ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സാംബവ സമുദായാംഗമായി തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയം കൈവരിച്ചവർക്കും മറ്റ് കക്ഷികളുടെ പരാജയത്തിന് നിർണ്ണായക സ്വാധീനം ചെലുത്തിയ മറ്റ് മൽസരാർത്ഥികൾക്കും കേരള സാംബവ സഭയുടെ അഭിനന്ദനങ്ങൾ...
സാധാരണയായി പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടി ഭേദമെന്യേ വ്യക്തി പ്രാധാന്യം നൽകിയാണ് വോട്ടുകൾ മറിയുന്നത്. കൂടുതലും ചിരപരിചിതരായവരും അയൽക്കാരും ബന്ധുക്കളുമായവർക്കുമാണ് നമ്മൾ വോട്ട് നൽകുന്നത്. രാഷ്ട്രീയത്തിനും സ്ഥാനാർത്ഥികളുടെ കഴിവിനും പ്രവൃത്തി പരിചയത്തിനും സ്ഥാനമില്ലെന്നല്ല. എന്നാൽ ചില ഘട്ടങ്ങളിൽ മേൽപ്പറഞ്ഞ വ്യക്തിബന്ധങ്ങൾ കൂടെ നമ്മൾ പരിഗണിക്കാറുണ്ട്. സാമുദായികമായി രഹസ്യതലത്തിൽ ചർച്ചകൾ നടത്തി പാർട്ടിയുടെ അണികളെ കൂടെ വിഢികളാക്കി കേരളത്തിലെ ഇതരസമുദായക്കാർ അവരുടെ സമുദായക്കാരെ ജയിപ്പിക്കാനുള്ള തന്ത്രങ്ങളും ഈ ഘട്ടങ്ങളിൽ നടത്താറുണ്ട്. പ്രബല സമുദായങ്ങളിൽ അവരുടെ സംഘടനാ സംവിധാനം ശക്തമായതിനാൽ അത് സാധ്യമാണ്. കേരളത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുൻപ് വരെ സാംബവ സമുദായത്തിന് ഇത് സാധ്യമല്ലായിരുന്നു. കാരണം സാംബവ സമുദായം സംഘടിതമല്ലാതിരുന്നതിനാലും അഥവാ സംഘടിതമാണെങ്കിൽ തന്നെ ശക്തമായ തീരുമാനങ്ങളെടുക്കാനും അത് പരസ്യമായി പ്രസ്താവിക്കാനും കെൽപ്പുള്ള നേതൃത്വത്തിൻ്റെ അഭാവം കൊണ്ടുമായിരുന്നു. എന്നാൽ ക്ഷമയാണ് ഏറ്റവും വലിയ വിജയം എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഈ തെരെഞ്ഞെടുപ്പിനെ വളരെ ക്ഷമയോടെ സമീപിച്ച കേരള സാംബവ സഭയ്ക്കും സാംബവ സമുദായ അംഗങ്ങൾക്കും വളരെ ഞെട്ടിക്കുന്ന പ്രതികരണമാണ് രഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മുൻപെങ്ങുമില്ലാത്ത വിധം പരിഗണന സാംബവ സമുദായ രാഷ്ട്രീയ പ്രവർത്തകർക്ക് വിവിധ മേഖലകളിൽ രാഷ്ട്രീയ സംഘടനകൾ നൽകുകയുണ്ടായി.
ചരിത്രത്തിൽ ആദ്യമായിരുന്നിരിക്കണം സാംബവ സമുദായ അംഗങ്ങളിൽ നിന്നും ഇത്രയും കൂടുതൽ സ്ഥാനാർത്ഥികൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ ബാനറിൽ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ ചില മേഖലകളിൽ പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകൾ കാരണം ചില സ്ഥാനാർത്ഥി നിർണ്ണയങ്ങൾ പാളിപ്പോയി. അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ ഇത് കേരള സാംബവ സഭയ്ക്ക് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നൽകിയ അംഗീകാരമാണ്. കാരണം മിക്ക മേഖലകളിലും ഈ സ്ഥാനാർത്ഥികൾ കേരള സാംബവ സഭയുടെ പ്രമുഖ അണിയറ പ്രവർത്തകരോ പ്രബല പിന്തുണക്കാരോ ആയിരുന്നു.
