മഹാത്മാ ഗാന്ധി ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ആരാധകനായിരുന്നു. ജാതി വ്യവസ്ഥ
ആളുകൾക്കിടയിൽ ജോലിക്കായുള്ള മത്സരം ഒഴിവാക്കും എന്നായിരുന്നു ഗാന്ധി
കരുതിയത്. കിടമത്സരം നടക്കുന്ന അമേരിക്കയിലേക്ക് ജാതിവ്യവസ്ഥ കയറ്റിയയക്കണം
എന്ന് പറഞ്ഞ ആളാണ് ഗാന്ധി . എന്നാൽ വൈശ്യനായ ഗാന്ധി രാഷ്ട്രീയത്തിൽ
ഇറങ്ങുകവഴി സ്വയം ജാതി നിയമങ്ങളെ ലംഘിക്കുകയായിരുന്നു എന്നത് പുള്ളി
കണ്ടില്ല .
.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനങ്ങളിൽ ഊണിന്
ബ്രാഹ്മണ പന്തിയും അബ്രാഹ്മണ പന്തിയും ഉണ്ടായിരുന്നു . ഗാന്ധി ജാതി നിയമം
തെറ്റിച്ച് ബ്രാഹ്മിൻ പന്തിയിലിരുന്നാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് .
ജാതിവ്യവസ്ഥയെ ഗാന്ധി പുകഴ്ത്തിയപ്പോൾ അദ്ദേഹം സൗകര്യപൂർവ്വം മറന്ന ഒരു
കാര്യമുണ്ട് . അല്ലെങ്കിലും , തെങ്ങു കയറാനായി ഒരു ബ്രാഹ്മണനും
തെങ്ങുകയറ്റക്കാരോട് മത്സരിക്കാൻ ഉണ്ടായിരുന്നില്ല . ബ്രാഹ്മണന്,
അല്ലെങ്കിൽ വൈശ്യന് , അല്ലെങ്കിൽ ക്ഷത്രിയന്, ശൂദ്രരിൽ നിന്നും അയിത്ത
അസ്‌പൃശ്യ ജാതികളിൽ നിന്നും വരുമായിരുന്ന മത്സരത്തെയാണ് ഗാന്ധി എതിർത്തത്
.ഗാന്ധിയെ എന്തിനാണ് സംഘപരിവാർ എതിർത്തതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
അവർക്ക് വായിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടു പറ്റിയ ഒരു കയ്യബദ്ധം മാത്രമാണ്
ഗാന്ധി . അവർ അംബേദ്കറെ എതിർത്തില്ല എന്നതിൽ നിന്നുതന്നെ വ്യക്തമാണ്
ഹിന്ദു ഭാവനയ്ക്കുള്ളിൽ അയിത്തക്കാരും അസ്‌പൃശ്യരും ഉണ്ടായിരുന്നില്ല
എന്നത് .
.
ഗാന്ധിയെ ഒരു ജാതിവാദിയായി ആരെങ്കിലും പറഞ്ഞാൽ
അവരെ ആളുകൾ എളുപ്പം എതിർക്കും. കാരണം ഗാന്ധിയെ ജാതി വിരുദ്ധനും ദലിത്
മിശിഹാ ആയുമാണ് ചരിത്രം നിർമ്മിച്ചിട്ടുള്ളത് . ഗാന്ധിതന്നെ തന്റെ
ആശ്രമത്തിൽ അയിത്തജാതിക്കാരെ താമസിപ്പിച്ചിരുന്നു . അങ്ങനെ താമസിച്ച
ആളുകളുടെ പിൻഗാമികൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ . അവരോട് സംസാരിച്ചാൽ
ഒരുപക്ഷെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞേക്കും . ഗാന്ധി സൗത്ത്
ആഫ്രിക്കയിൽ ആയിരിക്കുമ്പോൾ വർണ്ണ വെറി കഴിയുന്നിടത്തോളം പാലിച്ചിരുന്നു .
പത്താം ക്ലാസ് വരെ പഠിച്ചതിൽ നിന്നും എനിക്കുണ്ടായ ഗാന്ധിയനുഭവം
അദ്ദേഹത്തോടുള്ള കടുത്ത ആരാധനയും ബഹുമാനവും , അദ്ദേഹം മരിക്കുന്നതിന് മുൻപ്
ജനിക്കാനും അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കാനും ഗാന്ധിയൻ ആശയങ്ങൾക്കായി
സ്വജീവിതം ഉഴിഞ്ഞുവയ്ക്കാനും കഴിയാത്തതിലുള്ള കുണ്ഠിതവും ആയിരുന്നു.
