എന്താണ് അടിമത്തം?
തൻ്റെ ജീവനും ശരീരവും മൗലികാവകാശവും ആജീവനാന്തകാലം മറ്റൊരാൾക്ക് പണയപ്പെടുത്തുന്നതാണ് അടിമത്തം. ഇതിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ടെങ്കിലും ചുരുക്കത്തിൽ തൊട്ടടുത്തവന് ലഭിക്കുന്ന മൗലികാവകാശങ്ങൾ അതേ അളവിൽ അതേ സമയം തനിക്ക് ലഭിക്കാതെയുമിരിക്കുന്ന അവസ്ഥ. അവന് സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ നമുടെ അവസരം നിഷേധിക്കപ്പെടുന്നു, സംസാരിക്കാൻ പാടില്ല, അവന് സാംസ്കാരികമായി മുന്നിലേക്കെത്താനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ നമുക്ക് നിഷേധിക്കപ്പെടുന്നു, അവന് സ്വാതന്ത്ര്യമായി ഏത് മതവും സ്വീകരിക്കാനും ആരാധിക്കാനും അവസരം ലഭിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇതൊക്കെ അടിമത്തത്തിൻ്റെ വകഭേദങ്ങളാണ്.
തൊഴിലിടങ്ങളിൽ അടിമത്തമുണ്ടോ?
തൊഴിലിടങ്ങളിൽ നമ്മുടെ പ്രയത്നം മാത്രമേ നമ്മൾ പ്രതിഫലത്തിനായി കൈമാറ്റം ചെയ്യുന്നുള്ളൂ. മുൻകാലങ്ങളിലെ അടിമകൾ, ഉടമകൾ എന്ന ചിന്താഗതിയൊക്കെ തിരുത്തപ്പെട്ടു കഴിഞ്ഞു. ഇവിടെയും വ്യക്തിക്ക് മൗലികാവകാശ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. വീടുകളിൽ കുടുംബാംഗങ്ങൾക്ക് പോലും ഇന്ന് പരസ്പര ബഹുമാനം നൽകി മൗലികാവകാശ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. ഇടക്കാലത്തായി ഉണ്ടായ കുടുംബ ബന്ധങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്ന പുതിയ ചില നിയമങ്ങളിൽ പോലും മൗലികാവകാശ സ്വാതന്ത്ര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.
എവിടെയാണ് പട്ടികജാതിക്കാരൻ അടിമയാകുന്നത്??
മൗലികാവകാശം ലംഘിക്കപ്പെടുന്നു എന്നറിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകാതെ സ്വയം അടിമത്തമനോഭാവം സ്വീകരിച്ച് വീണ്ടും താഴേത്തട്ടിലേക്ക് ഉൾവലിഞ്ഞു പോകുമ്പോൾ അവൻ അടിമയാകുന്നു. തൻ്റെ മൗലികാവകാശം ചോദിച്ച് വാങ്ങാനുള്ള ശ്രമം ഒരിഞ്ച് പോലും കാണിക്കാതെ മറ്റുള്ളവനെ യജമാനനായി കണ്ട് ദാസ്യമനോഭാവം സ്വീകരിച്ച് മൗലികാവകാശ ലംഘനങ്ങൾക്ക് വളം വച്ച് കൊടുക്കുമ്പോൾ അവൻ വീണ്ടും അടിമയാകുന്നു.
എന്താണ് മൗലികാവകാശം??
അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതുമായ അടിസ്ഥാന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശിലയെന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശങ്ങള്‍ അമേരിക്കന്‍ ഭരണഘടനയില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണ്. ഭരണഘടനയുടെ മൂന്നാംഭാഗത്തില്‍ അനുച്ഛേദം 12 മുതല്‍ 35 വരെയാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 12-ല്‍ state എന്ന പദത്തിലൂടെ പാര്‍ലമെന്റിനും ഇന്ത്യന്‍ സര്‍ക്കാരിനും കീഴില്‍വരുന്ന സ്ഥാപനങ്ങളെ സൂചിപ്പിക്കുന്നതായി നിര്‍വചിക്കുന്നു. മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായതോ അവയെ ഹനിക്കുന്നതോ ആയ നിയമനിര്‍മാണം നടപ്പാക്കാന്‍ പാടില്ലെന്ന് അനുച്ഛേദം 13 വ്യക്തമാക്കുന്നു.
സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. സ്വത്തവകാശത്തെ മൗലികാവകാശമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 1978ല്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമപരമായ അവകാശമാക്കി മാറ്റി.
എപ്പോഴാണ് പട്ടികജാതിക്കാരൻ്റെ മൗലികാവകാശം ഹനിക്കപ്പെട്ടത്??
ദലിതർ
1880 കാലയളവുകളിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗവും എന്നാൽ സംഘടിതരല്ലാത്തവരും ആയ പിന്നോക്കക്കാർ, അയിത്തവും, അടിച്ചമർത്തലും, തൊട്ടുകൂടായ്മയും അനുഭവിച്ച മനുഷ്യജന്മങ്ങളെ ഇപ്രകാരം സമുഹത്തിൻ്റെ അഴുക്ക് ചാലുകളിൽ തള്ളിയിട്ടാൽ പോരാ, അവരെയും മുന്നിരയിലേക്ക് കൊണ്ടുവരണം എന്ന് സ്വയം തീരുമാനമെടുത്ത് മുന്നിൽ വന്ന നേതാവായ മഹാത്മാ ജ്യോതിബാ ഭൂലെ ചിതറപ്പെട്ടവർ എന്ന അർത്ഥത്തിൽ ദലിതർ എന്ന് പേര് നൽകി വിളിക്കാൻ തുടങ്ങി. അക്കാലങ്ങളിൽ അടിമത്തവും അയിത്തവും അടിച്ചമർത്തലും രൂക്ഷമായിരുന്നതിനാൽ ചിലർ ഈ അനാചാരങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഹിന്ദു മതം വിട്ട് പുറത്തെക്ക് ഒഴുകാൻ തുടങ്ങി. പുറത്തേക്ക് പോയി മറ്റ് മതങ്ങൾ സ്വീകരിച്ചു എങ്കിലും തൻ്റെ സാമൂഹികമോ, സാംസ്കാരികമോ, വിദ്യാഭ്യാസമോ പരമായ അവസ്ഥകൾക്ക് ഒരു മാറ്റവും വരുത്താൻ സാധിച്ചില്ല. അപ്പോഴും അവൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട് തന്നെ ഇരുന്നു.
സാമുഹികവും സാംസ്കാരികവും വിദ്യാഭ്യാസവും ആയ മേഖലകളിൽ ആരും ദലിതരെ പിടിച്ചുയർത്തികൊണ്ടു വരില്ല, എന്നും മറ്റുള്ളവർക്കൊപ്പം പട്ടികജാതിക്കാരനും അവരുടെ അംഗസംഖ്യക്കൊത്തവണ്ണമുള്ള പ്രാതിനിധ്യം കൊടുത്ത് സംവരണം എന്ന നിയമനിർമ്മാണത്തിലൂടെ മാത്രമേ മുൻനിരയിലേക്കെത്തികാൻ സാധിക്കയുള്ളൂ എന്നും മഹാത്മാ ജ്യോതിബാ ഭൂലെയെ ആത്മീയ ഗുരുവായി കണ്ട മഹാത്മാ അംബേദ്കർ മനസിലാക്കി. 1930 കളിൽ അത് അദ്ദേഹം അപ്പോഴത്തെ ബ്രിട്ടിഷ് ഗവണ്മെൻ്റിനെ ബോദ്ധ്യപ്പെടുത്തുകയും കുറച്ച് നാളുകൾക്കുള്ളിൽ ഇന്ത്യ വിടാനൊരുങ്ങി നിൽക്കുന്ന അവർ ദലിതരുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ അംബേദ്കറിനോട് സഹകരിക്കാമെന്നുറപ്പ് നൽകുകയും ചെയ്തു.
