന്റെ മറവില്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നു എന്ന ഹര്‍ജിയിലായിലായിരുന്നു ഹൈക്കോതി ഉത്തരവ്.

മാതാവിന്റെ സമുദായത്തിന്റെ നിലവിലുള്ള സാമൂഹികവും വിദ്യാഭ്യാസ പരവും സാമ്പത്തികലുമായ സാഹചര്യത്തിലുള്ള കുടുംബമാണെങ്കില്‍ മാത്രമേ മാതാവിന്റെ സമുദായത്തിന്റെ സംവരണാനുകൂല്യത്തിന് മിശ്ര വിവാഹത്തിലെ മക്കള്‍ക്ക് അര്‍ഹതയുണ്ടാവൂ എന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അഭിജിതിന്റെ കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച മാന ദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സാഹചര്യങ്ങള്‍ എന്നായിരുന്നു അധികൃതരുടെ നിലപാട്. അഭിജിതിന്റെ മാതാവിന് സംവരണാനുകൂല്യത്താല്‍ ലഭിച്ച മികച്ച വരുമാനമുള്ള സര്‍ക്കാര്‍ ജോലിയുണ്ടെന്നതും വിദ്യാഭ്യാസ പരവും സാമൂഹികവുമായ കുടുംബത്തിന്റെ ഉന്നതിയും തടസ്സമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, എംബിബിഎസ് പഠനം വരെ അഭിജിതിന് ലഭിച്ച ജാതി സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നാരോപിച്ച് ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നു.

വിഷയം വാര്‍ത്തയിലൂടെ പൊതു ശ്രദ്ധയിലെത്തിച്ച  ആദിവാസി പ്യസ്ഥാനം അധ്യക്ഷ അമ്മിണി കെ ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിനെതിരായും അവകാശ നിഷേദത്തിനുമെതിരായ പോരാട്ടങ്ങളില്‍ ഇനിയും മുന്‍പന്തിയിലുണ്ടാവുമെന്ന് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

Sunday, July 12, 2020

പട്ടികജാതി വകുപ്പിന് കോവിഡോ??

എഡിറ്റോറിയൽ ബോർഡ്

കോവിഡിന് ജാതിയുണ്ടോ??
കോവിഡിന് ജാതിയില്ല മതമില്ല സാമ്പത്തിക തട്ടില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. കോവിഡിന് ജാതിയുണ്ട്, മതമുണ്ട്, സാമ്പത്തിക തട്ടുമുണ്ട്. കോവിഡ് വെറുമൊരു രോഗം മാത്രമല്ല. ഇത് തടയുന്നതിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും എല്ലാം കോവിഡുമായി കൂട്ടി വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ലോകജനതയുടെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന ഒരു പ്രതിഭാസമാണ് കോവിഡ് എന്ന് വിലയിരുത്താം. അത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മിഡിൽ ക്ലാസിനെയും ലോ ക്ലാസിനെയുമാണ് എന്നതിൽ സംശയമില്ല. ഇന്ത്യ മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ ഈ പ്രതിഭാസം ജാതീയമായും സാമ്പത്തികമായും താഴെത്തട്ടിലായിരിക്കുന്നവരെ, ജീവിത പ്രാരാബ്ദങ്ങളിൽ നിന്നും പുറത്തു വരാനായി അതിജീവന ശ്രമം നടത്തുന്നവരെ കൂടുതൽ കഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് കരുതാം.