അങ്ങനെ കുണ്ഠിതപ്പെട്ട് കഴിയുമ്പോഴാണ് നാട്ടിലെ ഒരു വായനശാലയുടെ ആർക്കും
വേണ്ടാത്ത പൊടിപിടിച്ച പഴയ വലിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്നും
നടരാജഗുരുവിന്റെ ആത്മകഥ ഞാൻ തപ്പിയെടുക്കുന്നത് . ആ പുസ്തകത്തിനകത്ത്
നടരാജഗുരു മദ്രാസിലെ പറയർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ
ഉള്‍പ്പെട്ടിരുന്ന കാലത്ത് മദ്രാസ് സന്ദർശിച്ച ഗാന്ധിയെപ്പറ്റി
പരാമർശിക്കുന്നുണ്ട് . ഗാന്ധിയോട് പറയരുടെ സ്വീകരണം ഏറ്റുവാങ്ങണമെന്ന്
സ്വീകരണ സംഘാടകസമിതി ആവശ്യപ്പെട്ടു . വലുതായിട്ടൊന്നുമില്ല , ഒരു പറയൻ
ഗാന്ധിയെ ഒരു ഹാരം അണിയിക്കും . എന്നാല്‍ , ഗാന്ധി പറയരുടെ സ്വീകരണം
ഏറ്റുവാങ്ങാൻ തയ്യാറായില്ല എന്നാണ് നടരാജഗുരു എഴുതിയത് . നിങ്ങൾ പറയുന്നത്
ശരിയായിരിക്കാം . എന്നാൽ ഗാന്ധിക്ക് മാറാൻ കഴിയില്ലേ എന്ന് ചിലർ
ചോദിച്ചാല്‍
എന്തായിരിക്കണം മറുപടി ?
.
ബാല ഗംഗാധര
തിലകൻ ശിവജിയെ മുന്നിൽ നിർത്തി മറാത്ത ദേശീയതയെ ഉണ്ടാക്കിയതുപോലെയാണ്
അയിത്തോച്ചാടനം എന്ന പൊയ്ക്കാലിൽ ഗാന്ധി തന്റെ രാമരാജ്യത്തെ നിർമ്മിക്കാൻ
ശ്രമിച്ചത് . ഗാന്ധി ആശ്രമത്തിൽ അയിത്തക്കാരെ താമസിപ്പിച്ചു. അന്നത്തെ
കാലത്ത് അയിത്തജാതിക്കാരായ മൂന്നുനാലു പേരെക്കൂടി താമസിപ്പിച്ചാലേ പുരോഗമനം
പൂർത്തിയാകൂ എന്ന ചിന്തയാണ് ഉണ്ടായിരുന്നത് . സ്വന്തമായി വീട്ടിൽ തന്നെ
ഒരമ്പലവും അതിലൊരു നമ്പൂരി പൂജാരിയും വേണമെന്ന് ശഠിക്കുന്ന കീഴാളവാശിപോലെ
ഒന്ന് . യഥാർത്ഥത്തിൽ ദലിത് സ്നേഹവും അവരുടെ വിമോചനത്തിൽ താൽപ്പര്യവും
ഉണ്ടായിരുന്നുവെങ്കിൽ , ഗാന്ധി , മരണംവരെ നിരാഹാരം കിടന്ന് അംബേദ്കറെ
വൈകാരികയി ബ്ലാക്ക് മെയിൽ ചെയ്യാനും രാഷ്‌ടീയമായി ഇല്ലാതാക്കാനും
ശ്രമിക്കില്ലായിരുന്നു .വട്ടമേശ സമ്മേളനം കഴിഞ്ഞ് ബോംബെ തുറമുഖത്തിൽ
ഇറങ്ങാൻ പറ്റാതെ ഗാന്ധിയെ അയിത്തജാതിക്കാർ ഘരാവോ ചെയ്തത് ഗാന്ധി ദലിത്
മിശിഹ ആയതുകൊണ്ടായിരുന്നുവോ എന്നാലോചിക്കുന്നത് ഉചിതമായിരിക്കും .
.
അംബേദ്‌കർ തന്നെ ആദ്യകാലത്ത് ഗാന്ധിയുടെ അയിത്തോച്ചാടന മായാജാലത്തിൽ
വീണിരുന്നില്ലേ എന്ന് സംശയിക്കാൻ തെളിവുകൾ ഉണ്ട്. എന്നാൽ പിന്നീട്
ഗാന്ധിയേയും കോൺഗ്രസിനേയും കൂടുതൽ അറിഞ്ഞപ്പോഴുണ്ടായ
വ്യാമോഹനിർമ്മൂലനത്തിന്‍റെ ഭാഗമായിട്ടായിരിക്കും പിന്നീട് ഗാന്ധിയേയും
കോൺഗ്രസിനെയും പറ്റിയുള്ള പുസ്തകം അദ്ദേഹം എഴുതുന്നത്.

No comments:
Post a Comment