ഇതിനോടകം ദലിതരിൽ തന്നെയുള്ള ചില പ്രബല ജാതികൾ സംഘടിതരാകുകയും അവർക്കുള്ളിൽ നിന്ന് തന്നെ നേതാക്കളെ കണ്ടെത്തി സമുദായത്തെ മുൻനിരയിൽ കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി കഴിഞ്ഞു. അവരെല്ലാവരും തന്നെ സംഘടിതരായി സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്തയിലേക്ക് വരാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞിരുന്നു.
ദലിതരെ കുറിച്ച് കുറച്ചു കൂടെയുള്ള വിശദീകരണം
പട്ടിക ജാതി/ വർഗ്ഗ രൂപീകരണം
*ഇതിലൊന്നിലും പെടാതെ ചിതറി കഴിഞ്ഞിരുന്ന അധകൃതരെ എല്ലാം കൂട്ടിച്ചേർത്ത് ജാതിയായും വർഗ്ഗമായും രണ്ട് പട്ടികകൾ (ലിസ്റ്റ്) തയ്യാറാക്കി. ഇതാണ് പിൽക്കാലത്ത് പട്ടികജാതിയായും വർഗ്ഗമായും അറിയപ്പെട്ടത്* ഇവർക്ക് അക്കാലത്ത് തെരെഞ്ഞെടുപ്പ് പ്രക്രിയകളിൽ വോട്ടവകാശം ഇല്ലായിരുന്നു. ഇവർക്ക് വോട്ടവകാശം ലഭിക്കുന്നതിനും പ്രത്യേകം മണ്ഡലങ്ങളിലൂടെ ഇവരുടെ പ്രതിനിധികളെ ഭരണരംഗങ്ങളിലേക്ക് എത്തിക്കുന്നതിനും അംബേദ്കർ ബ്രിട്ടീഷ് ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടതിനാൽ അത് നിയമമാക്കി കമ്മ്യൂണൽ അവാർഡ് എന്ന പേരിൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതിലൂടെ ഉണ്ടാകുന്ന പട്ടികജാതിക്കിടയിലെ ഐക്യത്തെ ഭയന്ന മഹാത്മാഗാന്ധി കമ്മ്യൂണൽ അവാർഡിനെ എതിർക്കുകയും നിരാഹാരസത്യാഗ്രഹത്തിലൂടെ അതിനെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഒരേ സമയം പട്ടികജാതിക്കാരൻ്റെ സ്വാതന്ത്ര്യത്തെ അമർച്ച ചെയ്തു കൊണ്ടുള്ള ഇന്ത്യയ്ക്ക് വേണ്ടി അംബേദ്കറോടും ബ്രിട്ടീഷുകാരോടും യുദ്ധം ചെയ്ത ഭീഷ്മാചാര്യനാണ് മഹാത്മാഗാന്ധി.
സംവരണം
അപ്പോഴും ഇന്ത്യയിലെ പട്ടികജാതി/വർഗ്ഗ ലിസ്റ്റുകളിൽ മതം ഒരു മാനദണ്ഡമല്ലായിരുന്നു. 1948ൽ ഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ പ്രാബല്യത്തിൽ വന്ന ഭരണഘടനയിൽ പട്ടികജാതിക്കാർക്കിടയിൽ ക്രിസ്ത്യനും മുസ്ലീമും ബുദ്ധനും ജൈനനും സിഖുകാരനും ഉണ്ടായിരുന്നു. 1930കളിലെ കമ്മ്യൂണൽ അവാർഡിലെ പരാമർശം അംബേദ്കർ ഭരണഘടനയിലും കൊണ്ടു വന്നു. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതിക്കാരനും വർഗ്ഗക്കാരനും സമൂഹത്തിൻ്റെ മുഖ്യധാരയിൽ പ്രാതിന്ധ്യം എല്ലാ മേഖലകളിലും ഉണ്ടാകുന്നതിന് ഭരണഘടനയിൽ സംവരണം എഴുതിച്ചേർത്തു. അത് ഹിന്ദു മതത്തിലെ അയിത്തമെന്ന അനാചാരത്തെ മാത്രം മുന്നിൽ കണ്ടു കൊണ്ടല്ല. ബൗദ്ധികവും സാമ്പത്തികവും മാനസികവുമായ പട്ടികജാതിക്കാരൻ്റെ ദൗർബല്യങ്ങളെയും പിന്നോക്കാവസ്ഥയെയും അതിനെ ചൂഷണം ചെയ്യുന്ന സവർണ്ണൻ്റെ ചിന്താധാരയെയും ഉൾക്കൊണ്ട് , അതത്ര വേഗം സമൂഹത്തിൽ നിന്നും മാറില്ലെന്ന ദീർഘവീക്ഷണത്തോടെ തന്നെയാണ് രാത്രികളെ പകലാക്കി ആചാര്യൻ അംബേദ്കർ ഭരണഘടന തയ്യാറാക്കിയത്.