കേരളത്തിലെ കോവിഡ്
കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം തുടങ്ങിയിട്ട് നാല് മാസത്തോളമാകുന്നു. കോവിഡ് കാരണം പ്രഖ്യാപിച്ച ലോക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർ കുറച്ചൊന്നുമല്ല. കച്ചവടക്കാരും കൂലിപ്പണിക്കാരും മാസങ്ങളായി വീട്ടിലേക്ക് അരി വാങ്ങാൻ കഴിയാതെ സർക്കാരിൻ്റെ തുശ്ചമായ ആനുകൂല്യങ്ങളും റേഷനും നോക്കിയിരിക്കുന്നു. ഏക ആശ്രയമായ ടി വി തുറന്നാൽ കോവിഡിനെ അവസരോചിതമായി പ്രയോഗിക്കുന്ന രാഷ്ട്രീയ കോമാളികളെ കണ്ട് സമയം പോക്കാം. എത്ര ദിവസം ഇങ്ങനെ തള്ളി നീക്കാം എന്ന് ശരാശരി മലയാളിക്കും ഇപ്പോഴും അറിയില്ല. താഴെ തട്ടിലുള്ളവർ ആത്മഹത്യയുടെ മുനമ്പിലാണ് നിൽക്കുന്നത്.

കേരളത്തിൽ ഇപ്പോൾ സാമ്പത്തിക വിനിമയം നടക്കുന്നില്ലേ?
നടക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിപണനം നടക്കുന്നുണ്ട്. വസ്തു കൈമാറ്റങ്ങൾ നടക്കുന്നുണ്ട്. വിവാഹങ്ങൾ നടക്കുന്നുണ്ട്. സ്വർണ്ണക്കച്ചവടങ്ങൾ നടക്കുന്നുണ്ട്. പള്ളികളിലേക്കും ക്ഷേത്രങ്ങളിലേക്കും പടികൾ എത്തുന്നുണ്ട്. കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. ..... ചുരുക്കത്തിൽ പണമില്ലാത്തവൻ്റെ കയ്യിൽ നിന്നും ഉള്ളവൻ്റെ കയ്യിലേക്ക് സാധാരണയിൽ കവിഞ്ഞ് പണം പോകുന്നുണ്ട്. നിവൃത്തികേട് കൊണ്ട്  ഉള്ള കിടപ്പാടം വരെ എഴുതി കൊടുക്കുന്ന പാവപ്പെട്ടവരുണ്ട്. അങ്ങനെ ഒരു വിഭാഗം മാത്രം സമ്പന്നമായി കൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ നടക്കുന്നത്.

ഈ സമ്പന്നരുടെ പണം എങ്ങോട്ടാണ് പോകുന്നത്?
നോട്ട് നിരോധനത്തിന് ശേഷം ആർക്കും കൂടുതൽ പണം കയ്യിൽ വെച്ചേക്കാൻ പറ്റില്ല. സ്വാഭാവികമായും ബാങ്ക് ആണ് ശരണം. നാഷണലൈസ്ഡ് ബാങ്കും പ്രൈവറ്റ് ബാങ്കുകളും RBlയുമായി ബന്ധിക്കപ്പെട്ടതിനാൽ കൃത്യമായ കണക്ക് ബാങ്കുകൾക്കുണ്ടാകും. ഈ പണം ഒരിക്കലും ഇന്ത്യ വിട്ട് പുറത്ത് പോകുകയുമില്ല. ഇപ്പോൾ അങ്ങനെ നല്ലൊരു നിക്ഷേപം ബാങ്കുകളിൽ ഉണ്ടായിട്ടുണ്ടാകും. അതു കൊണ്ട് തന്നെയാണ് ബാങ്കുകളിൽ നിന്നും ലോൺ ഇപ്പോൾ ധാരാളമായി നൽകുന്നത്. കേരളത്തിലേക്ക് നോക്കുകയാണെങ്കിൽ RBlയ്ക്ക് സമാന്തരമായി RBlയ്ക്കോ മറ്റാർക്കും കണക്ക് കാണിക്കേണ്ടതില്ലാത്ത സഹകരണ ബാങ്കുകൾ അനവധി ഉണ്ട്. ഇപ്പോൾ അതിൽ അനവധി നിക്ഷേപങ്ങളുമുണ്ടാകും. പണം കൂടുതൽ സമ്പാദിക്കുന്ന സമ്പന്നനിൽ നിന്നും ഈ സഹകരണ ബാങ്കുകളിൽ നിന്നും കൂടുതൽ പ്രയോജനവും ആസ്ഥിയും സ്ഥിരപ്പെടുത്തുന്നത് രാഷ്ട്രീയപ്പാർട്ടികളെ മാത്രമാണ്.

