ബഹുമാനപ്പെട്ട കോവളം നിയോജക മണ്ഡലം MLA അഡ്വ.M. വിൻസെൻ്റ് അവർകൾ സമക്ഷം,
കേരള സാംബവ സഭ നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ സമർപ്പിക്കുന്ന നിവേദനം
സർ,
കേരളത്തിലെ ഏറ്റവും ഒടുവിലത്തെ സർവ്വെ പ്രകാരം പരിവർത്തിത ക്രിസ്ത്യാനികളുടെ ഏകദേശ കണക്ക് പരിശോധിക്കുകയാണെങ്കിൽ 30 ലക്ഷത്തിൽ പരം രേഖകളിലും പത്ത് ലക്ഷത്തിൽ കൂടുതൽ അവരുടെ സാമൂഹ്യ സാമ്പത്തിക അരക്ഷിത അവസ്ഥ കാരണം മതത്തിൻ്റെ പേരിലുള്ള ആനുകൂല്യങ്ങൾക്കായി രേഖകളില്ലാതെയും അങ്ങനെ ആകെ 40 ലക്ഷത്തോളം പേർ നിലവിലുണ്ട്. അതായത് ആകെ 11-15% പേർ പരിവർത്തിത ക്രൈസ്തവർ കേരളത്തിൽ ഉള്ളപ്പോൾ പട്ടികജാതിക്കാർക്കുള്ള അതേ അവഗണനകൾ പല റിപ്പോർട്ടുകളിലൂടെ വരച്ചു കാട്ടിയിട്ടും സർക്കാരിൻ്റെ സംവരണ അനുപാതത്തിൽ കേവലം 1 % മാത്രമാണ് പരിവർത്തിത ക്രൈസ്തവർക്കായി നീക്കി വച്ചിരിക്കുന്നത്. ചില റിപ്പോർട്ടുകൾ താങ്കളുടെ ശ്രദ്ധയ്ക്കായി ഇതോടൊപ്പം ഹാജരാക്കുന്നുണ്ട്.
1950 ലെ പ്രസിഡൻഷ്യൽ ആക്റ്റിൽ ഹിന്ദു, സിക്ക് ഒഴികെയുള്ള മതക്കാരെ മാറ്റി നിറുത്തി തയ്യാറാക്കിയ പട്ടികജാതി ലിസ്റ്റിൻ്റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ബഹുമാനപ്പെട്ട സൂസൈ ഫയൽ ചെയ്ത കേസിൽ പട്ടികജാതി ലിസ്റ്റിലെ ജാതിക്കാരനാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോരാ, അതിൽ ഉള്ളതു പോലെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ വികലതകൾ പട്ടികജാതി ലിസ്റ്റിൽ പെട്ട മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്കും ഉണ്ടെന്ന് തെളിയിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത് അനുസരിച്ച് പല കമ്മീഷനുകൾ വഴി തയ്യാറാക്കിയ റിപ്പോർട്ടുകൾ ഹാജരാക്കി ചൂണ്ടി കാണിച്ചിട്ടും പരിവർത്തിത ക്രൈസ്തവർക്ക് വേണ്ടി അനുകൂലനിലപാട് സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന ഗവർമെൻ്റുകളുടെ നയങ്ങൾ പരിവർത്തിത ക്രൈസ്തവരുടെ വളർച്ചയ്ക്ക് വളരെയധികം തടസം നാളിതു വരെ വരുത്തി വച്ചിട്ടുണ്ട്. അതിൻ്റെ പ്രതിഷേധം വിവിധ പരിപാടികളിലൂടെ സംഘടനയും അറിയിച്ചിട്ടുണ്ട്..
ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും ചേർത്തുണ്ടാക്കിയ 1950 ലെ പ്രസിഡൻഷ്യൽ ആക്റ്റിൽ മതം മാറിയാൽ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നു എന്ന പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള കണ്ടെത്തൽ പട്ടികവർഗ്ഗക്കാർക്ക് ബാധകമല്ല എന്ന് പ്രസിഡൻഷ്യൽ ആക്ടിനെ ചുവട് പിടിച്ചുള്ള കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസിൽ വ്യക്തമായി പറയുന്നുണ്ട്. അതായത് പടികവർഗ്ഗക്കാരൻ മതം മാറി ക്രിസ്തു മതത്തിൽ പോയാൽ അവർക്ക് അവിടെ ജാതിയും അവഗണനയും നിലനിൽക്കുന്നുണ്ട് അതുകൊണ്ട് പട്ടികവർഗ്ഗക്കാർക്ക് സംവരണം ആകാം എന്ന് വ്യംഗ്യം. പട്ടികജാതിക്കാരൻ മതം മാറിയാൽ അതേ ക്രിസ്തുമതത്തിൽ ജാതിയില്ല, അവഗണനയില്ല അതുകൊണ്ട് തന്നെ പട്ടികജാതിക്കാർക്ക് സംവരണം വേണ്ട എന്ന ഇരട്ടത്താപ്പ് നയമാണ് കഴിഞ്ഞ 75 വർഷമായി രാജ്യത്തിലെ ഒരു വിഭാഗം പാർശ്വവൽകൃതരായ ജനതയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്.