ഈ സാഹചര്യത്തിൽ കേരള സാംബവ സഭ പൊതുവിൽ എടുത്ത തീരുമാനം നമ്മുടെ ഒരു സമുദായാംഗം മാത്രം തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മേഖലയിൽ രാഷ്ട്രീയവൈരം മറന്ന് സമുദായാംഗത്തെ പിന്തുണയ്ക്കുന്ന സമീപനം സമുദായാംഗങ്ങൾ സ്വീകരിക്കണമെന്നും ഒന്നിൽ കൂടുതൽ സമുദായാംഗങ്ങൾ സ്ഥാനാർത്ഥികളായി നിൽക്കുന്ന മേഖലയിൽ ആ മേഖലയിലെ സമുദായാംഗങ്ങളുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് നൽകാനുള്ള സമീപനം സ്വീകരിക്കണമെന്നും ആയിരുന്നു. അതിന് വേണ്ടി കേരള സാംബവ സഭയുടെ സംഘടനാ സ്വാധീനം ഉള്ള ശാഖാക്കമ്മിറ്റികൾ പ്രവർത്തിക്കുന്ന മേഖലകളിൽ വേണ്ട അറിയിപ്പുകൾ നൽകുകയും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ച് വോട്ടുകൾ ക്രോഡീകരിക്കുന്നതിനുമുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ സമുദായത്തോടുള്ള നമ്മുടെ വികാരം പ്രയോജനപ്പെടുത്തി സമുദായാംഗങ്ങളെ വിജയിപ്പിക്കുന്നതിനുള്ള സംഘടന നടത്തിയ ശ്രമങ്ങൾ വളരെയധികം വിജയം കണ്ടു. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ അത് നമുക്ക് കാണാവുന്നതാണ്.
ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും വിവിധ രാഷ്ട്രീയകഷികളുടെ പ്രതിനിധികളായി സമുദായാംഗങ്ങളെ പരിഗണിച്ചിരിക്കുമ്പോൾ ഇതര സമുദായങ്ങളുടെ ഇടയിൽ നമുക്കെതിരെ സ്പർദ്ധയുണ്ടായി നമുക്ക് ലഭിക്കേണ്ട ഇതര സമുദായക്കാരുടെ രാഷ്ട്രീയ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ വളരെ രഹസ്യമായാണ് ഈ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. ഇതിന് വേണ്ടി രാത്രിയും പകലും വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള സാംബവ സഭയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
വിജയം ഒരിക്കലും ആത്യന്തികമല്ല. ഇനിയും മൽസരകടമ്പകൾ അനേകമുണ്ട്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭയും പാർലമെൻ്റും നമുക്ക് പിടിച്ചടക്കാനുണ്ട്. മന്ത്രി പദവും മുഖ്യമന്ത്രി പദവും പ്രധാന മന്ത്രി പദവും പിടിച്ചടക്കാൻ നമുക്കും കഴിയണം. കേരള സാംബവ സഭയുടെ സ്വാധീനം എന്താണെന്ന് മനസിലാക്കിയ രാഷ്ട്രീയ കക്ഷികൾക്ക് വീണ്ടും അവസരങ്ങൾ നൽകാൻ സംഘടനയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് കൊണ്ട് പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്ന എല്ലാ പ്രിയ സമുദായ സ്നേഹികളെയും കേരള സാംബവ സഭ സ്വാഗതം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ എ.സി.ബിനുകുമാറിൻ്റെയും ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് മഠത്തിലിൻ്റെയും കരങ്ങൾക്ക് ശക്തി പകർന്ന് നൽകാൻ ശാഖാ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കട്ടെ എന്ന് ആഹ്വാനം ചെയ്ത് കൊണ്ട് നിറുത്തുന്നു.

No comments:
Post a Comment