പട്ടികജാതിയിൽ മതം കയറിപ്പറ്റി
ഇന്ത്യാക്കാർക്ക് മുഴുവനും അതോടെ ലഭിച്ച എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യം, പക്ഷെ പട്ടികജാതിക്കാർക്ക് അധികനാൾ ലഭിച്ചില്ല. ഭരണ ഘടനയിൽ തിരുത്തുകൾക്ക് സ്വാതന്ത്ര്യമുള്ള അപ്പോഴത്തെ പ്രസിഡൻ്റും ഹിന്ദു മത ആശയങ്ങളുടെ പ്രചാരകനുമായ ഡോ. രാജേന്ദ്ര പ്രസാദ് ഹിന്ദുമത ലോബികളുടെ കൂടെ ചേർന്ന് ഹിന്ദു മതത്തിൽ പട്ടികജാതിക്കാരെ നിർബന്ധിതമായി പിടിച്ച് നിറുത്തുന്നതിന് പട്ടിക ജാതി ലിസ്റ്റിൽ വെള്ളം ചേർത്തു. പ്രസിഡൻഷ്യൽ ആക്ടിലൂടെ മതം ഒരു മാനദണ്ഡമാക്കി പട്ടികജാതിക്കാരെ വിഭാഗിച്ചു.
പട്ടികജാതിക്കാരുടെ എണ്ണം കുറപ്പിച്ചു
ഇന്ത്യയിൽ നല്ലൊരു വിഭാഗം ജനങ്ങളുള്ള പട്ടികജാതിക്കകത്ത് ഇത്തരത്തിൽ ഒരു പിരിവുണ്ടാക്കിയാൽ പട്ടികജാതിക്കാരുടെ എണ്ണം കുറയുകയും സ്വാഭാവികമായി അവർക്ക് നൽകേണ്ട സംവരണ നിയോജക മണ്ഡലങ്ങളുടെ എണ്ണം കുറയുകയും പട്ടികജാതിക്കാരുടെ പ്രതിനിധികളുടെ എണ്ണം കുറയുകയും അവർക്കേർപ്പെടുത്തേണ്ട സംവരണത്തിൻ്റെ അനുപാതവും കുറയ്ക്കുകയും ചെയ്യാൻ കഴിയുമെന്ന വളരെ ലളിതവും വ്യക്തവുമായ ആശയം വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടികജാതിക്കാർ മാത്രം മനസിലാക്കാതെ പോയി. ഈ പട്ടികജാതിക്കാർക്ക് ചെറിയ ആനുകൂല്യങ്ങളും വിശക്കുമ്പോൾ ഭിക്ഷ നൽകുന്നതു പോലുള്ള ചില കൊച്ചുനേട്ടങ്ങളും മാത്രം നൽകി ഒതുക്കി നിറുത്തി. അതിന് വേണ്ടി അവൻ ഹിന്ദു ആയി തുടർന്നു. സ്വന്തം സഹോദരനെ ഭക്ഷണത്തിൻ്റെ അംശം പറ്റിയെന്ന പേരിൽ തെറി വിളിക്കാൻ തുടങ്ങി. അന്ന് മുതൽ പട്ടികജാതിക്കാരൻ അടിമയായി. അതേ കാലയളവിൽ പട്ടികയിലാക്കിയ വർഗ്ഗവിഭാഗങ്ങൾക്ക് (പട്ടിക വർഗ്ഗക്കാർക്ക്) മതം ഒരു മാനദണ്ഡമല്ല എന്നും ഓർക്കണം. അതായത് വല്യ ദലിത് ചിന്താഗതിക്കാർ വാദിക്കുന്നത് പട്ടികജാതി തയ്യാറാക്കുമ്പോൾ ഡോ. അംബേദ്കർ മനസിൽ കാണാത്തതും എന്നാൽ ഹിന്ദുത്വ വാദികളായ രാജേന്ദ്രപ്രസാദും, ഗാന്ധിജിയും മനസിൽ കണ്ട കാരണവുമാണ്.
