Monday, April 20, 2020

ഇന്നത്തെ ചരിത്ര ചിന്ത - അംബേദ്കർ അപ്പച്ചനെ കാണുമ്പോൾ

ഇന്ത്യയിലെ ദളിതരുടെ മിശിഹാ എന്നറിയപ്പെടുന്ന ഡോക്ടർ ബി ആർ അംബേദ്കരുടെയും,  കേരളത്തിലെ അടിയാളരുടെ വിമോചകനായ പൊയ്കയിൽ അപ്പച്ചന്റെയും  പ്രവർത്തി പഥങ്ങളിൽ തീർത്തും യാദൃശ്ചികമായ ചില സാമ്യങ്ങൾ കാണുവാൻ സാധിക്കും.  അംബേദ്കർ ബൗദ്ധിക മണ്ഡലത്തിൽ വിരാജിച്ച പോൾ, അപ്പച്ചൻ പ്രവൃത്തി മണ്ഡലത്തിൽ കുറേക്കൂടി സജീവമായിരുന്നു എന്നു വേണം കരുതാൻ. എന്നിരുന്നാലും അവർ സന്ധിക്കുന്ന ഏതാനും ചില മേഖലകളാണ് ഞാൻ പരാമർശ വിധേയമാക്കുന്നത്.
 ഒന്നാമതായി അംബേദ്കർ തന്റെ പേര് സ്വീകരിച്ചിട്ടുള്ളത് ബ്രാഹ്മണ അധ്യാപകനിൽ നിന്നാണ്. ഭീം റാവു എന്നാണല്ലോ അദ്ദേഹത്തിന്റെ  യഥാർത്ഥ പേര്. പൊയ്കയിൽ അപ്പച്ചനും യഥാർത്ഥ പേര് 
കൊമാരൻ എന്നാണ് പിന്നീട് പൊയ്കയിൽ യോഹന്നാൻ എന്നും ശ്രീകുമാരഗുരുദേവൻ എന്നും അറിയപ്പെട്ടു
രണ്ടാമതായി ഇവർ തമ്മിലുള്ള ഒരു പ്രധാനപ്പെട്ട സാമ്യം ദളിത് വർഗ്ഗത്തിന് എതിരെയുള്ള അവഗണനകൾക്കെതിരെ അംബേദ്കർ മനുസ്മൃതി കത്തിച്ചപ്പോൾ, അടിയാളർക്ക് മോചനം നൽകാത്ത ബൈബിൾ പൊയ്കയിൽ അപ്പച്ചൻ കത്തിച്ചു. പിന്നീട് ഇത് വാകത്താനം ലഹള എന്നൊക്കെ അറിയപ്പെട്ടു

 ഞാൻ ഒരു ഹിന്ദുവായി ആണ് ജനിച്ചത് അതുകൊണ്ട് ഹിന്ദുവായി മരിക്കില്ല എന്ന് പ്രഖ്യാപിച്ച ആളാണ് അംബേദ്കർ. ഇന്ത്യയിലെ ദളിതരുടെ വിമോചനത്തിനായി ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതം അതേപടി അംബേദ്കർ സ്വീകരിച്ചില്ല. അംബേദ്കർ അതിനെ നവയാന ബുദ്ധമതം എന്ന നിലയിൽ സ്വീകരിച്ചു

 പൊയ്കയിൽ അപ്പച്ചൻ ക്രിസ്തുമതം അതേപടി സ്വീകരിച്ചില്ല . പ്രത്യക്ഷ രക്ഷാ സഭ എന്ന പുതിയ സഭ രൂപീകരിച്ചു.

രണ്ടുപേരുടെയും വസ്ത്രധാരണത്തിലും വിവാഹത്തിലും ഉണ്ട് സാമ്യങ്ങൾ. അംബേദ്കർ തീർത്തും ആധുനികരീതിയിൽ കോട്ടും സൂട്ടും ഇട്ടുകൊണ്ട് വസ്ത്രധാരണം ചെയ്തപ്പോൾ, അപ്പച്ചനും മികവാർന്ന അലക്കിത്തേച്ച ശുഭ്രവസ്ത്രം സ്വീകരിച്ചു. 

അംബേദ്കർ ഒന്നിലധികം വിവാഹം ചെയ്തു.
അംബേദ്കറുടെ രണ്ടാമത്തെ ഭാര്യ അദ്ദേഹത്തെ ചികിത്സിച്ച ഒരു ബ്രാഹ്മണ ഡോക്ടറാണ്. പൊയ്കയിൽ അപ്പച്ചനും, ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രത്യക്ഷരക്ഷാ സഭയെ മരണത്തിനുശേഷം മുന്നോട്ടു നയിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായ ജാനമ്മ്മയാണ്. 

രണ്ടുപേരും നിയമനിർമാണസഭയിൽ പങ്കാളിയായിരുന്നു. അംബേദ്കർ ഭരണഘടന നിയമനിർമ്മാണ സഭയിൽ,  അപ്പച്ചൻ ശ്രീമൂലം പ്രജാസഭയിൽ.രണ്ടുപേരും കുറേക്കാലത്തേക്ക് വിസ്മൃതിയിലാണ്ടു പോയി പിന്നീട് ചരിത്രത്തിലൂടെ വീണ്ടെടുക്കപ്പെട്ടു. 

 മേൽപ്പറഞ്ഞ കാര്യങ്ങളിലൂടെ കേരളത്തിലെ അംബേദ്കർ എന്ന് വിളിക്കപ്പെടാൻ അപ്പച്ഛൻ സർവഥാ യോഗ്യൻ ആണെന്ന് ഞാൻ കരുതുന്നു.

Joby Varghese @ ചരിത്രാന്വേഷികൾ FB

No comments:

Post a Comment