ഇതൊക്കെ ഇവിടെ പറയാനുള്ള കാരണം?
മുൻപ് സൂചിപ്പിച്ച തൊഴിൽ നഷ്ടപ്പെട്ട അനേകരും പുതിയ തൊഴിൽ മേഖല തുടങ്ങിക്കഴിഞ്ഞു. കൂടുതൽ പേരും സ്വയം തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞു. നേരത്തെ പറഞ്ഞതുപോലെ ബാങ്കുകാർ ലോൺ നൽകാൻ തയ്യാറാണ്. കാരണം കറങ്ങി ചുറ്റി വരുന്ന പണം അവരുടെ കയിൽ തന്നെ ഉണ്ടല്ലോ. പക്ഷെ ലോൺ വേണമെങ്കിൽ ഈട് നൽകണം. പിന്നോക്ക വിഭാഗക്കാർ എന്ന് സർക്കാർ വിഭാഗിച്ചിരിക്കുന്നവരിൽ 70% പേരും ഈട് വയ്ക്കാൻ തക്ക വിധത്തിൽ അത്യാവശ്യ സമ്പത്തുള്ളവരാണ്. മൂന്നും നാലും അഞ്ചും സെൻ്റും വീടും മാത്രമുള്ളവൻ എന്ത് ചെയ്യും? സ്വയം തൊഴിൽ ചെയ്യാനും അവൻ്റെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്യുമോ? ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന പട്ടികജാതിക്കാരും അതേ അളവിൽ അവശത അനുഭവിക്കുന്ന പരിവർത്തിത ക്രിസ്ത്യാനികളും എന്ത് ചെയ്യും??

അതിനെന്താ? അവർക്ക് പട്ടികജാതി വകുപ്പുണ്ടല്ലോ?
ഇവിടെയാണ് പട്ടികജാതി വകുപ്പിൻ്റെ പ്രവർത്തനം വിലയിരുത്തപ്പെടേണ്ടത്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിൽ കേരളത്തിലെ പട്ടികജാതി വകുപ്പ് അറിഞ്ഞ് ചെലവാക്കപ്പെടേണ്ട തുകയുടെ അൻപത് ശതമാനത്തോളം വകുപ്പ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ വർഷവും ഏതാണ്ട് നാല്പത് ശതമാനത്തോളം മാത്രമേ ഫണ്ട് ചെലവാക്കിയുള്ളൂ, ബാക്കി വന്ന തുക പതിവ് പോലെ വക മാറ്റി ചെലവാക്കുകയും ചെയ്തു. ഈ വർഷം പദ്ധതി കാലയളവ് തുടങ്ങിയപ്പോൾ തന്നെ കോവിഡിന് വേണ്ടി മാറ്റി വയ്ക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇതിനെ സൂചിപ്പിച്ച് സോഷ്യൽ മീഡിയകളിൽ വന്ന ചർച്ചകളിൽ പട്ടികജാതിക്കാരുടെ ഫണ്ട് അങ്ങനെ മാറ്റി ചെലവാക്കിയതിൽ കേരളത്തിൽ പട്ടികജാതിക്കാർ പരിഭവപ്പെടേണ്ട കാര്യമില്ലെന്ന് പട്ടികജാതിയിലെ തന്നെ ന്യായീകരണത്തൊഴിലാളികൾ അഭിപ്രായമറിയിച്ചു. പട്ടികജാതിക്കാർ കഴിഞ്ഞ കാലയളവിൽ നേരിട്ട മിക്ക പ്രശ്നങ്ങൾക്ക് നേരെയും എന്തിന് വാളയാറിൽ കൊച്ചുകുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂരതയിൽ പോലും അപ്പോഴത്തെ ഡിവൈഎസ്പി തയ്യാറാക്കിയ അസംബന്ധമായ കുറ്റപത്രത്തിനെതിരെ ഭയപ്പെടുത്തുന്ന മൗനം പാലിച്ചവരാണ് ഇവരും പ്രത്യേകിച്ച് വകുപ്പ് മന്ത്രിയും.  ഈ സാഹചര്യത്തിൽ കേരളത്തിലെ പട്ടികജാതിക്കാരുടെ ദുരവസ്ഥ മനസിലാക്കി പത്തോ ഇരുപതോ വർഷം പിന്നോക്കമടിക്കാവുന്ന ഈ അവസ്ഥയിൽ നിന്നും പട്ടികജാതിക്കാർക്ക് വേണ്ട സഹായങ്ങൾ യഥാസമയം ചെയ്ത് കൈപിടിച്ച് നിർത്തേണ്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പട്ടികജാതി വകുപ്പിനാണുള്ളത്. 
വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് യഥാവിധി നിർദ്ദേശങ്ങൾ കൊടുത്ത് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഈ കോവിഡ് കാലത്ത് മറ്റ് വകുപ്പ് മന്ത്രിമാർ അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി സമയബന്ധിതമായി ചെയ്യുമ്പോൾ പട്ടികജാതി വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലനും സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്ന് പാർട്ടിപ്രതിനിധി എന്ന കൂട്ടിൽ റിമോട്ട് മന്ത്രിയായി ഒതുങ്ങാതെ താൻ കേരളത്തിലെ പട്ടികജാതിക്കാരുടെ പ്രതിനിധിയാണ് എന്ന ബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