പട്ടികജാതിക്കാരൻ അടിമയാകുകയാണോ? അടിമയാക്കുകയാണോ?
ഒരുമിച്ച് നിന്നാൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി വളർന്ന് കോടികൾ പങ്കിടാമെന്ന വസ്തുത അല്ലെങ്കിൽ യാഥാർത്ഥ്യം മനപ്പൂർവ്വം മറച്ച് വെച്ച് ചില താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി ആയിരങ്ങളും പതിനായിരങ്ങളും മാത്രം സ്വന്തം കീശയിലാക്കി മറ്റു പട്ടികജാതിക്കാരെയും ഒതുങ്ങി അടിമയാകാൻ പ്രേരിപ്പിക്കുന്നത് വാസ്തവത്തിൽ പട്ടികജാതിയിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടവരല്ല, മറ്റ് സമുദായക്കാരുമല്ല. ഇതിൽ നിന്ന് കൊണ്ട് വലിയ വിദ്യാഭ്യാസം ചെയ്തെന്ന് അവകാശപ്പെടുകയും എന്നാൽ വിദ്യാഭ്യാസം സിദ്ധിക്കാത്ത സവർണ്ണൻ്റെ ബുദ്ധിക്ക് കീഴെ കൊണ്ട് സ്വന്തം ബുദ്ധിയെ അടിയറവ് വയ്ക്കുകയും ചെയ്തിട്ടുള്ള സംഘടിക്കണം എന്ന ബോധമില്ലാത്ത പട്ടികജാതിക്കാരൻ തന്നെയാണ്. ചിലർ മാത്രമേ ഉള്ളൂ, ആ ചിലരെയാണ് അകറ്റി നിറുത്തേണ്ടത്.
ആനുകൂല്യങ്ങളുടെയോ പ്രലോഭനങ്ങളുടെയോ പേരിൽ മതം നിർബന്ധമാക്കിയാൽ അത് നിർബന്ധിത മതപരിവർത്തനം.
വടക്കേ ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനം നിയമവിധേയമായി തടയുമെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ബില്ലിൽ പ്രലോഭനങ്ങളോ, ആനുകൂല്യങ്ങളുടെയോ പേരിൽ മതപരിവർത്തനം നടത്തിയാൽ അത് നിർബന്ധിത മതപരിവർത്തനമായി കണക്കാക്കുമെന്നും അത്തരത്തിൽ ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പറയുമ്പോൾ പ്രസിഡൻഷ്യൽ ആക്ടിനെ പട്ടികജാതിക്കാർ എങ്ങനെ കാണണം?? പട്ടികജാതിക്കാർക്ക് വേണ്ടി ഉണ്ടാക്കിയ പ്രസിഡൻഷ്യൽ ആക്ട് 1950 എന്ന ഈ നിയമഭേദഗതി ആനുകൂല്യങ്ങളുടെ പേരിൽ ഹിന്ദു മതത്തിൽ ആളെ പിടിച്ചു നിറുത്തുന്നതിനുള്ള മതപരിവർത്തനത്തിൻ്റെ മറ്റൊരു മുഖമല്ലേ?? ഇതല്ലേ അടിമത്തം?? ഇന്ത്യയിലെ മറ്റെല്ലാ വിഭാഗങ്ങൾക്കും മതസ്വാതന്ത്ര്യം മൗലിക അവകാശമായി ഉള്ളപ്പോൾ പട്ടികജാതിക്കാരന് അത് നിഷിദ്ധവും അതേ മാനദണ്ഡത്തിൽ തയ്യാറാക്കിയ പട്ടികവർഗ്ഗക്കാർക്ക് അത് സാദ്ധ്യവുമാകുന്നതെങ്ങനെ??