ഈ ജനത മതം മാറിയിട്ടുണ്ട് എങ്കിലും സമയവും കാലവും നാളും ദർശനങ്ങളും അതോടൊപ്പം ജാതിയും നോക്കുന്ന ഇന്ത്യാ മാഹാരാജ്യത്തെ പുരാതന ഹൈന്ദവ സംസ്കാരത്തിൽ ഇപ്പോഴും നിലനിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെൻ്റ് ഇപ്പോൾ പട്ടികജാതിലിസ്റ്റിലേക്ക് പരിവർത്തിത ക്രൈസ്തവരെ കൂടെ ഉൾപ്പെടുത്തുന്നതിനായി കെ.ജി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുള്ളതിനെ സംഘടനയും പരിവർത്തിത ക്രൈസ്തവ വിഭാഗവും വളരെ അനുഭാവപൂർവ്വം വീക്ഷിക്കുന്നുണ്ട്. ബിജെപിയുടെ പല നേതാക്കളും മതമേലദ്ധ്യക്ഷന്മാരുമായി ഇപ്പോൾ ഈ വിഷയത്തെ ചൊല്ലി ചർച്ച നടത്തുന്നുമുണ്ട്.
മുൻപ് സൂചിപ്പിച്ചത് പോലെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അനവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെ ഏറ്റവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങൾ ചുവടെ പറയുന്നവയാണ്.
1. പി.എസ്.സിയിലും മറ്റ് സർക്കാർ തൊഴിൽ മേഖലകളിലും പരിവർത്തിത ക്രൈസ്തവരുടെ സംവരണ ശതമാനം ജനസംഖ്യാനുപാതികമായി വർദ്ധിപ്പിക്കുക. ഇത് നടത്താനുള്ള അധികാരം കേരള സർക്കാരിനുണ്ട്. (തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിൽ ആകെ സംവരണം 69% ആണ്. അവിടെ ഇപ്പോഴും മുന്നോക്കക്കാരുടെ 10% നടത്തിയിട്ടില്ല)
2. വിദ്യാഭ്യാസമേഖലകളിൽ സംവരണശതമാനം വർദ്ധിപ്പിക്കുക
3. സർക്കാർ ആഫീസുകളിൽ തസ്തിക തിരിച്ച് സംവരണാടിസ്ഥാനത്തിൽ പട്ടികജാതിക്കാരുടെയും പരിവർത്തിത ക്രൈസ്തവരുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുക. കുറവ് വരുന്ന തസ്തികകളിൽ പ്രത്യേകം നോട്ടിഫിക്കേഷനുകൾ ക്ഷണിച്ച് നിയമനം നടത്താനുള്ള നടപടികൾ സ്വീകരിക്കുക.
4. പട്ടികജാതിക്കാർക്ക് നൽകുന്ന ഘടകപദ്ധതികളിൽ പരിവർത്തിത ക്രൈസ്തവർക്കും കൂടെ തുക ചേർത്ത് വകയിരുത്തുക.
5. പട്ടികജാതിക്കാർക്ക് മാത്രം ലഭിക്കുന്ന അട്രോസിറ്റി ആക്ടിൻ്റെ പരിരക്ഷ അതേ തരത്തിൽ അവഗണന നേരിടുന്ന പരിവർത്തിത ക്രൈസ്തവർക്കും ഏർപ്പെടുത്തുക.
പട്ടികജാതി പദവിയിൽ ഉൾപ്പെടുത്തുന്നതിനെക്കാൾ തൽക്കാലം പരിവർത്തിത ക്രൈസ്തവ പദവിയിൽ തന്നെ നിലനിറുത്തി സംവരണ ശതമാനം ഉയർത്തി നൽകുന്നത് സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്നതുകൊണ്ടും കേന്ദ്ര സർക്കാരിൻ്റെ അധികാരത്തിന് വേണ്ടി കാത്തിരിക്കേണ്ടതല്ലാത്തത് കൊണ്ടും ഈ കാര്യത്തിൽ അനുഭാവപൂർവ്വമായ ഇടപെടൽ താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാക്കണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
എന്ന്,
കേരള സാംബവ സഭ
നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ
സൂചന:
2. പേജ് നം.29, Table-2-Population of Kerala by Religious communities
3. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ്റെ റിപ്പോർട്ട്: Page -6 and so on
5. 2018ൽ ദലിതരെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്