എന്താണ് പട്ടികജാതി വകുപ്പ് ചെയ്യേണ്ടത്??
  • കേരളത്തിലെ പട്ടികജാതിക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കണം
  • ആവശ്യമായ ധനസഹായങ്ങൾ ഉപാധികളില്ലാതെ അടിയന്തിരമായി ചെയ്യണം.
  • അത് അർഹരായവരുടെ കൈകളിലാണ് എത്തുന്നതെന്ന് ഉറപ്പ് വരുത്തണം
  • അതിന് വേണ്ടി നിരവധി ദളിത് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റികൾ രൂപപ്പെടുത്തണം.
  • പദ്ധതികൾ കൃത്യമായി നടക്കുമ്പോൾ അവർക്കാവശ്യമായ തൊഴിൽ പരമായ അറിവുകളും വിദഗ്ദ്ധർ മുഖാന്തരം മോണിറ്ററിംഗ് കമ്മിറ്റി വഴി നൽകണം.
  • ഉൽപ്പാദകർക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കണം
  • കൃത്യമായതും സുതാര്യമായതുമായ ആഡിറ്റിംഗ് നടത്തി പദ്ധതികൾ വ്യാപിപ്പിക്കണം
  • ഇതിന് വേണ്ടി പട്ടികജാതിക്കാരായ റിട്ടയേർഡ് പ്രഗൽഭരെ നിയോഗിക്കണം.
  • മുഖ്യമന്ത്രിയും ഈ കാര്യങ്ങളിലിൽ മേൽനോട്ടം വഹിക്കണം
അങ്ങനെ നിരവധി കാര്യങ്ങൾ പട്ടികജാതിക്കാരുടെയും തുല്യഅവശത അനുഭവിക്കുന്ന പരിവർത്തിത ക്രിസ്ത്യാനികളുടെയും ക്ഷേമം മാത്രം ലക്ഷ്യം വച്ചു കൊണ്ട് വരുന്ന അഞ്ച് വർഷത്തേയ്ക്ക് കണക്കാക്കി ഉണർന്ന് പ്രവർത്തിച്ചാൽ പട്ടികജാതി വകുപ്പ് ആ പേർ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് ആ തലത്തിലേക്ക് എത്തപ്പെടും. അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും കഴിവ് കെട്ട പട്ടികജാതി മന്ത്രി എന്ന ലേബലിൽ ജനങ്ങൾ ഇപ്പോഴത്തെ മന്ത്രി ശ്രീ. എ.കെ.ബാലനെ കാണേണ്ടി വരും.