പട്ടികജാതി ലിസ്റ്റ് തയ്യാറാക്കിയത് ഹിന്ദു മതത്തിലെ അയിത്തം നോക്കിയല്ല. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസവും അടിസ്ഥാനമാക്കി പിന്നോക്കം നിൽക്കുന്ന സംഘടിതരല്ലാത്ത, ജാതിയുടെ പേരിൽ വിവേചനം നേരിടുന്ന ജാതികളെ ചേർത്താണ്. ഈ പട്ടിക ഉണ്ടാക്കിയത് കോഴി കൊടുക്കുന്നതിനും, പശു കൊടുക്കുന്നതിനും, വീട് കൊടുക്കുന്നതിനും വേണ്ടിയല്ല. ഭരണ രംഗത്തിൻ്റെ എല്ലാ മേഖലകളിലും പ്രാതിനിധ്യം നേടുന്നതിനാണ്. അത് ലഭിക്കണമെങ്കിൽ മതമില്ലാതെ പട്ടികജാതിയിൽ ഉൾപ്പെട്ട എല്ലാ ജാതിക്കാരും ഒരുമിച്ച് നിൽക്കണം.
പട്ടികജാതിക്കാർക്ക് ഒരുമിക്കാൻ എന്താണ് തടസ്സം??
(ഇനി കുറച്ച് നേരം പട്ടികജാതി എന്നാൽ 1930കളിൽ അംബേദ്കർ എഴുതിയുണ്ടാക്കിയ പട്ടികയിലുള്ള മതശങ്കയില്ലാത്ത ജാതിക്കാർ എന്ന് കരുതുക.) പട്ടികജാതിക്കാരൻ്റെ അടിമത്ത മനോഭാവമാണ് ഒരുമിക്കാതിരിക്കുന്നതിനുള്ള ഒരു പ്രധാനകാരണം.
മതമല്ല നമുക്ക് തടസ്സം. ഒരുമിച്ച് നിന്നാൽ ജനസംഖ്യയിൽ ഇപ്പോഴുള്ളതിൻ്റെ നാലിരട്ടിയലധികം പട്ടികജാതിക്കാർ എന്ന കണക്കിൽ വരും. സെൻസസിൽ ജാതി തിരിച്ചുള്ള എണ്ണം രേഖപ്പെടുത്തിയാൽ മതമില്ലാതെയുള്ള പട്ടികജാതിക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കി സംവരണത്തോത് ഇപ്പോഴുള്ളതിൻ്റെ നാല് മടങ്ങ് നമുക്ക് ലഭ്യമാകും. 150 എം.എൽ.എമാരിൽ 15 എം.എൽ.എ മാർ എന്നതിൽ നിന്നും കുറഞ്ഞത് 30 എം.എൽ.എമാർ പുരുഷന്മാരും സ്ത്രീകളുമായി പട്ടികജാതിക്കാരിൽ നിന്നും കഴിവുള്ള ജനപ്രതിനിധികളായി നമുക്ക് നിരത്താൻ കഴിയും. പുതിയ നിയമങ്ങൾ കൊണ്ടു വരാൻ കഴിയും.. പുതിയ വിദ്യാലയങ്ങൾ പട്ടികജാതിക്കാർക്ക് സ്വന്തമായി തുടങ്ങാൻ കഴിയും.. നിരവധി തൊഴിൽ രഹിതരായ പട്ടികജാതിക്കാർക്ക് തൊഴിൽ ലഭിക്കും. നിരവധി ഐ.എ.എസുമാരും, ഐ.പി.എസുമാരും ഉണ്ടാകും.. സർക്കാർ ഓഫീസുകളിലെ കീ പോസ്റ്റുകളിൽ നിരവധി പട്ടികജാതിക്കാർ ഉണ്ടാകും. ബോർഡുകളിലും കോർപ്പറേഷനുകളിലുമായി അനവധി തൊഴിൽ അവസരങ്ങൾ.. ശ്രദ്ധിക്കുക.. കേരളത്തിൽ പട്ടികജാതി സംവരണം 8% ആയിരിക്കുമ്പോൾ പഞ്ചാബിൽ 29%, ഹിമാചൽ പ്രദേശിൽ 25%, ഹരിയാനയിൽ 20%, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിൽ 18% എന്നീ ക്രമത്തിലാണ്. ഇത്തരത്തിലുള്ള ദീർഘവീക്ഷണമില്ലാതെയുള്ള തൊഴുത്തിൽ കുത്തുകളാണ് രണ്ടാമത്തെ കാരണം.
മറ്റുള്ള സമുദായക്കാരിലൊന്നും കാണാത്ത തലയ്ക്ക് മത്ത് പിടിച്ചതു പോലുള്ള രാഷ്ട്രീയ അടിമത്വ രോഗമാണ് അടുത്ത കാരണം. പട്ടികജാതിക്കാർക്ക് മാത്രമേ ഇത് കൂടുതലായുള്ളൂ. മറ്റുള്ള സമുദായക്കാർക്ക് അധികാരം വാങ്ങിക്കൊടുക്കാൻ കൂടുതൽ അടിമയാകുന്നതും പട്ടികജാതിക്കാരാണ് എന്നുള്ളതാണ് കൂടുതൽ രസകരം. രാഷ്ട്രീയം വേണ്ടെന്നല്ല, തന്നെ ഉയർത്തികൊണ്ടു വരാൻ ശേഷിയുള്ള സ്വന്ത സമുദായത്തിലെ പ്രതിനിധിയെ കണ്ടെത്തി അവൻ്റെ പിന്നിൽ അണി നിരക്കൂ.. ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ ഒരുമിച്ച് നിറുത്തൂ..
അധികാരം പട്ടികജാതിക്കാരനിൽ എത്തണമെങ്കിൽ സവർണ്ണലോബികളുടെ പിണിയാളുകളാകാതെ അവരുടെ കെണികൾ തിരിച്ചറിഞ്ഞ് പട്ടികയിലുൾപ്പെടുന്ന ജാതികൾ കൂട്ടമായി ചേർന്ന് ഒരുമിച്ച് അധികാര സ്ഥനങ്ങളിലെത്താനുള്ള ശ്രമങ്ങൾ നടത്തട്ടെ. ആദ്യം സ്വന്തം മനസിലും, ശേഷം വീട്ടിലും, പിന്നീട് നാട്ടിലും, തുടർന്ന് ദേശത്തും ദീർഘവീക്ഷണത്തൊടെയുള്ള പ്രവർത്തനങ്ങളിലൂടെ മാറ്റങ്ങൾക്ക് തുടക്കമിട്ടാൽ വിപ്ളവവീര്യം കൂടുതൽ കൈമുതലായുള്ള മഹാത്മാ അയ്യാൻകാളിയുടെയും കണ്ടൻകുമാരൻ്റെയും കെ.വി.പത്രോസിൻ്റെയും പൊയ്കയിൽ അപ്പച്ചൻ്റെയും ചെറുമക്കൾക്ക് ഈ കേരളത്തിലും പിന്നെ ഇന്ത്യയിലും നിരവധി അനവധി പുതിയ ചരിത്രങ്ങൾ രചിക്കാനാകും എന്നത് വെറും സ്വപ്നമല്ലാതാകും.
ഞാൻ ദളിതൻ

